സാമ്പത്തികമോ സാമൂഹികമോ ധനപരമോ പ്രായഭേദമോ ഇല്ലാതെ ലോകമെങ്ങുമുള്ള ജനങ്ങള്‍ വീട്ടിലിരിക്കുന്ന കാലമാണിത്. നമ്മള്‍ മലയാളികളെയടക്കം ക്രിയാത്മകമായി വീട്ടിലിരിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കേണ്ട അവസ്ഥയുണ്ട് എന്ന് ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ നാം തിരിച്ചറിഞ്ഞുകഴിഞ്ഞു. വീട്ടില്‍നിന്ന് അകന്നകന്ന്, ആള്‍ക്കൂട്ടങ്ങളില്‍ അഭിരമിച്ചിരുന്ന മനുഷ്യന് വീടും അവിടെ വിശ്രമിച്ചിരിക്കലും ഒരു കലയും പ്രാര്‍ഥനയുമാണ് എന്ന് മനസ്സിലാക്കിക്കൊടുക്കണം. അതെ, ഇത് നമുക്കു മടങ്ങിവരാനുള്ള നേരമാണ്.
-വീടിന്റെ തണ്ണീര്‍പ്പന്തല്‍ത്തണുപ്പിലേക്ക്
തമ്പില്‍ വലിച്ചുകെട്ടിയ വലപോലെയാണ് വീട്. വിസ്മയിപ്പിക്കുന്ന ആകാശ ഊഞ്ഞാലാട്ടങ്ങള്‍ക്കിടയില്‍ കാലിടറിവീഴുമ്പോഴുള്ള അവസാനത്തെ അഭയം. ഒരു ദേശം മുഴുവന്‍ അവരുടെ വീട്ടിലേക്കു മടങ്ങുകയാണ്. Retreat മലയാളിക്ക് പരിചയമുള്ള വാക്കാണ്. Back to base എന്നാണതിനര്‍ഥം. വാഗാ അതിര്‍ത്തിയില്‍ ഓരോ സന്ധ്യയിലും സോദരരാജ്യങ്ങളിലെ സൈനികര്‍ ചെയ്യുന്നതുപോലെ, കാറ്റിലാടിയ പതാകകള്‍ താഴ്ത്തി ആദരപൂര്‍വം പിറകോട്ടുമാറിനില്‍ക്കുന്ന ചടങ്ങാണിത്. കൂട്ടി, കുറച്ച്, ഹരിച്ച് കഴിയുമ്പോള്‍ നിങ്ങളുടേതെന്നു പറയാന്‍ ഉറപ്പുള്ള ആ ഏക ഇടത്തില്‍ ഒരു ക്വാളിറ്റി ടൈം രൂപപ്പെടുത്താനാവുമോ എന്നുള്ളതാണ് ഈ ദിനങ്ങളിലെ ശരിയായ സാധന.
വേലിയോളമുള്ള ഓന്തിന്റെ ഓട്ടമായും ചട്ടിക്കുള്ളിലേക്കുള്ള ചെമ്മീനിന്റെ തുള്ളലായും ഞെട്ടറ്റ പഴത്തിന്റെ ചുവടായുമൊക്കെ കാരണവന്മാര്‍ കൈമാറിയിരുന്ന പഴഞ്ചൊല്ലുകള്‍ ഈ ചെറിയ വീടിന്റെയും തൊടിയുടെയും കഥതന്നെയായിരുന്നു. കുറെക്കൂടി ചെറിയ കാര്യങ്ങളിലേക്ക് ഏകാഗ്രമാവുക, അതിലേക്ക് സ്‌നേഹവും അവബോധവും സന്നിവേശിപ്പിക്കുക. അത്രയൊന്നും ഓടിത്തീര്‍ക്കാനില്ലെന്നും ഇനിയൊന്നും വെട്ടിപ്പിടിക്കേണ്ടതില്ലെന്നും ആരോ പയ്യാരം പറയുന്നുണ്ട്. നിസ്സാരമെന്ന Trivial പട്ടികയില്‍പ്പെട്ട ചിലതിനെ കുലീനവും അഗാധവുമായി പരിവര്‍ത്തനംചെയ്യുക. ആശ്രമബോധംപോലെയുള്ള ഒന്നിനെ രൂപപ്പെടുത്താനുള്ള ചുവടുവെപ്പായി ഈ കാലത്തെ ജ്ഞാനസ്‌നാനപ്പെടുത്താവുന്നതാണ്.
ജര്‍മനിയിലെ അള്‍ട്ടോറ്റിങ്ങിലുള്ള ഒരു പുരാതന ആശ്രമത്തിലെ ആ കുടുസ്സുമുറി ഓര്‍ക്കുന്നു. ദീര്‍ഘമായ 42 വര്‍ഷക്കാലം മണിനാദം മുഴങ്ങുമ്പോള്‍ കിളിവാതില്‍ തുറന്ന് സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ ആരാഞ്ഞിരുന്നു ഒരാള്‍. പിന്നീട് വിശുദ്ധനായി വിളിക്കപ്പെട്ട കൊണ്‍റാഡ് എന്ന കപ്പൂച്ചിന്‍ സന്ന്യാസിയായിരുന്നു അത്. അതിന്റെ ഭിത്തിയില്‍ ഒരു ചെറുനാരങ്ങയുടെ വലുപ്പമുള്ള സുഷിരമുണ്ട്. മുട്ടിന്മേല്‍നിന്നു നോക്കിയാല്‍ അതിലൂടെ ദേവാലയത്തിന്റെ അള്‍ത്താര കാണാം. ചെയ്തിരുന്നതും ചെയ്യാവുന്നതും ഒന്നുമാത്രമായിരുന്നു -അതിഥികളെ കേള്‍ക്കുക, കിളിവാതില്‍ അടയുമ്പോള്‍ അവരുടെ ആകുലതകളെ ചങ്കിലേറ്റി നിലവിളിച്ചു പ്രാര്‍ഥിക്കുക. മരിക്കുന്നതിന്റെ തലേരാവില്‍പ്പോലും അയാളുടെ ശീലങ്ങള്‍ക്ക് മാറ്റമുണ്ടായിരുന്നില്ല. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആ കുടുസ്സുമുറിയില്‍ മുട്ടുകുത്തി പ്രാര്‍ഥിച്ചിട്ടുണ്ട് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഫലകം ചുവരില്‍ കാണാം.
ഇവരെക്കണക്കുള്ള സുകൃതികളായിരുന്നു നമുക്കുചുറ്റും എക്കാലത്തും. തൊടിയിലെ ചെടികളെ പരിചരിച്ചും എരുത്തിലെ പശുക്കളെ കുളിപ്പിച്ചും കുട്ടികളെ ഗൃഹപാഠം ചെയ്യാന്‍ സഹായിച്ചും തെല്ലുനേരം കിട്ടുമ്പോള്‍ ഭംഗിയുള്ള ചില ഓര്‍മകള്‍ പങ്കുവെച്ചും കുളിച്ചുകയറിവരുമ്പോള്‍ നെറുകെയില്‍ രാസ്നാദിപ്പൊടിയിട്ടും മാറിപ്പോവുന്ന പുതപ്പ് ഒന്നുകൂടി വലിച്ചിട്ടും വൈകിയുറങ്ങി നേരത്തേയുണര്‍ന്നും ചിലരൊക്കെ ഈ വീടകങ്ങളില്‍ ഒന്നിന്റെയും മേനിനടിക്കാതെയും കവിതയില്‍ പൊലിപ്പിക്കാതെയും സമാധാനത്തില്‍ ജീവിച്ചിരുന്നു. അവരുടെ ഹൃദയഭൂമിയിലേക്കുള്ള അതിര്‍ത്തികളാണ് ഇപ്പോള്‍ താനെ തുറന്നുകിട്ടുന്നത്. കാര്യമായ പകിട്ടോ കവിതയോ ഇല്ലാതെ, ചെറിയ കാര്യങ്ങളിലേര്‍പ്പെട്ട്, അവകാശവാദങ്ങളൊന്നുമില്ലാതെ നമ്മുടെ ജീവിതത്തെ സമ്പന്നമാക്കിയവര്‍. കൂട്ടയോട്ടങ്ങളുടെയിടയില്‍ നമ്മള്‍ കാണാതെപോയതും അകന്നുപോയതും ഇത്തരം ലളിതമായ ചില ഗാര്‍ഹികചാരുതകളില്‍നിന്നായിരുന്നു. ഇത് മടങ്ങിവരാനുള്ള നേരമാണ്.
സബാറ്റിക്കല്‍ അവധി എന്നൊരു രീതി വിദേശരാജ്യങ്ങളിലുണ്ട്. യഹൂദരുടെ സാബത്താചരണം എന്ന സങ്കല്പത്തില്‍നിന്നാണ് നൂറുശതമാനം സെക്കുലറായി പിന്നീടുമാറിയ ആ പദം രൂപപ്പെട്ടത്. ഓരോ ഏഴാം വര്‍ഷവും ദീര്‍ഘവിശ്രമത്തിനായി അവസരംകൊടുത്തിരുന്ന രീതിയായിരുന്നു അത്. ഒരു സര്‍ഗാത്മക ഇടവേളയായിട്ടാണ് ഇക്കാലത്തെ പരിഗണിക്കുന്നത്. മണ്ണിനെപ്പോലും ആ ആണ്ടില്‍ കിളയ്ക്കാതെ വിടണമെന്നായിരുന്നു രീതി. അപ്രതീക്ഷിതമായി ലഭിച്ച ഒരു സാബത് അവധിയായി ലോക്ഡൗണ്‍ ദിനങ്ങളെ ഒന്നു ഗണിച്ചാല്‍ നല്ലതായിരിക്കും.
വിശ്രമത്തെ ഒരു ചികിത്സാരീതിയായി വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് പോലും പരാമര്‍ശിച്ചിട്ടുണ്ട്. വല്ലാതെ മുറുകിപ്പോയ തന്ത്രികളുള്ള വാദ്യോപകരണംപോലെയാണ് നമ്മുടെ വര്‍ത്തമാനജീവിതം. ആദ്യമൊക്കെ നിരന്തരം വേലചെയ്യുക എന്നതുതന്നെ ഒരു ലഹരിയായി അനുഭവപ്പെട്ടേക്കാം. എന്നാലും മണ്ണിനോ മനുഷ്യനോ ഈ കളി അധികം നീട്ടിക്കൊണ്ടുപോകാനാവില്ല. ഉറ്റവരെ കണ്‍നിറയെ കാണാന്‍ മാത്രമല്ല അവനവനിലേക്ക് ഒന്ന് പാളിനോക്കാനും ഈ ദിനങ്ങള്‍ ഉപകാരപ്പെട്ടേക്കും. ആ അര്‍ഥത്തില്‍ ആരംഭത്തില്‍ സൂചിപ്പിച്ച Retreat എന്ന പദത്തിന് കുറച്ചുകൂടി മുഴക്കമുണ്ടാകുന്നു.
Content Highlights: Fr. Bobby Jose Kattikad, life, corona, lockdown, malayalam article