ചരിത്രത്തില്‍ ഓരോ കാലവും ഒരു അനുഭവപാഠമാണ്, മഹാമാരിയുടേതും മഹാസങ്കടങ്ങളുടേതുമാണെങ്കില്‍ പ്രത്യേകിച്ചും. ഈ കൊറോണക്കാലം കഴിയുമ്പോള്‍ നാം എങ്ങനെയൊക്കെ മാറും? ഈ കാലവും കടന്നുപോകുമ്പോള്‍ അതു നമ്മില്‍ ശേഷിപ്പിക്കുന്ന മുദ്രകള്‍ എന്തൊക്കെയാണ്? ഒരു ചെറുവൈറസ് നമ്മില്‍നിന്ന് അപഹരിച്ചവയെന്തൊക്കെയാണ്? ഒരു കാലം നമ്മില്‍നിന്ന് ഒറ്റയടിക്ക് കട്ടെടുത്തവ എന്തൊക്കെയാണ്?

CORONA 4ത്താം പെറും ചക്കി കുത്തും അമ്മ വെക്കും ഞാനുണ്ണും' എന്നത് ഒരു പ്രത്യേക ചരിത്രഘട്ടത്തിലെ സുരക്ഷിതന്റെ ആത്മഗതം മാത്രമല്ല. വേഷം മാറി, ഭാഷ മാറി, കാലം മാറി, സ്ഥലം മാറി പ്രത്യക്ഷപ്പെടുമ്പോള്‍ ഭിന്നമെന്നു തോന്നിക്കുമെങ്കിലും സമൂഹാരംഭംമുതല്‍ നിലനില്‍ക്കുന്ന ഒരു ഭദ്രതയുടെ ആത്മഗതം തന്നെയാണ് അത്. നീ ഉത്പാദിപ്പിക്കാത്തപ്പോഴും സമൂഹം നിനക്കായി ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ സാക്ഷ്യവും ഉറപ്പും ആയിരുന്നു ആ പത്തായം. ആ പത്തായത്തില്‍ ഇനി എത്രയുണ്ട് എന്നതാണ് കൊറോണ ചോദിക്കുന്ന കിടിലംകൊള്ളിക്കുന്ന ചോദ്യം. ആ പത്തായത്തില്‍ ഇനി ഒരു മാസത്തേക്കുള്ളതുപോലുമില്ല എന്ന് നമ്മുടെ ഖജനാവ്. മൂന്നുകൊല്ലത്തേക്ക് ഭയപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി. രണ്ടും തമ്മില്‍ വലിയ അന്തരമൊന്നുമില്ല. മൂന്നുവര്‍ഷമേ നിങ്ങളിനി ജീവിക്കൂ എന്നൊരു ഡോക്ടര്‍ പറഞ്ഞാല്‍ ആ ഈടില്‍ നിങ്ങള്‍ സ്വസ്ഥമായുറങ്ങുമോ? കൈയ്ക്കും കാലിനും കേടൊന്നും പറ്റിയില്ലെങ്കില്‍ എന്നെ പട്ടിണിക്കിടാന്‍ ഒരു ശക്തിക്കും കഴിയില്ല എന്ന അധ്വാനിക്കുന്നവന്റെ വീറിനെയും കൊറോണ പരിഹസിച്ചു. നിന്റെ ഉപയോഗങ്ങളുടെ പത്തായവും ശൂന്യമായിരിക്കുന്നു.

ഇതുവരെയും തന്നെ ബാധിച്ചിട്ടില്ല, താനെന്തിന് പേടിക്കണം എന്ന് ചോദിക്കുന്ന അജ്ഞത മനസ്സിലാക്കിയിട്ടില്ല, നിമിഷംതോറും കടലെടുത്തുകൊണ്ടിരിക്കുന്ന ഒരു ദ്വീപിന്റെ അവശിഷ്ടത്തിലാണ് താന്‍ എന്ന്. ഇതുപോലെ സകലതിലും ഭ്രമമുള്ള ഒരു കവര്‍ച്ചക്കാരനും മുമ്പ് ഉലകം സന്ദര്‍ശിച്ചിട്ടില്ല. കൊറോണ എന്താണിനി കവരാനുള്ളത്? സമൂഹത്തെ കട്ടു, പൊതുസ്ഥലങ്ങള്‍ കട്ടു, തൊഴിലിടങ്ങള്‍ കട്ടു, തെരുവുകള്‍ കട്ടു, സൗഹൃദങ്ങള്‍ കട്ടു, വിദ്യാലയങ്ങള്‍ കട്ടു, ഹോട്ടലുകള്‍ കട്ടു, തിയേറ്ററുകള്‍ കട്ടു, കളിയിടങ്ങള്‍ കട്ടു, ടൂര്‍ണമെന്റുകള്‍ കട്ടു, പൂരങ്ങള്‍ കട്ടു, ആഘോഷങ്ങള്‍ കട്ടു, പ്രതിഷേധങ്ങള്‍ കട്ടു, ജാഥകള്‍ കട്ടു, നീതി കട്ടു, മുഖംപോലും കട്ടു (കൈവീശിക്കാണിക്കുന്നവര്‍ മനസ്സിലായിട്ടല്ല ഇപ്പോള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നത്). 'ധാന്യം മെതിക്കുന്ന കാളകള്‍ക്ക് നിങ്ങള്‍ മുഖക്കൊട്ട കെട്ടരുത്' -മോശ അനുയായികളോട് പറഞ്ഞു. സകലരും മുഖക്കൊട്ട കെട്ടണം അല്ലാത്തവര്‍ അയ്യായിരംവരെ പിഴ കെട്ടണമെന്ന് കൊറോണയുടെ കാലം.

*** *** ***

വണ്ടി വരാന്‍ അനിശ്ചിതമായി വൈകിയപ്പോള്‍ നാമനുഭവിച്ച അസ്വസ്ഥത ഭാവികാലം താത്കാലികമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിന്റേതായിരുന്നു. വണ്ടി ഏതുമാസത്തില്‍ വരുമെന്നുറപ്പില്ലാത്ത ഈ കാത്തിരിപ്പ് സൃഷ്ടിക്കുന്ന അനിശ്ചിതത്വം ചെറുതല്ല. തീവണ്ടി ഓടുന്ന, വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന, തൊഴിലിടങ്ങള്‍ സജീവമാകുന്ന, നിരത്തുകള്‍ തിരക്കുള്ളതാകുന്ന (കോട്ടുവായിടുകയാണ് ഇപ്പോള്‍ സീബ്രാ വരകള്‍) ഭാവികാലം എന്നാരംഭിക്കുമെന്നുറപ്പില്ലാത്ത ഈ ഇരിപ്പ് മുമ്പ് നാം പരിചയിച്ചതല്ല. ഇന്നെന്താണാഴ്ച, ഇന്നെന്താണ് തീയതി, ആര്‍ക്കും തിട്ടമല്ലാതായിത്തുടങ്ങി. ഭാവി അപഹരിക്കപ്പെട്ടപ്പോള്‍ ദിവസത്തിന്റെ അര്‍ഥവും അപഹരിക്കപ്പെട്ടു. എല്ലാ ദിനങ്ങളും ഒരുപോലെയാവുമ്പോള്‍, ഒന്നും സംഭവിക്കുന്നില്ലെങ്കില്‍, ഒന്നും ഒന്നിനും മുമ്പോ പിമ്പോ അല്ലെങ്കില്‍ ദിവസങ്ങള്‍ക്കെന്ത് വ്യക്തിത്വം? ഭാവിയില്‍ നിന്നാണ്, സംഭവിക്കാനുള്ളതില്‍ നിന്നാണ്, മനുഷ്യദിനങ്ങള്‍ ഊര്‍ജം കൈവരിക്കുന്നത്. പൂരത്തിന് ഇനി രണ്ടുദിവസം, സ്‌കൂള്‍ തുറക്കാനിനി നാലുദിവസം, എന്നൊക്കെയല്ലേ ദിനങ്ങള്‍ അര്‍ഥവത്തായത്?

CORONA 3

വിമാനവും അതിവേഗത്തീവണ്ടിയുമുള്‍പ്പെടെ സകല സന്നാഹങ്ങളുമുള്ള ഈ ചെങ്കിസ്ഖാന്‍ (ടെലിഗ്രാം കൈയിലുള്ള ചെങ്കിസ്ഖാന്‍ എന്നാണ് ആധുനിക സൈന്യത്തെ ഗാന്ധി വിശേഷിപ്പിച്ചത്) അധീനത്തിലാക്കിയ രാജ്യങ്ങളില്‍ ആദ്യം വിലക്കിയത് സ്പര്‍ശത്തെയാണ്. ആപാദചൂഡവും സാര്‍വലൗകികവും സാര്‍വകാലികവും ആയ ഭാഷയാണ് സ്പര്‍ശം. കണ്ണും കാതും തുറക്കുംമുമ്പേ അത് തുറന്നിരുന്നു. യഥാര്‍ഥ മാതൃഭാഷ സ്പര്‍ശമല്ലെന്ന് പറഞ്ഞുകൂടാ. തന്റെ സ്പര്‍ശം വേറിട്ടറിഞ്ഞ് കരച്ചില്‍ നിര്‍ത്തിയ കുഞ്ഞ് അമ്മയെ പൂര്‍ണമായി നിലവില്‍ക്കൊണ്ടുവന്നു. 'മകനമ്മയെ പെറ്റു' എന്ന് കവി. വാത്സല്യത്തിന്റെയും ശുശ്രൂഷയുടെയും സംവേദനത്തിന്റെയും മാധ്യമമാണത്. സംഗീതത്തെക്കാള്‍ സംവേദനതീക്ഷ്ണമാണത്; ആ ഗാനം എന്നെ സ്പര്‍ശിച്ചു എന്ന വാക്യത്തില്‍ സ്പര്‍ശമാണ് ഉപമാനസ്ഥാനത്ത്. പരസ്പരസ്പര്‍ശം നിഷിദ്ധമായ സമൂഹത്തില്‍ എല്ലാ ബന്ധങ്ങളും ഊഷരമായിത്തീരും. തൊട്ടാല്‍ കഴുകേണ്ടതരം ബന്ധങ്ങള്‍ അധികനാള്‍ നിലനില്‍ക്കില്ല. കൈ കുലുക്കലും ആലിംഗനവും തഴുകലുെമാന്നുമില്ലാതെ സമൂഹം സമൂഹമാവുമോ? എന്നെപ്പോലെ ഞാന്‍ സ്‌നേഹിക്കേണ്ട അയല്‍ക്കാരി മുത്തശ്ശി എന്റെ പേരക്കുഞ്ഞിന്റെ നേരെ കൈനീട്ടുമ്പോള്‍ ഞാന്‍ മുഖംതിരിക്കുന്നു. ജനലഴികളിലൂടെ കാമുകീകാമുകര്‍ 'ധ്രുവമിഹ മാംസനിബദ്ധമല്ലരാഗം' എന്ന് മുദ്രകാട്ടുന്നു. എന്തു തൊട്ടാലും പൊന്നാക്കുന്ന മനുഷ്യന്റെ രാസയോഗം താത്കാലികമായി അവസാനിച്ചിരിക്കുന്നു. കൈ ഇല്ലായിരുന്നെങ്കില്‍ എന്ന് നെടുവീര്‍പ്പിട്ട എന്നോട് ഏംഗല്‍സിനെ ഓര്‍മിച്ച് മകന്‍ പറയുന്നു; കൈയാണ് ആദ്യം. കൈവരിച്ചതാണ് എല്ലാം. ആ കൈകള്‍ പൂട്ടിയിട്ടിരിക്കുന്നു, കൊറോണ.

*** *** ***

ഇങ്ങനെ പോയാല്‍ കളി മാറുമെന്ന് പറയുന്നു കായികലോകം. ഒഴിഞ്ഞ ഗാലറികളുടെ മുന്നില്‍ ഞങ്ങള്‍ കളികള്‍ പുനരാരംഭിക്കും. അല്ലെങ്കില്‍ത്തന്നെ, അവര്‍ പറയുന്നു, ഗേറ്റ് കളക്ഷന്‍കൊണ്ടൊന്നുമല്ല കളികള്‍ ആദായകരമായത്. കോടിക്കണക്കിനാളുകള്‍ വീടുകളിലിരുന്ന് കളി കണ്ടതിനാലാണ് ഫുട്ബോളിനും ക്രിക്കറ്റിനും ടെന്നീസിനും ഇന്നുള്ള യശസ്സുണ്ടായത്. രോഹിത് ശര്‍മ ഷൂസിന്റെ ലേസ് കെട്ടാനെടുത്ത സമയംകൊണ്ട് ഞങ്ങള്‍ മൂന്ന് പരസ്യങ്ങള്‍ കാട്ടി. ഏറിവന്നാല്‍ ഒരു ലക്ഷത്തോളംവരുന്ന കാണികള്‍ നല്‍കുന്ന പ്രതിഫലമോ കീര്‍ത്തിയോ അല്ല മെസ്സിയോ റൊണാള്‍ഡോയോ കോലിയോ പറ്റുന്നത്. എവിടെനിന്ന് നോക്കിയാലും കാണാവുന്ന നക്ഷത്രപദവി ഗ്രൗണ്ട് നല്‍കിയതല്ല. കൊറോണക്കാലം നീണ്ടുപോയാല്‍ അച്ഛനുമമ്മയുമെല്ലാം പൂര്‍ണമായി കാണികളായി പരിവര്‍ത്തിക്കുകയും കാണികളില്ലാത്ത ഗ്രൗണ്ടുകള്‍ സ്വാഭാവികമാവുകയും ചെയ്യുമോ? മുന്നിലെ ഉത്സാഹഭരിതരായ കാണികളുടെ പങ്കാളിത്തമില്ലാത്ത കളി കാര്യമായിപ്പോവില്ലേ? വീടുകളിലെ കാണികളെ സങ്കല്പിച്ച് റൊണാള്‍ഡോക്ക് ആ അദ്ഭുത ഉയരത്തില്‍നിന്ന് ഗോളടിക്കാനാവുമോ? ടെലിവിഷനുമുന്നിലെ കാണിപോലും ഇരമ്പുന്ന ഗാലറിയിലെ കാണിയില്‍നിന്നല്ലേ ഉത്സാഹം ആര്‍ജിക്കുന്നത്.

വിദ്യാലയങ്ങളടച്ചിട്ടാലെന്താണ്, ഓണ്‍ലൈന്‍ ക്ലാസുകളില്ലേ, എന്ന് ധരിക്കുന്നവരും തെറ്റിദ്ധരിക്കുകയാണ്. ലൈബ്രറി മാത്രം പ്രവര്‍ത്തിച്ചാല്‍ കോളേജ് പ്രവര്‍ത്തിച്ചു എന്ന് പറയാമോ? കോളേജും സ്‌കൂളുമെല്ലാം സവിശേഷമായി പ്രവര്‍ത്തിക്കുന്ന സമൂഹങ്ങളാണ്. അതിലെ ചിലതിന് മുഴുവനെ പ്രതിനിധാനംചെയ്യാനാവില്ല. 'എന്നെ ഞാനെങ്ങും പറഞ്ഞയക്കേണ്ടതില്ലെ/ന്നിലുണ്ടെന്തുമെല്ലാരു മെല്ലാടവും' എന്ന കുഞ്ഞുണ്ണിക്കവിതപോലും സൂക്ഷ്മമായി നമ്മോട് പറയുന്നത് എല്ലാരും എല്ലാടവും ആണ് എന്റേയും ഉണ്മ എന്നാണ്. ഒറ്റയടിപ്പാതയല്ല മനുഷ്യന്‍ (ഒരെന്റിന്റെ മീന്‍സായിക്കൂട ഒരാളും). നാമൊറ്റയ്ക്കിരിക്കുമ്പോഴും ഒരുമിച്ചാണ്, പലര്‍ക്കുമൊപ്പമാണ്, എന്ന പ്രതീതി ഉണ്ടാക്കുന്നതിനാലുമാണ് മൊബൈല്‍ ഇന്ന് നമുക്കനിവാര്യമായിരിക്കുന്നത്. ഇതുവരെ നമുക്കുകിട്ടിയ പകരങ്ങളില്‍വെച്ചേറ്റവും സമ്പന്നമായ പകരമാണതെങ്കിലും പലതിനുമുള്ള പകരമാണെങ്കിലും അതും പകരംതന്നെയാണ്. കൊറോണ നീണ്ടുനീണ്ടുപോയാല്‍ നാമത് വലിച്ചെറിഞ്ഞേക്കാം.

*** *** ***

CORONA 1

കൊറോണക്കാലത്തെ മൂന്നോ നാലോ ആളുകള്‍ മാത്രമുള്ള മരണവീടുകള്‍ ദയനീയമായിരുന്നു. കല്യാണവീട്ടില്‍ പോയില്ലെങ്കിലും മരണവീട്ടില്‍ പോകാതിരിക്കരുത് എന്നതായിരുന്നു നമ്മുടെ മര്യാദ. പതിവിലധികം ആളുകള്‍ പതിവില്ലാത്തവിധത്തില്‍ കണ്ടാല്‍ അതൊരു മരണവീടായിരിക്കണം. ഒരാള്‍ അയാളുടെ ഉത്തവാദിത്വത്തില്‍നിന്ന് പൂര്‍ണമായി മുക്തനായി എന്നതാണ് മരണത്തിന്റെ ഒരര്‍ഥം. ഇനി അയാള്‍ മറ്റുള്ളവരുടെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വത്തില്‍ സാന്നിധ്യംകൊണ്ടെങ്കിലും പങ്കുകൊണ്ടെങ്കിലേ സ്‌നേഹിതര്‍ക്കും പരിചിതര്‍ക്കും ബന്ധുക്കള്‍ക്കും സ്വസ്ഥതയുണ്ടാവൂ. ആ അര്‍ഥത്തില്‍ പൂര്‍ണമാവാത്ത മരണങ്ങളായിരുന്നു കൊറോണക്കാലത്തേത്. എം.കെ. അര്‍ജുനന്‍മുതല്‍ ഇര്‍ഫാന്‍ഖാന്‍വരെ അത്രമേല്‍ പ്രിയങ്കരരായ എത്രപേരാണ് അര്‍ഹമായ ആദരവുകിട്ടാതെ വിടപറഞ്ഞത്. ജനസഹസ്രങ്ങളുണ്ടാവേണ്ടിയിരുന്ന സംസ്‌കാരച്ചടങ്ങുകള്‍. അതിലേറെ സങ്കടകരങ്ങളാണ് ഉറ്റബന്ധുക്കളുടെയും ആത്മമിത്രങ്ങളുടെയും അഭാവത്തില്‍ പരേതന്റെ ഏകാന്തത വര്‍ധിപ്പിച്ച മരണാനന്തരച്ചടങ്ങുകള്‍. അനാഥങ്ങളായ ജീവിതങ്ങളെക്കാള്‍ സങ്കടകരങ്ങളാണ് അനാഥങ്ങളായ മരണങ്ങള്‍. നമ്മുടെ മര്യാദയും സങ്കടവും സംസ്‌കാരവുമെല്ലാം കൊറോണ അപഹരിച്ചു.

കൊറോണക്കാലത്ത് 'ട്രാന്‍സ്' കണ്ടപ്പോള്‍ ഫഹദ് ഫാസിലിന്റെ അഭിനയചാതുര്യത്തെക്കാള്‍ വിനായകന്റെ യാതനമുറ്റിയ മുഖമാണെന്നെ ആകര്‍ഷിച്ചത്. കുഞ്ഞിന്റെ ശവശരീരവുമെടുത്ത് പാസ്ചറുടെ അടുത്തേക്ക് വിനായകന്‍ പായുമ്പാള്‍ ഞാനോര്‍ക്കുകയായിരുന്നു ദൈവങ്ങള്‍ കൈമലര്‍ത്തിയ ഇക്കാലത്ത് ഇതുപോലെത്ര യാതനായാത്രകള്‍ മനസ്സുകളില്‍ സംഭവിക്കുന്നുണ്ടാവുമെന്ന്. അഭയകേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നു. അവ ദീര്‍ഘകാലത്തേക്കടഞ്ഞു കിടന്നാല്‍ ആളുകള്‍ അവിശ്വാസികളാവുമോ? ഇല്ല എന്നതാണസന്ദിഗ്ധമായ ഉത്തരം. ഒരു ദുരന്തത്തിനും ജനമനസ്സില്‍െൈ ദവത്തിനുള്ള സ്വാധീനത്തെ കുറയ്ക്കാനാകില്ല. പഴയ നിയമത്തില്‍ ദൈവം അനുഗ്രഹത്തെക്കാള്‍ ശാപത്തെയാണ് സ്വന്തം ജനതയെ വരുതിയില്‍നിര്‍ത്താന്‍ ഉയോഗിക്കുന്നത്. ഇസ്രയേല്‍വാസികളെ നശിപ്പിക്കാന്‍ പലതവണ ശത്രുക്കളുടെകൂടെ നില്‍ക്കുന്നുണ്ട് ദൈവം. മനുഷ്യന്റെ പ്രയാസമാണ് ദൈവത്തിന്റെ പാത.

*** *** ***

തുടര്‍ച്ചയായ ഗൃഹജീവിതം വീടിനോടുള്ള മമത വര്‍ധിപ്പിച്ചുവോ? അടിച്ചേല്‍പ്പിക്കപ്പെട്ട മമത വിദ്വേഷമായി പരിണമിച്ചുവോ? വീടുകള്‍ പെയ്ന്റ് ചെയ്ത് മോടിപിടിപ്പിക്കുന്ന ജോലിയൊന്നും സമീപകാലത്തുണ്ടാവാനിടയില്ലെന്നൊരാള്‍. ഇനി മൂന്നുകൊല്ലത്തേക്ക് താന്‍ വീട്ടിലേക്കില്ലെന്ന് യൂസ്വേന്ദ്ര ചാഹല്‍ എന്ന കായികതാരം. ഹോം സിക്നസിനെക്കാള്‍ തീക്ഷ്ണമാണ് ഔട്ട്സിക്നെസ് എന്ന് തുറക്കാനിരിക്കുന്ന നഗരവാതിലുകളുടെ മുന്നില്‍ മനസ്സുകൊണ്ട് മാറിമാറിനില്‍ക്കുന്നവര്‍. കൊറോണാനന്തരം യാത്രകള്‍ നിരന്തരമാവുമെന്നും തോന്നുന്നു. ഏറെക്കാലമായി ഉറങ്ങുകയായിരുന്ന വീടുകള്‍ ആസകലമുണര്‍ന്നു എന്നതും മറക്കരുത്. കൊറോണക്കാലത്തെ പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ താലോലിക്കപ്പെട്ടവരുണ്ടോ? പുതിയ പുതിയ വിഭവങ്ങളുമായി അടുക്കളകള്‍. ചാക്കുനൂലുകൊണ്ട് റിപ്പേര്‍ചെയ്ത ബാറ്റുകൊണ്ട് കോലായ ഗ്രൗണ്ടാക്കി അച്ഛനെ ലവ്വില്‍ തോല്‍പ്പിക്കുന്ന മകള്‍. പുതിയ ആളനക്കത്തില്‍ ജീവന്‍കിട്ടിയ അകത്തെ കട്ടിലുകളിലെ നിത്യരോഗികള്‍. നഴ്സും ഡോക്ടറും പോലീസും സര്‍ക്കാരും മുമ്പൊരിക്കലും കിട്ടാത്ത ജനപ്രീതിയില്‍ (പോലീസ് ഷുഗറും പ്രഷറും നോക്കാനായി വീടുകളില്‍ കയറിയിറങ്ങുന്നു. ക്ഷേമമന്വേഷിക്കുന്നു. പിന്തുടര്‍ന്നാല്‍ അടുത്തുകാണുന്ന കിണറില്‍ച്ചാടി വീരമൃത്യു വരിക്കയല്ലാതെ വഴിയില്ലെന്ന് ഒരിക്കല്‍ തോന്നിച്ചവരാണ്). ഭരണകൂടം പത്തുവര്‍ഷം കഠിനമായി യത്‌നിച്ചാലാവാത്ത അന്തരീക്ഷ ശുചീകരണം മൂന്നു മാസംകൊണ്ട് കൊറോണ സാധിച്ചിരിക്കുന്നു എന്നതും വിസ്മരിക്കരുത്.

CORONA 2

സിസെക്കും അഗമ്പനും ഹരാരിയുമെല്ലാം പങ്കിടുന്ന പ്രതീക്ഷകളും ഭയാശങ്കകളും കൊറോണാനന്തര തത്ത്വചിന്തകരെ ചിരിപ്പിച്ചേക്കാം. ഒരുപക്ഷേ, കൂടുതല്‍ മികച്ച ഒരു ഭാവികാലം ഇത്രയെങ്കിലും മ്ലാനമായ ഒരു ഭൂതകാലം അര്‍ഹിക്കുന്നുണ്ടാവാം. വരാനുള്ളത് ഒന്നും വിട്ടുതരുന്നില്ല. 'കഠിനതാന്‍ ഭവിതവ്യത'!

ചിത്രീകരണം: റോണി ദേവസ്യ

Content Highlights: Life in the time corona Kalpatta Narayanan Malayalam Article