ഗതാ ക്രിസ്റ്റിയുടെ പൊയ്‌റോട്ടിനെയും കോനന്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസിനെയും പരിചയപ്പെടുന്നതിനും മുമ്പേ, ഞങ്ങളുടെ ഗ്രാമീണ വായനശാലയില്‍ ഡിറ്റക്ടീവുമാരായ മാര്‍ക്‌സിനും ടൈസും ഡോക്ടര്‍ ബ്ലീറ്റുമെല്ലാം ഇടംപിടിച്ചിരുന്നു. ഒരുവേള ക്രൈം ത്രില്ലറുകളും ഹൊറര്‍ നോവലുകളും ഇടകലര്‍ന്ന വായനാലോകമായിരുന്നു ആ ഗ്രാമീണ വായനശാലകളെല്ലാം.

ഇടയ്‌ക്കെപ്പോഴോ കൗമാര-യുവത്വങ്ങളെ പുളകം കൊള്ളിച്ച അന്‍സാരിയും പമ്മനും മൊയ്തു പടിയത്തും രഹസ്യമായി ഞങ്ങളെ ആനന്ദിപ്പിച്ചുപോന്നു. സീരിയല്‍ പരമ്പരകള്‍ക്കും മുമ്പ് കമല ഗോവിന്ദും ജോസി വാഗമറ്റവും ജോയ്‌സിയുമെല്ലാം ഗ്രാമീണ സ്ത്രീകളെ കണ്ണീരിലാഴ്ത്തി. വൈകീട്ട് അഞ്ചുമണിക്കുതന്നെ നെഹ്‌റു ഗ്രന്ഥശാലയില്‍ നീണ്ട ക്യൂ പ്രത്യക്ഷമാകും. അത് പലപ്പോഴും എട്ടുമണി വരെ നീളും. എം.ടി വാസുദേവന്‍ നായര്‍ മുതല്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് വരെയുള്ളവര്‍ അപ്പോഴും അന്യവത്കരിക്കപ്പെട്ട്, അലമാരയില്‍ വിശ്രമിച്ചുപോന്നു. 

നാട്ടിലെ സ്‌കൂള്‍ അധ്യാപകരും ചുരുക്കം ചില വായനാപ്രേമികളുമല്ലാതെ മറ്റാരും സാഹിത്യത്തിലെ മഹാരഥന്മാരെ തേടി വന്നതേയില്ല. അപ്പോഴൊക്കെയും കോട്ടയം പുഷ്പനാഥും ബാറ്റണ്‍ ബോസും മെഴുവേലി ബാബുജിയും ജോയ്‌സിയും പ്രണാബുമെല്ലാം ഞങ്ങള്‍ക്ക് വലിയ സാഹിത്യകാരന്മാരായിരുന്നു. നിരൂപകരാരും 'സാഹിത്യഗണ'ത്തില്‍ പെടുത്തിയില്ലെങ്കിലും ഗ്രാമീണ ജനതയുടെ ദൈനംദിന ജീവിതത്തില്‍ ജനകീയസാഹിത്യകാരന്മായി ഇവര്‍ ജീവിച്ചു.

ആറാം ക്ലാസില്‍ വാര്‍ഷിക പരീക്ഷ എഴുതിയിരിക്കുന്ന വേളയിലാണ് എന്‍.കെ ശശിധരന്റെ 'കശ്മീര്‍ കശ്മീര്‍' എന്ന ക്രൈം ത്രില്ലര്‍ വായിക്കുന്നത്. മെഴുവേലി ബാബുജിയുടെ 'എക്‌സൈസ്' ആയിരുന്നു രണ്ടാമത് വായിച്ച പുസ്തകം. ബാറ്റണ്‍ ബോസിന്റെ ഡിറ്റക്ടീവ് ടൈംസ് നായകനാകുന്ന 'അഗ്‌നിമേഘങ്ങള്‍' ആയിരുന്നു ആദ്യം വായിച്ച ഡിറ്റക്ടീവ് നോവല്‍. അതൊരു തുടക്കമായിരുന്നു, പിന്നെ ത്രില്ലറുകള്‍ക്കും അപസര്‍പ്പക കഥകള്‍ക്കും വേണ്ടി പരക്കം പാഞ്ഞ നാളുകള്‍. കൗമാരക്കാരും യുവാക്കളും മുതിര്‍ന്നവരുമെല്ലാം വൈകുന്നേരങ്ങളില്‍ നെഹ്‌റു ഗ്രന്ഥശാലയില്‍ ഒത്തുകൂടി. 

ഞങ്ങളുടെ വായനശാലയില്‍ ഏറ്റവും കൂടുതല്‍ ശേഖരം കോട്ടയം പുഷ്പനാഥിന്റേതായിരുന്നു. വിദേശരാജ്യങ്ങളില്‍ അന്വേഷണം നടത്തുന്ന ഡിറ്റക്ടീവ് മാര്‍ക്‌സിനും ഇന്ത്യയിലെ ഡിറ്റക്ടവ് പുഷ്പരാജും അദ്ദേഹത്തിന്റെ കഥാപാത്രമായിരുന്നു. ഡിറ്റക്ടീവ് ടൈംസ് ആയിരുന്നു ബാറ്റണ്‍ ബോസിന്റെ കഥാപാത്രം. കമാന്‍ഡര്‍ ബ്ലേക്ക്, ഡോക്ടര്‍ ബ്ലീറ്റ് എന്നീ പേരുകളില്‍ അറിയപ്പെട്ട സാഹസിക കഥാപാത്രത്തെ പ്രണാബും സൃഷ്ടിച്ചു. എസ്റ്റേറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഭീകരസത്വങ്ങളുടെ ഉള്ളറ രഹസ്യം തേടിയിറിങ്ങിയ തോമസ് ടി അമ്പാടിന്റെ ഡിറ്റക്ടീവ് റോയിയുടെ നീക്കങ്ങളുമെല്ലാം ഞങ്ങളെ ഭയവിഹ്വലരാക്കി. ഈ അതിമാനുഷികരായ കഥാപാത്രങ്ങളെ വായിച്ച് പ്രായഭേദമന്യേ, ഏവരും പുളകം കൊണ്ടു.

ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെട്ട പുസ്തകം കണ്ടുപിടിക്കാന്‍ ഒരു വഴിയെ ഉണ്ടായിരുന്നുള്ളൂ. അതിന്റെ പുറംചട്ട നോക്കിയാല്‍ മനസ്സിലാകും. കൈവിരല്‍ പാടുകള്‍ പതിഞ്ഞ് അത്രയ്ക്കും മോശമായിട്ടണ്ടാകും ആ പുസ്തകം. നെഹ്‌റു ഗ്രന്ഥാലയത്തിനും ഉണ്ടായിരുന്നു സാഹിത്യ സദസ്സ്. പക്ഷേ, മുഖ്യധാരാ സാഹിത്യം എന്നതിനപ്പുറം അതിമാനുഷിക കഥാപാത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണെന്നു മാത്രം. നൂറ്റി നാല്‍പത് പേജുകള്‍ വരുന്നവയായിരുന്നു മിക്ക ക്രൈം നോവലുകളും. അതെല്ലാം പുറത്തിറക്കിയിരുന്നത് കൊച്ചിയില്‍ നിന്നുള്ള പബ്ലിക്കേഷനായ സി.ഐ.സി. സിയായിരുന്നു. ഒന്നോ രണ്ടോ ദിവസംകൊണ്ട് വായിച്ചുതീര്‍ക്കുക എന്നത് ഒരുതരം വഴിപാടായിരുന്നു. ഏറിയാല്‍ മൂന്നൂദിവസം അതില്‍കൂടുതല്‍ നീണ്ടുപോകില്ല. 

വ്യാഴാഴ്ച അല്‍പം വലിയ ക്രൈം നോവലുകള്‍ കണ്ടെത്തും. കാരണം വെള്ളിയാഴ്ച ഗ്രന്ഥശാല അവധിയായിരിക്കും. അക്കാലത്ത് നെഹ്‌റു ഗ്രന്ഥശാലയില് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ഒരു പുസ്തകമായിരുന്നു, ജേസി ജൂനിയറിന്റെ 'ലൈറ്റ് ഹൗസ്'. വിമാനം തകര്‍ന്ന് ദ്വീപില്‍ അകപ്പെട്ടുപോകുന്ന ഒരുകൂട്ടം സഞ്ചാരികളുടെ കഥയായിരുന്നു അത്. നരഭോജികളുടെ ഇടയില്‍നിന്നും രക്ഷപ്പെടുന്നതും തീവ്രവാദ ഗ്രൂപ്പിന്റെ പിടിയിലാകുന്നതും ഒടുക്കും രണ്ടുപേര്‍ മാത്രം രക്ഷപ്പെട്ട് സ്വദേശത്ത് എത്തിപ്പെടുന്നതുമായ നോവലായിരുന്നു ലൈറ്റ് ഹൗസ്. 

ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയെക്കാള്‍ കുട്ടികളെ പേടിപ്പിച്ചിരുന്നത്, ചെകുത്താന്‍ തുരുത്ത്, കാര്‍ത്തിക, ഏറ്റുമാനൂര്‍ ശിവകുമാറിന്റെ മാന്ത്രിക നോവലുകള്‍ തുടങ്ങിയവയായിരുന്നു. വിശ്വസാഹിത്യത്തില്‍ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയെ വെല്ലാന്‍ ആരുമില്ലെങ്കിലും പാശ്ചാത്യസത്വം/പിശാച് എന്നിവയെക്കാള്‍ ഞങ്ങളെ ഭയപ്പെടുത്തിയത് മലയാളികള്‍ കേട്ടുവളര്‍ന്ന യക്ഷികളെയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ജോയ്‌സിയുടെ ഹൊറര്‍ നോവലായ കാര്‍ത്തിക നെഹ്‌റു ഗ്രന്ഥശാലയുടെ ഷെല്‍ഫില്‍ ഇടം പിടിക്കുന്നത്. മുതിര്‍ന്നവര്‍ വായിച്ച ശേഷമേ  കുട്ടികള്‍ക്ക് പുസ്തകം കിട്ടിയിരുന്നുള്ളൂ. അപ്പോഴേക്കും പുറം ചട്ടകള്‍ കൈവിരല്‍ പാടുകളാല്‍ തേഞ്ഞുതീരാറായിട്ടുണ്ടാകും. 

കാര്‍ത്തിക അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ പേടിപ്പിച്ചു. ഓരോ താളുകള്‍ മറിയ്ക്കുമ്പോഴും ജിജ്ഞാസ ഇരട്ടിച്ചു. പേടി കാരണം പകലാണ് പലരും വായിച്ചത്. മറ്റൊരു സുഹൃത്ത് ധൈര്യം അവലംബിച്ച് രാത്രിതന്നെ വായിക്കാൻ  തീരുമാനിച്ചു. അവന് അന്ന് പത്താംക്ലാസ് വിദ്യാർഥിയാണ്. നോവലിന്റെ മധ്യഭാഗത്ത് അമാവാസി നാളില്‍ കാര്‍ത്തിക പ്രത്യക്ഷപ്പെടുമ്പോള്‍ വല്ലാത്തൊരു ഉള്‍ഭയം ഉണ്ടാകും. പിന്നെ പറയേണ്ടല്ലോ, പുറത്തെ ചെറിയൊരനക്കം, വല്ല പെരുച്ചാഴിയോ മറ്റോ ഓടുന്ന ശബ്ദം കേട്ടാല്‍ പേടിതുടങ്ങും. ഇഷ്ടന് നോവലിന്റെ പാരമ്യതയില്‍ എത്തിനില്‍ക്കുമ്പോള്‍ മൂത്രശങ്ക അനുഭവപ്പെട്ടു. പക്ഷേ, പേടികാരണം പുറത്തിറങ്ങാന് വയ്യ. വീട്ടുകാരെ വിളിക്കാമെന്ന് വെച്ചാല്‍ പത്താം ക്ലാസിലായി പൊടിമീശയും വന്നുതുടങ്ങി, ഛെ, നാണക്കേടാകില്ലേ, അവസാനം ഒരുവിദ്യ കണ്ടെത്തി, ജനലിലൂടെ പുറത്തേക്കങ്ങ് സാധിച്ചു.

അക്കാലത്താണ് അപസര്‍പക കഥകള്‍ക്ക് പുതിയ മാനവുമായി ദുര്‍ഖപ്രസാദ് ഖത്രി ഞങ്ങളിലേക്ക് എത്തിയത്. ദുര്‍ഖപ്രസാദ് ഖത്രിയെന്ന ഹിന്ദി നോവലിസ്റ്റും വിവര്‍ത്തകനുമായ മോഹന്‍ ഡി കങ്ങഴയും ചേര്‍ന്ന് അതുവരെ കേട്ടുവളര്‍ന്ന മുഴുവന്‍ അപസര്‍പകത്വ ഭാവങ്ങളെയും മാറ്റിമറിച്ചു. ഉത്കണ്ഠയുടെ മൂന്നു ഖണ്ഡങ്ങളായിരുന്നു ഖത്രിയുടെ ഒമ്പത് പുസ്തകങ്ങള്‍. ആദ്യ പുസ്തകം ചുവന്ന കൈപ്പത്തി,  മൃത്യുകിരണം (നാല് ഭാഗങ്ങള്‍), അവസാനത്തേത് വെളുത്ത ചെകുത്താന്‍ (നാല് ഭാഗങ്ങള്‍). ഒമ്പത് സീരിസായി ഇറങ്ങിയ ഈ ശാസ്ത്രീയ അപസര്‍പക നോവല്‍ ഓരോ പുനര്‍വായനയില്‍പോലും ഞങ്ങളെ പരിണാമഗുപ്തിയിലെത്തിച്ചു. 

നായകനായ ഡോക്ടര്‍ ഗോപാല്‍ ശങ്കര്‍ മൃത്യുകിരണത്തിലെ ആദ്യ പുസ്തകത്തിന്റെ അവസാനഭാഗത്ത് ശത്രുക്കളാല്‍ ചുറ്റപ്പെടുന്നു. ഉടന്‍തന്നെ അതിന്റെ ബാക്കിഭാഗമായ രണ്ടാമത്തെ പുസ്തകത്തിലേക്ക് നാം പ്രവേശിക്കുന്നു. എന്നാല്‍, അവിടെ നിരാശയും പരിണാമഗുപ്തിയും തീര്‍ത്ത് ഗോപാല്‍ ശങ്കറെക്കുറിച്ച് യാതൊന്നുമുണ്ടാകില്ല. പിന്നെ മ്യുതുകിരണത്തിന്റെ മൂന്നാം ഭാഗത്തിലായിരിക്കും ഗോപാല്‍ ശങ്കറെക്കുറിച്ച് പറയുക.

ക്യാറ്റ്‌ലോഗ് തെറ്റിച്ച് ഷെല്‍ഫില്‍നിന്ന് പുസ്തകം എടുക്കാന്‍ അക്കാലത്ത് ലൈബ്രേറിയന്‍ ഒരിക്കലും സമ്മതിച്ചിരുന്നില്ല. വായിച്ച ഡിറ്റക്ടീവ് നോവലുകള്‍ അതുകൊണ്ടുതന്നെ പിന്നെയും പിന്നെയും വായിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകും. ബ്ലാക്ക് ഡ്രാഗണ്‍ എന്ന കോട്ടയം പുഷ്പനാഥിന്റെ പുസ്തകം അഞ്ചും ആറും തവണ വായിച്ചവരുണ്ട്. പാരീസിലെ വിക്ടര്‍ ഹ്യൂഹോ അവന്യൂവിലുള്ള ഹോട്ടല്‍ ഹോറിസോണയിലിരുന്ന് ഡിറ്റക്ടീവ് മാര്‍ക്‌സിന്‍ ഒരു കൊറോണയ്ക്ക് തീകൊടുത്തു. അതിശയം എന്ന് പറയട്ടെ പാരീസിന്റെ തെരുവുകളെക്കുറിച്ച് എഴുതിയ കോട്ടയം പുഷ്പനാഥ് ഒരിക്കലും വിദേശയാത്രകള്‍ നടത്തിയിരുന്നില്ല എന്നതാണ് വാസ്തവം.

ഒരിക്കൽ ബാറ്റണ്‍ബോസിനെ നേരിട്ട് കാണാന്‍ അവസരമുണ്ടായപ്പോള്‍ അഗ്‌നിമേഘങ്ങള്‍ എന്ന നോവലിന്റെ പശ്ചാത്തലത്തെക്കുറിച്ച് ആരാഞ്ഞു. ഹൈറേഞ്ചിലുള്ള ഒരു കുന്നിന്‍പുറവും ശ്മശാനവും ഉത്തരേന്ത്യയിലെ മറ്റൊരു ദേശമായി മാറ്റുകയായിരുന്നു. മറ്റൊരുതരം മാജിക്കല്‍ റിയലിസമായിരുന്നു ജനകീയ സാഹിത്യകാരന്മാര്‍ സൃഷ്ടിച്ചുപോന്നത്. ഇന്ന് കോട്ടയം പുഷ്പനാഥിനും ബാറ്റണ്‍ ബോസിനും ശേഷം ഡിറ്റക്ടീവ് നോവലുകള്‍ എഴുതുന്നവര്‍ കുറവാണ്. അതുകൊണ്ടാകാം ഒരിക്കല്‍ അഴീക്കോട് മാഷ് തന്നെ പറയുകയുണ്ടായി നിങ്ങളാരെങ്കിലും ഡിറ്റക്ടീവ് നോവല്‍ എഴുതിയില്ലെങ്കില്‍ ഞാനൊരു ഡിറ്റക്ടീവ് നോവലെഴുതുമെന്ന്. 

ഒരുകാലത്ത് സന്ധ്യാവേളകളില്‍ നീണ്ട ക്യൂ പ്രത്യക്ഷമായിരുന്ന നെഹ്‌റു ഗ്രന്ഥശാലയുടെ വരാന്ത ഇന്ന് ശൂന്യമാണ്. ലെഡ്ജറില്‍ ഇരുപത്തിയെട്ട് കോളങ്ങള്‍ ഒഴിച്ചിട്ട് ലൈബ്രേറിയന്‍ വിശ്രമിക്കുന്നു. ഇരുപത്തിയെട്ട് കോളത്തിന്റെ കണക്ക് എന്താണെന്ന ചോദ്യത്തിന് ലളിതമായ മറുപടി. ബി ഗ്രേഡ് ലൈബ്രറിക്ക് വര്‍ഷം തോറും ഗ്രാന്‍ഡ് അനുവദിക്കണമെങ്കില്‍ ഇത്രയും പേര്‍ പ്രതിദിനം പുസ്തകമെടുക്കണമത്രെ. ഇന്‍സ്‌പെക്ഷന് വരുന്നതിന് മുമ്പായി വായനശാലയിലെ അംഗങ്ങളുടെ പേരില്‍ അവര്‍ എടുക്കാത്ത പുസ്തകം എഴുതിച്ചേര്‍ക്കുന്നു. 

ഒറ്റപ്പെട്ട സംഭവമല്ലിത്, മിക്ക ഗ്രാമീണ വായനശാലകളുടെയും ഇന്നത്തെ അവസ്ഥയിതാണ്. ഇന്ന് നെഹ്‌റു ഗ്രന്ഥശാലയില്‍ ഏറിയാല്‍ രണ്ടോ മുന്നോപേര്‍ മാത്രമാണ് പുസ്തകം മാറാനെത്തുന്നത്. ഷെല്‍ഫുകളില്‍ പരതുമ്പോള്‍ പുസ്തകത്തിന്റെ അടുക്കും ചിട്ടയും തെറ്റുമെന്ന ലൈബ്രേറിയന്റെ ശാസനയ്ക്ക് ഇന്ന് നെഹ്‌റു ഗ്രന്ഥാലയത്തില്‍ സ്ഥാനമില്ല. കൗമാര-യുവത്വങ്ങളെ പുളകം കൊള്ളിച്ച ഈ ജനകീയ സാഹിത്യം ഇന്ന് പൊടിപിടിച്ച ഷെല്‍ഫുകളില്‍ ഊര്‍ധ്വന്‍വലിക്കുകയാണ്.

Content Highlights : library, malayalam literature, books