ട്ടിക്കണ്ണട ധരിച്ച്, കണ്ണടയ്ക്ക് മുകളിലൂടെ പുസ്താന്വേഷികളെ സംശയത്തോടെ മാത്രം വീക്ഷിക്കുന്ന ഒരാള്‍... അകത്തേക്ക് കയറിയാല്‍ പൊടിമൂടിയ റാക്കില്‍ നിരനിരയായി അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങള്‍. നിശബ്ദത പാലിക്കുകയെന്ന ബോര്‍ഡ്. ഇതൊക്കെയാണ് ലൈബ്രറിയെന്ന സങ്കല്പത്തെ അടുത്തറിയാത്തവര്‍ക്ക് ഒട്ടുമിക്ക ചലച്ചിത്രങ്ങളും പകര്‍ന്ന് നല്‍കുന്ന ചിത്രം. എന്നാല്‍ ചരിത്രകഥകള്‍ക്ക് ഇപ്പുറം ലൈബ്രറികളില്‍ സാങ്കേതികമായി മുന്നേറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നത് വായനയെ സ്‌നേഹിക്കുന്ന, ലൈബ്രറി ബെഞ്ചുകളില്‍ ഒരിക്കലെങ്കിലും ഇരുന്നവര്‍ക്ക് മാത്രം അറിവുള്ള കാര്യം. വീട്ടിലിരുന്നുതന്നെ ഇഷ്ടപുസ്തകങ്ങളെ അറിയാനുള്ള 'കോഹ' സൗകര്യവും കംപ്യൂട്ടറൈസേഷനും ചിപ്പ് ഉപയോഗിച്ചുള്ള ഐ.ഡി. കാര്‍ഡും അങ്ങനെ നീളുന്നു ഇന്നത്തെ ലൈബ്രറികളുടെ സൗകര്യങ്ങള്‍.

നൂറ്റാണ്ടിന്റെ പാരമ്പര്യത്തില്‍

ഒന്നര പതിറ്റാണ്ടിന്റെ പാരമ്പര്യം പേറി നഗരത്തിന്റെ തിരക്കില്‍ തലയുയര്‍ത്തി പേരെടുത്ത് നില്‍ക്കുകയാണ് എറണാകുളം പബ്ലിക് ലൈബ്രറി. വായനയെ സ്‌നേഹിക്കുന്നവരുടെ തറവാടെന്ന് കൂടിയാണ് പബ്ലിക് ലൈബ്രറി അറിയപ്പെടുന്നത്. 1870-ല്‍ ആരംഭിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തത് ദിവാന്‍ ശങ്കുണ്ണി മേനോനായിരുന്നു. മഹാരാജാസ് സ്‌കൂളിലും ടൗണ്‍ഹാള്‍ കെട്ടിടത്തിലുമായി പ്രവര്‍ത്തനം നടന്നിരുന്ന ലൈബ്രറി 1974-ഓടെയാണ് ഇന്നത്തെ ലൈബ്രറി കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, സംസ്‌കൃതം, കൊങ്കണി എന്നീ ഭാഷകളിലുള്ള പുസ്തകങ്ങള്‍ കൊണ്ട് സമ്പന്നമാണ് ലൈബ്രറി.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍.എഫ്.ഐ.ഡി.) ഏര്‍പ്പെടുത്തിയ ആദ്യ ലൈബ്രറിയും ഇതുതന്നെ. കല്‍ക്കട്ടയിലെ രാജാ റാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷനാണ് ആര്‍.എഫ്.ഐ.ഡിക്കുള്ള തുക നല്‍കിയത്. അംഗങ്ങള്‍ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും പുസ്തകം വേഗത്തില്‍ എടുക്കാനും സാധിക്കും. അംഗങ്ങള്‍ തങ്ങളുടെ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് പുസ്തകമെടുത്തതിന് ശേഷം ടച്ച് സ്‌ക്രീന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കിയോസ്‌കില്‍ പുസ്തകവും ചേര്‍ത്തുപിടിച്ചാല്‍ എന്‍ട്രി ചെയ്യാം. പുസ്തകം തിരികെ കൊണ്ടുവരുമ്പോള്‍ ഡ്രോപ്പ് കിയോസ്‌കും ഉപകരിക്കുമെന്ന് ലൈബ്രേറിയന്‍ വി.ജി. രാമചന്ദ്രന്‍ പറഞ്ഞു. കൂടാതെ സിവില്‍ സര്‍വീസ്, പി.എസ്.സി., ബാങ്ക് പരീക്ഷകള്‍ എന്നിവയ്ക്ക് തയ്യാറാകുന്നവര്‍ക്ക് ഉപയോഗിക്കാനുള്ള റഫറന്‍സ് ഗ്രന്ഥങ്ങളും ലൈബ്രറിക്ക് സ്വന്തമായിട്ടുണ്ട്. ദിവസേന ആയിരം പേരെങ്കിലും ലൈബ്രറി സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. ജി.സി.ഡി.എ. കോംപ്ലക്‌സ്, ഇന്‍ഫോപാര്‍ക്ക്, ഹൈക്കോര്‍ട്ട് എന്നിവിടങ്ങളില്‍ ആഴ്ചയില്‍ രണ്ടുദിവസം പ്രവര്‍ത്തിക്കുന്ന എക്‌സ്റ്റെന്‍ഷന്‍ കൗണ്ടറുകളും ലൈബ്രറിക്കുണ്ടെന്ന് രാമചന്ദ്രന്‍ പറഞ്ഞു.

വായനയ്‌ക്കൊപ്പം തന്നെ മറ്റ് സാംസ്‌കാരിക പരിപാടികള്‍ക്കും പ്രധാന്യം നല്കാന്‍ എറണാകുളം പബ്ലിക് ലൈബ്രറി സമയം കണ്ടെത്താറുണ്ടെന്ന് കമ്മിറ്റിയംഗമായ കെ.പി. അജിത്കുമാര്‍ പറഞ്ഞു. കാലിക പ്രസക്തമായ വിഷയങ്ങളില്‍ ചര്‍ച്ച നടത്താറുണ്ട്. മറ്റ് ലൈബ്രറികളില്‍ ഇല്ലാത്ത ഒരു സവിശേഷതയായി പറയാവുന്നതാണ് പബ്ലിക് ലൈബ്രറിയിലെ ഞായറാഴ്ചകളിലെ ചലച്ചിത്രപ്രദര്‍ശനം. പ്രമേയങ്ങള്‍ക്ക് അധിഷ്ഠിതമായുള്ള ചലച്ചിത്രമേളയും ലൈബ്രറിയില്‍ നടത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നാടിനായി ബാങ്ക് നടത്തുന്ന ലൈബ്രറി

നാട്ടിലെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പങ്കുചേരാനാണ് ജില്ലാ സഹകരണ ബാങ്ക് കാക്കനാട് ഒരു ലൈബ്രറി തുടങ്ങിയത്. പണത്തിന്റെ കൊടുക്കല്‍ വാങ്ങല്‍ മാത്രമല്ല, വായനയ്ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ബാങ്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നതിന്റെ തെളിവാണ് കാക്കനാട് പ്രവര്‍ത്തിക്കുന്ന ഇ.എം.എസ്. കോ-ഓപ്പറേറ്റീവ് ലൈബ്രറി. ജില്ലയിലെ ഏക പൂന്തോട്ട ലൈബ്രറി കൂടിയാണിത്. ലൈബ്രറിയില്‍ നിന്നെടുക്കുന്ന പുസ്തകങ്ങള്‍ പൂന്തോട്ടത്തിലിരുന്ന് വായിക്കാനുള്ള സൗകര്യവും ഒരുക്കി നല്‍കിയിട്ടുണ്ട്. കുട്ടികളെ വായനയുടെ പ്രാധാന്യം മനസ്സിലാക്കി അവര്‍ക്ക് വായനയുമായി അടുത്ത സൗഹാര്‍ദം സ്ഥാപിച്ചെടുക്കല്‍ ലക്ഷ്യമിട്ടായിരുന്നു ഇ.എം.എസ്. ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളധികവും. ഇതിന്റെ ഭാഗമായി കുടുംബങ്ങളെ ഉള്‍പ്പെടുത്തി 10 വര്‍ഷത്തേക്കുള്ള 'ഫാമിലി മെമ്പര്‍ഷിപ്പ്' പദ്ധതി നടപ്പിലാക്കി വരുന്നുണ്ടെന്ന് ലൈബ്രറി കമ്മിറ്റിയംഗം രാജേഷ് പറഞ്ഞു. 

ഒരു ബുക്കിന്റെ രണ്ട് കോപ്പികളാണ് ലൈബ്രറിയില്‍ വാങ്ങി വയ്ക്കുന്നത്, ബുക്കിന് ഡിമാന്‍ഡ് കൂടുന്നതിനനുസരിച്ച് കൂടുതല്‍ കോപ്പി വാങ്ങുന്നു. കൂടാതെ മുന്‍കൂര്‍ റിസര്‍വേഷന്‍ സൗകര്യവും ലഭ്യമാക്കുന്നുണ്ട്. കുട്ടികളില്‍ സാമ്പത്തിക ബോധ്യം ഉടലെടുക്കുന്നതിനായുള്ള ഫിനാന്‍ഷ്യല്‍ ഇക്വിറ്റി കോര്‍ണറും ആര്‍ട്ട് -കാര്‍ട്ടൂണ്‍ കോര്‍ണറും ലൈബ്രറിയുടെ സവിശേഷതകളിലൊന്നാണ്. ഈ വിഭാഗത്തിലുള്ള 500-ലേറെ ബുക്കുകളും ലൈബ്രറി ശേഖരത്തിലുണ്ട്. കൂടാതെ കുട്ടികള്‍ക്കായി ചിത്രരചന, ക്ലേ മോഡലിങ്, റോബട്ടിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ അവധിക്കാല പ്രത്യേക സെമിനാറും ക്ലാസുകളും സംഘടിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണിന് കാഴ്ചശക്തി കുറവുള്ളവരില്‍ നിന്ന് വായനയെ മാറ്റി നിര്‍ത്തേണ്ടതില്ലെന്ന നിലപാടാണ് ലൈബ്രറിക്കുള്ളത്. ഇതിനായി 'വിഷ്വലി ചലഞ്ചഡ്' കോര്‍ണര്‍ ലൈബ്രറിയിലുണ്ട്. ബ്രെയ്ലി ലിപിയിലുള്ള നോവലുകളും റഫറന്‍സ് ഗ്രന്ഥങ്ങളുമാണ് ഇവിടെയുള്ളത്. ലക്ഷ്വദ്വീപ്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരടക്കം 50-ല്‍ താഴെയുള്ള വിഷ്വലി ചലഞ്ചഡ് വ്യക്തികള്‍ക്ക് ലൈബ്രറിയില്‍ അംഗത്വവുമുണ്ട്. കൂടാതെ പ്രൊഫ. എം. കൃഷ്ണന്‍നായരുടെ സ്വകാര്യ ലൈബ്രറിയിലെ 7963 പുസ്തകങ്ങളുടെ ശേഖരവും ഇ.എം.എസ്. ഗ്രന്ഥശാലയിലുണ്ടെന്ന് രാജേഷ് പറയുന്നു.

ഇടപ്പള്ളി ടോള്‍ എ.കെ.ജി. സ്മാരക ഗ്രന്ഥശാല

കളമശ്ശേരിയിലെ കലാസാഹിത്യ സാംസ്‌കാരിക വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തന രംഗങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന എ.കെ.ജി. സ്മാരക ഗ്രന്ഥശാല 1977-ല്‍ പ്രവര്‍ത്തനം തുടങ്ങി. 1978-ല്‍ ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചു. ഇന്നിപ്പോള്‍ 27,000 പുസ്തകങ്ങളും 2,566 അംഗങ്ങളുമുണ്ട്. ആജീവനാന്ത അംഗങ്ങളും സാധാരണ അംഗങ്ങളുമാണ് ഗ്രന്ഥശാലയ്ക്കുള്ളത്. രാവിലെ ആറരയ്ക്ക് തുറക്കുന്ന വായനശാലാ മുറി രാത്രി എട്ടരയ്ക്കാണ് അടയ്ക്കുന്നത്. വൈകീട്ട് നാലു മുതല്‍ എട്ടര വരെ പുസ്തകങ്ങള്‍ വിതരണം നടത്തും. മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഭാഗങ്ങളിലായി ശാസ്ത്ര-ഗവേഷണ ഗ്രന്ഥങ്ങളും മെഡിക്കല്‍ എന്‍ജിനീയറിങ് പുസ്തകങ്ങളുമുണ്ട്. എന്‍ട്രന്‍സ് കോച്ചിങ്ങിനുള്ള റഫറന്‍സ് ഗ്രന്ഥങ്ങളും ഉണ്ട്. 

library 2
കളമശ്ശേരി എ.കെ.ജി. സ്മാരക ഗ്രന്ഥശാല

നോവല്‍, ചെറുകഥ, ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം എന്നിവയും ഗ്രന്ഥശേഖരത്തില്‍ ഉണ്ട്. ഈ ഗ്രന്ഥശാലയുടെ നേതൃത്വത്തിലുള്ള സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പ്രധാനമാണ് 'നന്മ വീട്'. മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയായ ഇതില്‍ എല്ലാമാസവും സമകാലിക വിഷയങ്ങളെ ആസ്പദമാക്കി ചര്‍ച്ചകള്‍ സംഘടിപ്പിക്കും. പുതിയ എഴുത്തുകാരെയും കൃതികളെയും പരിചയപ്പെടുത്തുന്നതിനുള്ള അവസരവും ഗ്രന്ഥശാലയില്‍ ഉണ്ട്. പുസ്തകങ്ങള്‍ വീടുകളിലെത്തിക്കുന്ന പദ്ധതി ഉടന്‍ നടപ്പിലാക്കും. മില്‍ തൊഴിലാളിയായിരുന്ന ടി.എം. അലിയാര്‍ മുന്‍കൈയെടുത്താണ് ഗ്രന്ഥശാല തുടങ്ങിയത്. ഒ.ആര്‍. തങ്കപ്പന്‍ സൗജന്യമായി നല്‍കിയ ഒരു മുറിയിലാണ് ഗ്രന്ഥശാലാ പ്രവര്‍ത്തനം ആരംഭിച്ചത്.

രാജനഗരിയുടെ അക്ഷരവെളിച്ചം

രാജനഗരിയുടെ അക്ഷരവെളിച്ചമാണ് മഹാത്മാ ഗ്രന്ഥശാല. രാഷ്ട്രപിതാവിന്റെ പാദസ്പര്‍ശമേറ്റ ധന്യമായ ഇടം എന്നതു തന്നെയാണ് തൃപ്പൂണിത്തുറ മഹാത്മാ ഗ്രന്ഥശാലയെ പ്രാധാന്യത്തോടെ വേറിട്ടു നിര്‍ത്തുന്നതും. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ് മഹാത്മാഗ്രന്ഥശാലയുടെ ചരിത്രം. സ്വാതന്ത്ര്യ സമരങ്ങളില്‍ സജീവ പങ്കുവഹിച്ചവരായിരുന്നു ഗ്രന്ഥശാലയുടെ ആദ്യകാല പ്രവര്‍ത്തകര്‍. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന്റെ പ്രചരണാര്‍ത്ഥം 1932-ല്‍ എ.കെ. ഗോപാലന്‍ (എ.കെ.ജി.) നയിച്ച ജാഥയ്ക്ക് തൃപ്പൂണിത്തുറയില്‍ നല്‍കിയ സ്വീകരണത്തെത്തുടര്‍ന്നാണ് ഗ്രന്ഥശാലയുടെ പിറവി. 

വിജ്ഞാനം വര്‍ധിപ്പിക്കാനും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും വായനശാല ഉതകും എന്ന എ.കെ.ജി.യുടെ ഉപദേശം അന്ന് ജാഥയില്‍ കൂടുതലായും എത്തിയിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍ക്കൊള്ളുകയായിരുന്നു. അതിനെ തുടര്‍ന്നാണ് ഗ്രന്ഥശാല രൂപം കൊണ്ടത്. ഡോ. ഭാസ് കാവനാല്‍, ടി.ആര്‍. ഭാസ്‌കരന്‍, വിജയന്‍ തിരുമുല്പാട്, ടി.ആര്‍. ഗണപതി, കുഞ്ഞിക്കിടാവ് തമ്പുരാന്‍, എന്‍.വി. കൃഷ്ണവാരിയര്‍, ജി.എം. നെന്‍മേലി, സി.കെ. കൃഷ്ണന്‍, കൊച്ചോല്‍, എന്‍.വി.എസ്. വാരിയര്‍, ടി.കെ. രാമകൃഷ്ണന്‍, ടി. മാധവന്‍, എം. കുട്ടപ്പന്‍, ഡോ. എന്‍.കെ. കുമാരന്‍, പരമേശ്വര മേനോന്‍ എന്നിവര്‍ ആദ്യകാല പ്രവര്‍ത്തകരായിരുന്നു. അക്കാലത്ത് ഒരു പീടിക മുറിയിലായിരുന്നു തുടക്കം. പിന്നീട് സ്റ്റാച്യുകവലയിലെ ഓടിട്ട ഇരുനില വാടകകെട്ടിടത്തിലേക്ക് മാറി. ഇന്ന് സ്വന്തം കെട്ടിടവും സൗകര്യങ്ങളുമൊക്കെയായി നഗരത്തിന്റെ തിലകക്കുറിയായി നില്‍ക്കുകയാണ് മഹാത്മാ ഗ്രന്ഥശാല. 

1934 ജനുവരി 14-ന് നടന്ന ഗ്രന്ഥശാലയുടെ പ്രഥമ വാര്‍ഷികം ചരിത്രമുഹൂര്‍ത്തമായിരുന്നു. മഹാത്മാ ഗാന്ധിയായിരുന്നു ഈ വാര്‍ഷികയോഗത്തില്‍ അധ്യക്ഷത വഹിച്ചത് എന്നതു തന്നെയാണ് അതിന്റെ പ്രാധാന്യവും. പീപ്പിള്‍സ് അര്‍ബന്‍ ബാങ്കിന്റെ വിശാല മുറ്റത്തായിരുന്നു യോഗം. അതിന്റെ സ്മരണാര്‍ത്ഥം ബാങ്ക് അങ്കണത്തില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയും സ്ഥാപിക്കപ്പെട്ടു. മഹാത്മാ ഗാന്ധിയെക്കൂടാതെ ഡോ. രാജേന്ദ്രപ്രസാദ്, ഡോ. പട്ടാഭി സീതാരാമയ്യ, ഡോ. എസ്. സത്യമൂര്‍ത്തി തുടങ്ങിയവരും മഹാത്മാ ഗ്രന്ഥശാലയുടെ പരിപാടികളില്‍ പങ്കെടുത്ത പ്രധാനികളാണ്. കറന്റ് ഈവന്റ്‌സ് ക്ലബ്ബും ഗ്രന്ഥശാലയുടെ ഭാഗമായി ആദ്യം മുതലേ ഉണ്ടായിരുന്നു. നാട്ടില്‍ പുരോഗമന ചിന്താഗതി പ്രചരിപ്പിക്കുന്നതില്‍

മുഖ്യ പങ്കുവഹിച്ചവരായിരുന്നു ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍. ഗ്രന്ഥശാലയുടെ പ്രധാന പ്രവര്‍ത്തകനായിരുന്ന ടി. പരമേശ്വര മേനോന്റെ മിശ്രവിവാഹം അക്കാലത്തെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു. ഗ്രന്ഥശാലയില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കിയതിനെ തുടര്‍ന്ന് ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്കും നവദമ്പതിമാര്‍ക്കും കൊച്ചി മഹാരാജാവ് ഭ്രഷ്ട് കല്പിക്കുകയും ചെയ്യുകയുണ്ടായി. 1942-ല്‍ 'മാതൃഭൂമി' പത്രം നിരോധിച്ചതിനെ തുടര്‍ന്ന് നാടൊട്ടുക്കുണ്ടായ പ്രക്ഷോഭത്തില്‍ മഹാത്മാ ഗ്രന്ഥശാലാ പ്രവര്‍ത്തകരും പങ്കുചേര്‍ന്നു. നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കുകയും അത് മദ്രാസ് ഗവര്‍ണര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. മഹാകവി ചങ്ങമ്പുഴ വിഷാദ കവിതകള്‍ എഴുതരുതെന്ന ഗ്രന്ഥശാലയുടെ പ്രമേയവും അക്കാലത്ത് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയ സംഭവങ്ങളാണ്. മഹാത്മാ ഗാന്ധിജിയുടെ ഓര്‍മകള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ഗ്രന്ഥശാല തൃപ്പൂണിത്തുറയുടെ സാംസ്‌കാരിക സിരാകേന്ദ്രവുമാണ്.

Content Highlights:  Libraries in Ernakulam , Ernakulam public library, AKG Library Edappally, mahatma library tripunith