Souvent me osuviens' (ഞാന്‍ എപ്പോഴുമോര്‍ക്കും)-ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ബിരുദപഠന വിഭാഗമായ ലേഡി മാര്‍ഗരറ്റ് ഹാളിന്റെ ചുമരിലെഴുതിവെച്ചിട്ടുണ്ട് ഈ വരി. എല്‍.എം.എച്ച്. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ലേഡി മാര്‍ഗരറ്റ് ഹാളിന്റെ 'മോട്ടോ'യാണത്. സമയം കൊല്ലാനായി ഈ വരികള്‍ ആവര്‍ത്തിച്ചുവായിച്ച് പ്രിന്‍സിപ്പല്‍ ഓഫീസിനുമുന്നില്‍ ഇരിക്കുകയാണ് സിയാവുദീന്‍ യൂസഫ്സായി. ഒപ്പം മകള്‍ മലാലയും ഭാര്യ തുര്‍ പെക്കായിയും. കുറച്ചുകഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പല്‍ മുറിയില്‍നിന്ന് പുറത്തേക്കുവന്നു. നേരെ പോയത് ടീ വെന്‍ഡിങ് മെഷീന്റെയടുത്തേക്കാണ്. വളരെ ശ്രദ്ധയോടെ കപ്പിലേക്ക് പാലും വെള്ളവും ചേര്‍ത്ത് അതില്‍ ടീബാഗുമിട്ട് അദ്ദേഹം മലാലയ്ക്കരികിലേക്ക് നടന്നുവന്നു. നിറഞ്ഞ പുഞ്ചിരിയോടെ ചായക്കപ്പ് മലാലയ്ക്ക് നീട്ടി. ജീവിതത്തില്‍ ഏറ്റവും അഭിമാനംതോന്നിയ നിമിഷം ഏതാണെന്ന് മലാലയുടെ അച്ഛനോട് ചോദിച്ചാല്‍ ഈ മുഹൂര്‍ത്തമാണ് അദ്ദേഹം തിരഞ്ഞെടുക്കുക. മകള്‍ നൊബേല്‍ സമ്മാനം വാങ്ങിയതിനേക്കാളും യു.എന്നില്‍ പ്രസംഗിച്ചതിനേക്കാളും സന്തോഷം ഓക്‌സ്ഫഡിലെ അധ്യാപകന്‍ സ്വന്തം കൈകൊണ്ട് അവള്‍ക്ക്  ചായ കൂട്ടിനല്‍കിയപ്പോഴുണ്ടായി എന്ന് സിയാവുദീന്‍ യൂസഫ്സായ് പറയുമ്പോള്‍ അതിനുപിന്നില്‍ വലിയൊരു കഥയുണ്ട്. പൂമ്പാറ്റച്ചിറകുപോലുമില്ലാത്ത പെണ്‍കുട്ടിക്ക് ഫീനിക്‌സ് പക്ഷിയുടെ കരുത്തുനല്‍കി ലോകത്തിന് മുകളിലേക്ക് പറത്തിവിട്ട അവളുടെ പിതാവിന്റെ കഥ.

കോഴിച്ചിറകുകളും പാല്‍ച്ചായയും

മലാല യൂസഫ് സായ് എന്ന പേര് കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. വടക്കന്‍ പാകിസ്താനിലെ സ്വാത്തില്‍ ജനിച്ച മലാല ഒരുകൂട്ടം മതവെറിയന്‍മാരുടെ തോക്കിനിരയായതും മരണത്തിന് മുന്നില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നതും 16-ാം വയസ്സില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയതുമൊക്കെ കുട്ടികള്‍ക്കുപോലുമറിയുന്ന കാര്യം. മലാലയെ മലാലയാക്കിയതാര് എന്ന് അന്വേഷിക്കുമ്പോഴാണ് സിയാവുദീന്‍ യൂസഫ്സായി എന്ന 48-കാരന്‍ ചിത്രത്തിലേക്ക് വരുക.

മതാധ്യാപകനും പ്രഭാഷകനുമായ റോഹുല്‍ അമീന്‍ യൂസഫ് സായ്യുടെ മകനായി 1969 ഡിസംബര്‍ 7-നാണ് സിയാവുദീന്റെ ജനനം. പെഷാവാറിലും ഡല്‍ഹിലുമൊക്കെയായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പണ്ഡിതനായിരുന്നു ഉപ്പ. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്റെയും പ്രസംഗങ്ങള്‍ നേരിട്ടുകേട്ടിട്ടുള്ള, കവി ഇഖ്ബാലിന്റെ വരികള്‍ സദാ മൂളാനിഷ്ടപ്പെടുന്ന ജ്ഞാനവൃദ്ധന്‍. മൂത്ത ആണ്‍കുട്ടിക്കുശേഷം തുടരെത്തുടരെ അഞ്ച് പെണ്‍കുട്ടികളാണ് അദ്ദേഹത്തിനുണ്ടായത്. ഏഴാമതായിരുന്നു സിയാവുദീന്റെ പിറവി. മണ്ണുകൊണ്ട് മേല്‍ക്കൂര കെട്ടിയ ഒറ്റനിലമാത്രമുള്ള ചെറുകൂരയില്‍ അവരെല്ലാവരും ഞെരുങ്ങിക്കഴിഞ്ഞു. മിക്ക പാക് ഗ്രാമങ്ങളിലുമെന്നപോലെ ആണ്‍കുട്ടികള്‍ സ്‌കൂളില്‍ പോയപ്പോള്‍ പെണ്‍മക്കള്‍ വീട്ടില്‍ത്തന്നെയിരുന്നു. സ്‌കൂള്‍ മാത്രമല്ല സിയാവുദീന്റെ പെങ്ങന്‍മാര്‍ക്ക് നഷ്ടപ്പെട്ടത്. വീട്ടിനുള്ളിലും അവര്‍ക്ക് വിവേചനം നേരിടേണ്ടിവന്നു. ബാപ്പയ്ക്കും ആണ്‍കുട്ടികള്‍ക്കും വെണ്ണയോ പാലോ ചേര്‍ത്ത ചായ കിട്ടുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് കട്ടന്‍ചായമാത്രം. വീട്ടില്‍ കോഴിയെ അറുത്താല്‍ മാംസം നിറഞ്ഞ നെഞ്ചും കാലുകളും ആസ്വദിക്കുക പുരുഷന്‍മാര്‍. പെണ്ണുങ്ങള്‍ക്ക് കഴുത്തും ചിറകുകളുമേ കിട്ടൂ. ഇതാരും നിര്‍ബന്ധിച്ച് ചെയ്യുന്നതല്ല. തലമുറകളായുള്ള കീഴ്വഴക്കമായിരുന്നു. ചെയ്യുന്നത് അനീതിയാണെന്ന തോന്നലില്ലാതെ പുരുഷന്‍മാരും തങ്ങളോട് കാട്ടുന്നത് നെറികേടാണെന്ന ബോധമില്ലാത്ത പെണ്ണുങ്ങളും അത് ചിട്ടയോടെ പാലിച്ചു. 

രാവിലെ ഉപ്പയ്ക്ക് ചായയുമായി എത്തുന്ന ഉമ്മയുടെ രൂപം സിയാവുദീന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്. മുറിക്കകത്തിരുന്ന് പുസ്തകങ്ങള്‍ വായിക്കുന്ന ഉപ്പയ്ക്കുമുന്നില്‍ ചായയുമായി പേടിച്ചുപേടിച്ചാണ് ഉമ്മ വന്നുനില്‍ക്കുക. വായനയ്ക്കിടയില്‍ ഉമ്മയെ ഒന്ന് നോക്കുകപോലും ചെയ്യാതെ ഉപ്പ ചായക്കപ്പെടുക്കും. ഭര്‍ത്താവ് കുടിച്ചുതീരുംവരെ മുറിയില്‍ത്തന്നെ നില്‍ക്കണം. ചായയ്ക്ക് എന്തെങ്കിലും രുചിക്കുറവ് തോന്നിയാല്‍ ചീത്ത കേള്‍ക്കേണ്ടിവരുമെന്നുറപ്പ്. ഉപ്പ അവസാനയിറക്ക് ചായയും കുടിച്ചശേഷം ആശ്വാസത്തോടെ ഉമ്മ അടുക്കളയിലേക്ക് പോവും. ഒരിക്കല്‍പ്പോലും, നീ ചായകുടിച്ചോ എന്ന് ഉപ്പ ഉമ്മയോട് തിരക്കുന്നത് കേട്ടിട്ടില്ല. ഇതെല്ലാം നിസ്സാരമായ കാര്യങ്ങളാകാം. പക്ഷേ, ഇതിലൊക്കെ എന്തോ ശരികേടുകളുണ്ടെന്ന് ചെറുപ്പംതൊട്ടേ സിയാവുദീന് തോന്നിയിരുന്നു. 

കുഞ്ഞുന്നാളില്‍ കൂടെക്കളിച്ച പെണ്‍കുട്ടികളെല്ലാം അല്പം മുതിരുമ്പോഴേക്ക് അപ്രത്യക്ഷരാകുന്നതും സിയാവുദീന്‍ ശ്രദ്ധിച്ചു. വയസ്സറിയുമ്പോഴേക്കും അവരില്‍ പലരുടെയും വിവാഹം കഴിയും. പിന്നെ പുറത്തേക്കിറങ്ങാന്‍ അവകാശമില്ലാതെ വീടുകള്‍ക്കുള്ളില്‍ തീരുന്നു ജീവിതം. തന്റെ അഞ്ചുസഹോദരിമാരുടെയും പേരുകള്‍ ആരും പറയാറില്ലെന്ന കാര്യവും സിയാവുദീന്റെ നെഞ്ചില്‍ നീറ്റലായി. ഇന്നയാളുടെ മകള്‍, ഭാര്യ, അമ്മ എന്ന രീതിയിലാണ് സ്ത്രീകള്‍ അഭിസംബോധന ചെയ്യപ്പെടുക. ഡോക്ടര്‍മാരുടെ കുറിപ്പടികളില്‍പ്പോലും സ്ത്രീകളുടെ പേരെഴുതില്ല. ഡോട്ടര്‍ ഓഫ്, വൈഫ് ഓഫ്, മദര്‍ ഓഫ് എന്നീ സംജ്ഞകള്‍ മാത്രം. 

കവിതയെഴുതും അധ്യാപകന്‍

മകനെ ഡോക്ടറാക്കണമെന്നായിരുന്നു പിതാവ് റോഹുല്‍ അമീന്റെ സ്വപ്നം. പക്ഷേ, ചെറുപ്പത്തില്‍ത്തന്നെ പ്രസംഗവും കവിതയെഴുത്തുമൊക്കെയായി  സിയാവുദീന്റെ 'തല തിരിഞ്ഞു'പോയിരുന്നു. പിതാവിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്ത സിയാവുദീന്‍ വീടിനടുത്തുള്ള സ്വകാര്യസ്‌കൂളില്‍ അധ്യാപകനായി. ഉറുദുവില്‍ കവിതയെഴുത്തും തുടര്‍ന്നു. ഇതിനിടയിലെപ്പേഴോ തുര്‍ പെക്കായി എന്ന 16-കാരിയുമായി പ്രണയത്തിലുമായി. അമ്മാവന്റെ അടുത്ത സുഹൃത്തിന്റെ മകളാണ്. പഠനം മൂന്നാംക്ലാസില്‍ അവസാനിപ്പിച്ച് കാലികളെ പരിപാലിച്ചും പാടത്ത് പണിയെടുത്തും കാലംകഴിക്കുന്ന തനി നാട്ടിന്‍പുറത്തുകാരി. കല്യാണമുറപ്പിച്ചെങ്കിലും പ്രതിശ്രുതവധുവിന്റെ ഫോട്ടോ കിട്ടാന്‍ ഒരു നിര്‍വാഹവുമുണ്ടായിരുന്നില്ല. അന്നത്തെ പ്രശസ്ത നടിയും ഗായികയുമായ സല്‍മ ആഗയുടെ വിദൂരച്ഛായയുണ്ടായിരുന്നു തുര്‍ പെക്കായിക്ക്. സല്‍മയുടെ വലിയ ചിത്രം മുറിയിലൊട്ടിച്ചുെവച്ച് പ്രണയകാലത്തെ വിരഹവേദനയെ സിയാവുദീന്‍ മറികടന്നു. വിവാഹം കഴിഞ്ഞയുടന്‍ ഭാര്യയുടെ പൊന്നും പൊടിയുമെല്ലാമെടുത്ത് സ്വന്തമായി സ്‌കൂള്‍ തുടങ്ങി സിയാവുദീന്‍. 15,000 രൂപയായിരുന്നു ആകെ മൂലധനം. വിഖ്യാത പഷ്ത്തൂണ്‍ കവി കുശാല്‍ഖാന്‍ ഘട്ടക്കിന്റെ ഓര്‍മയ്ക്കായി സ്‌കൂളിന് കുശാല്‍ പബ്‌ളിക് സ്‌കൂള്‍ എന്ന് പേരുമിട്ടു. 

വിവാഹിതരായി രണ്ടാംവര്‍ഷം സിയാവുദീന്‍-തുര്‍ പെക്കായി ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. മകളെ മലാല എന്ന് വിളിക്കാന്‍ അവര്‍ തീരുമാനിച്ചു. ആണ്‍കുട്ടികള്‍ പിറന്നാല്‍ വീട്ടില്‍ കാണാനെത്തുന്നവര്‍ തൊട്ടിലിലേക്ക് പണവും ഉണക്കപ്പഴങ്ങളുമെറിയുന്ന പതിവ് സ്വാത്തിലുണ്ട്. പെണ്‍കുഞ്ഞായതിനാല്‍ മലാലയെ കാണാന്‍ വന്നവരാരും അങ്ങനെ ചെയ്തില്ല. ഇതില്‍ ദുഃഖിതനായ സിയാവുദീന്‍ സ്വന്തം കൈയില്‍നിന്ന് പണമെടുത്ത് അതിഥികള്‍ക്ക് തൊട്ടിലിലിടാന്‍ നല്‍കുമായിരുന്നു. താന്‍ കുഞ്ഞുനാള്‍തൊട്ടു കണ്ടുതുടങ്ങിയ വേര്‍തിരിവുകളൊന്നുമില്ലാതെ മലാല പക്ഷിയെപ്പോലെ സ്വതന്ത്രയായി നടക്കണം എന്നതുമാത്രമായിരുന്നു മകളെക്കുറിച്ചുള്ള അയാളുടെ സ്വപ്നം. മലാലയ്ക്കുശേഷം രണ്ട് ആണ്‍കുട്ടികള്‍കൂടിയുണ്ടായി ആ ദമ്പതിമാര്‍ക്ക്. കുശാല്‍, അടാല്‍ എന്നിങ്ങനെ അവര്‍ക്ക് പേരിട്ടു. 

തോക്കിന്‍ മുനയിലേക്ക് 

മിങ്കോറയിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കും അനുജന്‍മാര്‍ക്കുമൊപ്പം സന്തോഷത്തോടെയായിരുന്നു മലാലയുടെ കുട്ടിക്കാലം. വലുതാകുമ്പോള്‍ ഡോക്ടറാകണമെന്നതായിരുന്നു അവളുടെ ആഗ്രഹം. 'ദുരിതം നിറഞ്ഞവള്‍' എന്നായിരുന്നു മലാല എന്ന പഷ്തൂണ്‍ വാക്കിന്റെ അര്‍ഥം. അതുകൊണ്ടുതന്നെ തന്റെ പേരിനോട് മലാലയ്ക്ക് തീരേ ഇഷ്ടമുണ്ടായിരുന്നില്ല. അതുപറഞ്ഞ് കളിയാക്കുന്ന അനുജന്മാരോട് കലഹിച്ച് അച്ഛന്റെ അടുത്തേക്കോടും. 'സാരമില്ല' എന്ന് അച്ഛന്‍ സമാധാനിപ്പിച്ചാല്‍മാത്രമേ അവളുടെ സങ്കടമടങ്ങൂ. 

2008 മുതലാണ് സിയാവുദീന്റെയും മലാലയുടെയും ജീവിതം മാറിമറിയാന്‍ തുടങ്ങിയത്. അപ്പോഴേക്കും സ്വാത്തില്‍ പിടിമുറുക്കിയ താലിബാന്‍ പ്രക്ഷോഭകാരികള്‍ അവിടത്തെ ജനജീവിതത്തില്‍ ഇടപെട്ടുതുടങ്ങി. സംഗീതവും നൃത്തപരിപാടികളും നിരോധിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് സ്ത്രീവിദ്യാഭ്യാസത്തിനെതിരേയും താലിബാന്‍ തിരിഞ്ഞു. പെണ്‍കുട്ടികള്‍ വീട്ടിലിരിക്കേണ്ടവരാണെന്നും അവര്‍ ആണ്‍കുട്ടികള്‍ക്കൊപ്പം സ്‌കൂളില്‍ പോകുന്നത് മതവിരുദ്ധമാണെന്നുമായിരുന്നു തീട്ടൂരം. താലിബാന്റെ പുതിയ നീക്കമറിഞ്ഞതോടെ മലാല അസ്വസ്ഥയായി. 11 വയസ്സേ ഉള്ളൂവെങ്കിലും വിദ്യാഭ്യാസത്തിന്റെ മഹത്ത്വത്തെക്കുറിച്ചും അത് നഷ്ടപ്പെട്ടാല്‍ ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളെക്കുറിച്ചും അവള്‍ക്ക് ബോധ്യമുണ്ടായിരുന്നു. കുഞ്ഞുന്നാള്‍തൊട്ടേ അച്ഛന്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തതായിരുന്നു ഈ കാര്യങ്ങള്‍. പെണ്‍കുട്ടികളുടെ പഠനം മുടക്കുന്ന താലിബാനെതിരേ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മലാലയുടെ മനസ്സിനെ അലട്ടിക്കൊണ്ടേയിരുന്നു. 

മകളുടെ ദുഃഖം തിരിച്ചറിഞ്ഞ സിയാവുദീന്‍ യൂസഫ്സായി അവളെയുംകൊണ്ട് തൊട്ടടുത്തുള്ള നഗരമായ പെഷാവറിലേക്ക് യാത്രതിരിച്ചു. അവിടത്തെ പ്രസ്‌ക്ലബ്ബിലെത്തി വാര്‍ത്താലേഖകരെക്കണ്ട മലാല താലിബാന്റെ കാടന്‍തീരുമാനങ്ങള്‍ക്കെതിരേ പരസ്യമായി പ്രതികരിച്ചു. സ്വാത് താഴ്വരയില്‍നിന്ന് താലിബാനെതിരേ ഉയര്‍ന്ന ആദ്യത്തെ പ്രതിഷേധസ്വരമായിരുന്നു അത്. പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും മലാലയുടെ വാര്‍ത്താസമ്മേളനം അതിപ്രാധാന്യത്തോടെ നല്‍കി. മലാല എന്ന  പെണ്‍കുട്ടി രാജ്യം മുഴുവന്‍ അറിയപ്പെടാന്‍ തുടങ്ങി. 

2009-ന്റെ തുടക്കത്തില്‍ ബി.ബി.സി.യുടെ പാക് ലേഖകന്‍ അബ്ദുല്‍ ഹൈ കാക്കര്‍ സിയാവുദീനെ സമീപിച്ചു. താലിബാന്റെ കീഴിലുള്ള ജീവിതത്തെക്കുറിച്ച് സ്വാത്തിലെ ഏതെങ്കിലും പെണ്‍കുട്ടിയെക്കുറിച്ചെഴുതിക്കുക എന്ന ലക്ഷ്യവുമായാണ് കാക്കര്‍ വന്നത്. സ്വാത്ത് മേഖല അപ്പാടെ താലിബാന്റെ വരുതിലായിക്കഴിഞ്ഞിരുന്നു. സ്ത്രീകള്‍ കടകളില്‍ പോകുന്നതുപോലും അവര്‍ തടഞ്ഞു. താടി വെക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ ലഭിച്ചു. നൂറിലേറെ പെണ്‍പള്ളിക്കൂടങ്ങള്‍ തകര്‍ക്കപ്പെട്ടു. ശാസന അനുസരിക്കാത്തവരുടെ തല വെട്ടിമാറ്റിയ ശരീരങ്ങള്‍ തെരുവോരങ്ങളിലെ സ്ഥിരം കാഴ്ചയായി. ഭയംകാരണം ഒരു പെണ്‍കുട്ടിയും ബി.ബി.സി.യുടെ എഴുത്തുജോലി ഏറ്റെടുത്തില്ല. ബി.ബി.സി. പോലുള്ള രാജ്യാന്തര മാധ്യമത്തിലൂടെ സ്വാത്തിലെ സ്ഥിതിഗതികള്‍ പുറംലോകമറിയുന്നത് താലിബാന് തിരിച്ചടിയാകുമെന്ന് സിയാവുദീന് നന്നായി അറിയാമായിരുന്നു. എന്നിട്ടും ഏഴാംക്ലാസുകാരിയായ സ്വന്തം മകള്‍ മലാലയെക്കൊണ്ട് എഴുതിപ്പിക്കാന്‍ അദ്ദേഹം തീരുമാനമെടുത്തു. സുരക്ഷാകാരണങ്ങളാല്‍ മലാല ഒരു തൂലികാനാമം തിരഞ്ഞെടുക്കണമെന്ന് ബി.ബി.സി. എഡിറ്റര്‍മാര്‍ നിര്‍ദേശിച്ചു. പഷ്തൂണ്‍ നാടോടിക്കഥാപാത്രമായ 'ഗുല്‍ മക്കായി' എന്ന പേര് തൂലികാനാമമാക്കാന്‍ തീരുമാനമായി. 'ചോളപ്പൂവ്' എന്നായിരുന്നു ആ വാക്കിന്റെ അര്‍ഥം.

2009 ജനുവരി മൂന്നുമുതല്‍ മാര്‍ച്ച് 12 വരെ തുടര്‍ച്ചയായി മലാല ബി.ബി.സി.ക്കുവേണ്ടി സ്വാത്തിലെ ദൈനംദിനജീവിതം ബ്ലോഗായി എഴുതി. അപ്പോഴേക്കും ഗുല്‍ മക്കായി മലാലയാണെന്ന രഹസ്യം പുറത്തായിരുന്നു. എഴുത്ത് നല്‍കിയ കരുത്തില്‍ മലാല സ്വാത് താഴ്വരയിലുടനീളം പര്യടനം നടത്തി. സ്ത്രീവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളോട് സംസാരിച്ചു. അതോടെ കൂടുതല്‍ പ്രകോപിതരായ താലിബാന്‍ ആ തീരുമാനമെടുത്തു, മലാലയെ കൊലപ്പെടുത്തുക. 

2012 ജൂലായ് 9

മലാല എന്ന 15-കാരിക്ക് പരീക്ഷയായിരുന്നു അന്ന്. ഏറെക്കാലമായി പൂട്ടിക്കിടന്ന സ്‌കൂള്‍ തുറന്നശേഷം നടക്കുന്ന ആദ്യത്തെ പരീക്ഷ. സ്‌കൂള്‍ വാനില്‍ കൂട്ടുകാരികളായ കൈനത്ത് റിയാസ്, ഷാസിയ റഹ്മാന്‍ എന്നിവര്‍ക്കൊപ്പം മലാല വീട്ടിലേക്ക് മടങ്ങി. ഒപ്പം കയറിയ കുട്ടികളെല്ലാം ഓരോ സ്റ്റോപ്പിലായി ഇറങ്ങി. ഏറ്റവുമൊടുവില്‍ മലാലയും രണ്ട് കൂട്ടുകാരികളും. രണ്ടുപേര്‍ക്കുമിടയിലായിരുന്നു മലാലയുടെ ഇരിപ്പ്. രണ്ട് വളവുകള്‍കൂടി കഴിഞ്ഞാല്‍ എല്ലാവരുടെയും വീടെത്തും. സ്‌കൂള്‍ ബാഗുകള്‍ തോളിലിട്ട് അവരെല്ലാം ഇറങ്ങാനൊരുക്കം തുടങ്ങി. പെട്ടെന്നാണ് വാന്‍ നിന്നത്. ഉടന്‍ തന്നെ പിന്‍വാതില്‍ വലിച്ചുതുറന്നുകൊണ്ട് ഒരു ചെറുപ്പക്കാരന്‍ വാനിനകത്തേക്ക് ചാടിക്കയറി. ''ആരാണിതില്‍ മലാല? വായതുറന്നു പറയൂ, ഇല്ലെങ്കില്‍ എല്ലാവരെയും വെടിവെക്കും'' -അക്രമി ഉച്ചത്തില്‍ പറഞ്ഞു. പേടികൊണ്ട് ആലിലപോലെ വിറയ്ക്കുന്നുണ്ടായിരുന്നെങ്കിലും കൂട്ടുകാരികള്‍ മലാലയെ കാട്ടിക്കൊടുത്തില്ല. മലാലയാകട്ടെ അക്രമിയുടെ കണ്ണിലേക്കുതന്നെ നോക്കിക്കൊണ്ടിരുന്നു. എന്തും സംഭവിക്കട്ടെ എന്ന മട്ടില്‍. ആ ഒരു നിമിഷംമതിയായിരുന്നു അക്രമിക്ക് മലാലയെ തിരിച്ചറിയാന്‍. പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ ഇരയെ കിട്ടിയ ആവേശത്തില്‍ അയാള്‍ നിറയൊഴിച്ചു. അത് മലാലയുടെ തലയും കഴുത്തും തുളച്ച് തോളിലേക്ക് കയറി. ഒന്ന് നിലവിളിക്കാന്‍പോലുമാകാതെ മലാല പിന്നിലേക്ക് മറിഞ്ഞുവീണു.ലോകത്തിന്റെ പലഭാഗത്തുനിന്നും മലാലയ്ക്ക് ചികിത്സാവാഗ്ദാനങ്ങള്‍ പ്രവഹിച്ചുതുടങ്ങിയിരുന്നു. ജര്‍മനിയും അമേരിക്കയും ബ്രിട്ടനുമൊക്കെ ഔദ്യോഗികമായിത്തന്നെ ഇക്കാര്യം പാക് സര്‍ക്കാരിനെ അറിയിച്ചു. ഒടുവില്‍ ബ്രിട്ടനിലെ ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റല്‍ ബര്‍മിങ്ങാമിലേക്ക് കൊണ്ടുപോകാന്‍ പാക്സര്‍ക്കാര്‍ തീരുമാനമെടുത്തു. 

ബ്രിട്ടനിലേക്ക്  പറിച്ചുനടല്‍

മൂന്നുമാസത്തെ പ്രാരംഭചികിത്സയ്ക്കുശേഷം 2013 ജനുവരി മൂന്നിന് മലാല ആശുപത്രി വിട്ടു. അതിനിടയില്‍ ആ പെണ്‍കുട്ടി അരഡസനോളം ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. ആശുപത്രി വിട്ടെങ്കിലും തുടര്‍ചികിത്സയ്ക്കായി കുറച്ചുമാസംകൂടി ബ്രിട്ടനില്‍ തങ്ങണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. മൂന്നുമാസത്തിനുള്ളില്‍ ഒരു ശസ്ത്രക്രിയകൂടി നടത്തേണ്ടതുണ്ട്. ഇതേത്തുടര്‍ന്ന് സിയാവുദീനും കുടുംബവും ബ്രിട്ടനിലെ താമസം തുടരാന്‍ തീരുമാനിച്ചു. പാക് സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി വെസ്റ്റ് മിഡ്ലാന്‍ഡില്‍ താമസസൗകര്യം ഏര്‍പ്പെടുത്തി നല്‍കി. പാക് കോണ്‍സുലേറ്റിന്റെ വിദ്യാഭ്യാസവിഭാഗത്തില്‍ സിയാവുദീന് ജോലിയും നല്‍കി. അന്നുതൊട്ട് ഇന്നുവരെ ബ്രിട്ടനില്‍ കുടുംബസമേതം കഴിയുകയാണ് സിയാവുദീന്‍. ആശുപത്രിക്കിടക്കയില്‍നിന്ന് എഴുന്നേറ്റ മലാല ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്‌കൂളില്‍നിന്ന്് 'എ ലെവല്‍' കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം ഓക്‌സ്ഫഡില്‍ ബിരുദപഠനം നടത്തുകയാണിപ്പോള്‍. ഒപ്പം 'മലാല ഫണ്ട്' എന്ന പേരിലുള്ള സന്നദ്ധസംഘടനയ്ക്കും നേതൃത്വം നല്‍കുന്നു. 

Let Her Fly: A Father's Journeyആക്രമണംനടന്ന് ഒമ്പതാംമാസം തന്റെ 16-ാം പിറന്നാള്‍ദിനത്തില്‍ ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുന്നതിനുള്ള ക്ഷണം മലാലയ്ക്ക് ലഭിച്ച കാര്യം സിയാവുദീന്‍ ഓര്‍ക്കുന്നു. എല്ലാ രാജ്യങ്ങളിലെയും നയതന്ത്രപ്രതിനിധികളും വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന യോഗത്തില്‍ മലാല എന്ന 16-കാരി എന്താണ് പറയുക? ഇക്കാര്യമാലോചിച്ച് പിതാവിന്റെ മനസ്സില്‍ ആധികയറി. മലാലയ്ക്കാണെങ്കില്‍ ഇതുസംബന്ധിച്ച്  ആശങ്കകളേതുമില്ല. പതിവുള്ള സ്‌കൂള്‍ യാത്രയും ഗൃഹപാഠങ്ങളുമായി  അവള്‍ മുന്നോട്ടുപോയി. ഒടുവില്‍ പ്രസംഗത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സിയാവുദീന്‍ മകളെ ഓര്‍മിപ്പിച്ചു: 'ഇനി പത്തുനാള്‍മാത്രമേ ബാക്കിയുള്ളൂ'. അപ്പോഴും മലാല ഒന്നും പറഞ്ഞില്ല. പിറ്റേദിവസം സ്‌കൂള്‍ വിട്ടുവന്നയുടന്‍ മലാല ഒരു കഷ്ണം കടലാസ് പിതാവിനെ ഏല്‍പ്പിച്ചു. ക്ലാസിലെ ഒഴിവുസമയത്തെപ്പോഴോ പെന്‍സില്‍കൊണ്ട് കുറിച്ചിട്ട ആ വരികള്‍ സിയാവുദീന്‍ വായിച്ചു. 'തളര്‍ച്ചയും ഭയവും നിരാശയും മരിച്ചു. ആത്മവിശ്വാസവും ധൈര്യവും കരുത്തും എന്നില്‍ തളിര്‍ത്തിരിക്കുന്നു. അതേ, പഴയ മലാലതന്നെയാണ് ഞാന്‍. ഒരു കുട്ടി, ഒരു അധ്യാപകന്‍, ഒരു പുസ്തകം, ഒരു പേന...  ലോകത്തെ മാറ്റിമറിക്കാന്‍ ഇവ ധാരാളം മതി. വിദ്യാഭ്യാസമാണ് ഏകപരിഹാരം. വിദ്യാഭ്യാസം ആദ്യം' -താനെഴുതിയ വരികള്‍ വായിച്ച് കണ്ണീരൊഴുക്കുന്ന പിതാവിനെക്കണ്ട് മലാലയുടെ കണ്ണിലും നനവ് പൊടിഞ്ഞു.

അബ്ബ എന്ന ബെസ്റ്റ് ഫ്രണ്ട് 

മലാല എന്ന നാണംകുണുങ്ങി പെണ്‍കുട്ടിയെ ലോകമാദരിക്കുന്ന വിശിഷ്ടവ്യക്തിത്വമാക്കി മാറ്റാന്‍ എന്തൊക്കെ ചെയ്തു എന്ന ചോദ്യം സിയാവുദീന്‍ യൂസഫ് സായി പലതവണ നേരിട്ടു. ''എന്തുചെയ്തു എന്നല്ല, എന്തുചെയ്തില്ല എന്നുവേണം ചോദിക്കാന്‍. ഞാനവളുടെ ചിറകരിഞ്ഞില്ല, അത്രമാത്രം'' -എല്ലാ തവണയും ഒരേ മറുപടിതന്നെയാണ് അദ്ദേഹം നല്‍കുക. ''കുഞ്ഞുനാള്‍ മുതലേ അവള്‍ ചെയ്യുന്ന ഓരോ കൊച്ചുകാര്യങ്ങളെയും പിന്തുണച്ചു. അവളുടെ ചെറിയ നേട്ടങ്ങളെപ്പോലും കലവറയില്ലാതെ അഭിനന്ദിച്ചു. സര്‍ഗശേഷിയെയും ഭാവനയെയും പ്രോത്സാഹിപ്പിച്ചു. ലോകത്ത് പിറന്ന ഏറ്റവും ബുദ്ധിയും സൗന്ദര്യവുമുള്ള കുട്ടിയാണ് അവളെന്ന് വിശ്വസിപ്പിച്ചു. തന്നെത്തന്നെ വിശ്വസിക്കാന്‍ പഠിപ്പിച്ചു. ദൈവത്തെയും പ്രവാചകനെയും വിശുദ്ധരെയും മതഗ്രന്ഥങ്ങളെയും വിശ്വസിക്കാന്‍ എല്ലാ രക്ഷിതാക്കളും കുട്ടികളെ പ്രേരിപ്പിക്കും. കാണാന്‍ സാധിക്കാത്ത മാലാഖമാരെയും ജിന്നുകളെയുമൊക്കെ കുട്ടികള്‍ വിശ്വസിക്കണമെന്ന് ശഠിക്കും. പക്ഷേ, നമ്മുടെ കണ്‍മുന്നില്‍ നില്‍ക്കുന്ന കുട്ടികളെ സ്വയം വിശ്വസിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല. പെണ്ണെന്ന പേരില്‍ ഒരിടത്തും അവള്‍ തഴയപ്പെടരുതെന്ന കാര്യത്തില്‍ എനിക്ക് വാശിയുണ്ടായിരുന്നു. അതേ ചെയ്തിട്ടുള്ളൂ''- സിയാവുദീന്‍ എന്ന പിതാവ് പറയുന്നു.

എന്തും തുറന്നുപറയാന്‍ പറ്റുന്ന നല്ല സുഹൃത്താണ് 'അബ്ബ'യെന്ന് മലാല പിതാവിന്റെ പുസ്തകത്തിന്റെ അവതാരികയില്‍ കുറിക്കുന്നു. ആര്‍ത്തവകാലത്തെ വേദനയെക്കുറിച്ച് പരാതിപ്പെടാനും പീരിയഡ് പാഡ് വാങ്ങാന്‍ പറയാന്‍പോലും സ്വാതന്ത്ര്യമുള്ള ബെസ്റ്റ് ഫ്രണ്ട്. വീട്ടില്‍ അബ്ബയുടെ സുഹൃത്തുക്കള്‍ വരുമ്പോള്‍ ചായയുമായി സ്വീകരിക്കുന്ന താന്‍ അവരുടെ സംഭാഷണങ്ങളില്‍ പങ്കുചേരും. 'മലാല അകത്തേക്ക് പോ, ഞങ്ങള്‍ മുതിര്‍ന്നവര്‍ രാഷ്ട്രീയം സംസാരിക്കട്ടെ' എന്ന് ഒരിക്കലും അബ്ബ പറഞ്ഞിട്ടില്ല. അവര്‍ക്കൊപ്പമിരുന്ന് അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ നിര്‍ബന്ധിക്കാറേയുള്ളൂ അദ്ദേഹം. 
ഇനിയുള്ള ചോദ്യം ഇത് വായിക്കുന്ന പെണ്‍മക്കളുടെ പിതാക്കന്മാരോടാണ്: 
മക്കള്‍ മലാലയെപ്പോലെയാകണമെന്ന് ആഗ്രഹിക്കുന്ന നിങ്ങളിലെത്രപേര്‍ക്ക് സിയാവുദീന്‍ യൂസഫ് സായ് ആകാനാകും?

ആര്‍ത്തുകരഞ്ഞ രാത്രികള്‍ 

സ്വാത് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലെ പ്രസംഗവേദിയിലേക്ക് കയറുംമുമ്പാണ് സിയാവുദീന്‍ യൂസഫ്സായിയുടെ ചെവിയില്‍ സുഹൃത്ത് മന്ത്രിച്ചത്, 'മലാലയുടെ സ്‌കൂള്‍വാന്‍ ആക്രമിക്കപ്പെട്ടു'. സദസ്യരോട് എന്തൊക്കെയോ ഒഴികഴിവുകള്‍ പറഞ്ഞ് അയാള്‍ മകള്‍ക്കരികിലേക്ക് ഓടി. ആശുപത്രിയിലെ ഐ.സി.യു.വിലേക്ക് തള്ളിക്കയറിയ സിയാവുദീന്‍ ആ കാഴ്ചകണ്ട് ഞെട്ടിത്തരിച്ചു. തല മുഴുവന്‍ ബാന്‍ഡേജുകൊണ്ട് ചുറ്റിയ ഒരു രൂപം ശ്വാസത്തിനായി പിടയ്ക്കുന്നു. ഇടയ്ക്കിടെ രക്തം ഛര്‍ദിക്കുന്നുണ്ട്. അത് തന്റെ മകള്‍ മലാലയാണെന്നറിഞ്ഞ് സിയാവുദീന്‍ ഒരു നിമിഷം മരവിച്ചുനിന്നു. പിന്നെ, ചോരയില്‍ കുതിര്‍ന്ന ബാന്‍ഡേജിന് മുകളിലൂടെ മകളുടെ നെറ്റിയില്‍ ഉമ്മെവച്ച് അയാള്‍ മുറിവിട്ടിറങ്ങി. 

പിന്നീടുള്ള രാപകലുകള്‍ അലച്ചിലിന്റേതും കരച്ചിലിന്റേതുമായിരുന്നു. പകല്‍ മുഴുവന്‍ മലാലയുടെ ജീവന്‍ പിടിച്ചുനിര്‍ത്താനുള്ള യാചനയുമായി ഡോക്ടര്‍മാരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും ഓഫീസുകള്‍ കയറിയിറങ്ങും. അപ്പോഴൊന്നും ഒരു തുള്ളി കണ്ണീര്‍പോലും പൊടിയാതിരിക്കാന്‍ സിയാവുദീന്‍ കഠിനമായി പരിശ്രമിച്ചു. താന്‍ കരഞ്ഞാല്‍ ഭാര്യയും ആണ്‍മക്കളും തളര്‍ന്നുവീഴുമെന്ന് അയാള്‍ക്ക് നന്നായി അറിയാമായിരുന്നു. ''രാത്രികളില്‍ ഞാന്‍ കുഞ്ഞുങ്ങളെപ്പോലെ വാവിട്ടുകരഞ്ഞു. മകള്‍ ലോകംവിട്ടുപോവുമോ, അവള്‍ക്കീ ഗതിവന്നത് ഞാന്‍ കാരണമല്ലേ എന്നീ ചിന്തകളായിരുന്നു മനസ്സിനെ മഥിച്ചത്''. 

വെടിയേറ്റ അന്നുതന്നെ മലാലയെ പെഷവാറിലുള്ള മിലിട്ടറി ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. സിയാവുദീന്റെകൂടി സമ്മര്‍ദഫലമായി മലാലയെ പിന്നീട് റാവല്‍പിണ്ടിയിലുള്ള ആംഡ് ഫോഴ്സസ് കാര്‍ഡിയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചു. വെടിയേറ്റതിന്റെ ആറാംനാള്‍ ബ്രിട്ടനിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയിലേക്ക് മലാലയെ വിദഗ്ധചികിത്സയ്ക്കായി കൊണ്ടുപോയി. പിന്നെയും പത്തുനാള്‍ കഴിഞ്ഞാണ് സിയാവുദീനും കുടുംബത്തിനും ബ്രിട്ടനിലേക്ക് പറക്കാന്‍ അനുമതി ലഭിച്ചത്. മലാലയെ കാണാതെ, അവളുടെ വിവരങ്ങളറിയാതെ കഴിച്ചുകൂട്ടിയ ആ പത്തുനാളില്‍ ശരിക്കും മരിച്ച് ജീവിക്കുകയായിരുന്നു അവര്‍. ഒടുവില്‍ ആ ദിവസമെത്തി. വിമാനത്താവളത്തിലേക്ക് തിരിക്കാന്‍ വീടുപൂട്ടിയിറങ്ങവേ മകന്‍ കുശാല്‍ കണ്ണീരോടെ പറഞ്ഞു: ''അബ്ബാ, നമ്മള്‍ അഞ്ചുപേരുണ്ടായിരുന്നു. ഇപ്പോള്‍ നാലുപേരായിരിക്കുന്നു''. അത് കേട്ടില്ലെന്നുനടിക്കാനാണ് സിയാവുദീന് തോന്നിയത്. കരയാതിരിക്കാന്‍ അതേയുള്ളൂ വഴി.

Content highlights: Let Her Fly: A Father's Journey, Ziauddin Yousafzai, Malala Yousafzai