അറബിക്കടലില്‍ പച്ചപ്പൊട്ടുകള്‍പോലെ കിടന്നിരുന്ന ഒരുപറ്റം ദ്വീപുകള്‍ ഇപ്പോള്‍ കേരളമാകെ ചര്‍ച്ചചെയ്യപ്പെടുകയാണ്. ഇത്രയടുത്ത് കിടന്നിട്ടും ലക്ഷദ്വീപില്‍ പോയ മലയാളികള്‍ കുറയും. കടലിന് നടുവില്‍ കുഞ്ഞു മണ്‍തിട്ടയില്‍ ജീവിക്കുന്ന ഒരുപറ്റം മനുഷ്യര്‍. അവര്‍ക്ക് കരയെന്ന് പറഞ്ഞാല്‍ കേരളമാണ്. അവിടുത്തെ മണവും രുചിയുമാണ്. ദ്വീപിലെ കുട്ടികള്‍ കേരളത്തില്‍നിന്നും വന്ന സാധനങ്ങളില്‍ കരയുടെ മണം തിരയുന്നു; എന്നെങ്കിലും അങ്ങോട്ടുപോകാന്‍ കഴിയുമെന്ന് സ്വപ്നം കാണുന്നു. ലക്ഷദ്വീപില്‍ ജനിച്ചുവളര്‍ന്ന ഒരാളുടെ കുറിപ്പാണിത്. ഒപ്പം അവിടത്തന്നെ ജനിച്ചുവളര്‍ന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളും. ഒരു ദേശത്തിന്റെ ഭംഗികളും ജീവിതവും വെളിവാക്കുന്നു ഇവ...

ന്റെ വീട് കടലില്‍നിന്നും ഏകദേശം പത്തുമീറ്റര്‍ അകലത്തിലാണ്. വര്‍ഷകാലത്ത് കടല്‍ ദ്വീപിനെ വന്ന് തൊടും. വേനല്‍ക്കാലത്ത് എന്റെ അയല്‍പക്ക വീട്ടുകാരെല്ലാം കാറ്റുമറകെട്ടി രാവുറങ്ങുന്നത് ഞങ്ങളുടെ കടപ്പുറത്താണ്. പാത്ത്ളോടയിലെ മിസാവ് കോയാ ആശാരിയും കുടുംബവും പോക്കയ്യോടയിലെ കാസ്മി മെക്കാനിക്കും കുടുംബവും ബലിയപുരയിലെ ഇക്കാഇയ്യകോയാന്റെ മുക്കുവ കുടുംബവും മലയാട്ടിയോടയിലെ കര്‍ഷക കുടുംബവുമൊക്കെ കടപ്പുറത്തെത്തിയാല്‍ വലിയ ഉത്സവംപോലെയാണ്. ഓരോ വീട്ടുകാര്‍ക്കും ഓരോ കാറ്റുമറകളുണ്ടായിരുന്നു. ചതുരാകൃതിയില്‍ ഓലവെച്ച് കെട്ടിയ ഷെഡ്ഡുകളാണ് കാറ്റുമറകള്‍. ഞങ്ങളുടെ കടപ്പുറത്തിലെ കൗതുകമുണര്‍ത്തുന്ന കുടുംബമാണ് കിളിയുവ്വാന്റേത്. ഉണ്ടപ്പക്രുവിനെപ്പോലെ ചെറിയ മനുഷ്യനായിരുന്നു അയാള്‍. അയാളെപോലെ കുറിയ ഒരു പെണ്ണിനെ ആന്ത്രോത്ത് ദ്വീപില്‍നിന്നാണ് അയാള്‍ മംഗലം കഴിച്ചുകൊണ്ടുവന്നത്. ബിയ്യാശാ എന്നായിരുന്നു ഭാര്യയുടെ പേര്. ശൈഖിന്റെ പള്ളിക്കടുത്തുള്ള കൊച്ചു സിറാമ്പി (സ്രാമ്പ്യ) യിലായിരുന്നു അവരുടെ താമസം. ചെറിയ കഞ്ഞിപ്ര ബനിയനും (ഷര്‍ട്ടിനടിയിലിടുന്ന ബനിയന്‍) കള്ളിത്തുണിയുമുടുത്ത് തലേല്‍ കെട്ടുംകെട്ടി വരുന്ന കിളിഉവ്വാനെ കാണാന്‍ നല്ല രസമായിരുന്നു. ഉവ്വയ്ക്ക് നന്നായി കഥ പറയാനും പാട്ടുപാടാനും അറിയാമായിരുന്നു.

LD

രാത്രി കാറ്റുമറയ്ക്കുള്ളില്‍ സഫീനാപാട്ടുകളും (ചരിത്ര സംഭവങ്ങളുടെ പാട്ടുരൂപങ്ങള്‍) കഥപറച്ചിലുകളുമുണ്ടാവും. ബീത്താക്കോയയാണ് ദ്വീപിലെ കഥപറച്ചിലുകാരന്‍. ദ്വീപിലെ നാടോടികളും യാത്രകളില്‍നിന്നും കരയില്‍നിന്നും കിട്ടിയ അനുഭവങ്ങളുമൊക്കെ ചേര്‍ത്താണ് ബീത്താക്കോയ കഥപറയുക. ഒരു കഥയുടെ വാല് മറ്റൊരു കഥയുടെ തുടക്കവുമായി ചേര്‍ത്ത് കെട്ടാന്‍ അദ്ദേഹം മിടുക്കനായിരുന്നു. ഓരോ ദിവസവും ജിജ്ഞാസ ഉണര്‍ത്തുന്ന സ്ഥലത്ത് കൊണ്ടുപോയി കഥ നിര്‍ത്തുകയും ചെയ്യും. ആഴമുള്ള സൂഫി വര്‍ത്തമാനങ്ങള്‍ ജീവിതാനുഭവങ്ങളുമായി ചേര്‍ത്ത് അവതരിപ്പിക്കുക ഹാജി മമ്പനാണ്. ദ്വീപിലെയും വന്‍കരയിലേക്കും സൂഫി സാധകരുമായി അടുത്ത ബന്ധമുണ്ടായിരുന്നു മമ്പന്.

കടപ്പുറത്തിരുന്ന ഞങ്ങള്‍ വടക്കുംതല വളവിലേക്ക് നോക്കിക്കൊണ്ടിരുന്നു. വന്‍കരയിലേക്ക് ബാപ്പ പോയ ദ്വീപോടം (ദ്വീപുകാര്‍ കരയുമായി ബന്ധപ്പെടാനുപയോഗിച്ചിരുന്ന പായ് പത്തേമാരി) വടക്കുംതലയിലൂടെയാണ് തുറന്നുവരുക. കത്തിച്ച് പിടിച്ച ചൂട്ടുവെളിച്ചം പുറംകടലിലെ കറുമയില്‍ (കടലിന്റെ കറുപ്പുനിറം) തെളിയുന്നുണ്ടോ എന്നാണ് നോക്കുന്നത്. കോഴിക്കോട്ടുനിന്നും ഒരാഴ്ചയായി ഓടം പുറപ്പെട്ടിട്ട് ഇതുവരെ എത്തീട്ടില്ല. ഇന്നലെ വടക്കുംതലയിലെ കുളിക്കരപ്പള്ളിയില്‍ 'തര്‍മ്മക്കഞ്ഞി' (ധര്‍മക്കഞ്ഞി) വെച്ച് വിതരണംചെയ്തിരുന്ന സ്ത്രീകള്‍ ചേര്‍ന്ന് കാറ്റുവിളിച്ചിരുന്നു (ദ്വീപോടം വരാന്‍ വൈകിയാല്‍ ദ്വീപിലെ സ്ത്രീകള്‍ അനുഷ്ഠിക്കുന്ന പ്രാര്‍ഥനാ കലാരൂപമാണ് കാറ്റുവിളി). അതിനുശേഷമാണ് 'അഹ്റബ്' (പടിഞ്ഞാറുദിശയില്‍ കാണുന്ന ഒരു ദിശാ നക്ഷത്രം) ദിശയില്‍നിന്ന് വീശിയ കാറ്റ് ക്ഷമിച്ചത്. ഇളകിമറിഞ്ഞ് പര്‍വതംപോലെ എഴുന്നേറ്റ് പൊട്ടിച്ചിതറിയ കടല്‍ ഒന്നടങ്ങിയത്. അതോടെ ഒരാത്മവിശ്വാസം ഞങ്ങളില്‍ ഉയര്‍ന്നുവന്നു. ദ്വീപിന് ചുറ്റും വളര്‍ന്ന് ഈ പ്രപഞ്ചമാകെയും തിങ്ങിനിറഞ്ഞ മഹാപ്രതിഭാസം ഞങ്ങളുടെ നിഷ്‌കളങ്കമനസ്‌നിനെയും കാണുന്നുണ്ടെന്നൊരു വിശ്വാസം. സമയം കടന്നുപോയിട്ടും കടലതിരുകളിലെവിടെയും ഒരു കടല്‍ വാഹനവും തെളിഞ്ഞുവന്നില്ല.

LD

മനസ്സ് ബേജാറാവാന്‍ തുടങ്ങി. പലവട്ടം വടക്കുംതല വളവിലേക്ക് നോക്കിക്കൊണ്ടിരുന്നു. ഉമ്മയും മറ്റു വീടുകളിലെ സ്ത്രീകളും കടപ്പുറത്തേക്ക് വന്നു. ഉക്കാഇയ്യ കോയായും അബ്ബാസ് കാക്കായും ചുട്ടെടുത്ത മീനുകള്‍ ഓലമിടഞ്ഞതിനുമുകളിലേക്ക് എടുത്തുവെച്ചു. വാഴഇല പൊളിച്ച് മീന്‍ പൊള്ളിച്ചു. മസാല പുരട്ടിയതിന്റെ ഒരു പ്രത്യേകമണം അവിടമാകെ പരന്നു. കാക്കാ തേങ്ങ പൊതിച്ച് പൂളുകള്‍ അടര്‍ത്തി ഇട്ടുകൊണ്ടിരുന്നു. അപ്പോഴേക്കും കിളിയുവ്വായും ബിയ്യാശായും എത്തി. എല്ലാവരും മീനിന് ചുറ്റുമിരുന്ന് മീനും തേങ്ങായും തിന്നാന്‍ തുടങ്ങി. ഇടയ്ക്കിടക്ക് എല്ലാരും കടലിന്റെ കോണിലേക്ക് നോക്കിക്കൊണ്ടിരുന്നു. മീന്‍തിന്ന് സ്ത്രീകളെല്ലാം ചേര്‍ന്ന് കാറ്റുവിളിക്കാനൊരുങ്ങി. വട്ടത്തില്‍നിന്ന് 'പാടിണ്ടപാത്ത' പാടിത്തുടങ്ങി.

''അക്കാറ്റും കാറ്റില്ല ഇക്കാറ്റും കാറ്റില്ല
കീളാവടക്കേപോയി വീശിയടിയള്ളാ കാറ്റേ''

സ്ത്രീകള്‍ പാട്ടിനനുസരിച്ച് ചുവടുകള്‍ വെച്ചു. അവസാനം തുണിത്തുമ്പില്‍ കോരി എടുത്ത കാറ്റിനെ കടല്‍ത്തീരത്ത് കൊണ്ടുപോയി കുടഞ്ഞിട്ടു. തുണിത്തുമ്പില്‍ നിന്നും വീണ കാറ്റ് കടല്‍പ്പരപ്പിലൂടെ പാഞ്ഞുപോയോ? സ്ത്രീകള്‍ മണ്ണിലിരുന്ന് വടക്കുംതലയിലേക്ക് നോക്കിക്കൊണ്ടിരുന്നു. വരുന്ന തിങ്കളാഴ്ച കഴിഞ്ഞാല്‍ വര്‍ഷക്കാലം തുടങ്ങുമെന്നാണ് 'മാല്‍മി'മാരുടെ (ദ്വീപോടത്തില്‍ കപ്പിത്താന്‍മാരായി പോകുന്നവര്‍) കണക്ക്. അതിന് മുമ്പ് ഓടം എത്തിയില്ലെങ്കില്‍ കഷ്ടമാണ്. വര്‍ഷക്കാലത്തെ കാറ്റ് വീശിവന്ന് അഹ്റബ് ദിശയില്‍ വീണാല്‍ പിന്നെ പ്രതീക്ഷകളെല്ലാം അവസാനിക്കും.

LD

വര്‍ഷകാലം ദ്വീപിലേക്കെത്തുന്നത് ആണ്‍കാറ്റാണ്. അവന്‍വന്ന് ദ്വീപിലെ പെണ്‍കാറ്റിനെ മംഗലം കഴിച്ചുകൂടിയാല്‍ പിന്നെ ഹണിമൂണാണ്. രതിഭാവങ്ങള്‍ക്ക് പുതിയ ഭാവങ്ങളും തീക്ഷ്ണതകളുമുണ്ടാവും. അതിനനസുരിച്ച് കടലിളകിമറിയും. ദ്വീപിലെ തെങ്ങുകളെല്ലാം കാറ്റിനൊപ്പം കിഴക്കോട്ട് തലതിരിച്ച് ആടിക്കൊണ്ടിരിക്കും.

വടക്കുംതലയില്‍നിന്നും ഓടത്തിന്റെ ഒരനക്കവും കാണാതെ ഞാന്‍ മെല്ലെ എഴുന്നേറ്റു. എടുത്തുവെച്ച തെങ്ങിന്‍ മടലില്‍ തലവെച്ച് വെളുത്ത മണ്ണില്‍ കാലുപൂഴ്ത്തി ഞാന്‍ കിടന്നു. ലഗൂണില്‍ വേലിയേറ്റത്തിന്റെ വെള്ളംനിറയാന്‍ തുടങ്ങിയിരിക്കുന്നു. വേലിയേറ്റത്തെക്കുറിച്ച് കിളിയുവ്വയാണ് കഥപറഞ്ഞത്.

പത്തായംപോലെ വലിയ വയറുള്ള ചെംമ്മം മീനുണ്ട് കടലില്‍. പുറംകടലില്‍ ചാലിനടുത്ത് ആ മീന്‍ വന്നുകിടന്ന് കടല് വലിച്ചുകുടിക്കും അതിന്റെ വയര്‍ നിറയുമ്പോഴാണത്രേ വേലിയിറക്കമുണ്ടാവുന്നത്. ആ മീന്‍ വെള്ളം തുപ്പുമ്പോള്‍ വേലികയറ്റവും.

''ഓടം കണ്ടിനിയോ...''

ഉവ്വാവി ഊവി ഉറക്കെ വിളിച്ചുപറഞ്ഞപ്പോള്‍ എല്ലാരും വടക്കുംതലയിലേക്ക് നോക്കി വടക്കുംതയിലെ തെങ്ങുകള്‍ക്കിടയിലൂടെ ഒരു വെളിച്ചം കടലിലൂടെ നീങ്ങി നീങ്ങി വരുന്നു. ഓടത്തെ സ്വീകരിക്കാന്‍വേണ്ടി ആളുകള്‍ വടക്കോട്ടു നടന്നു. ഞാനും അവര്‍ക്ക് പിറകില്‍ നടന്നു. ആറുമാസം ജീവിക്കാനുള്ള ചരക്കുകളുമായിട്ടാണ് ഓടം വരുന്നത്.

ഈ ഓടത്തെക്കാളും വലിയ ഒരു പായക്കപ്പലില്‍ ജിദ്ദാ തുറമുഖത്തില്‍നിന്ന് യാത്രചെയ്ത ഒരു സൂഫി വര്യനാണത്രേ ലക്ഷദ്വീപുകള്‍ ഉണ്ടാക്കിയത്. അദ്ദേഹം പ്രപഞ്ചത്തിന്റെ പ്രതിരൂപമായിരുന്നത്രേ. കപ്പല്‍ ഓടിയോടി അറബിക്കടലിലെത്തി. പ്രഭാത പ്രാര്‍ഥനയ്ക്ക് ഉറക്കമുണര്‍ന്ന സൂഫി അംഗശുദ്ധിവരുത്തി നമസ്‌കരിച്ചു. കുറെ നേരം കണ്ണടച്ച് ധ്യാനിച്ചു. കണ്ണുതുറന്ന് ചുറ്റിലും നോക്കി. 'ഫജ്റ്' (വെള്ള കീറുന്നതിനുമുമ്പ് ചക്രവാളത്തില്‍ കാണുന്ന പ്രഭാത ശോണിമ) പരന്ന ആകാശം. ശാന്തമായ കടല്‍. മനസ്സില്‍ വല്ലാത്ത സന്തോഷം തോന്നി. തന്റെ യാത്രയ്ക്ക് ഒരു അടയാളമുണ്ടാവണമെന്ന് സൂഫി ആഗ്രഹിച്ചു. അയാള്‍ തന്റെ തസ്ബീഹ്മാല പൊട്ടിച്ച് കടലില്‍ ഒഴുക്കിവിട്ടു. മുത്തുമണികള്‍ കടലൊഴുക്കില്‍ കുടുങ്ങി അപ്രത്യക്ഷമായി. കാലം കടന്നുപോയി സൂഫിയും പായക്കപ്പലും മടക്കയാത്രയിലായിരുന്നു. അവര്‍ അറബിക്കടലിലെത്തി. ആ അദ്ഭുതംകണ്ട് സൂഫി സന്തോഷിച്ചു. താന്‍ കടലില്‍ വിതച്ച മുത്തുമണികള്‍ ഒരു നൂലില്‍ കോര്‍ത്ത തസ്ബിഹ്മാലപോലെ ദ്വീപുകള്‍. അതാണത്രേ ലക്ഷദ്വീപുകള്‍.

ഓടം ലഗൂണിലേക്ക് വലിച്ചുകയറ്റി കരക്കെട്ടുകെട്ടി നേര്‍ച്ചയ്ക്കുള്ള കാളകളെ ഇറക്കാന്‍ തുടങ്ങി. ഞാന്‍ കര മണക്കുന്ന ഒരു നാരങ്ങയോ മാങ്ങയോ തിന്നാനുള്ള കൊതിയുമായി ഓടത്തിലേക്ക് നോക്കി തെങ്ങില്‍ചാരിനിന്നു. കടലില്‍ക്കൂടി നീന്തിക്കയറിയ കാളകള്‍ തീരത്തുനിന്ന് കിതച്ചു.

കരയില്‍നിന്നുംവന്ന ചന്ദ്രന്‍മാഷ് ഒരിക്കല്‍കൊണ്ടുവന്നുതന്ന നാരങ്ങയുടെ രുചി നാവില്‍നിന്ന് ഇതുവരെ പോയിട്ടില്ല. മാഷ് വീട്ടില്‍ വന്നപ്പോള്‍ ഉമ്മ പറഞ്ഞിട്ട് പിറകിലെ വാതിലില്‍ക്കൂടി ഞാന്‍ ഇറങ്ങി ഓടിയത്, തൊട്ടടുത്ത കായിയുടെ വീട്ടീന്ന് ചായ ഒഴിക്കാനുള്ള ഗ്ലാസും വാങ്ങി തിരിച്ചെത്തിയത്. ബാപ്പയ്ക്കുവേണ്ടി ഉണ്ടാക്കിയ ദ്വീപു ഹല്‍വയും കൂട്ടി ചായ കൊടുത്തത്. ചന്ദ്രന്‍ മാഷും നാരങ്ങയും മനസ്സില്‍നിന്ന് പോവുന്നേയില്ല.

ബാപ്പ എനിക്കുവേണ്ടി മലയാളം മണക്കുന്ന കുട കൊണ്ടുവന്നിട്ടുണ്ടാവും. മഴ പെയ്യുമ്പോള്‍ കരമണവുമായി കുടയും പിടിച്ച് നടക്കാന്‍ നല്ല രസമായിരിക്കും. ഇതുവരെ കര കണ്ടിട്ടില്ല. ഒരിക്കല്‍ ബാപ്പാന്റെ കൂടെ ഓടത്തില്‍ കരയിലേക്ക് പോവണം. മംഗലാപുരത്തിറങ്ങി മൂക്കിലേക്ക് കര മണപ്പിച്ച് കേറ്റണം. മംഗലാപുരം ബന്തറിലെ തെരുവുകളിലൂടെ മനസ്സും തുറന്നുവെച്ച് നടക്കണം. ബോംബെ ഹോട്ടലില്‍ കേറി ബിരിയാണി കഴിക്കണം. തൊപ്പിക്കാരന്റെ കൈയില്‍നിന്ന് തൊപ്പിയും അത്തറുകാരനില്‍നിന്ന് മണവും വാങ്ങണം. മിസ്‌ക്കീന്‍ സായിപ്പിന്റെ പക്കല്‍നിന്ന് തുണിയും കുപ്പത്തതുണിയും (കുപ്പായം തുന്നുന്ന തുണി) വാങ്ങിക്കണം. വലിയ നീളമുള്ള തീവണ്ടിയില്‍ കേറി കോഴിക്കോട്ടേക്ക് പോവണം. അവിടെ മിഠായിത്തെരുവില്‍നിന്ന് ഹലുവ വാങ്ങിതിന്നണം. കര സ്വപ്നമായി വളരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി.

ബാപ്പ ഓടത്തില്‍നിന്ന് ഇറക്കിക്കൊണ്ടുവന്ന ഒരു കെട്ട് എന്റെ ൈകയില്‍ തന്നു. ഞാന്‍ അത് കഴുത്തില്‍വെച്ച് വീട്ടിലേക്ക് കൊണ്ടുപോയി. അത് മസാലക്കെട്ടായിരുന്നു. കെട്ടില്‍നിന്ന് കരയുടെ മണം. കര എന്നാല്‍, ദ്വീപുകാരന് മലയാളക്കരയാണ്. കന്യാകുമാരി മുതല്‍ ഗുജറാത്തുവരെ ദ്വീപുകാര്‍ ബന്ധപ്പെടുന്ന എല്ലാ കരയും അവന് മലയാളക്കരയാണ്. ആ കര കാണാനുള്ള സ്വപ്നമാണ് അറിഞ്ഞ് തുടങ്ങുന്ന കാലം മുതല്‍ ഓരോ ദ്വീപുകാരനും ഉള്ളില്‍ സൂക്ഷിക്കുന്നത്. ഞാന്‍തന്നെ ആദ്യമായി കരയില്‍ കാലുകുത്തിയപ്പോള്‍ അടിക്കാലില്‍നിന്നും നിറുകംതലവരെ ഒരു കോരിത്തരിപ്പ് പാഞ്ഞുപോയത് എനിക്കോര്‍മയുണ്ട്. ചെരിപ്പൂരി എറിഞ്ഞ് ആ ചുവന്ന മണ്ണില്‍ ചവിട്ടിനിന്നിട്ടുണ്ട്. എപ്പോള്‍ കരയില്‍ വന്നാലും എനിക്ക് വല്ലാത്തൊരു അനുഭൂതി ഞാന്‍ അനുഭവിക്കുന്നുണ്ട്. കടല്‍ മതിലുകള്‍തീര്‍ത്ത, ചുറ്റിലും ആകാശം പിഞ്ഞാണം കമിഴ്ത്തിയ ഏകാന്തതയ്ക്കുള്ളിലെ ശാന്തതയ്ക്ക് വന്‍കര പലപ്പോഴും ആഘോഷമായി മാറുന്നു. പക്ഷേ, എന്റെയുള്ളിലെ ദ്വീപുകാരന്‍ എപ്പോഴും കടപ്പുറങ്ങളും കാറ്റുമറയും ചുട്ടുതിന്ന മീന്‍ രുചികളുമായി പരക്കം പാഞ്ഞുകൊണ്ടിരിക്കുന്നു.

Content Highlights: Lakshadweep life and culture