മാഷ്‌ ഒരു പെണ്ണിന്റെയും അര കണ്ടിട്ടില്ലേ’?

നാവിൽനിന്ന്‌ ആ ചോദ്യം പുറത്തുചാടിയപ്പോൾ ഞാൻതന്നെ അമ്പരന്നു: ഈശ്വരാ, എന്തൊരു കുരുത്തക്കേടാണ്‌ ചോദിച്ചത്‌? സഹപാഠിയോടോ ചങ്ങാതിയോടോ ആണെങ്കിൽ പോട്ടെന്ന്‌ വെയ്ക്കാം. ചോദിച്ചത്‌ അച്ഛനാകാൻ വയസ്സുള്ള ആളോടാണ്‌-ഗുരുകല്പനായ കവി കുഞ്ഞുണ്ണിമാഷോട്‌!

അന്ന്‌ പന്നിയങ്കരയിലെ രാമകൃഷ്ണാശ്രമം സ്കൂളിൽ അധ്യാപകനാണ്‌ മാഷ്‌. ആശ്രമത്തിൽതന്നെ താമസം. ഞാൻ തൊട്ടടുത്ത മീഞ്ചന്ത ഗവൺമെൻറ്‌ ആർട്‌സ്‌ കോളേജിൽ അധ്യാപകൻ. അവിടെ ഒരു വാടകവീട്ടിൽ കുടുംബസമേതം താമസിക്കുന്നു. പലപ്പോഴും മീഞ്ചന്തയിലെ ഇടവഴികളിലൂടെ വൈകുന്നേരത്തെ നടത്തം ഒന്നിച്ചാണ്‌. പതിവ്‌ നടത്തത്തിനിടയിലാണ്‌ ചോദ്യം. മാഷ്‌ ദേഷ്യപ്പെട്ടില്ല:

‘എന്തേ താൻ ചോയ്‌ക്കാൻ-?’
‘മാഷ്‌ടെ ഒരു കവിത കണ്ടപ്പോ തോന്നിയതാ.’
‘എന്റെ ഏത്‌ കവിത?’
‘പെണ്ണര കണ്ടിട്ടില്ലാത്തതിനാലാമോ
ഞാനൊരു കാക്കവിയായത്‌?
ഇനി, കണ്ടെന്നാകിൽ
അരയ്ക്കാക്കവിയാമോ?’

‘അത്‌ സത്യാ. ഞാനൊരു പെണ്ണിനെയും ഉടുത്തതഴിച്ച്‌ കണ്ടിട്ടില്ല.’
‘ഒരു പെണ്ണിനോടും പ്രേമമോ കാമമോ ഒരിക്കലും തോന്നീട്ടില്ലേ?’
‘ഇല്ല.’
‘ഒര്‌ തവണയെങ്കിലും പ്രേമിച്ച്‌ അബദ്ധായിട്ടുണ്ടാവുംന്നാ ഞാൻ വിചാരിച്ചത്‌. ഒരു കവിതയുണ്ടല്ലോ-
കേട്ടപ്പോൾ കാണാൻ തോന്നി
കണ്ടപ്പോൾ കെട്ടാൻ തോന്നി
കെട്ടിനോക്കുമ്പോൾ കഷ്ടം!
പെട്ടുപോയെന്നും തോന്നി-പിന്നെ
തോന്നലാണെല്ലാമെന്ന
താശ്വാസമെന്നും തോന്നി’
മാഷ്‌ ചിരിച്ചു: ‘ഓ. അത്‌ തമാശയല്ലേടോ? ഞാൻ ഒരു പെണ്ണിനെയും പ്രേമിച്ചിട്ടുല്ല, കാമിച്ചിട്ടൂല്ല.’

Kunjunni‘ഒരു പെണ്ണിനും മാഷോട്‌ ഇങ്ങോട്ട്‌ പ്രേമവും കാമവും ഒന്നും തോന്നീട്ടില്ലേ?’
‘ഇല്ല. എനിക്കേ കുട്ടിക്കാലത്തേ വയസ്സന്റെ മട്ടാ. ഉടുപ്പും നടപ്പും ഒക്കെ അങ്ങന്യാ. എന്നെ കാണുമ്പോ മുതിർന്നവർക്കും ചെറുപ്പക്കാർക്കും ഒക്കെ ഒര്‌ പാവം കാരണവർ എന്ന തോന്നലാ. അതിന്റെടേല്‌ അങ്ങോട്ടോ ഇങ്ങോട്ടോ പ്രേമം തോന്നണത്‌ എങ്ങന്യാ?’
‘ഒര്‌ പെണ്ണും ഒരിക്കലും കാമിച്ചിട്ടില്ല എന്നു വരാമോ?
‘ങ്‌അ! താനിപ്പോ ചോദിച്ചപ്പളാ ഓർമ തോന്ന്‌ണത്‌.’

പിന്നെ വിസ്തരിച്ച കഥയുടെ ചുരുക്കം: അന്ന്‌ മാസ്റ്റർക്ക്‌ ഇരുപത്‌ വയസ്സാണ്‌. വൈകുന്നേരം ഏതോ ബന്ധുവീട്ടിൽ എത്തിയിരിക്കുന്നു. അത്താഴം കഴിക്കാറാവുമ്പോഴേക്ക്‌ വീട്ടുകാരന്റെ ദൂരെ താമസിക്കുന്ന അച്ഛന്‌ ദീനം കലശലാണ്‌ എന്നും പറഞ്ഞ്‌ ആള്‌ വന്നു.
വല്ലതും കഴിച്ചെന്നു വരുത്തി വീട്ടുകാരെല്ലാവരുംകൂടി പുറപ്പെട്ടു-വീടു കാവലിന്‌ വേലക്കാരിപ്പെണ്ണുണ്ട്‌; അവളൊറ്റക്കാവുന്നതിന്‌ വിരുന്നുകാരൻ കുഞ്ഞുണ്ണിയുണ്ട്‌. മാസ്റ്ററെ വെറുമൊരു കാരണവർ ആയിട്ടേ എല്ലാവരും കണക്കാക്കിയിരുന്നുള്ളു.
വീട്ടുകാർ ഇറങ്ങിയ ഉടനെ മാസ്റ്റർ ഊണ്‌ കഴിച്ച്‌ വീതിയേറിയ തളത്തിൽ കട്ടിലിൽ കിടന്നു. പത്തുപതിനഞ്ച്‌ വയസ്സുള്ള വേലക്കാരി അനുവാദം വാങ്ങി തളത്തിന്റെ മറ്റൊരു മൂലയിൽ പായ വിരിച്ചു.

വഴിനടന്ന ക്ഷീണംകൊണ്ട്‌ കിടന്നപാടെ ഉറങ്ങിപ്പോയ മാഷ്‌, കുറച്ചുകഴിഞ്ഞ്‌ കട്ടിലിൽ കൂടെ ആരോ കിടക്കുന്നപോലെ തോന്നിയിട്ടാണ്‌ ഉണർന്നത്‌-ആ പെൺകുട്ടിയാണ്‌. ‘എന്താ ഇവിടെ വന്ന്‌ കിടക്കുന്നത്‌?’ എന്നു ചോദിച്ചപ്പോൾ ‘ഒറ്റയ്ക്ക്‌ കിടക്കാൻ പേടിയാണ്‌. എന്നു മറുപടി. ‘പേടിക്കാനൊന്നൂല്ല. അവടെ പോയിക്കെടന്നോളു, ഞാൻ ഇവടെയില്ലേ?’ എന്ന്‌ ശാസിച്ച്‌ പറഞ്ഞയച്ചു. കുറച്ചുകഴിഞ്ഞ്‌ വീണ്ടും എത്തിയപ്പോൾ കാരണം ‘എന്റെ പായിൽ ഉറുമ്പുണ്ട്‌’ എന്നായി. ചെന്ന്‌ വിളക്ക്‌ കത്തിച്ച്‌ പായ തട്ടിക്കുടഞ്ഞ്‌ നേരെയാക്കി അവളെ കിടത്തിപ്പോന്നു.

കുറേക്കഴിഞ്ഞ്‌ വീണ്ടും വന്നു: ‘അപ്പുറത്തെന്തോ വല്യ ശബ്ദം കേട്ടപോലെ. നിയ്ക്ക്‌ പേട്യാ’ എന്ന്‌ കെട്ടിപ്പിടിച്ച്‌ കരയുംപോലെ. ‘എവിടെ ശബ്ദം? ഒന്നൂല്ല. കുട്ടിക്ക്‌ തോന്ന്യതാവും. ചെന്ന്‌കിടക്കൂ’ എന്ന്‌ ഇത്തിരി കനപ്പിച്ചു. എന്നിട്ടെന്താ, വെളുക്കാൻ നേരത്ത്‌ വീണ്ടും വന്ന്‌ കൂടെക്കിടന്നു. ഇത്തവണ തുറന്നുപറഞ്ഞു: ‘നിയ്ക്ക്‌ ഇവടെക്കെടക്കണം.’ ‘ശരി, കുട്ടി ഇവടെക്കെടന്നോളു’ എന്നും പറഞ്ഞ മാഷ്‌ എണീറ്റ്‌ അവളുടെ പായിൽച്ചെന്ന്‌ കിടന്നു.

രണ്ടുപേർക്കും ‘ശിവരാത്രി’ വന്നുചേർന്ന ആ കഥയിലേക്കു നീണ്ടുചെല്ലാൻ പാകത്തിൽ ആ കുരുത്തക്കേട്‌ ചോദിച്ചതിന്‌ ഒരു പശ്ചാത്തലമുണ്ട്‌:

1980-കാലത്താണ്‌. കുഞ്ഞുണ്ണിമാസ്റ്ററുടെ കവിതകളെല്ലാം സമാഹരിച്ച്‌ ഒരു സമ്പൂർണസമാഹാരം വരണമെന്ന്‌ എനിക്കുതോന്നി. കാര്യം പറഞ്ഞപ്പോൾ ‘‘ഇതൊക്കെ ആരാടോ അച്ചടിക്ക്യാ?’’ എന്നു ചോദിച്ചു. ‘‘ഞങ്ങളൊക്കെ ഉണ്ടാവും മാഷേ’’ എന്ന്‌ ഞാൻ ഒഴുക്കൻമട്ടിൽ പറഞ്ഞു. അങ്ങനെ പണി തുടങ്ങി.
ഒരിക്കൽ മാഷ്‌ പറഞ്ഞു: ‘‘ഇതിന്‌ അവതാരിക താൻ എഴുതിയാ മതി.’’

ഞാൻ ഞെട്ടി: ‘‘വേണ്ട മാഷേ. നമ്മൾക്ക്‌ പ്രശസ്തനായ ഏതെങ്കിലും കവിയെക്കൊണ്ടോ നിരൂപകനെക്കൊണ്ടോ എഴുതിക്കാം.’’
മാഷ്‌ ശഠിച്ചു: ‘‘എന്റെ സമ്പൂർണ സമാഹാരത്തിന്‌ തന്റെ അവതാരിക മതി.’’
എനിക്ക്‌ വളരെ സന്തോഷമായി, വലിയ ബേജാറായി -ഈശ്വരാ!
അങ്ങനെ ഒരുഭാഗത്ത്‌ സമാഹരണവും വേറെ ഭാഗത്ത്‌ അവതാരികയെഴുത്തും നടക്കുന്നതിനിടയിലാണ്‌ അദ്ദേഹത്തിന്റെ പ്രേമവും കാമവും ഒക്കെ വിശദമായി ചർച്ച ചെയ്തത്‌. ‘കുന്നും കുന്നിക്കുരുവും’ എന്ന്‌ ഞാൻ തലക്കെട്ടുകൊടുത്ത ആ അവതാരികയുടെ കഥ വലിയ രസമാണ്‌.
ഈ കഥയൊന്നും അറിയാത്ത പുതിയൊരു പ്രസാധകൻ വന്നു -അയാൾക്ക്‌ ആദ്യ പുസ്തകമായി ‘കുഞ്ഞുണ്ണിക്കവിതകൾ-സമ്പൂർണ സമാഹാരം’ ഇറക്കണം! മാഷ്‌ക്ക്‌ ഉത്സാഹമായി. പുസ്തകത്തിന്റെ കഥയൊക്കെ വിസ്തരിച്ചു. പ്രസാധകന്‌ ഒരേയൊരു നിർബന്ധം -കാരശ്ശേരിയുടെ അവതാരിക പറ്റില്ല. വല്ല കൊള്ളാവുന്നവരും എഴുതണം. അല്ലെങ്കിൽ അവതാരിക വേണ്ട.

‘ആലോചിച്ചു പറയാം’ എന്നു പറഞ്ഞ്‌ മാഷ്‌ അയാളെ യാത്രയാക്കി. വിവരം അറിഞ്ഞപ്പോൾ ഞാൻ പ്രസാധകനോട്‌ യോജിച്ചു: ‘‘അയാൾ പറയുന്നതിൽ കാര്യമുണ്ട്‌ മാഷേ. വില്പനയുടെ പ്രശ്നം അയാൾ നോക്കുന്നത്‌ ന്യായമല്ലേ? പ്രസാധകൻ പറ്റിയ ആളെക്കൊണ്ട്‌ എഴുതിക്കട്ടെ. പുസ്തകം വേഗം വരണം. അതാണ്‌ കാര്യം.’’ ‘‘എന്നാലും താൻ എത്രയോ മാസം മെനക്കെട്ട്‌ എഴുതിയുണ്ടാക്കിയതല്ലേ?’’
‘‘അതിനെന്താ, അതേതെങ്കിലും പത്രത്തിനോ വാരികയ്ക്കോ കൊടുത്താൽപ്പോരേ?’’
‘‘എനിക്കൊര്‌ സുഖം തോന്ന്‌ണില്ല. ഇങ്ങനെയൊര്‌ സംഗതി തന്നെ താൻ പറഞ്ഞുണ്ടാക്കീതാ. ഇത്രേം പണിയെടുത്തു. പുസ്തകം വരുമ്പോ താൻ അതിന്റെ കൂടെ ഇല്ലാഞ്ഞാൽ എനിക്കൊര്‌ സുഖല്ല്യ.’’

ഞാൻ സമ്മതിച്ചില്ല. അവതാരികയില്ലാതെ പുസ്തകത്തിന്റെ മാറ്റർ പ്രസാധകന്‌ അയച്ചുകൊടുത്തത്‌ ഞാനാണ്‌. അവതാരിക വേറെ പ്രസിദ്ധീകരിച്ചതുമില്ല.
ഒരുകൊല്ലം കഴിഞ്ഞു. പുസ്തകത്തെപ്പറ്റി വിവരമൊന്നുമില്ല. മാഷ്‌ കത്തുകളയച്ചു. ‘ഇതാ, ഇപ്പോൾ, ഉടനെ’ എന്ന്‌ മറുപടികൾ. സാമ്പത്തികം ഒത്തുകിട്ടിയില്ല എന്ന്‌ വേറെ കേട്ടു. ഒരു കൊല്ലംകൂടി കഴിഞ്ഞപ്പോൾ മാഷ്‌ മടക്കി അയയ്ക്കാൻ പറഞ്ഞു. പിന്നെയും ആറുമാസം കഴിഞ്ഞ്‌ സാധനം മടക്കിക്കിട്ടി.
മാഷ്‌ പറഞ്ഞു: ‘‘നന്നായി. തന്റെ അവതാരിക ഇല്ലാതെ വന്നാ എനിക്കൊര്‌ സുഖണ്ടാവൂല്ല.’’

ഇതെങ്ങനെയോ കേട്ടറിഞ്ഞ്‌ വേറൊരു പ്രസാധകൻ വന്നു. അയാളും ഈ രംഗത്ത്‌ പുതുതാണ്‌. മാഷ്‌ നിബന്ധനവെച്ചു. കാരശ്ശേരീടെ അവതാരിക ചേർക്കണം. പ്രസാധകന്‌ സമ്മതം. ഞാൻ രണ്ട്‌ നിബന്ധന വെച്ചു- ‘‘ആർട്ടിസ്റ്റ്‌ നമ്പൂതിരി ചിത്രം വരയ്ക്കണം, മാതൃഭൂമി പ്രസ്സിൽ അടിക്കണം.’’ അതും സമ്മതം. പക്ഷേ, നമ്പൂതിരിയുടെ ചിത്രങ്ങൾ വാങ്ങുന്ന പണി ഞാൻ ഏല്ക്കണം. എനിക്ക്‌ ഉത്സാഹമായി. ഞാൻ ഓടി.

നമ്പൂതിരി എല്ലാം ജോറായി വരച്ചുതന്നു. പുസ്തകത്തിന്റെ പുറന്താൾചിത്രമായി വരച്ചത്‌ കവിയുടെ മുഖമാണ്‌. പക്ഷേ, ആ മുഖത്ത്‌ എന്തോ ക്രൂരതയുള്ളപോലെ എനിക്കുതോന്നി. ചിത്രങ്ങളെല്ലാം കുഞ്ഞുണ്ണിമാഷെ കാണിച്ചപ്പോൾ ‘മുഖചിത്ര’ത്തെക്കുറിച്ചുള്ള സംശയം ഞാൻ മറച്ചുവെച്ചില്ല.
അദ്ദേഹം ഒരിളംചിരിയോടെ പറഞ്ഞു: ‘‘ആയിക്കോട്ടെടോ. നമ്പൂരീടെ മനസ്സിൽ എന്റെ ഏതോ ക്രൂരത പതിഞ്ഞുകിടപ്പുണ്ടാവും. അതാവും സത്യം.’’ കലാകാരമ്മാര്‌ സത്യം കാണുന്നോരാ. അങ്ങനെമതി. അതു കൊടുത്തേക്ക്‌.

അതേ മുഖചിത്രവുമായി, എന്റെ അവതാരികയുമായി, നല്ല ചിത്രങ്ങളുമായി ‘കുഞ്ഞുണ്ണിക്കവിതകൾ സമ്പൂർന്ന സമാഹാരം’ പുറപ്പെട്ടു. അതിന്‌ അക്കൊല്ലം കവിതയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡ്‌ കിട്ടി (1984).പത്തിരുപതുകൊല്ലം കഴിഞ്ഞ്‌ ഈ അവതാരികാകഥയ്ക്ക്‌ പുതിയൊരു അനുബന്ധം വന്നുചേർന്ന കഥയും രസകരമാണ്‌.ഒരു ദിവസം ഭാഷാപോഷിണിയിൽനിന്ന്‌ കെ.സി. നാരായണൻ വിളിച്ചു. ‘എടോ കാരശ്ശേരി ഞാൻ ഒരു പണി ഏറ്റിരിക്കുകയാ. താനുമായിട്ട്‌ ചില ചർച്ചകളൊക്കെ വേണ്ടിവരും’.

‘എന്താടോ കാര്യം?’
‘കുഞ്ഞുണ്ണിമാഷ്‌ടെ എല്ലാ പുസ്തകങ്ങളും ചേർത്ത്‌ ഒരു സമാഹാരം വരുന്നു. അതിന്‌ അവതാരിക എഴുതണം. പ്രസാധകർ ആദ്യം ചോദിച്ചത്‌ നമ്മുടെ ഹിരണ്യനോടാ... അയാളാ എന്റെപേര്‌ പറഞ്ഞത്‌’
‘വളരെ നന്നായി അതെഴുത്‌. നമുക്കത്‌ ഉഷാറാക്കണം’ 
‘സമ്പൂർണകവിതകൾക്ക്‌ ഞാനല്ലേ അവതാരിക’
‘അതെ’
‘നമുക്കൊന്നിരിക്കണം’

‘പിന്നെന്താ? കുഞ്ഞുണ്ണിമാഷ്‌ടെ ‘നമ്പൂതിരിഫലിത’ത്തിൽ ഒരു വാല്യത്തിന്‌ താനെഴുതിയ അവതാരിക വളരെ നന്നായിരുന്നു ഇതും അതുപോലെ ഇരമ്പണം’
ആ സമാഹരണവും അവതാരികാ രചനയിൽ പുരോഗമിക്കുന്നതിനിടയിൽ മാഷ്‌ മരിച്ചുപോയി (2006).
നാലു ദിവസം കഴിഞ്ഞ്‌ കെ.സി. വിളിക്കുന്നു. ‘എടോ, പ്രശ്നമാണ്‌. സമ്പൂർണസമാഹാരം ഉടനെ ഇറങ്ങണം. പ്രസാധകർക്ക്‌ നിർബന്ധം. പെട്ടെന്ന്‌ എഴുതണമെങ്കിൽ താനാവും നല്ലത്‌ എന്ന്‌ ഞാൻ പറഞ്ഞിട്ടുണ്ട്‌. 

‘കേസീ, അരുത്‌. താൻ തുടങ്ങിയ പണി താൻ തന്നെ തീർക്ക്‌. ഞാനെന്ത്‌ സഹായം വേണമെങ്കിലും’
‘എഴുതിത്തുടങ്ങീന്ന്‌ പറയാൻ വയ്യ. ചില പുസ്തകങ്ങൾ വീണ്ടും വായിച്ചു. പലതും കിട്ടീട്ടില്ല. ചില കുറിപ്പുകൾ എടുത്തു. അത്രേയുള്ളൂ. ഞാൻ തന്റെപേര്‌ പറഞ്ഞിട്ടുണ്ട്‌. അവര്‌ വിളിക്കും. താൻ തടസ്സം പറയരുത്‌.

‘എടോ, ആ കവിതകളെപ്പറ്റി എഴുതാനുള്ളതൊക്കെ ഞാൻ എഴുതീന്നാ തോന്നുന്നത്‌. സമ്പൂർണകൃതികൾ എന്നു പറഞ്ഞാലേ - മാഷ്‌ 88 പുസ്തകമെഴുതിയിട്ടുണ്ട്‌’‘അതൊന്നും വിസ്തരിക്കണ്ട. താൻ കുട്ടിക്കാലം തൊട്ട്‌ കുഞ്ഞുണ്ണിമാഷ്‌ടെ പുസ്തകങ്ങൾ പരിചയിച്ചവനാ. മാഷെപ്പറ്റി ഒരുപാട്‌ എഴുതീട്ടും ഉണ്ട്‌. ആ ‘കാലം നിശ്ചലമാകുമ്പോൾ’ എന്ന ലേഖനം വളരെ നല്ലതാ. ഞാൻ മാതൃഭൂമി വാരാന്തത്തിൽ കൊടുത്തത്‌. താൻ ഇനി വർത്തമാനൊന്നും പറയണ്ട. അത്‌ ഏൽക്ക്‌. ഇല്ലെങ്കിൽ ഞാൻ കുടുങ്ങും. അങ്ങനെ സമ്പൂർണകൃതികളുടെ അവതാരികാകാരനും ഞാനായിത്തീർന്നു!

യൗവനകാലത്തെഴുതിയ ഒന്നാം അവതാരികയും കാൽനൂറ്റാണ്ട്‌ കഴിഞ്ഞെത്തിയ രണ്ടാം അവതാരികയും - അവയുടെ വഴികൾ എത്ര വിചിത്രം, എത്ര യാദൃച്ഛികം! ആ ഊഷ്മള സ്മൃതികളിലെവിടെയോ പഴയൊരു നാട്ടിൻപുറം, നിശ്ശബ്ദമായ രാവ്‌, ഇരുൾമൂടിക്കിടക്കുന്ന പുരാതനമായൊരു തറവാട്‌ വീട്‌, അകത്തെ വിശാലമായ തളത്തിൽ പായയിൽ തിരിഞ്ഞും മറിഞ്ഞും ഉറക്കംവരാതെ ഒരുപാവം പാവാടക്കാരിപ്പെണ്ണ്‌...