വിത കുഞ്ഞുണ്ണിമാഷെ സംബന്ധിച്ച് പുതിയ ആകാശങ്ങളെ കണ്ടുപിടിക്കലാണ്. ലളിതമായ പദാവലികള്‍ ഉപയോഗിച്ചാണ് ഗഹനമായ കവിതകള്‍ അദ്ദേഹം രചിച്ചത്. 

'അകത്തൊരു കടല്‍
പുറത്തൊരു കടല്‍
അവയ്ക്കിടയ്‌ക്കെന്റെ ശരീരവന്‍കര'

മനസ്സിന്റെ ഉള്‍പ്രപഞ്ചത്തെയും ബാഹ്യപ്രപഞ്ചത്തെയും അനുഭവിച്ച്, ഒറ്റപ്പെട്ടുനില്‍ക്കുന്ന കാവ്യവഴിയിലൂടെ അദ്ദേഹം ലോകം കാണുകയാണ്. അവ ലോകത്തിനുനേരേ തുറന്നുവെച്ച കണ്ണാടികളാണ്. കുഞ്ഞുണ്ണിമാഷുടെ കാവ്യവ്യക്തിത്വം തന്റെ വ്യക്തി ജീവിതത്തിന്റെ ഏകാന്തതയിലിരുന്നുള്ള ആത്മരോദനങ്ങളാണെന്നും പറയാം.

'എനിക്ക് പൊക്കം കുറവാ-
ണെന്നെ പൊക്കാതിരിക്കുവിന്‍

എന്നും
പൊക്കമില്ലായ്മയാണെന്റെ പൊക്കം' എന്നും അദ്ദേഹം തന്റെ വ്യക്തിസത്തയുടെ ആത്മഭാവങ്ങള്‍ വിമര്‍ശനാത്മകമായും ഒട്ടുപരിഹാസത്തോടെയും ചൂണ്ടിക്കാണിച്ചു.

'എനിക്കുണ്ടൊരുലോകം
നിനക്കുണ്ടൊരു ലോകം
 നമുക്കില്ലൊരു ലോകം'

ഓരോ വ്യക്തിയും ജീവിതം വീക്ഷിക്കുന്നതും അനുഭവിക്കുന്നതും വ്യത്യസ്ത കണ്ണാടികളിലൂടെയാണ്. രണ്ടുപേര്‍ക്ക് ഒരിക്കലും തങ്ങളുടെ ജീവിതപരിസരത്തെ ഒരു പോലെ കാണാനാവില്ല. ഭാഷയും വ്യക്തിഗതമാണ്. 'ആറുമലയാളിക്ക് നൂറു മലയാളം' എന്ന കുഞ്ഞുണ്ണിച്ചൊല്ല് ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്.

'എനിക്ക് മോഹം-
വലിയൊരു മോഹം
എനിക്ക് ഞാനൊരു 
കവിതയാകണം'

താന്‍ തന്നെ ഒരു കവിതയാകണമെന്ന് കുഞ്ഞുണ്ണി മാഷ് മോഹിച്ചു. എനിക്കുള്ള കവിത ഞാന്‍ തന്നെ'യെന്ന് അദ്ദേഹം ജീവിതം കൊണ്ട് തെളിയിച്ചു.

'ഒരു വളപ്പൊട്ടുണ്ടെന്‍ കൈയില്‍
ഒരു മയില്‍പ്പീലിയുണ്ടെന്നുള്ളില്‍
വിരസനിമിഷങ്ങള്‍ സരസമാക്കാനിവ
ധാരാളമാണെനിക്കിന്നും'

അദ്ദേഹത്തിന്റെ കവിതകളിലും ജീവിതത്തിലും കുട്ടിത്തത്തിന്റെ നിഷ്‌കളങ്കത നിറഞ്ഞുനിന്നു. തന്റേതായ ഒരു കാവ്യശൈലി അദ്ദേഹം വികസിപ്പിച്ചു.

'മനസ്സല്ലോ പരിസര-
മതുശുദ്ധീകരിക്ക നാം.'


നമ്മുടെ മനസ്സാണ് ജീവിതാനുഭൂതികള്‍ ഏറ്റുവാങ്ങുന്നത്. മനസ്സിലുള്ള ദുഷ്ചിന്തകളെ ഇല്ലാതാക്കിയാലേ സമൂഹത്തില്‍ വ്യക്തി ശുദ്ധീകരിക്കപ്പെടുകയും അംഗീകരിപ്പെടുകയുമുള്ളൂ.
 

'നല്ല വാക്കും നല്ല നോക്കും
നല്ല പോക്കും ജീവിതമയ്യാ 
നന്നായി'

എന്ന് കവി എഴുതി. വാക്കും നോക്കും പ്രവൃത്തിയും നന്നാകണണമെന്ന് കവി ആശിച്ചു. ജീവിതം ശ്രേഷ്ഠമാകുന്നത് അപ്പോഴാണ്.

'നമ്മള്‍ നന്നാകുവാനെന്തു നല്ലൂ
നല്ലൊരു ചൂലു മനസ്സില്‍ നല്ലൂ'

നമ്മള്‍ നന്നാവണമെങ്കില്‍ നല്ലൊരുചൂലു മനസ്സില്‍ കരുതണം. മനസ്സ് വൃത്തിയാക്കിക്കൊണ്ടിരിക്കണം.

'വലിയൊരു ലോകം 
നന്നാകാന്‍
ചെറിയൊരു സൂത്രം 
ചെവിയിലോതാം ഞാന്‍
സ്വയം നന്നാവുക'

സമൂഹം നന്നാകണമെങ്കില്‍ ആദ്യം വ്യക്തികള്‍ നന്നാകണം. വ്യക്തി കുടുംബത്തെ നന്നാക്കണം. സമൂഹം നന്നായിക്കൊള്ളും.
മടിയന്മാരുടെ ലോകത്തെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് നേരിയ പരിഹാസത്തോടെ കവി നുള്ളി നോവിക്കുന്നത് നോക്കൂ:

'ഒരു തീപ്പെട്ടി
ക്കൊള്ളി തരൂ
കൂടു തരൂ 
ഒരു ബീഡിതരൂ
വിരലു തരൂ 
ചുണ്ടു തരൂ
ഞാനൊരു ബീഡി 
വലിച്ചു രസിക്കട്ടെ'

അധ്വാനിക്കുകയും പ്രായോഗികജീവിതം നയിക്കുകയും ചെയ്തില്ലെങ്കില്‍ ജീവിതത്തില്‍ വിജയിക്കുകയില്ല. എല്ലാം 'റെഡിമെയ്ഡായി' ലഭിക്കുന്നത്, ജീവിതത്തെ ആലസ്യത്തിലാഴ്ത്തുമെന്ന് കവി തിരിച്ചറിയുന്നുണ്ട്.

'അമ്മ മമ്മിയായന്നേ മരിച്ചു മലയാളം'
കവി എഴുതി. നമ്മുടെ നാടോടിത്തനിമകള്‍ നമുക്കു നഷ്ടമാകുന്നു. മലയാളം മരിക്കരുത്. നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കാനുള്ള ഓരോ പൗരന്റെയും കടമയിലേക്ക് കവി വിരല്‍ചൂണ്ടുകയാണ്.

'ജനിക്കുംതൊട്ടെന്‍ മകനിംഗ്ലീഷ് പഠിക്കണം
അതിനാല്‍ ഭാര്യതന്‍ പേറ-
ങ്ങിംഗ്ലണ്ടില്‍ തന്നെയാക്കി ഞാന്‍'

എന്ന വരികളിലെ പരിഹാസം നാം തിരിച്ചറിയണം.

മാതൃഭാഷ അഭ്യസിക്കണം. മാതൃഭാഷയില്‍ക്കൂടി വിദ്യാഭ്യാസം ചെയ്യണം. അതുകഴിഞ്ഞേ മറ്റു ഭാഷകള്‍ക്ക് പ്രാധാന്യം കൊടുക്കാവൂ. 
കപടരാഷ്ട്രീയമുഖങ്ങള്‍ കവിയെ ആകുലചിത്തനാക്കുന്നു. മലീമസമായ രാഷ്ട്രീയകാപട്യങ്ങള്‍ക്കെതിരായി ഒന്നും ചെയ്യാനാവുന്നില്ലല്ലോയെന്ന ചിന്ത കവിയെ രോഷംകൊള്ളിക്കുന്നു.

'നേതാക്കന്മാരേ, നിങ്ങളാത്മഹത്യ ചെയ്യുവിന്‍
എന്തുകൊണ്ടെന്നാല്‍
എനിക്കു നിങ്ങളെ കൊല്ലാനുള്ള 
കഴിവില്ല'

രാഷ്ട്രീയകപടതകളെ തുറന്നു കാണിക്കുകയാണ് ഈ വരികളിലൂടെ കവി. 

'വിപ്‌ളവം സര്‍വരുമുത്സാഹപൂര്‍വം
നടത്തേണ്ടൊരുത്സവ
'മെന്നും
സാമൂഹികമാറ്റത്തെക്കുറിച്ച് കവി എഴുതി.  വിപ്‌ളവം മാറ്റമാണ്. ഒരുമയോടെ നടത്തേണ്ട ഒരുത്സവമാണത്. സാമൂഹികമാറ്റങ്ങള്‍ രക്തം ചിന്തി ഉണ്ടാവേണ്ടതല്ല. കൊന്നും കൊലവിളിച്ചും നേടേണ്ടതല്ല.

'തീയിന്നെന്തേപൂവിന്‍ നിറം
പൂവിന്നെന്തേ തീയിന്‍ നിറം'

പൂവാണെന്ന് വിചാരിച്ച് തീയാണ് നാം സ്പര്‍ശിക്കുന്നത്. പൂവിന് തീയുടെ നിറമാണ്. ഒരുപക്ഷേ, പിച്ചിച്ചീന്തപ്പെടുന്ന ബാല്യത്തെ ഉദ്ദേശിച്ചായിരിക്കണം കവി ഈ വരികള്‍ കുറിച്ചത്. ചതിയുടെയും അക്രമത്തിന്റെ കാലം കവിയെ ചിന്താകുലനാക്കുന്നു.

'അമ്മ പേറ്റുനോവറിയണം
മക്കള്‍ പോറ്റു നോവറിയണം'

അമ്മത്തൊട്ടിലുകളും വൃദ്ധസദനങ്ങളും സാമൂഹികബന്ധങ്ങളിലെയും കുടുംബബന്ധങ്ങളിലെയും ജീര്‍ണതകളെയാണ് കാണിക്കുന്നത്. സ്‌നേഹബന്ധങ്ങള്‍ ചങ്ങലക്കെട്ടുകളാകരുത്. അത് ദീപ്തമായ കാരുണ്യത്തിന്റെ പ്രവാഹമാകണം. നിരാശ്രയരായ അമ്മമാരുടെയും മക്കളുടെയും സ്ഥിതി കവി തിരിച്ചറിയുന്നു. നമ്മെ വളര്‍ത്തി വലുതാക്കിയ ബന്ധുക്കളെ നാം പോറ്റണം. അമ്മയും അച്ഛനും മക്കളുടെ  ദയാരഹിതമായ പെരുമാറ്റത്തിന് പാത്രമാകരുത്.

'അമ്പത്താറക്ഷരമല്ല
അമ്പത്തൊന്നക്ഷരവുമല്ലെന്റെ മലയാളം
മലയാളമെന്ന നാലക്ഷരവുമല്ല
അമ്മ എന്ന ഒരൊറ്റക്ഷരമാണ്
മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്റെ മലയാളം'
 എന്ന് അമ്മയെപ്പറ്റിയും മലയാള ഭാഷയെപ്പറ്റിയും കവി എഴുതി.

കുട്ടികള്‍ വിടരുന്ന മൊട്ടുകളാണ്. കുട്ടികളുമായുള്ള ചങ്ങാത്തവും കുട്ടികളെപ്പോലുള്ള ചില ശീലങ്ങളും അദ്ദേഹത്തെ മലയാളികളുടെ പ്രിയങ്കരനായ കവിയാക്കി.
'കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്ക് രസീച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍'

എന്നദ്ദേഹം കൊതിച്ചു. 'കുഞ്ഞുണ്ണിമാഷും കുട്ട്യോളും' എന്നൊരു പ്രയോഗം തന്നെയുണ്ടായി. അദ്ദേഹം മരിക്കുന്നതുവരെ ഇളംതലമുറയോടു സംവദിച്ചു.

Content Highlights: kunjunni mash kavitha, Oonu Thotturakkam Vare, Pazhamozhi Pathayam, Kunjunniyude Kavithakal, Kadankathal, Vithum Muthum, Kutti Pencil