ലയാളകവിതയില്‍ വ്യതിരിക്തമായ ഒരു ശൈലിയിലൂടെ ഹ്രസ്വവും ചടുലവുമായ കവിതകള്‍ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായ കുഞ്ഞുണ്ണിമാഷ് ഓര്‍മയായിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. കുഞ്ചന്‍ നമ്പ്യാരുടെ ഭാഷാശാസ്ത്രത്തില്‍ ആകൃഷ്ടനായിരുന്ന കുഞ്ഞുണ്ണിമാഷ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ തുള്ളല്‍ക്കഥകള്‍ സ്വയം എഴുതി അവതരിപ്പിച്ചിരുന്നു. അലങ്കാരനിബിഢമായ കവിതകളെ തീര്‍ത്തും മാറ്റിനിര്‍ത്തിക്കൊണ്ട് കാര്യമാത്രപ്രസക്തിയെ ചൂണ്ടിക്കാണിക്കുവാനുള്ള മാധ്യമമായി കവിതയെ ഉപയോഗപ്പെടുത്തിയത് കുഞ്ഞുണ്ണി മാഷാണ്. അത്തരത്തില്‍ കവിതയെ സാമൂഹികവല്‍ക്കരിക്കുകയാണ് അദ്ദേഹം ചെയ്തത്. മുതിര്‍ന്നവര്‍ക്കുള്ള ഉപദേശവും കുട്ടിക്കള്‍ക്കുള്ള സരസതയും കുഞ്ഞുണ്ണിക്കവിതകളുടെ ഉള്ളടക്കങ്ങളായിരുന്നു. 'എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം' എന്ന വരികള്‍ തന്നെ ഉത്തമ ഉദാഹരണമാണ്. 

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന പേരില്‍ പംക്തികള്‍ എഴുതുകയും സാഹിത്യകുതുകികളായ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു കുഞ്ഞുണ്ണി മാഷ്. അദ്ദേഹത്തിന്റെ ചില വരികള്‍ ഓര്‍മിക്കാം.  

സത്യമേ ചൊല്ലാവൂ
ധര്‍മ്മമേ ചെയ്യാവൂ
നല്ലതേ നല്‍കാവൂ
വേണ്ടതേ വാങ്ങാവൂ

ഒരു വളപ്പൊട്ടുണ്ടെന്‍ കയ്യില്‍
ഒരു മയില്‍പ്പീലിയുണ്ടെന്നുള്ളില്‍
വിരസ നിമിഷങ്ങള്‍ സരസമാക്കുവാ
നിവ ധാരാളമാണെനിക്കെന്നും.

ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാല്‍

ഉടുത്ത മുണ്ടഴിച്ചിട്ടു
പുതച്ചങ്ങു കിടക്കുകില്‍
മരിച്ചങ്ങു കിടക്കുമ്പോ
ഴുള്ളതാം സുഖമുണ്ടിടാം.

എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകലാനിടമില്ലെന്നതുവരെ.

എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം.

കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോള്‍
ഞാനുമില്ലാതാകുന്നു

മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊരിത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതം എന്നാല്‍ പരമാനന്ദം

കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍.

Content Highlights: Kunhunni Master 15 Death Anniversary