imageഥയില്ലാതെ ദേശമില്ല. കഥ കേള്‍ക്കാതെ ഒരു ജീവിതവും കടന്നു പോകുന്നുമില്ല. മനുഷ്യ ജീവിതവും അവന്റെ പരിസരങ്ങളും കഥക്ക് വിഷയമാകുമ്പോഴും ചിലരുടെ ജീവിതം ഏതു കഥയെയും വെല്ലുന്നതായി പരിണമിക്കപ്പെടുന്നുമുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ കഥ പറഞ്ഞു തുടങ്ങിയ എറനാട്ടുകാരന്‍ അബു ഇരിങ്ങാട്ടിരിയും കൗമാരത്തില്‍ തന്നെ ദേശാന്തരങ്ങളിലൂടെ യാത്ര തുടങ്ങിയ കോഴിക്കോട്ടുകാരന്‍ ഷെയിഖ് റഫീഖും അബുവിന്റെ പ്രവാസത്തിന്റെ അവസാന യാമത്തില്‍ കണ്ടുമുട്ടിയപ്പോള്‍ പുരുഷായുസില്‍ പറഞ്ഞാല്‍ തീരാത്ത കഥകളിലേക്ക് ഒരു ജാലകം തുറക്കുകയായിരുന്നു.  ഷെയിഖ് റഫീഖിനെ വായിച്ചും കേട്ടും മാത്രമറിഞ്ഞ അബു ഇരിങ്ങാട്ടിരി സുഹൃത്തുക്കളായ ഡോ.ഇസ്മായില്‍ മരിതേരിയോടും വി.ഖാലിദിനോടുമൊപ്പം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. ഖാലിദിനെ നേരത്തെ പരിചയമുള്ള ഷെയിഖ് റഫീഖ് പക്ഷെ ഖാലിദിന്റെ പ്രവാസത്തിന്റെ ദൈര്‍ഘ്യം കേട്ടപ്പോള്‍ ഞെട്ടി പോയി . അത് ഷെയിഖ് റഫീഖിന്റെ പ്രായത്തോളം വരുന്നതായിരുന്നു. നാല്‍പത്തിമൂന്ന് വര്‍ഷം. 

എഴുത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതത്തെ പ്രവാസത്തിലേക്ക് തിരിച്ചു വിട്ട കാല്‍ നൂറ്റാണ്ടു മുമ്പുള്ള കാലത്തെ കുറിച്ചായിരുന്നു അബു പറഞ്ഞത്. എന്നാല്‍ നിങ്ങളുടെ പ്രവാസമൊന്നും പ്രവാസമല്ലെന്നും പലസ്തീനിയും സിറിയക്കാരനും അനുഭവിക്കുന്ന പ്രവാസത്തെ കുറിച്ച് പഠിക്കാന്‍ സമയം കണ്ടെത്തണമെന്നും പറഞ്ഞു കൊണ്ടായിരുന്നു ഷെയിഖ് റഫീഖ് തന്റെ കഥയിലേക്ക് കടന്നത്. തന്റെ പ്രവാസത്തിന് യഥാര്‍ഥ പ്രവാസത്തിന്റെ എല്ലാ അര്‍ഥ തലങ്ങളുമുണ്ടെന്ന് അദ്ദേഹം മുഖുവുര കുറിച്ചു. 

പതിനേഴാം വയസില്‍ കോഴിക്കോട് നിന്ന് യാത്ര. മനസില്‍ ടൈംപീസുമായി മനുഷ്യര്‍ പായുന്ന മുംബൈയുടെ തെരുവുകളിലൂടെയുള്ള അലച്ചില്‍. പെട്ടെന്ന് അറേബ്യന്‍ പ്രവാസത്തിലേക്ക് ഒരു ചാട്ടം. മക്കയിലെത്തി. കച്ചവടം ചെയ്തു. ആ പ്രവാസത്തിന് ആയുസ് കുറവായിരുന്നു. ഏതെല്ലാമോ ദേശങ്ങള്‍ മാടി വിളിക്കുന്നതു പോലെ ഒരു തോന്നല്‍. ഒരിടത്തും ഇരിപ്പുറയ്ക്കാതെ ദേശാന്തരങ്ങള്‍ തേടുന്ന മനസ്. പുതിയ കാഴ്ചകള്‍ കാണാനും അനുഭവിക്കാനുമുള്ള വെമ്പല്‍. സൗദിയില്‍ നിന്ന് മടക്കം. മുംബെയിലെ രാപ്പകലുകളിലെ  വിപുല സൗഹൃദ വലയത്തില്‍ കലാകാരന്‍മാരും എഴുത്തുകാരും.  ജീവിതം പഠിപ്പിച്ച സര്‍വകലാശാലയായിരുന്നു മുംബൈയെന്നും പി.എച്ച്.ഡി എടുത്തത് ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള യാത്രകളിലൂടെയാണെന്നും ചിരിച്ചു കൊണ്ടു പറഞ്ഞ ഷെയിഖ് റഫീഖ്, ഇസ്മയില്‍ മരിതേരിയുടെ ഡോക്ടേറ്റിനെ കുറിച്ചും പഠിപ്പിക്കുന്ന വിഷയത്തെ കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു. 

ചേറുമ്പിന്റെ കഥ പറഞ്ഞ അബു താന്‍ ഇനിയും പറയാന്‍ ബാക്കി വെച്ച കഥകളില്‍ തീര്‍ച്ചയായും താങ്കള്‍ കടന്നു വരുമെന്ന് ഷെയിഖ് റഫീഖിനോട് പറയുമ്പോള്‍ സമയം രാത്രി പന്ത്രണ്ട്. അന്നേരം ഷെയിഖ് റഫീഖ് മുംബൈയില്‍ നിന്ന് ഇറാനില്‍ എത്തിയിട്ടേയുള്ളു. ഇറാനില്‍ നിന്ന് കുങ്കുമപൂവുകളുടെ കയറ്റുമതിയായിരുന്നു ലക്ഷ്യം. എന്നാല്‍ അതു നടന്നില്ല. പിന്നീട് റഷ്യയിലേക്കും അവിടെ നിന്ന് കിർഗിസ്ഥാനിലേക്കും യാത്ര. ഗൊര്‍ബച്ചേവ് റഷ്യയുടെ ഭൂപടം മാറ്റി വരക്കുന്നതു വരെ വിശാല റഷ്യയില്‍ നിന്നുള്ള എണ്ണ പൈപ്പുകള്‍ കടന്നു പോയിരുന്നത് കിര്‍ഗിസ്ഥാന്റെ മണ്ണിന് അടിയിലൂടെയായിരുന്നു. ആ പൈപ്പുകള്‍ കാലം ചെന്നപ്പോള്‍ പഴയ ഇരുമ്പായി മാറി. പൈപ്പുകള്‍ എടുത്ത് വില്‍ക്കുകയായിരുന്നു കിര്‍ഗിസ്ഥാന്‍ യാത്രയുടെ ലക്ഷ്യം. 

നിരവധി രാപ്പകലുകള്‍ ഈ പദ്ധതിയുടെ വിജയത്തിനായി ചെലവഴിച്ചു. ധാരാളം പണവും. വിജയം കണ്ടാണ് അവസാനിപ്പിച്ചത്. അപ്പോഴേക്കും കിര്‍ഗിസ്ഥാനില്‍ പൗരത്വം ലഭിച്ചിരുന്നു. തിരക്കിട്ട യാത്രകളായിരുന്നു പിന്നീട്. വീണ്ടും ഇറാനില്‍. അവിടെയും ചില വ്യവസായ സംരഭങ്ങള്‍. അതിനിടയില്‍ ഇറാനില്‍ നിന്ന് സഫലമാകാത്ത ഒരു പ്രണയ നൊമ്പരം.  ഇതോടെ ഒരു ഇറാന്‍ വംശജയെ തന്നെ വിവാഹം കഴിക്കണമെന്ന തോന്നല്‍ ബലപ്പെട്ടു. തോറ്റു പിന്‍മാറാത്ത മനസിന്റെ തീരുമാനം. അമേരിക്കയില്‍ സ്ഥിര താമസക്കാരായ ഇറാനിയന്‍ കുടുംബത്തില്‍ നിന്ന് പിന്നീട് കദിയ എന്ന യുവതിയെ  വിവാഹം ചെയ്തു. ഏക മകന്‍ റോബിന് ഇന്ത്യന്‍ പാസ്പോര്‍ട്ട് . തന്റേത് ഒരു ഗ്ലോബല്‍ ഫാമിലിയാണെന്ന് ഷെയിഖ് റഫീഖ്.

നാലാം ക്ലാസ് വരെ മാത്രം  പഠിച്ച് കോഴിക്കോട്ടെ ഒരു ഗ്രാമത്തില്‍ നിന്ന് തുടങ്ങിയ യാത്ര നല്‍കിയ വിദ്യാഭ്യാസം ചെറുതല്ലെന്ന് ഇറാനിയും ഉറുദുവും അറബിയും ഇംഗ്ലീഷും അടക്കം പന്ത്രണ്ടോളം ലോക ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന ഷെയിഖ് റഫീഖ് പറഞ്ഞവസാനിപ്പിക്കുമ്പോള്‍ പ്രവാസത്തിന്റെ മറു പുറത്ത് ചെറുമ്പ് ദേശത്ത്  കഥകളുടെ തമ്പ്രാന്‍ ഖലീഫയായി ജീവിക്കാന്‍ യാത്ര തിരിക്കുന്ന അബുവിന്റെ മനസില്‍ പുതിയ ഒരു കഥ രൂപപ്പെടുകയായിരുന്നു. ഒ.ഹെന്റി പറഞ്ഞതു പോലെ കഥകള്‍ അങ്ങനെയായിരിക്കണം. അവസാനിക്കുന്നിടത്ത് നിന്ന് തുടങ്ങണം. പിന്നീട് അത് വായനക്കാരന്റെ മനസില്‍ ഒരു പല്‍ ചക്രം പോലെ  കറങ്ങണം. ജിദ്ദയില്‍ നിന്ന് ഏറനാട്ടിലേക്കും ഇറാനിലേക്കും കിര്‍ഖിസ്ഥാനിലേക്കും കോഴിക്കോട്ടേക്കും റഷ്യയിലേക്കും പിന്നെ ദേശാന്തരങ്ങളില്‍ നിന്ന് ദേശാന്തരങ്ങളിലേക്കും കഥകള്‍ സഞ്ചരിച്ചു കൊണ്ടിരിക്കും.