പരമ്പരാഗത ചരമോപചാരങ്ങളും അനുശോചനങ്ങളും തോർന്നിട്ടും ആത്മബന്ധത്തിന്റെ ഇടനാഴികളിൽ ഇപ്പോഴും വിങ്ങലുണ്ട്. യു.എ. ഖാദർ എന്ന അത്യപൂർവനായ എഴുത്തുകാരനെക്കുറിച്ച് അല്പം വൈകിയെഴുതിയ കുറിപ്പാണിത്

ഉമ്മ മരിച്ച, ചെരങ്ങും ചൊറിയും പിടിച്ച കുഞ്ഞുമായി ഒരു ഉപ്പ ലോകയുദ്ധകാലത്ത് ബർമയിൽനിന്ന് മലബാറിലേക്ക് ഓടിയെത്തുന്നു. കുഞ്ഞിനെ കേരളനാട് സ്നേഹോഷ്മളമായി പോറ്റി വളർത്തുന്നു. ഹൃദയംനിറഞ്ഞ കടപ്പാടുമൂലമാകാം ഒന്നിനുമാത്രം പോന്ന അവൻ യു.എ. ഖാദർ എന്നപേരിൽ, തന്നെ താനാക്കിയ നാടിന്റെ ഐതിഹ്യമെഴുതുന്നു. തത്ഫലമായി, കാലമേറെക്കഴിഞ്ഞാറെ യു.എ. ഖാദറും ഏറ്റുപിടിക്കുന്നു. ഓലച്ചൂട്ട് തെറയോ നട, വരോളിക്കാവിലമ്മേ ഓയിനട, നടോയിനട തുടങ്ങിയ മനോഹരമായ വായ്ത്താരികൾ മലയാളത്തിന് ലഭിക്കുന്നു.

ഹൃദയഹാരിയായ ഈ ജീവചരിത്രത്തിനുപിറകിൽ പക്ഷേ, വേദനപൊടിയുന്ന ഏടുകളുണ്ട്. അമ്മ​യെ നഷ്ടപ്പെട്ട് അന്യനാട്ടിലെത്തിയ കുട്ടിയുടെ ആശാവഹമല്ലാത്ത അനുഭവവഴികളാണത്. ഉമ്മാമ്മയുടെ കരുതലിനെ കവച്ചുവെച്ചും അവനിലേക്കെത്തുന്ന ചുളിഞ്ഞ നോട്ടങ്ങൾ, പരിഹാസഹാസങ്ങൾ, പള്ളക്കവിളിൽ പലരുടെയും പിച്ചും നുള്ളും... ഒരിക്കൽ വിവാഹസത്കാരത്തിന് പോകാൻ ബസിൽ കയറിയപ്പോൾ ‘കുട്ടികളെല്ലാം സീറ്റൊഴിയിൻ, ഉമ്മമാരുടെ മടിയിൽ ഇരിക്കിൻ’ എന്ന് കണ്ടക്ടർ കയർത്തപ്പോൾ എന്താണ് ചെയ്യേണ്ടതെന്നറിയാതെ താൻ അന്തിച്ചത് യു.എ. ഖാദർ ഓർക്കുന്നുണ്ട്. ഈ തരത്തിൽ അന്യവത്കരിക്കപ്പെടുന്ന മനസ്സുകളുടെ പ്രമുഖ ഡിഫെൻസ് മെക്കാനിസമാണല്ലോ ചുറ്റുവട്ടത്തെ അങ്ങോട്ടുചെന്ന് കെട്ടിപ്പിടിക്കൽ. അങ്ങനെ അദ്ദേഹം തനിക്ക് അനുവദിച്ചുകിട്ടിയ നാടിനെ പരമാവധി സ്നേഹാശ്ലേഷത്തിന് വിധേയമാക്കിയതിന്റെ സന്താനലബ്ധികളാണ് തൃക്കോട്ടൂർ പുരാവൃത്തങ്ങൾ. അവിടെ അരയാൽച്ചുവട്ടിൽ വിഷംതീണ്ടിച്ചത്ത തട്ടാൻ ഇട്ട്യേമ്പിയുണ്ട്, ചന്തയിൽ ചൂടിവിറ്റ് നടക്കുന്ന ജാനകിയുണ്ട്, ചിങ്ങപുരം കളരിയിൽ തലചുറ്റിവീണുമരിച്ച ഹൈദർ ഹാജിയുണ്ട്, കണ്ടാൽ കണ്ടത് വിളിച്ചുപറയുന്ന കുട്ട്യേമി മാപ്പിളയുണ്ട്, പാലത്തിൻചുവട്ടിൽ ശവമായി പൊന്തിക്കിടന്ന കുഞ്ഞിക്കണ്ണൻ സെറാപ്പുണ്ട്, ആണുങ്ങളെ നാണിപ്പിക്കുന്ന ശക്തിസ്വരൂപിണികളായ നാണിമാരുണ്ട്...

thrikotoor peruma
തൃക്കോട്ടൂർ പെരുമ

ഞങ്ങൾക്ക് ഞങ്ങളെക്കുറിച്ച് പറയാനുള്ളത് ഞങ്ങൾ പറയട്ടെ എന്ന ദേശസ്വത്വത്തിന്റെ കലർപ്പറ്റ തോറ്റങ്ങളായിരുന്നു സത്യത്തിൽ ഖാദർസാഹിത്യം. ആധുനികത അവതരിച്ചിട്ടും ഉത്തരാധുനികത മേക്കിട്ട് കയറിയിട്ടും യു.എ. ഖാദർ ഗൗനിച്ചതേയില്ല. കാഫ്ക, കാമു, ലെവിസ്‌ട്രോസ്, ഉമ്പർട്ടോ എക്കോ എന്നെല്ലാം ആ മനുഷ്യൻ കേട്ടിരിക്കാം. പക്ഷേ, കേട്ടഭാവം നടിച്ചിട്ടില്ല. കാരണം, അദ്ദേഹത്തിനകത്തെ മാതൃദേശനഷ്ടക്കാരന് പിതൃനാടിനെ കൂട്ടിപ്പിടിക്കാനുള്ള സ്നേഹപ്രകടനംമാത്രമായിരുന്നു സാഹിത്യമെഴുത്ത്.

എന്നിട്ടും ഉമ്മച്ചി കൊച്ചിലേ മരിച്ചുപോയവന്റെ അനാഥത്വം, അതിൽനിന്ന് നിഷ്പന്നമാകുന്ന ആരും തന്നെ സ്നേഹിക്കുന്നില്ലല്ലോ, പരിഗണിക്കുന്നില്ലല്ലോ എന്ന ആധി യു.എ. ഖാദറിനെ അവസാനംവരെ പിന്തുടർന്നിരുന്നു. ആ വിങ്ങൽ അദ്ദേഹം പരാതിയായും പരിഭവമായും പലരുമായും പങ്കുവെച്ചിരുന്നു. ഈ ലേഖകനുമായും പങ്കുവെച്ചിരുന്നു. മൂന്നാം വയസ്സിൽ അച്ഛൻ മരിച്ച് അമ്മയ്ക്കൊപ്പം കാൺപുരിൽനിന്ന് പൊന്നാനിക്കെത്തിയ എനിക്ക് കാദർക്കയുടെ മാനസികാവസ്ഥ ശരിക്കും മനസ്സിലായിരുന്നു. ആ മനസ്സിലാക്കലിന്റെ അലിയലിൽനിന്നായിരുന്നു ഖാദർകൃതിയെക്കുറിച്ച് എഴുതാൻ ഒരിക്കൽ എനിക്ക് പെട്ടെന്ന് തോന്നിയത്. അങ്ങനെ ‘പുരാവൃത്തത്തിന്റെ ഓലച്ചൂട്ടുകൾ’ പ്രസിദ്ധീകരിച്ചുവന്നു. സ്പെക്ടാക്കുലർ എന്നു പറഞ്ഞാൽ മാത്രം അർഥം പൂർത്തിയാവുന്ന തരത്തിലായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ സമീപനമാറ്റം. പി.കെ. പാറക്കടവിനെയോ യു.കെ. കുമാരനെയോപോലെ വലിയ വ്യക്തിബന്ധം ഇല്ലാതിരുന്നിട്ടും പുത്രനെ കണ്ടെത്തിയ പിതാവിന്റെ ആവേശത്തോടെ ഖാദർക്ക എന്നെ വിളിച്ചു. ആഹ്ലാദാതിരേകത്താൽ ഫോൺ റസീവറിനെ വെടിക്കെട്ടാക്കി മാറ്റി. അടുത്തനാൾ ഒരു പരിപാടിക്ക് കണ്ടുമുട്ടിയപ്പോൾ മറ്റുള്ളവരെ വിട്ട് അദ്ദേഹം എന്റെ സമീപത്ത് വന്നു. മൃദുത്ത സ്പോഞ്ച് വിരലുകളാൽ എന്റെ വലതുകൈ പിടിച്ചെടുത്തു. നന്നായി, നന്നായി എന്ന് മന്ത്രിച്ചു. പിന്നീട് മറ്റൊരു സന്ദർഭത്തിൽ ആളൊഴിഞ്ഞ് കിട്ടിയപ്പോൾ ആ വിഷയം വീണ്ടും ഇങ്ങനെ എടുത്തിട്ടു.

‘പൊതുവേ എഴുത്തുകാർക്ക് എന്നെക്കുറിച്ച് പരാമർശിക്കാൻ മടിയാണ്. പലപ്പോഴും അവർ എന്റെ പേര് പറയാൻ മറന്നുപോകും. എന്നിട്ടും രാമനുണ്ണി...’

പരന്നുവിളർത്ത വദനം ചുവന്നുകയറി. ചീമ്പ്രൻ കണ്ണിൽ ജലം പൊടിഞ്ഞു. ബർമക്കാരി ഉമ്മ മാമൈദി കരയുമ്പോൾ ഇങ്ങനെയായിരിക്കുമോ എന്ന് ഞാൻ ചിന്തിച്ചുപോയി.

വർഷങ്ങൾക്കുശേഷം ഏതോ ആണ്ടറുതിക്ക് മലയാളനോവലുകളെക്കുറിച്ച് എവിടെയോ ഒരു ക്ഷിപ്രാവലോകനം പി.കെ. രാജശേഖരൻ നടത്തി. ഛേ, ചരമവാർഷികത്തെക്കുറിച്ചും മറ്റും നല്ലത് എഴുതിയിട്ടുള്ള അദ്ദേഹം എന്നെ പരാമർശിച്ചില്ലല്ലോ. കൊച്ചിലേ അച്ഛൻ നഷ്ടപ്പെട്ട ചെക്കന് മുറിവേറ്റ് ഞാൻ രാജശേഖരനെ വിളിച്ചു. വിഷയം സൂചിപ്പിക്കാൻ മുതിർന്നതേയുള്ളു. അദ്ദേഹം വിഷമിച്ച് പറഞ്ഞു:

‘‘അയ്യോ, രാമനുണ്ണീ. ദയവുചെയ്ത് ഇക്കാര്യം സംസാരിക്കരുത്. ഇപ്പൊ ഖാദർക്കയുടെ അടുത്തുനിന്ന് വയറുനിറച്ച് കിട്ടിയതേയുള്ളൂ. അദ്ദേഹത്തെയും വിട്ടുപോയിരുന്നു. പലരെയും വിട്ടുപോയിട്ടുണ്ട്’’

സ്നേഹലഭ്യതയിൽ കുറവുവന്നാൽ പരിഭവിക്കുമെങ്കിലും മറ്റുള്ളവർക്ക് അത് കിട്ടുന്നതിൽ യു.എ. ഖാദർ അസഹിഷ്ണുവായിരുന്നില്ല. ഒരിക്കൽ മണ്ണിന്റെ ചൂരുള്ള ഗ്രാമോത്സവത്തിന് പുരാവൃത്തകാരനെ ഉദ്ഘാടകനായിക്കിട്ടാൻ ഒരാൾ പൊക്കുന്നിലെ ‘അക്ഷര’യിലെത്തി. കോഴിക്കോട്ടെ ഒരു പ്രധാന എഴുത്തുകാരനും ശുപാർശക്കായി കൂടെച്ചെന്നിരുന്നു. സംപ്രീതനായി, സസന്തോഷം അദ്ദേഹം ക്ഷണം സ്വീകരിച്ചു. എന്നാൽ, അവർ ഇറങ്ങാൻനേരത്ത് ഇങ്ങനെ പറഞ്ഞു:

‘‘ഞാൻ എന്തായാലും പരിപാടിക്കുവരും. നമുക്ക് ഗംഭീരമാക്കുകയും ചെയ്യാം. പക്ഷേ, അറിയാൻവേണ്ടി ചോദിക്കുകയാണ്, എം.ടി.ക്കും തിക്കോടിയനും ഒഴിവില്ലാത്തതുകൊണ്ടായിരിക്കില്ലേ നിങ്ങൾ ഇങ്ങോട്ടുവന്നത്’’

അതെ, എപ്പോഴും രണ്ടാമൂഴക്കാരനോ മൂന്നാമൂഴക്കാരനോ ആയിപ്പോകുന്ന അന്യനാണ് താനെന്ന് തലകുത്തിമറിഞ്ഞ് നാടിനെ സ്നേഹിച്ചിട്ടും യു.എ. ഖാദറിന് തോന്നിയിരുന്നു. പള്ളിപ്പറമ്പിലെ മണ്ണേ, വരോളിക്കാവിലെ ഉത്സവം കൊടിയേറിയാലുള്ള നിയമം പരിപാലിച്ചേക്കണേ. നീ ഏതാ, എവിടുന്നാ എന്നൊന്നും അദ്ദേഹത്തിന്റെ മയ്യത്തിനോട് ചോദിച്ചേക്കരുതേ. മംഗോളിയൻ മുഖച്ഛായയുണ്ടെങ്കിലും ഇത് നമ്മുടെ നാടിന്റെ ഉയിരുകണ്ട പ്രിയപുത്രൻ.

യു.എ. ഖാദറിന്റെ പുസ്തകങ്ങൾ വാങ്ങാം

Content Highlights: KP Ramanunni Remembers Writer UA Khader Malayalam Literature