ണ്ഡശ്ശ: പ്രസിദ്ധീകരിക്കുവാനായി ഐതിഹ്യമാല രചിച്ചുതുടങ്ങുകയും തന്റെ ജീവിതാവസാനം വരെ, എൺപത്തിരണ്ടു വയസ്സുവരെ, ഐതിഹ്യമാലരചന മുടക്കമേതുമില്ലാതെ തുടരുകയും ചെയ്ത മഹനായ സാഹിത്യകാരനും ഭാഷാ സ്നേഹിയുമായിരുന്ന കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ എൺപത്തിനാലം ചരമവാർഷികദിനമാണ് ജൂലായ് 22. കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന പേര് സാഹിത്യലോകം ചേർത്തുവെച്ചത് ഐതിഹ്യമാലയോടൊപ്പമാണെങ്കിലും അതു കൂടാതെ അറുപതോളം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. സുഭദ്രാഹരണം, രാജാകേശവദാസ ചരിത്രം, കേരളവർമ്മശതകം, ലക്ഷ്മീബായി ശതകം, ആസന്നമരണ ചിന്താശതകം, യാത്രാചരിതം തുടങ്ങിയ മണിപ്രവാളകൃതികളും വിക്റ്റോറിയാചരിതം, ദ്രുവചരിതം, ശോണദ്രീശ്വരീമഹാത്മ്യം, ആർദ്രാചരിതം തുടങ്ങിയ കൈകൊട്ടിക്കളിപ്പാട്ടുകളും വിനായക മാഹാത്മ്യം കിളിപ്പാട്ടും മാലതീമാധവം, വിക്രമോർവശീയം എന്നീ വിവർത്തന നാടകങ്ങളും കുചേലഗോപാലം, ഗംഗാവതരണം, സീമന്തിനീചരിതം, തുടങ്ങിയ പുരാണകഥകളും കല്യാണമഹോത്സവം, ശ്രീശങ്കരവിലാസം, തിരുമാടമ്പുമഹോത്സവം, സ്ഥാനാരോഹണമഹോത്സവം തുടങ്ങിയ തുള്ളൽപ്പാട്ടുകളും നൈഷധം, വിശ്വാമിത്രചരിത്രം പോലുള്ള ഗദ്യപ്രബന്ധങ്ങളും കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ചിട്ടുണ്ട്.

1855 മാർച് 23-ന് കോട്ടയത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ മകനായി ജനിച്ച ശങ്കുണ്ണിയുടെ യഥാർഥപേര് വാസുദേവൻ എന്നാണ്. അച്ഛന്റെ പേരും അതുതന്നെയായതിനാലാൽ തങ്കു എന്നു വിളിക്കപ്പെടുകയും തന്റെ ജാതിപ്പേരായ ഉണ്ണി കൂടി ചേർത്തുകൊണ്ട് കാലക്രമേണ ശങ്കുണ്ണിയായി മാറുകയുമായിരുന്നു.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സാഹിത്യപ്രവർത്തനങ്ങൾക്ക് എക്കാലവും പ്രചോദനമായി നിന്നിരുന്നത് കുഞ്ഞിക്കുട്ടൻ തമ്പുരാനായിരുന്നു. അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് സുഭദ്രാഹരണം മണിപ്രവാളവും കേശവദാസചരിത്രവും രചിച്ചത്. വിദേശീയായ ഉദ്യോഗസ്ഥരെ ഒരു വ്യാഴവട്ടക്കാലം മലയാളം പഠിപ്പിച്ചത് കൊട്ടാരത്തിൽ ശങ്കുണ്ണിയായിരുന്നു. 1893-ൽ മുപ്പത്തിനാലം വയസ്സിൽ മാർ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്കൂളിൽ അധ്യാപകനായി ചേരുക വഴി സംസ്ഥാനത്തെ ആദ്യമലയാളം മുൻഷിയായി അറിയപ്പെട്ടു കൊട്ടാരത്തിൽ ശങ്കുണ്ണി. 1898 മുതൽ ആരംഭിച്ച ഐതിഹ്യമാലാ രചന ഭാഷാപോഷിണിയാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഐതിഹ്യമാല ശ്രദ്ധിക്കപ്പെട്ടതോടെ കൊട്ടാരത്തിൽ ശങ്കുണ്ണി രചന മരണം വരെ തുടർന്നു. അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളെ മാനിച്ചുകൊണ്ട് കവിതിലകം പട്ടം നൽകിയാണ് 1904-ൽ കൊച്ചിരാജാവ് ആദരിച്ചത്. 1937 ജൂലായ് ഇരുപത്തി രണ്ടിനാണ് അദ്ദേഹം അന്തരിച്ചത്.