ബ്രിട്ടീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ അഗതാ ക്രിസ്റ്റി 1945 ഡിസംബറിലാണ് സ്പാര്‍ക്ലിങ് സയനൈഡ് (sparkling cyanide) എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ആ വര്‍ഷം ഫെബ്രുവരിയില്‍ അമേരിക്കയില്‍ റിമമ്പേര്‍ഡ് ഡെത്ത് (Remembered Death ) എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകം ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ പേര് മാറ്റുകയായിരുന്നു. 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ കഥയ്ക്ക് കേരളത്തിലെ ഒരു സംഭവവുമായി സാമ്യമുണ്ട്, കൂടത്തായിയിലെ തുടര്‍കൊലപാതകങ്ങളുമായി. 

കൂടത്തായിയിലെ തുടര്‍കൊലപാതകങ്ങള്‍ 'സ്പാര്‍ക്ക്ളിങ് സയനൈഡ്' എന്ന നോവലിനെ അനുസ്മരിപ്പിക്കുന്നതാണ്. കൂടത്തായിയില്‍ ആറുപേരെ കൊലപ്പെടുത്തിയത് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയാണ്. സമാനമാണ് സ്പാര്‍ക്ക്ളിങ് സയനൈഡിലെ കൊലപാതകരീതിയും. സ്പാര്‍ക്ക്ളിങ് സയനൈഡില്‍ കൊലപാതകത്തിന്റെ ലക്ഷ്യം സ്വത്താണ്. കാലവും സന്ദര്‍ഭവും സാഹചര്യവുമെല്ലാം വ്യത്യസ്തമാണെങ്കിലും കൂടത്തായി കൊലപാതക രീതി സ്പാര്‍ക്ക്ളിങ് സയനൈഡിനോട് അടുത്തു നില്‍ക്കുന്നു. 

ഒരു നവംബര്‍ രണ്ടിന് ഏഴുപേര്‍ ചേര്‍ന്ന് 'ലക്സംബര്‍ഗ്' (Luxembourg) എന്ന ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയാണ്. അതില്‍ ഒരാള്‍ കുഴഞ്ഞു വീണ് മരിക്കുന്നു. റോസ്‌മേരി ബാര്‍ട്ടണ്‍ എന്ന സ്ത്രീയാണ് ഭക്ഷണം കഴിച്ചതിനുപിന്നാലെ മരിക്കുന്നത്. അതൊരു ആത്മഹത്യയാണെന്നാണ് എല്ലാവരും കരുതുന്നത്. മരിച്ച റോസ്മേരിയുടെ ഭര്‍ത്താവിന് ആറ് മാസങ്ങള്‍ക്ക് ശേഷം ഒരു കത്ത് ലഭിക്കുന്നു. റോസ്‌മേരി മരിച്ചതല്ല അതൊരു കൊലപാതകമായിരുന്നു എന്നാണ് ആ അജ്ഞാത കത്തില്‍ ഉണ്ടായിരുന്നത്. 

റോസ്‌മേരിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഭര്‍ത്താവ് ജോര്‍ജ് തീരുമാനിക്കുന്നു. അതനുസരിച്ച് അതേ റെസ്റ്റോറന്റില്‍വെച്ച്  അന്നുണ്ടായിരുന്ന ആളുകള്‍ക്കൊപ്പം ഡിന്നര്‍ പുനരാവിഷ്‌ക്കരിക്കാന് ജോർജ് തീരുമാനിച്ചു. റോസ്മേരിയോട് സാദൃശ്യമുള്ള ഒരു നടിയെ കൂടെ അന്നത്തെ ഡിന്നറില്‍ പങ്കെടുപ്പിക്കാനും ജോര്‍ജ് തീരുമാനമെടുത്തു. നടിയൊഴികെയുള്ളവര്‍ വിരുന്നില്‍ പങ്കെടുത്തു. 

എന്നാൽ ഭാര്യയുടെ കൊലപാതകത്തിന്റെ രഹസ്യം അറിയാനുള്ള ജോര്‍ജിന്റെ ശ്രമം പരാജയപ്പെടുന്നു. റോസ്മേരിയുടെ മരണത്തിന്റെ വാര്‍ഷികത്തില്‍ നടന്ന ആ വിരുന്നില്‍ വെച്ച് റോസ്മേരി മരിച്ച അതേ രീതിയില്‍, അതേ ടേബിളില്‍ വെച്ച് ജോര്‍ജും കുഴഞ്ഞുവീണു മരിക്കുന്നു. ജോര്‍ജിന്റെ മരണവും ഒരു ആത്മഹത്യയാണ് എന്ന നിഗമത്തിലേക്കാണ് എത്തുന്നത്. എന്നാല്‍ തന്റെ പദ്ധതിയെ കുറിച്ച്  സുഹൃത്ത് കേണല്‍ റേസിനോട് ജോര്‍ജ് പറഞ്ഞിരുന്നു. 

റോസ്‌മേരിയുടെ അമ്മാവന്റെ വില്‍പ്പത്രപ്രകാരം അദ്ദേഹത്തിന്റെ സ്വത്തിന് അവകാശിയായിരുന്നു റോസ്മേരി. അവർ മരിക്കുകയാണെങ്കില്‍ ആ സ്വത്തിന് അവളുടെ ഇളയ സഹോദരി ഐറിസ് ഉടമയാകും. അവിവാഹിതയായ ഐറിസ് മരിച്ചാല്‍ ആ സ്വത്തിന്റെ ഏക അവകാശി അവരുടെ ബന്ധു ലൂസില്ല ഡാര്‍ക്കാവും. ലൂസില്ല ഒരു മാന്യയായ സ്ത്രീയാണ്. പക്ഷേ അവര്‍ക്ക് താന്തോന്നിയായ ഒരു മകനുണ്ട്, വിക്ടര്‍. 

ജോർജിന്റെ മരണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ യഥാര്‍ത്ഥത്തില്‍ കൊലയാളി ലക്ഷ്യം വെച്ചത് ഐറിസിനെയാണെന്ന് വ്യക്തമാകുന്നു. കേണല്‍ റേസും ഐറിസിന്റെ അഭിഭാഷകനും നടത്തുന്ന അന്വേഷണത്തില്‍ ജോര്‍ജിന്റെ വിശ്വസ്തയായ സെക്രട്ടറിയാണ് റൂത്ത് ലെസ്സിങ് വിക്ടറുമായി പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തുന്നു. രണ്ടാമത്തെ വിരുന്നില്‍വെച്ച് ഐറിസിനെ കൊലപ്പെടുത്താനുള്ള ശ്രമം പാളുകയും ജോര്‍ജ് കൊല്ലപ്പെടുകയുമായിരുന്നു. ഈ കൊലപാതകങ്ങൾക്കായി കൊലപാതകി ഉപയോഗിച്ചത് സയനൈഡ് ആയിരുന്നു. സ്വത്ത് തട്ടുന്നതിനായി സയനൈഡ് ഉപയോഗിച്ച് നടത്തുന്ന കൊലപാതകങ്ങളാണ് സ്പാർക്ക്ളിങ് സയനൈഡ് എന്ന നോവന്റിന്റെ കഥാതന്തു. 

യെല്ലോ ഐറിസ് (Yellow Iris) എന്ന എന്ന ചെറുകഥയില്‍ നിന്നാണ് അഗതാ ക്രിസ്റ്റി 'സ്പാര്‍ക്ക്ളിങ് സയനൈഡ്' എന്ന നോവല്‍ വികസിപ്പിച്ചത്. കഥയില്‍ അഗത ക്രിസ്റ്റിയുടെ നോവലുകളിലെ സ്ഥിരം ഡിക്ടറ്റീവ് കഥാപാത്രമായ ഹെര്‍ക്യൂള്‍ പൊയ്റോട്ടോയിരുന്നു അന്വേഷണം നടത്തിയത്. എന്നാല്‍ നോവലില്‍ അത് കേണല്‍ റേസാണ്. അഗതയുടെ നോവലുകളിലെ സ്ഥിരം ഡിക്ടറ്റീവുകളായ ഹെര്‍ക്യൂള്‍ പൊയ്റോട്ടോ, മിസ്. മാര്‍പ്പിളോ ഇല്ലാത്ത നോവല്‍ എന്ന പ്രത്യേകതയും സ്പാര്‍ക്ക്ളിങ് സയനൈഡിനുണ്ട്.

Content Highlights: Koodathayi Serial Murder Case and  Agatha Christies novel Sparkling Cyanide