ണ്‍പത്തഞ്ചാം പിറന്നാളിന്റെ നിറവിലാണ് മലയാളിയുടെ പ്രിയപ്പെട്ട കഥാകാരന്‍ കെ.എല്‍ മോഹനവര്‍മ്മ. എഴുത്തുകാരനും പത്രാധിപരും മുതല്‍ പരസ്യചിത്ര സംവിധായകന്‍ വരെയായി മലയാളിയുടെ ഹൃദയത്തിന്റെ ആഴത്തില്‍ ഇടം നേടിയ വ്യക്തിത്വമാണ് അദ്ദേഹം. അക്ഷരങ്ങളിലൂടെ പലയിടങ്ങളെ തൊടുകയും ജീവിതത്തില്‍ പലതുമായിത്തീരുകയും ചെയ്ത അദ്ദേഹം ശതാഭിഷേകത്തിന്റെ  ചാന്ദ്രവെളിച്ചത്തിലേക്കെത്തുമ്പോഴും പുതിയ പുസ്തകത്തിന്റെ രചനയില്‍ തിരക്കിലാണ്.

നോവലുകളും കഥകളുമെല്ലാമായി 66 ഗ്രന്ഥങ്ങള്‍. 2 ഇംഗ്ലിഷ് നോവലുകള്‍. ഇംഗ്ലിഷിലേക്കും മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനങ്ങള്‍. ഡോക്യുമെന്ററികളും പരസ്യചിത്രങ്ങളും വേറെയും. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 

1936 ല്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് ജനിച്ചത്. വളര്‍ന്നതും പഠിച്ചതും ചെന്നിത്തലയിലായിരുന്നു. പിതാവ് പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായിരുന്ന എം.ആര്‍. കേരളവര്‍മ്മ. തിരുവനന്തപുരത്തും ആലപ്പുഴയിലും കലാലയ വിദ്യാഭ്യാസം. അക്കൗണ്ട്‌സിലും മാനേജ്‌മെന്റിലും ബിരുദങ്ങള്‍. പൈക്കോ പബ്ലിക്കേഷന്‍സിന്റെ ചീഫ് എഡിറ്ററായും കുവൈറ്റില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ട്‌സ് മാനേജരായും ജോലിചെയ്തു. രണ്ടു തിരക്കഥകളും കുട്ടികള്‍ക്കായുള്ള ഒരു സിനിമയും ചെയ്തു. ഇംഗ്ലീഷിലും എഴുതാറുള്ള മോഹനവര്‍മ്മയുടെ താത്പര്യവിഷയങ്ങള്‍ കായികവിനോദങ്ങളും ചരിത്രവുമാണ്. ഓഹരി എന്ന നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.

സാമ്പത്തിക ശാസ്ത്രം, ഓഹരി, സ്‌പോര്‍ട്‌സ്, നിയമം, കോടതി, സിനിമ തുടങ്ങിയ വ്യത്യസ്തമായ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ പിറന്നു. വീക്ഷണം പത്രത്തിന്റെ മുഖ്യപത്രാധിപരായും സാഹിത്യ അക്കാദമി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 

എണ്‍പത്തഞ്ചാം പിറന്നാളിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ അതിശക്തമായ സ്ത്രീപക്ഷ രചനയുടെ തിരക്കിലാണ് എഴുത്തുകാരന്‍ കെ.എല്‍. മോഹനവര്‍മ. രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ തന്ത്രപ്രധാന തീരുമാനങ്ങളില്‍ സ്ത്രീകളുടെ അടയാളപ്പെടുത്തലുകള്‍ എത്രത്തോളമുണ്ട് എന്ന അന്വേഷണമാണ് പുതിയ നോവലെന്ന് അദ്ദേഹം പറയുന്നു.

Content Highlights: KL Mohana Varma 85th birthday