കിരണ്‍ നഗാര്‍ക്കര്‍- മറാത്തിയിലും ഇംഗ്ലീഷിലുമായി നോവലുകളും നാടകങ്ങളും തിരക്കഥയും സാഹിത്യ-സിനിമാ- നാടകസംബന്ധിയായ അനേകം ഗഹനമായ ലേഖനങ്ങളും എഴുതിയിട്ടുള്ള എഴുപത്തഞ്ചിന്റെ നിറവുള്ള ക്ഷുഭിത യൗവനത്തിന്റെ തൂലിക. ഇന്ത്യയുടെ ദസ്‌തോവ്‌സ്‌കി, ഗ്രഹാം ഗ്രീന്‍ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ കൊണ്ട് വായനക്കാരും വിമര്‍ശകരും ബഹുമാനിക്കുന്ന ഗാന്ധി-നെഹ്രു ആരാധകന്‍. ശക്തമായ കഥാപാത്രങ്ങളും ചുട്ടുപൊള്ളിക്കുന്ന നര്‍മവും അങ്ങേയറ്റം സഹാനുഭൂതിയും സവിസ്തരമായ ആഴത്തിലുള്ള നിരീക്ഷണവും കൊണ്ട് സമ്പന്നമാണ് കിരണ്‍ നഗാര്‍ക്കറുടെ കൃതികള്‍.

1942-ല്‍ ബോംബെയില്‍ ജനിച്ചു വളര്‍ന്ന്, അറുപതുകള്‍ മുതല്‍ തൊണ്ണൂറുകള്‍ വരെ കിരണ്‍ നഗാര്‍ക്കര്‍ പരസ്യരംഗത്തു കോപ്പി റൈറ്റര്‍ എന്ന നിലയില്‍ സജീവമായിരുന്നു. 1974 ലായിരുന്നു ആദ്യ നോവലായ 'സാത് സക്കം ട്രക്കാലിസ്' (ഏഴാറു നാല്പത്തിമൂന്നു) പുറത്ത് വന്നത്. മറാത്തിയില്‍ എഴുതപ്പെട്ട ഈ നോവല്‍ മറാത്തി സാഹിത്യത്തില്‍ ആധുനികതയുടെ പ്രതീകമായി അവരോധിക്കപ്പെട്ടു. ഒപ്പം തീവ്രമായ വിമര്‍ശനവുമുണ്ടായി. കമുവിനെയും സാര്‍ത്രെയെയും അനുകരിക്കുന്നു എന്ന് വിമര്‍ശകര്‍ പരിഹസിച്ചപ്പോള്‍ എഴുത്ത് നിറുത്തിയാലോ എന്നു വരെ നഗാര്‍ക്കര്‍ ചിന്തിച്ചുവത്രേ. ഏതായാലും 1980-ല്‍ ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. 

നഗാര്‍ക്കറുടെ അടുത്ത പുസ്തകം ഇറങ്ങുന്നത് 1994-ല്‍ ആണ്. 'എഡി ആന്‍ഡ് രാവണ്‍'. ജനപ്രിയ കഥാപാത്രങ്ങളായ എഡിയും രാവണനും ഒരുപാട് സമകാലസാമൂഹിക യാഥാര്‍ഥ്യങ്ങളെ ഈ നോവല്‍ ത്രയത്തിലൂടെ രേഖപ്പെടുത്തി. ബോംബെ നഗരത്തിലെ രണ്ടു വ്യത്യസ്ത മതത്തില്‍പ്പെട്ട ആണ്‍കുട്ടികളുടെ ബാല്യ, കൗമാര, യൗവനങ്ങള്‍, അവിടത്തെ സിനിമാലോകം, കത്തോലിക്കാസമൂഹം, വന്‍നഗരങ്ങളിലെ 'ചവ്ല്‍' എന്ന് വിളിക്കപ്പെടുന്ന ബഹുനിലക്കെട്ടിടങ്ങളിലെ ജീവിതം, തീവ്രവലതുനിലപാടുകളുടെ ഉദയം എന്നിങ്ങനെ പലതും നോവലിന് വിഷയമായി. ഈ നോവലും എഴുതിത്തുടങ്ങിയത് മറാത്തിയിലാണ്. പിന്നീടത് ഇംഗ്ലീഷിലേക്ക് മാറ്റുകയായിരുന്നു എന്നു മാത്രമല്ല തുടര്‍ന്നുള്ള നോവലുകള്‍ എല്ലാം നഗാര്‍ക്കര്‍ ഇംഗ്ലീഷിലായിരുന്നു എഴുതിയത്. 

അതുപോലെ തിരക്കഥയായിരുന്നു ഈ കഥനത്തിനു നഗാര്‍ക്കര്‍ ആദ്യം സ്വീകരിച്ച ഘടന. ഒടുവില്‍ നോവല്‍ ആണ് ഈ കഥയ്ക്ക് വഴങ്ങുക എന്ന് തിരിച്ചറിഞ്ഞ നോവലിസ്റ്റ് അത് മാറ്റിയെഴുതുകയായിരുന്നുവത്രേ. ആദ്യ എഡി-രാവന്‍ പുസ്തകത്തില്‍ അവരുടെ ചെറുപ്പമാണ് പ്രമേയം. രണ്ടാമത്തെ ഭാഗമായ 'ദ എക്‌സ്ട്രാസ്' എഡിയും രാവണനും ബോളിവുഡില്‍ എക്‌സ്ട്രാകളായി അലയുന്ന കഥ പറയുന്നു. ഈ നോവലില്‍ വര്‍ഗീയതയുടെ അതിപ്രസരം സമൂഹത്തിനെ ബാധിച്ചതിനെ നോവലിസ്റ്റ് രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അക്കൊല്ലത്തെ ഹിന്ദു ലിറ്റററി സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയില്‍ 'ദ എക്‌സ്ട്രാസ്' ഇടം പിടിച്ചു. മൂന്നാമത്തെ ഭാഗമായ 'റെസ്റ്റ് ഇന്‍ പീസ്' ഇവരുടെ കഥ പറഞ്ഞവസാനിപ്പിക്കുന്നു. 

1997-ല്‍ പ്രസിദ്ധീകരിച്ച മൂന്നാം നോവലായ 'ദ കക്കെല്ദ്' ആണ് കിരണ്‍ നഗാര്‍ക്കറുടെ ഏറ്റം വിഖ്യാതമായ കൃതി എന്ന് നിസ്സംശയം പറയാം. പതിനാറാം നൂറ്റാണ്ടിലെ കൃഷ്ണഭക്ത മീരയുടെ ഭര്‍ത്താവായ ഭോജരാജനെ കഥാപാത്രമാക്കിയ ഈ ചരിത്രനോവലിന് 2001ലെ കേന്ദ്രസാഹിത്യ അവാര്‍ഡ് ലഭിക്കുകയും തുടര്‍ന്ന് പുസ്തകം ഒട്ടനവധി ഇന്ത്യന്‍ വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഇതിനിടെ 2006ല്‍ 'ഗോഡ്‌സ് ലിറ്റില്‍ സോല്ജര്‍' എന്ന പേരില്‍ ഒരു നോവലും നഗാര്‍ക്കര്‍ എഴുതിയിരുന്നു. പുരോഗമനവാദിയായ ഒരു മുസ്ലിം ബാലന് മുസ്ലിം യാഥാസ്ഥിതികരുമായി ഉണ്ടാവുന്ന സംഘര്‍ഷങ്ങളാണ് ഇതിന്റെ ഇതിവൃത്തം. 

നഗാര്‍ക്കറുടെ നാടകങ്ങളെക്കുറിച്ച് പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ണമാവുകയില്ല. പ്രത്യേകിച്ച് 1978-ല്‍ മഹാഭാരതത്തെ ആസ്പദമാക്കി രചിച്ച 'ബെഡ് ടൈം സ്റ്റോറി'. ഇതിഹാസങ്ങളിലെ ശ്രേഷ്ഠകഥാപാത്രങ്ങള്‍ക്കും ദൗര്‍ബല്യങ്ങളുണ്ട് എന്നും അവരും ദുഷ്ടകഥാപാത്രങ്ങളുമായി കറുപ്പിന്റെ നിറഭേദങ്ങളെ ഉള്ളൂ എന്നും നാടകത്തിലൂടെ പറഞ്ഞ നഗാര്‍ക്കര്‍ ഈ നാടകം അരങ്ങിലെത്തിക്കാന്‍ ബുദ്ധിമുട്ടി. പെരുവിരല്‍ മുറിക്കാതെ അതിന്റെ കളിമണ്‍ മാതൃക തീര്‍ത്തു ഗുരുദക്ഷിണ നല്‍കുന്ന ഏകലവ്യനും വിളിച്ചാല്‍ മാത്രം വരുന്ന ദൈവമാണോ അങ്ങ് എന്ന് കൃഷ്ണനോട് ചോദിക്കുന്ന പാഞ്ചാലിയുമുള്ള നാടകത്തിന് തീവ്രവലതുസംഘടനകള്‍ വിലക്ക് പ്രഖ്യാപിച്ചതോടെ പൊതുവേദികളും ലഭിക്കാതെ പോയി. പതിനേഴു വര്‍ഷത്തോളം നീണ്ടുനിന്ന അനൗദ്യോഗിക വിലക്കു മറികടന്നുകൊണ്ട് ബ്ലാക്ക് ട്യൂലിപ് എന്ന മറ്റൊരു നാടകവും ചേര്‍ത്ത് 'ബെഡ് ടൈം സ്റ്റോറി' അടുത്തിടെ പ്രസിദ്ധീകരിച്ചതേയുള്ളൂ.

2015ല്‍ ടാറ്റാ സാഹിത്യോത്സവം നഗാര്‍ക്കറെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. കൂടാതെ ജര്‍മനിയുടെ ഏറ്റം ഉയര്‍ന്ന സിവിലിയന്‍ പുരസ്‌കാരമായ ഓര്‍ഡര്‍ ഓഫ് മെരിറ്റും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2017 നവംബറില്‍ നഗാര്‍ക്കറുടെ പുതിയ പുസ്തകമായ 'ജശോദ' ഇറങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ സാഹിത്യത്തിലെ എക്കാലത്തെയും അതിശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നാവും വറുതിയുടെ നാട്ടില്‍ നിന്നും കുടുംബവുമൊത്ത് പലായനം ചെയ്യുന്ന കൊലയാളി കൂടിയായ ഈ അമ്മ എന്ന് വിമര്‍ശകര്‍ പറഞ്ഞു കഴിഞ്ഞു.

kiran nagarkar books, kiran nagarkar quotes, ravan and eddie, Seven Sixes are Forty Three,