കർഷകസമരത്തിന് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, അക്കാദമിക മേഖലകളിലെ നിരവധിപേരാണ് ഐക്യദാർഢ്യവുമായി നിരത്തിലിറങ്ങിയിരിക്കുന്നത്. കർഷക സമരം വിദേശരാജ്യങ്ങളുടെയും ചർച്ചാവിഷയമായിമാറുമ്പോൾ സർഗാത്മകതയുടെ നീതിപക്ഷത്തെക്കുറിച്ച് വിശദമാക്കുകയാണ് കവി കെ.ജി.എസ്

വർത്തമാനകാലത്തിനുവേണ്ടിയോ കർഷകർ എന്ന ഒരു വിഭാഗത്തിനുവേണ്ടിയോ ഉള്ള ഒരു സമരമല്ല ഇന്ന് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഭാവി ഇന്ത്യൻ ജനതയ്ക്കുവേണ്ടി, അഗാധമായ പ്രതിരോധ പക്വതയും സർവരക്ഷകമായ രാഷ്ട്രീയ വിവേകവും ജനാധിപത്യപരമായ ഉൾക്കാഴ്ചയും ദീർഘവീക്ഷണവും തികഞ്ഞ മഹത്തായ ഒരു പുതിയ ഇന്ത്യൻ സ്വാതന്ത്ര്യ സമരമാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്ന കർഷകസമരം. കർഷക വിരുദ്ധവും ജനവിരുദ്ധവും ഭാവിവിരുദ്ധവുമായ പുതിയ കാർഷികനിയമങ്ങൾ മൂന്നും പിൻവലിക്കണം എന്ന കേന്ദ്രാവശ്യമാണ് കർഷകർ ഉന്നയിച്ചിട്ടുള്ളത്. അത് ന്യായം മാത്രം. ഒരു മഹത്തായ കാർഷികരാജ്യത്തെയൊന്നാകെ കുത്തകകൾക്ക് തീറെഴുതി കൊടുക്കുന്നതിനെതിരേയുള്ള അതിശക്തമായ പ്രതിരോധസമരമായിട്ടു കൂടി വേണം ഇതിനെ കാണേണ്ടത്.

ഇതിലെ ഭാവിവ്യാപകമായ സൂക്ഷ്മരാഷ്ട്രീയം നമ്മൾ കാണാതെ പോകരുത്. ഇതടിച്ചമർത്താനുള്ള സർക്കാർ നടപടികൾ നുണയും വഞ്ചനയും സ്വാതന്ത്ര്യ നിഷേധവും മനുഷ്യാവകാശഹത്യയും ചേർന്ന ഫാസിസ്റ്റ് അധികാര ഭാഷയാണ് സംസാരിക്കുന്നത്. തികച്ചും നീതിയുക്തമായ ജനകീയാവശ്യങ്ങൾ അംഗീകരിക്കാതിരിക്കുക, സമരമേഖലയിലെ ഇന്റർനെറ്റ് വിച്ഛേദിക്കുക, നുണകഥകൾ പ്രചരിപ്പിക്കുക, സമരക്കാരുടെ പ്രച്ഛന്ന വേഷത്തിൽ കർഷകർക്കിടയിൽ സമര ഹന്താക്കളെ വിന്യസിക്കുക, സമര ധാർമികതയുടെ വിശ്വാസ്യത തകർക്കാൻ ഗൂഢപ്പണികൾ ചെയ്യുക, പ്രതികരിക്കുന്നവർക്ക് മേൽ കരിനിയമയവസ്ഥകൾ ചാർത്തി തടവിലിടുക, പീഡിപ്പിക്കുക,തുടങ്ങിയ ഫാസിസ്റ്റു നഖങ്ങളും ദ്രംഷ്ടകളും പുറത്തു കാണിച്ചു തുടങ്ങിയിട്ടുണ്ട്.

രണ്ടോ മൂന്നോ കുത്തകകളെ സംരക്ഷിക്കാൻ ഇന്ത്യയുടെ ഭാവി അപകടത്തിലാക്കുന്നതിനിടയാക്കുന്ന കർഷക നിയമങ്ങളോട് ജനാധിപത്യ വിവേകമുള്ള എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ചിന്തകരും കലാ പ്രതിഭകളും വിയോജിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അവർ സമരം ചെയ്യുന്ന കർഷകരുടെ നീതി ബോധത്തോടൊപ്പമാണ്. ലോകം മുഴുവൻ ഈ നിയമം കർഷക രക്ഷയ്ക്കല്ലെന്ന നിലപാടിൽ നിൽക്കുന്നു. കർഷകർക്കാനുകൂലമായ പൊതുജനമുന്നേറ്റം എല്ലാ സംസ്ഥാനങ്ങളിലും ശക്തമാവുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും കർഷകരെ പിന്തുണയ്ക്കുന്ന ജനകീയ കലാരൂപങ്ങളും തെരുവ് നാടകങ്ങളും പ്രഭാഷണങ്ങളും ചർച്ചകളും ധാരാളം ഉണ്ടാവുന്നു. തൃശൂരിലെ അടാട്ടു വയലിൽ കഴിഞ്ഞാഴ്ച ഒരു സന്ധ്യ നേരത്ത് സമൂഹത്തിലെ സകല മേഖലകളിലും നിന്നുള്ള ആളുകൾ കർഷകനിയമത്തിനെതിരെ പ്രതിഷേധിച്ചുള്ള പാട്ടും കലകളും അവതരിപ്പിച്ചത് പോലെ ഇന്ത്യയിലെമ്പാടും വയലുകളിലും വാക്കുകളിലും മനസ്സുകളിലും വിളയുന്നത് കർഷക സമരത്തിലെ നീതിയോടുള്ള ശക്തമായ അനുഭാവമാണ്. ഏതാനും ചിലരല്ല, നേരും വിവേകവും നൈതിക ജാഗ്രതയുമുള്ള മുഴുവൻ ജനങ്ങളും എഴുത്തുകാരും സമരം ചെയ്യുന്ന കർഷകരോടൊപ്പ മാണ്. ഫാസിസ്റ്റുകളോടും കുത്തകകളോടും ഒപ്പമല്ല. സർഗ്ഗാത്മകത എന്നും നീതിപക്ഷത്തേ നിന്നിട്ടുള്ളൂ.