ന്യൂഡല്‍ഹി: എഴുത്തിലൂടെ കാലാന്തരയാത്രകള്‍ നടത്തിയ സാഹിത്യകാരനായ സര്‍ക്കാരുദ്യോഗസ്ഥന്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിന്നു മടങ്ങി. കവിയായും പ്രഭാഷകനായും വഴികാട്ടിയായുമൊക്കെ തലസ്ഥാനത്തെ സാംസ്‌കാരികസാന്നിധ്യമായി നിറഞ്ഞുനിന്ന ഡോ. വി.പി. ജോയ് ചൊവ്വാഴ്ച കേരളത്തിലേക്കു തിരിച്ചു. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറിയുടെ ചുമതലയൊഴിഞ്ഞ് കേരളത്തില്‍ ചീഫ് സെക്രട്ടറിയുടെ പദവി ഏറ്റെടുക്കാനൊരുങ്ങുകയാണ് അദ്ദേഹം.

പ്രവാസി മലയാളികളെ മാതൃഭാഷയുമായി കണ്ണിചേര്‍ത്ത മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ക്കും ഡല്‍ഹിയിലെ പൊതുസാംസ്‌കാരികകേന്ദ്രമായ കേരള ക്ലബ്ബിനും വഴികാട്ടിയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വീസിനു തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനും വിവിധ രംഗങ്ങളിലെ മികവിന് വര്‍ഷത്തില്‍ നല്‍കാറുള്ള പുരസ്‌കാരത്തിനുള്ള ജേതാക്കളെ തിരഞ്ഞെടുക്കാനുമൊക്കെ കേരള ക്ലബ്ബിന്റെ ഉപാധ്യക്ഷനെന്ന നിലയില്‍ വി.പി. ജോയ് മുന്‍നിരയില്‍ നിന്നു. സാഹിതീസഖ്യത്തില്‍ പ്രമുഖരായ എഴുത്തുകാര്‍ രചനാനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ അധ്യക്ഷനായും കേള്‍വിക്കാരനായും സംഘാടകനായുമൊക്കെ കേരള ക്ലബ്ബിന്റെ സാരഥിയായി. ഡല്‍ഹി മലയാളികളുടെ കാരണവരും തലസ്ഥാനത്തെ പ്രമുഖ സാംസ്‌കാരികനായകനുമായ പ്രൊഫ. ഓംചേരി എന്‍.എന്‍. പിള്ളയുടെ ആത്മകഥാസമാഹാരമായ 'ആകസ്മികം' പുറത്തിറങ്ങിയതിനു പിന്നിലെ പ്രോത്സാഹനവും ജോയ് വാഴയില്‍ എന്നു എഴുത്തുപേരുള്ള വി.പി. ജോയിയുടേതായിരുന്നു.

അന്താരാഷ്ട്ര കഥകളികേന്ദ്രം ഉള്‍പ്പെടെയുള്ള സാംസ്‌കാരിക സ്ഥാപനങ്ങളുമായും മലയാള പഠനകേന്ദ്രങ്ങളില്‍ പ്രഭാഷകനായും വിവിധ സംഘടനകളുടെ വേദികളിലുമൊക്കെ ജോയ് വാഴയിലിന്റെ സാന്നിധ്യം മറുനാടന്‍ മലയാളികള്‍ക്ക് അറിവിന്റെ വെളിച്ചമായി.

ഡല്‍ഹിയില്‍ ഏറെ സജീവമായ മലയാളി സമൂഹമാണ് ഉള്ളതെന്ന് വി.പി. ജോയ് മാതൃഭൂമിയോടു പറഞ്ഞു. ഓംചേരി സാറിന്റേയും മറ്റും നേതൃത്വത്തില്‍ പല സംഘടനകളും പ്രവര്‍ത്തിക്കുന്നു. മലയാളഭാഷയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവര്‍ത്തനങ്ങളാണ് അതില്‍ ഏറ്റവും ചാരിതാര്‍ഥ്യമുള്ളവ. മലയാളം സാഹിത്യഭാഷ, ശ്രേഷ്ഠഭാഷ എന്ന നിലയിലുള്ളതാണെന്ന് എനിക്കു കൂടുതലായി തോന്നുന്നു.

മാതൃഭാഷയെ പരിപോഷിപ്പിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കേണ്ടത് അനിവാര്യമാണ്. ഡല്‍ഹിയില്‍ അതു കാര്യക്ഷമായി നടക്കുന്നു. മലയാള പഠനകേന്ദ്രങ്ങള്‍ ഇതിനായി വലിയ സേവനം നടത്തുന്നു. എട്ടും പത്തു കൊല്ലമായി ഒരു പ്രതിഫലവും വാങ്ങാതെ മലയാളം പഠിപ്പിക്കുന്നവരെ എനിക്ക് ചില വേദികളില്‍ കാണാനായി. മറ്റെന്തിലുമുപരി സാമൂഹികമായ പ്രതിപത്തി ഡല്‍ഹി മലയാളികള്‍ക്കുണ്ട്. അത്തരം ഒട്ടേറെ സംഘടനകളും ഇവിടെയുണ്ട്. സാംസ്‌കാരികരംഗത്തും അതു വളരെ ഭംഗിയായി നടക്കുന്നു. മലയാളികള്‍ ഒരു കുടുംബത്തെപ്പോലെ കഴിയുന്ന നാടാണ് ഡല്‍ഹി. അതിനൊരു സുഖമുണ്ട്. അതാണ് ഡല്‍ഹിയില്‍ നിന്നു പോവുമ്പോള്‍ തനിക്കുള്ള നഷ്ടമെന്നും വി.പി. ജോയ് പറഞ്ഞു.

എഴുത്ത് തനിക്കൊരു ഭാരമല്ല. അതു ജോലിയുടെ ഇടയിലുള്ള വേറൊരു ജോലിയല്ല. സ്വസ്ഥത വരുന്നത് എഴുത്തിലൂടെയാണ്. മനസ്സിനെ കൂടുതല്‍ ആര്‍ദ്രമാക്കാനുള്ള മാര്‍ഗമാണ് എഴുത്ത്. ആശയങ്ങളില്ലെങ്കില്‍ എഴുതാന്‍ പറ്റില്ല. അതിനു സമയവും പ്രശ്‌നമല്ല. ആശയങ്ങള്‍ നമ്മുടെ ചിന്തകളിലൂടെ വരുന്നതാണ്. പിന്നെ, എഴുതാന്‍ സമയത്തിന്റെ പ്രശ്‌നമില്ല. സമയം കിട്ടുമ്പോഴൊക്കെ വായിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.

ഒരു പൂവിനെ നോക്കുന്നതു പോലെ അനുഭവത്തിനാണ് സാഹിത്യത്തില്‍ പ്രാധാന്യം. അനുവാചകനും എഴുത്തുകാരനും തമ്മിലുള്ളത് വിശകലനബന്ധമല്ല. സാഹിത്യത്തെ പല കാലങ്ങളായി വേര്‍തിരിക്കുന്നതു ശരിയല്ല. ഉദാഹരണത്തിന് പൂന്താനത്തിന്റെ ജ്ഞാനപ്പാന പുരാതനമല്ല. അതു വളരെ ആധുനികമായ കൃതിയാണെന്നാണ് എന്റെ അഭിപ്രായം. എഴുത്തുകാര്‍ ഇതൊന്നും നോക്കേണ്ടതില്ല. അവര്‍ ജൈവികമായ അനുഭവമായി സാഹിത്യസൃഷ്ടി നടത്തിയാല്‍ മതി.

മലയാളത്തിലുള്ള വാക്കുകള്‍ നാം വ്യാപകമായി ഉപയോഗിക്കണം. കൂടുതല്‍ വാക്കുകള്‍ സൃഷ്ടിക്കാനും ശ്രമിക്കണം. പറ്റുമെങ്കില്‍ വാക്കുകളുടെ മത്സരംതന്നെ സംഘടിപ്പിക്കണം. ഡല്‍ഹിയില്‍ വെച്ചു പുറത്തിറക്കിയ തന്റെ ഒരു പുസ്തകത്തില്‍ മൈതൃകം എന്ന വാക്ക് പുതുതായി ഉപയോഗിച്ചു. അതു ശരിയാണോ എന്നൊരാള്‍ ചോദിച്ചു. എന്നാല്‍, പൈതൃകം എന്നൊരു വാക്കുള്ളപ്പോള്‍ എന്തുകൊണ്ട് മൈതൃകം ഉപയോഗിച്ചു കൂടായെന്നു ഞാന്‍ തിരിച്ചു ചോദിച്ചു.

സാഹിത്യവുമായി കൂടുതല്‍ ബന്ധം പുലര്‍ത്താന്‍ ഡല്‍ഹി ജീവിതത്തിലൂടെ കഴിഞ്ഞു. ഡല്‍ഹിയിലെ സാഹിത്യ-സാംസ്‌കാരിക കൂട്ടായ്മ നല്ല അനുഭവമായിരുന്നു. കേരള ക്ലബ്ബിലെ സാഹിതീസഖ്യങ്ങള്‍ വഴിയായിരുന്നു എഴുത്തുകാരുമായി കൂടുതല്‍ ആശയവിനിമയം. കേരളത്തില്‍ നിന്നു വരുന്ന സാഹിത്യ-സാംസ്‌കാരികനായകന്മാരുമായി ഇടപെടാനും അവസരം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

ജോയ് വാഴയിലിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Kerala New chief secretary, Dr PV Joy, literature life