സ്‌കൂള്‍ മാഗസിനിലും കലോത്സവങ്ങളിലും ഫെയ്‌സ്ബുക്കിലും ഹിറ്റായ മൂന്ന് കവിതകള്‍ ഇന്ന് നിയമസഭയിലും മുഴങ്ങി, ധനമന്ത്രി തോമസ് ഐസക്കിന്റെ ശബ്ദത്തില്‍. വയനാട്ടുകാരായ ദ്രുപദ്, ഫൈഖ, പാലക്കാട് സ്വദേശി ത്വാഹിറ ഷെറിന്‍ -'നമ്മുടെ തലമുറയെക്കാള്‍ ഉള്‍ക്കാഴ്ചയുള്ള കുഞ്ഞെഴുത്തുകാര്‍' എന്ന വിശേഷണത്തോടെ മന്ത്രി ബജറ്റില്‍ പരാമര്‍ശിച്ച കവിതകളുടെ ഉടമകള്‍.

ദ്രുപദ് ഗൗതം

ഭയം ഒരു രാജ്യമാണ് അവിടെ നിശ്ശബ്ദത ഒരു (ആ)ഭരണമാണ്'' -(ഭയം, ദ്രുപദ് ഗൗതം)

വാക്കിന്റെ ഉള്‍ക്കനംകൊണ്ട് ശ്രദ്ധേയമാണ് ദ്രുപദിന്റെ കവിതകള്‍. പത്താംക്ലാസില്‍ പഠിക്കുമ്പോളെഴുതിയ 'ഭയ'ത്തിലെ വരികള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് വെളിച്ചംകണ്ടത്. കവിത കാട്ടുതീപോലെ പടര്‍ന്നു. പിന്നീട് സ്‌കൂള്‍ കലോത്സവത്തില്‍ കവിതയിലൊന്നാമനായി. ദ്രുപദ് ഇപ്പോള്‍ തമിഴ്‌നാട് തിരുവാരൂര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്റഗ്രേറ്റഡ് എം.എസ്സി.

കെമിസ്ട്രി വിദ്യാര്‍ഥിയാണ്. കുപ്പാടി ജി.എച്ച്.എസ്.എസില്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് മന്ത്രി പരാമര്‍ശിച്ച കവിതയെഴുതിയതെന്ന് ദ്രുപദ് പറഞ്ഞു. മീനങ്ങാടി ഗവ. എച്ച്.എസ്.എസില്‍നിന്ന് 2018-ല്‍ പ്ലസ്ടു പൂര്‍ത്തിയാക്കി. സ്‌കൂള്‍ കാലയളവില്‍ നിറയെ കവിതയെഴുതാറുണ്ടായിരുന്നു. ഇപ്പോള്‍ പഠനത്തിരക്കുകളിലായതിനാല്‍ കവിത കുറച്ചു. ബജറ്റില്‍ പരാമര്‍ശിച്ചതുള്‍പ്പടെ ആറുകവിതകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ അച്ചടിച്ചുവന്നു. അച്ഛന്‍ കവിയായ ജയന്‍ കുപ്പാടിയും അമ്മ മിനിയും സഹോദരി മൗര്യ ചിന്മയിയുമെല്ലാം പിന്തുണയുമായി ഒപ്പമുണ്ട്

ത്വാഹിറ ഷെറിന്‍

മരം... പുഴ... കാറ്റ്...ചരിത്രഗവേഷകരാണ് ചിതലരിച്ച് നശിച്ചുപോയ ആ വാക്കുകള്‍ കണ്ടെത്തിയത്കണ്ടെത്തിയാല്‍ മാത്രംപോര അര്‍ഥം വ്യക്തമാക്കണം.തലപുകഞ്ഞാലോചിച്ചു ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു'അര്‍ഥമില്ലാ വാക്കുകള്‍ -ത്വാഹിറ ഷെറിന്‍

സംസ്ഥാനസര്‍ക്കാരിന്റെ ബജറ്റവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്, ഈ വരികള്‍ ചൊല്ലുമ്പോള്‍ വരികളുടെ ഉടമ ത്വാഹിറ ഷെറിന്‍ പാലായിലെ കോച്ചിങ് സെന്ററില്‍ പഠനത്തിലായിരുന്നു.

11.30-ന് വാണിയംകുളം ടി.ആര്‍.കെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപികയായ ഉമ്മ അലീമ ത്വാഹിറയെ വിളിച്ചു.

'മോളേ നിന്റെ പഴയ കവിത ധനമന്ത്രി നിയമസഭയില്‍ ചൊല്ലി'.

ഒറ്റപ്പാലം വാണിയംകുളം പനയൂര്‍ ആലമ്പാറ വീട്ടില്‍ കുട്ടിആമുവിന്റെയും അലീമയുടെയും മകള്‍ ത്വാഹിറ ഷെറിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ 2016-ലെ പാലക്കാട് ജില്ലാ കലോത്സവത്തില്‍ മലയാളം കവിതാരചനയില്‍ ഒന്നാംസ്ഥാനം നേടിയ 'അര്‍ഥമില്ലാ വാക്കുകള്‍' എന്ന കവിതയാണ് ബജറ്റിലെ നദിപുനരുജ്ജീവനം എന്ന ഭാഗം വായിക്കുന്നതിനുമുമ്പ് ധനമന്ത്രി ചൊല്ലിയത്. ഉപ്പ കുട്ടിആമി കുളപ്പുള്ളി എ.എല്‍.പി. സ്‌കൂളിലെ അധ്യാപകനാണ്.

ഫൈഖ ജാഫര്‍

ജീവിതം തന്നെയും കടലാസുതുണ്ടിലേ-ക്കക്ഷരമായിത്തളച്ചുവെച്ചു കരിയുഗത്തിന്റെ കഥകള്‍ പറഞ്ഞിടാന്‍'ആന്‍' അവള്‍ കാത്തൊന്നിരുപ്പതുണ്ടേ''(ഷെല്‍ഫിലെ പുസ്തകങ്ങള്‍ക്ക് പറയാനുള്ളത് -ഫൈഖ ജാഫര്‍)

ഫൈഖ ഇപ്പോഴും കവിതയെഴുതാറുണ്ടോ എന്ന ചോദ്യത്തിന് കുഞ്ഞാണിപ്പോള്‍ കവിതയെന്ന് ഫൈഖയുടെ ഉമ്മ ചീരാല്‍ കഴമ്പ് അറബിവീട്ടില്‍ സൗദ. കവിതയെഴുതിയ കാലംതന്നെ മറന്ന് കുടുംബത്തിരക്കുകളിലാണിപ്പോള്‍ ഫൈഖ. ഒന്‍പതുമാസക്കാരന്‍ അബ്ദുള്‍ ഹാദിയുടെ ചുറ്റും കറങ്ങിത്തിരിയുന്നതിനിടെ താന്‍ കൗമാരത്തിലെഴുതിയ കവിത മന്ത്രി ബജറ്റില്‍ പരാമര്‍ശിച്ചതിന്റെ അത്യാഹ്‌ളാദത്തിലാണ് ഫൈഖ. ശരിക്കും പറഞ്ഞാല്‍ ''ഞെട്ടിപ്പോയി''

2013-ല്‍ പ്‌ളസ്ടു പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പ്രവാസിയായ റിയാസുമായി വിവാഹം. പി.ജി. പഠനം പൂര്‍ത്തിയാക്കിയശേഷം കുറച്ചുകാലം ജോലിചെയ്തു.

ഇതിനിടയിലെപ്പോഴോ തിരക്കുകളില്‍പ്പെട്ട് കവിതയൊക്കെ മറന്നെന്ന് ഏതൊരു വീട്ടമ്മയെയുംപോലെ ഫൈഖ. ''അപ്രതീക്ഷിതമായാണ് പഴയ കവിത മന്ത്രി പരാമര്‍ശിച്ചത്. മീനങ്ങാടി സ്‌കൂള്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. മന്ത്രിക്ക് എങ്ങനെ കിട്ടിയെന്നറിയില്ല. ഇനിയും എഴുതണം. അതിനുള്ള വലിയ പ്രചോദനമായി മന്ത്രിയുടെ ഈ പരാമര്‍ശം'' -ഹാദിക്കുള്ള താരാട്ടുകളും ഇനി കവിത മണക്കുമെന്നുറപ്പിക്കാം. സ്‌കൂള്‍ വിക്കിയുടെ പേജില്‍നിന്നാണ് മന്ത്രി ഫൈഖയുടെ കവിതയെ ബജറ്റിലേക്കെടുത്തത്.

Content Highlights: Kerala budget 2020