ത്മകഥാംശമുള്ള പുസ്തകത്തിന്റെ പേരു പോലെതന്നെ 'ആകസ്മിക' മാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ പ്രൊഫ. ഓംചേരി എന്‍.എന്‍. പിള്ളയുടെ ഇതുവരെയുള്ള ജീവിതം. കേരളക്കരയ്ക്കു ദൂരെ ഔദ്യോഗികജീവിതം നയിക്കുമ്പോഴും മലയാളത്തെയും സാഹിത്യത്തെയും അദ്ദേഹം ഹൃദയത്തോടു ചേര്‍ത്തുവെച്ചു.

അതുകൊണ്ടുതന്നെ, മറുനാട്ടിലെ മലയാളികളില്‍ മാതൃഭാഷ പടര്‍ത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ മലയാളം മിഷന്റെ അമരക്കാരനായി മറ്റൊരു പേരില്ലായിരുന്നു. ഇങ്ങനെ, പല വേരുകളിലൂടെ മലയാളത്തിനും മലയാളികള്‍ക്കുമിടയില്‍ മാറ്റിവെക്കാതെ പടര്‍ന്ന സാംസ്‌കാരികസാന്നിധ്യമാണ് ഓംചേരി.

ആത്മവിശ്വാസത്തിലേക്കുള്ള നാടുവിടല്‍

പത്താം ക്ലാസ് വിജയിച്ച ശേഷം 17-ാം വയസ്സിലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ നാടുവിടല്‍. കാലടിയില്‍ ശ്രീരാമകൃഷ്ണാശ്രമത്തില്‍ ചേര്‍ന്നു. അവിടെനിന്ന് ദക്ഷിണ റെയില്‍വേയില്‍ അക്കൗണ്ട് ക്ലാര്‍ക്കായി ജോലിക്കു ചേര്‍ന്നു. അധ്വാനിച്ചു പണമുണ്ടാക്കി പിന്നീട് പഠിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു നാടുവിടല്‍. പത്ത് മാസത്തിനുശേഷം 500 രൂപ സമ്പാദിച്ച ശേഷം ജന്മദേശമായ കോട്ടയത്തു തിരിച്ചെത്തി. സി.എം.എസ്. കോളേജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. ഒന്നാം ക്ലാസോടെ പാസായി തിരുവനന്തപുരത്തേക്ക് പോയി. യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദപഠനമായിരുന്നു ലക്ഷ്യം. കൈയില്‍ കാശുമില്ല, തിരുവനന്തപുരത്ത് പരിചയക്കാരുമില്ല. ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ യാദൃച്ഛികമായി എം.എ. വിദ്യാര്‍ഥിയായ സി.പി. രാമകൃഷ്ണ പിള്ളയെ കണ്ടു. സാമ്പത്തികപ്രശ്‌നം അറിയിച്ചപ്പോള്‍ എഴുത്ത് ശീലമുള്ളതിനാല്‍ ഏതെങ്കിലും പത്രത്തില്‍ ജോലിക്കു ചേരാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. കൊല്ലം ആസ്ഥാനമായുള്ള മലയാളരാജ്യത്തിന്റെ ലേഖകനായി തിരുവനന്തപുരത്തു ചേര്‍ന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ബി.എ. ഇസ്ലാമിക് കള്‍ച്ചറിനും ചേര്‍ന്നു. ആരുമെടുക്കാന്‍ താത്പര്യം കാട്ടാത്ത കോഴ്സിനു ചേര്‍ന്നതിനെക്കുറിച്ച് വകുപ്പുമേധാവി ചോദിച്ചപ്പോള്‍ എന്തു പഠിച്ചാലും ജോലി ലഭിക്കുമെന്നായിരുന്നു ഓംചേരിയുടെ മറുപടി. ഇന്റര്‍മീഡിയറ്റിന് ഇന്ത്യാചരിത്രം പഠിച്ചിട്ടുള്ളതിനാല്‍ ഇസ്ലാമിക ചരിത്രം പഠിക്കാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. വൈകീട്ട് നാലിന് കോളേജ് വിട്ടാല്‍ ഉടന്‍ പത്രം ഓഫീസിലെത്തും. അവിടെ രാത്രി രണ്ടു വരെ ജോലി ചെയ്തു പഠനം പൂര്‍ത്തിയാക്കി. ഇതിനിടയില്‍ നിയമബിരുദവും നേടി. സ്വന്തം അധ്വാനിച്ചുള്ള പണംകൊണ്ട് അച്ഛന്റെ ഷഷ്ഠിപൂര്‍ത്തിക്ക് സ്വര്‍ണമാല സമ്മാനിച്ചതായിരുന്നു അന്നത്തെ അഭിമാനകരമായ മറ്റൊരു മുഹൂര്‍ത്തം. ഇങ്ങനെ, ചെറുപ്പംമുതലേ അധ്വാനിച്ചു ശീലിച്ചതിന്റെ അനുഭവം ജീവിതത്തില്‍ ഏറെ ആത്മവിശ്വാസമുണ്ടാക്കിയെന്ന് ഓംചേരി പറഞ്ഞു.

പ്രവാസജീവിതം, പല വഴികളിലൂടെ...

1951ല്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ചേര്‍ന്ന് ആകാശവാണി മലയാളം വിഭാഗത്തില്‍ എഡിറ്ററായിട്ടാണ് ഡല്‍ഹിയിലേക്കുള്ള രംഗപ്രവേശം. 1955-ല്‍ ഇംഗ്ലീഷ് പരീക്ഷയെഴുതി പബ്ലിക്കേഷന്‍ വിഭാഗത്തില്‍ എഡിറ്ററായതും തികച്ചും ആകസ്മികമായിരുന്നു. ആ കാലയളവില്‍ ഇംഗ്ലീഷില്‍ കുട്ടികളുടെ വിവേകാനന്ദന്‍ എന്ന പുസ്തകമെഴുതി. ഇന്ദിരാഗാന്ധിയായിരുന്നു വാര്‍ത്താവിനിമയ മന്ത്രി. അവര്‍ക്ക് പുസ്തകം ഏറെ ഇഷ്ടമായി. ഇടയ്ക്കുള്ള കൂടിക്കാഴ്ചയ്ക്കിടയില്‍ കുട്ടികളുടെ നെഹ്റു എന്നൊരു പുസ്തകമെഴുതാന്‍ ഓംചേരിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ, അപ്രതീക്ഷിതമായി കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡേവിസ് ക്യാമ്പില്‍ മലയാളം അധ്യാപകനായുള്ള ഔദ്യോഗികക്ഷണം ലഭിച്ചു. അപേക്ഷിക്കാതെ ലഭിച്ച ആ ജോലി സ്വീകരിച്ച് അമേരിക്കയിലെത്തി. അവിടുത്തെ ജോലിക്കു ശേഷം പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍നിന്ന് മാസ് കമ്യൂണിക്കേഷനില്‍ എം.എ. ബിരുദമെടുത്തു. ഇതിനിടയില്‍ തികച്ചും യാദൃച്ഛികമായി മിഷിഗന്‍ സ്റ്റേറ്റ് സര്‍വകലാശാലയില്‍ ഡെവലപ്മെന്റ് ഫെലോയായി ജോലി ചെയ്യാന്‍ കഴിഞ്ഞത് പഠനം പൂര്‍ത്തിയാക്കാന്‍ പ്രയോജനപ്പെട്ടു.

ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷം ജനസംഖ്യാ നിയന്ത്രണത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ പ്രചാരണത്തിന്റെ ഓഫീസറായി ചുമതലയേറ്റു. പിന്നീട്, അടിയന്തരാവസ്ഥക്കാലത്ത് സെന്‍സറിങ് വിഭാഗത്തില്‍ ഉപമേധാവിയായും എഫ്.സി.ഐ. പബ്ലിക് റിലേഷന്‍ ഡയറക്ടറായും മാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുമൊക്കെ ഔദ്യോഗികജീവിതം തുടര്‍ന്നു. വിരമിച്ച ഉടന്‍ നിനച്ചിരിക്കാതെ ഭാരതീയ വിദ്യാഭവനില്‍ പ്രിന്‍സിപ്പലായി നിയമനം ലഭിച്ചു. രണ്ട് വര്‍ഷത്തേക്കുള്ള നിയമനം 30 വര്‍ഷം നീണ്ടു. ഭാരതീയ വിദ്യാഭവന്‍ ഓണററി ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. കഴിഞ്ഞ വര്‍ഷം അവിടെനിന്ന് വിരമിച്ചപ്പോഴാണ് അപ്രതീക്ഷിതമായി കോവിഡ് സാഹചര്യം വന്നതെന്നും അതുകൊണ്ടുതന്നെ വീട്ടില്‍ ഇരിക്കേണ്ടി വന്നതായും ഓംചേരി പറഞ്ഞു. എന്നാല്‍, മുന്‍കാലങ്ങളിലെ സര്‍ഗാത്മകജീവിതത്തിന്റെ അധ്യായങ്ങളുള്ള ആത്മകഥാ പുസ്തകത്തിന് ഇപ്പോള്‍ ആകസ്മികമായി തന്നെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.

നാടുവിട്ട് ഡല്‍ഹിയില്‍ ചേക്കേറിയ ശേഷം സാഹിത്യരചന പുനരാരംഭിച്ചതും അപ്രതീക്ഷിതമായിരുന്നു. അന്ന് ലോക്സഭാ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി.യുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് രചിച്ച 'ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു' എന്ന നാടകം വഴിത്തിരിവായി. ആലപ്പുഴയില്‍ സമരം ചെയ്യുന്ന കയര്‍ത്തൊഴിലാളികള്‍ക്കു ക്ഷേമനിധി രൂപവത്കരിക്കാനുള്ള പണപ്പിരിവിനായി നാടകമെഴുതണമെന്നായിരുന്നു എ.കെ.ജി.യുടെ ആവശ്യം. അന്നവതരിപ്പിച്ച നാടകത്തില്‍ എം.പി.മാരും വേഷമിട്ടു. മറുനാടന്‍ മലയാളികളുടെ സാംസ്‌കാരിക ജീവിതത്തിലേക്കുള്ള ഓംചേരിയുടെ ചുവടുവെപ്പ് കൂടിയായിരുന്നു ആ നാടകം. ഏഴ് പതിറ്റാണ്ടോളമായി ഡല്‍ഹി മലയാളികളുടെ മേല്‍വിലാസം അങ്ങനെ എഴുതിച്ചേര്‍ക്കപ്പെട്ടു. ഈ ജീവിത സന്ദര്‍ഭങ്ങളുടെ അധ്യായങ്ങളാണ് ആകസ്മികം എന്ന കൃതി.

Content Highlights: Kendra sahitya akademi award winner Prof Omchery NN Pillai life