ജാപ്പനീസ് വംശജനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോയുടെ കൈകളിലേക്ക് സാഹിത്യത്തിന്റെ നൊബേല്‍ പുരസ്‌കാരം എത്തുമ്പോള്‍ ലോകമെമ്പാടുമുള്ള സാഹിത്യപ്രേമികള്‍ ഒന്ന് ഉള്ളാലെ സന്തോഷിച്ചിട്ടുണ്ടാകണം. സാധ്യതാപട്ടികയില്‍ മുന്നില്‍ നിന്നവര്‍ക്കും പ്രവചനങ്ങളില്‍ സ്ഥാനം പിടിച്ചവര്‍ക്കും ഇടംനല്‍കാതെയാണ് ഇഷിഗുറോയുടെ പേര് അക്കാദമി പ്രഖ്യാപിച്ചത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സാഹിത്യകാരന് സാഹിത്യത്തിന്റെ നൊബേല്‍ ലഭിക്കുന്നത് എന്നത് സാഹിത്യപ്രേമികളുടെ മനം കുളിപ്പിച്ച വാര്‍ത്തയായിരുന്നു.
ഹാറുകി മുറാകാമി, മാര്‍ഗരെറ്റ് ആറ്റ്വുഡ്, ഗുഗി വാ തിയോങോ, അഡോണിസ് എന്നിങ്ങനെ നൊബേലിന് ഏറെ സാധ്യത കല്‍പിച്ചിരുന്ന പേരുകള്‍ ഒരുപാടുണ്ടായിരുന്നു. എങ്കിലും ഇഷിഗുറോയ്ക്ക് സമ്മാനം നല്‍കുകവഴി രണ്ട് വര്‍ഷമായി സൃഷ്ടിച്ച പുതിയ കീഴ്‌വഴക്കം അവസാനിപ്പിച്ചിരിക്കുകായണ് അക്കാദമി. സാഹിത്യവുമായി നേരിട്ട് ബന്ധമില്ലാത്തവര്‍ക്കായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷവും നൊബേല്‍ സമ്മാനിക്കപ്പെട്ടത്. ഇതില്‍ സാഹിത്യപ്രേമികള്‍ക്ക് ചെറുതല്ലാത്ത പരിഭവവുമുണ്ടായിരുന്നു.
2015ല്‍ മാധ്യമപ്രവര്‍ത്തക സ്വെറ്റ്‌ലാന അക്‌സോവിച്ചിന് നൊബേല്‍ നല്‍കിയാണ് അക്കാദമി സാഹിത്യലോകത്തെ ആദ്യം ഞെട്ടിച്ചത്. കഴിഞ്ഞ വര്‍ഷം കഴിഞ്ഞ വര്‍ഷം പോപ് ഗായകന്‍ ബോബ് ഡിലന് പുരസ്‌കാരം സമ്മാനിച്ചത് സാഹിത്യലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചു. അപ്രതീക്ഷിതമായി എത്തിയ പുരസ്‌കാരം സ്വീകരിക്കാന്‍ ഡിലന്‍ പോലും ആദ്യം ഒന്ന് മടിച്ചു നിന്നു. ഇതിന് വിരാമിട്ടുകൊണ്ടാണ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഇഷിഗുറോയ്ക്ക് നൊബേല്‍ പുരസ്‌കാരം എന്ന വാര്‍ത്ത എത്തുന്നത്.
കാലവും ഓര്‍മകളും മിഥ്യകളും മനുഷ്യന്റെ ഭ്രമാത്മകമായ ലോകവും സമന്വയിപ്പിച്ച് എഴുത്ത് ആഘോഷമാക്കിയ പ്രതിഭയാണ് ഇഷിഗുറോ. വൈകാരികമായി കരുത്തുറ്റ രചനാവൈഭവത്തിലൂടെ മനുഷ്യനും ഭൂമിയും തമ്മിലുള്ള മായികമായ ബന്ധത്തിന്റെ ആഴക്കാഴ്ചകളെ അനാവരണം ചെയ്യുന്ന കൃതികളാണ് ഇഷിഗുറോയുടേതെന്ന് നൊബേല്‍ പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി വിലയിരുത്തിയത്.
തന്റെ സൃഷ്ടികളില്‍ ആവിഷ്‌കാരത്തിന്റെ കൃത്യമായ തലങ്ങള്‍ നിര്‍വചിക്കുന്ന ഇഷിഗുറോയുടെ ഇഷ്ടവിഷയങ്ങള്‍ എന്നും കാലവും ഓര്‍മയും മിഥ്യയുമൊക്കെയാണ്. വര്‍ത്തമാന കാലത്തേക്കാള്‍ ഭൂതകാലം പശ്ചാത്തലമാകുന്ന അദ്ദേഹത്തിന്റെ സൃഷ്ടികള്‍ അതിനാല്‍ തന്നെ ഭൂതകാലത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന വര്‍ത്തമാന കാലത്തിന്റെ അടയാളപ്പെടുത്തലുകളാണ് എന്ന് വിശേഷിപ്പിക്കാം.
1982ല്‍ പുറത്തിറങ്ങിയ എ പേയില്‍ വ്യൂ ഓഫ് ഹില്‍സാണ് ആദ്യ നോവല്‍. ഇതുള്‍പ്പെടെ ഏഴ് നോവലുകള്‍ അദ്ദേഹം സാഹിത്യ ലോകത്തിന് സമ്മാനിച്ചു. 1989ല്‍ പുറത്തിറങ്ങിയ ദി റിമെയ്ന്‍സ് ഓഫ് ദി ഡേയാണ് ഇഷിഗുറോയുടെ മാസ്റ്റര്‍പീസ് എന്നു പറയാം. ആ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം നേടിയ നോവലിന് പിന്നീട് ചലച്ചിത്രഭാഷ്യവുമുണ്ടായി. നോവലകള്‍ക്ക് പുറമേ ചെറുകഥകളും തിരക്കഥകളും ഇഷിഗുറോയ എഴുതിയിട്ടുണ്ട്.