തൊണ്ണൂറ്റിമൂന്ന് നോവലുകള്‍, അനവധി ചെറുകഥകള്‍, ലേഖനങ്ങള്‍, കോളങ്ങള്‍...അമേരിക്കന്‍ സാഹിത്യലോകം അരനൂറ്റാണ്ടോളം കൊണ്ടാടിയ പേരാണ് കാത്‌ലീന്‍ തോംസണ്‍ നോറിസ്. ഇരുപതാനൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ അമേരിക്കയിലെ ഏറ്റവും വിലപിടിച്ച രചനകളുടെ സ്രഷ്ടാവായ കാത്‌ലീന്‍ അക്കാലത്തെ ജനപ്രിയമാസികകളായ ദ അറ്റ്‌ലാന്റിക്, ദ അമേരിക്കന്‍ മാഗസിന്‍, വിമന്‍സ് ഹോം കമ്പാനിയന്‍ തുടങ്ങിയവയിലെ സ്ഥിരം എഴുത്തുകാരിയായിരുന്നു. കുടുംബം എന്ന സംവിധാനത്തിനകത്തിരുന്നുകൊണ്ട് തികച്ചും യാഥാസ്ഥിതികതയും വിവാഹജീവിതത്തിന്റെ ഔന്നത്യവും മാതൃത്വത്തിന്റെ മഹത്വവും പരോപകാരവും നിറഞ്ഞാടിയ അമേരിക്കന്‍ കാലത്ത് തന്റെ കൃതികളില്‍ മേല്‍പ്പറഞ്ഞ ചേരുവകള്‍ തുല്യമായ അളവില്‍ നിറയ്ക്കാന്‍ മിടുക്കിയായിരുന്നു കാത്‌ലീന്‍. 

 സാന്‍ഫ്രാന്‍സിസ്‌കോയിലാണ് 1880 ജൂലൈ പതിനാറിന് കാത്‌ലീന്‍ ജനിച്ചത്. കാത്തിയ്ക്ക് പത്തൊമ്പത് വയസ്സായപ്പോഴേക്കും മാതാപിതാക്കള്‍ മരണപ്പെട്ടു. കുട്ടികളില്‍ ഏറ്റവും മൂത്തയാളായതിനാല്‍ തന്നെ വലിയൊരു കുടുംബത്തെ തീറ്റിപ്പോറ്റേണ്ട ഉത്തരവാദിത്തം കാത്തിയില്‍ വന്നുചേര്‍ന്നു. താല്‍ക്കാലികമായി കിട്ടിയ ജോലിയില്‍ അരിഷ്ടിച്ചു ജീവിക്കുന്ന കാലത്താണ് കാത്തി കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ക്രിയേറ്റീവ് റൈറ്റിങ്ങില്‍ കോഴ്‌സ് ചെയ്യുന്നത്. ചെറുകഥകള്‍ എഴുതാനുള്ള ധൈര്യം കൊടുത്തത് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയായിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സാന്‍ ഫ്രാന്‍സിസ്‌കോ കാള്‍ എന്ന മാഗസിന്‍ സാമൂഹ്യമൂല്യമുള്ള കഥകളെഴുതാന്‍ ഏല്‍പ്പിക്കുന്നതോടെയാണ് പ്രൊഫഷണല്‍ എഴുത്തിലേക്ക് കാത്തി പ്രവേശിക്കുന്നത്. അവിടെ വെച്ചാണ് വിഖ്യാതനോവലിസ്റ്റ് ഫ്രാങ്ക് നോറിസിന്റെ ഇളയസഹോദരന്‍ ചാള്‍സ് ഗില്‍മാന്‍ നോറിസിനെ കണ്ടുമുട്ടുന്നത്. ആ കൂടിക്കാഴ്ചയാണ് സത്യത്തില്‍ കാത്തിയെ അമേരിക്കയുടെ ഏറ്റവും വിലപിടിപ്പുള്ള എഴുത്തുകാരി എന്ന പദവിയിലേക്ക് നയിച്ചത്. ഗില്‍മാന്‍ നോറിസ് ദ അമേരിക്കന്‍ മാഗസിനിന്റെ എഡിറ്ററായി ജോലിചെയ്യുന്ന കാലമാണ്. കാത്തിയുടെ സൃഷ്ടികള്‍ എഡിറ്ററുടെ പേന കാണാന്‍ തുടങ്ങിയതോടെ കാത്‌ലീന്‍ തോംസണ്‍ എന്ന പേര് പ്രശസ്തമായി. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. 

തന്റെ ഭാര്യ സര്‍ഗാത്മകതയുടെ ഈറ്റില്ലമാണെന്ന് തിരിച്ചറിഞ്ഞ ഗില്‍മാന്‍ നോറിസ് ജോലി ഉപേക്ഷിച്ച് വീട്ടിലെ കാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധകൊടുക്കുകയും കാത്തിയെ പൂര്‍ണമായും ഗാര്‍ഹിക ഉത്തരവാദിത്തങ്ങളില്‍ നിന്നും വിടുത്തിമാറ്റിക്കൊണ്ട് എഴുത്തില്‍ത്തന്നെ തളച്ചിടുകയും ചെയ്തു. കാത്തിയുടെ ഓരോ കഥകളുടെയും ആദ്യവായനക്കാരനായ ഗില്‍മാന്‍ പിന്നെ തന്റെ മികവുറ്റ എഡിറ്റിങ് രീതികളെല്ലാം തന്നെ ആ കഥകളില്‍ വിനിയോഗിച്ചുകൊണ്ട് അവയെ കൂടുതല്‍ മികവുറ്റതാക്കി. ഗില്‍മാന്‍ പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു കാത്തിയുടെ വളര്‍ച്ചയും അംഗീകാരങ്ങളും. വീടിന്റെ ഉത്തരവാദിത്തത്തോടൊപ്പം തന്നെ കാത്തിയുടെ ലിറ്റററി ഏജന്റ് എന്ന ഉത്തരവാദിത്തവും ഗില്‍മാന്‍ ഏറ്റെടുത്തു. അതിനിടയില്‍ ഗര്‍ഭിണിയായ കാത്തി അതും സര്‍ഗാത്മകയിലേക്കുള്ള ഇന്‍വെസ്റ്റ്‌മെന്റാക്കി മാറ്റി. 'മദര്‍' എന്ന നോവല്‍ പിറന്നതങ്ങനെയാണ്. ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കയുടെ നോവല്‍ ചരിത്രത്തില്‍ വന്‍സ്വീകരണമായിരുന്നു 'മദറി'ന് ലഭിച്ചത്. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരിയായി കാത്തി. പോരാത്തതിന് ബട്ടര്‍ഫ്‌ളൈ, മൈ ബെസ്റ്റ് ഗേള്‍, പാഷന്‍ ഫ്‌ളവര്‍ ,ചേഞ്ച് ഓഫ് ഹാര്‍ട് തുടങ്ങിയ നോവലുകള്‍ സിനിമയായതോടെ കാത്‌ലീന്‍ അമേരിക്കന്‍ സാംസ്‌കാരികനായകത്വപദവിയിലേക്കുയര്‍ന്നു. അപ്പോഴും ഗില്‍മാന്‍ നോറിസ് തന്റെ ദൗത്യങ്ങള്‍ കൃത്യമായി നിറവേറ്റിക്കൊണ്ടേയിരുന്നു. മക്കള്‍ വളര്‍ന്നതും അമ്മയെ കണ്ടതും അറിഞ്ഞതുമെല്ലാം ഗില്‍മാനിലൂടെയായിരുന്നു. കാത്തി കൊണ്ടുവന്ന വരുമാനം കൊണ്ട് അവര്‍ സ്വന്തമായി വീടുവെച്ചു, മക്കള്‍ ഉന്നതവിദ്യാഭ്യാസം നേടി. ഗില്‍മാന്‍ തന്റെ കണിശത എല്ലാക്കാര്യത്തിലും കൃത്യമായി പാലിക്കുന്ന മനുഷ്യനായതിനാല്‍ ഓരോ സൃഷ്ടികള്‍ക്കുപിറകിലും കാത്തി കൃത്യമായ ലക്ഷ്യവും സാമ്പത്തികലാഭവും കണ്ടെത്തിയിരുന്നു. തങ്ങളുടെ കുടുംബപരമായ ഉത്തരവാദിത്തങ്ങലെല്ലാം നിറവേറ്റി മക്കളെ ഉന്നതവിദ്യാസമ്പന്നരാക്കിയതിനുശേഷം നോറിസ് ദമ്പതികള്‍ ഇറങ്ങിയത് സാമൂഹ്യപ്രവര്‍ത്തനങ്ങളിലേക്കായിരുന്നു. 1945-ല്‍ തന്റെ അറുപത്തിയഞ്ചാം വയസ്സില്‍ ഗില്‍മാന്‍ അന്തരിച്ചതോടെ കാത്തി തികച്ചും ഏകാന്തതയിലായി. ഗില്‍മാന്‍ കാണാത്ത, വായിക്കാത്ത നോവലുകള്‍ പ്രസിദ്ധീകരിക്കാന്‍ കാത്തി വിസമ്മതം പ്രകടിപ്പിച്ചെങ്കിലും മക്കളുടെയും പ്രസാധകരുടെയും സ്‌നേഹനിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി കാത്തി വീണ്ടും എഴുതിത്തുടങ്ങി. 1966 ജനുവരി പതിനെട്ടിന് എണ്‍പത്തിയഞ്ചാം വയസ്സിലാണ് കാത്‌ലീന്‍ നോറിസ് അന്തരിക്കുന്നത്.

Content Highlights : Kathleen Norris American Author