കോട്ടയം: മകനെ കണ്ട അമ്മയുടെ നൊമ്പരം. എന്നും മനസ്സില്‍ കനലെരിച്ച കുന്തിയുടെ മൗനവേദനകള്‍ മുദ്രകളിലാവാഹിച്ച മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയാശാന്‍ ആടിത്തിമിര്‍ക്കുമ്പോള്‍ കളിക്കമ്പക്കാര്‍ മനസ്സില്‍ പ്രാര്‍ഥിച്ചിരിക്കണം. ഈ വേഷവസന്തം ഏറെനാള്‍ തുടരണമെന്ന്. പക്ഷേ, അത് അവസാനത്തെ ആട്ടമായിരുന്നു.
ജനുവരി 16-ന് കരുനാഗപ്പള്ളിക്കടുത്ത് മണ്ണൂര്‍ക്കാവിലായിരുന്നു മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ അവസാന വേഷം. മാലി മാധവന്‍ നായരുടെ കര്‍ണശപഥമാണ് ആടിയത്. കുന്തീദേവിയുടെ വേഷം അനശ്വരമാക്കിയ തന്നെ, ആസ്വാദകര്‍ അഭിനന്ദിച്ചത് അദ്ദേഹം അഭിമാനത്തോടെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇത്തരം അഭിനന്ദനങ്ങളാണ് മാത്തൂരിന് ഊര്‍ജം പകര്‍ന്നിരുന്നത്.
മാത്തൂര്‍ കളരിയുടെ പൈതൃകപ്പെരുമയുള്ള ഗോവിന്ദന്‍കുട്ടിയാശാന്‍ ആറരപ്പതിറ്റാണ്ട് അരങ്ങുവാണശേഷമാണ് വിട പറഞ്ഞത്. പതിനാലാം വയസ്സില്‍ തറവാട്ടുകളരിയില്‍ നെടുമുടി കുട്ടപ്പപ്പണിക്കരുടെ ശിക്ഷണത്തില്‍ ആദ്യചുവടുവെച്ചു. ആചാര്യസ്ഥാനീയരായ മഹാനടന്മാര്‍ക്കൊപ്പം ദമയന്തി, പാഞ്ചാലി, മോഹിനി, സീത, ഉഷ, ചിത്രലേഖ, വാസവദത്ത, രംഭ, ദേവയാനി, ഉര്‍വശി തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മലയത്തി, താടക, കാട്ടാളസ്ത്രീ തുടങ്ങിയ കഥാപാത്രങ്ങളെയും അരങ്ങിലെത്തിച്ചു. നാലാംതലമുറയും കളിയരങ്ങിലുണ്ടെന്ന അഭിമാനത്തോടെയാണ് മാത്തൂരാശാന്‍ വിടപറയുന്നത്.
ചെറുമക്കളായ അദ്വൈത് കൃഷ്ണയും നീരജ് കൃഷ്ണയും പഠനത്തോടൊപ്പം കളിയരങ്ങിലുമുണ്ടെന്ന സന്തോഷം മാത്തൂരാശാന്‍ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. കോട്ടയത്തെ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ നേതൃനിരയില്‍ അദ്ദേഹം സജീവമായിരുന്നു. 1517-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
Content Highlights: Kathakali maestro Mathoor Govindan Kutty