'എഴുപത്തഞ്ചിൽ
വളവൊക്കെയും നിവരുന്നു,
മുള പൂത്തതുപോലെ
ചുളിയും തൊലിയുടെ-
യടിയിൽ നിന്നും മെല്ലെ
വാക്കുകളുയുരുന്നു: '

(എഴുപത്തഞ്ച്, സച്ചിദാനന്ദൻ-മാത്യഭൂമി ആഴ്ച്ചതിപ്പ്)

കവി, സാംസ്കാരിക പ്രവർത്തകൻ,മാർക്സിയൻ സൗന്ദര്യശാസ്ത്രജ്ഞൻ, പരിസ്ഥിതിപ്രവർത്തകൻ, വിവർത്തകൻ എന്നീ നിലകളിൽ നിറഞ്ഞുനിൽക്കുന്നു സച്ചിദാനന്ദൻ. ഭരണകൂടങ്ങളുടെ സാംസ്കാരിക അധിനിവേശത്തെയും ഫാസിസിറ്റ് വർഗീയ ചിന്താഗതികൾക്ക് എതിരായും ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം നടത്തിയ നിരന്തരമായ ഇടപെടലുകൾ ഏതുകാലത്തും സ്മരിക്കപ്പെടും. എഴുപത്തിയഞ്ചിന്റെ നിറവിലാണ് കവിയിപ്പോൾ.

കവി, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹം നയിച്ച ജീവിതവും പരാമർശിക്കേണ്ടതുണ്ട്. അത് കേരളത്തിന്റെ സാംസ്കാരിക-സാഹിത്യ വഴികളുടെ അടയാളപ്പെടുത്തലുകൾ കൂടിയാണ്. 'ഒടുവിൽ ഒറ്റയാവുന്നു, സുലേഖ എന്നീ കവിതകൾ എക്കാലവും നൊമ്പരപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. തികച്ചും വ്യക്തിപരവും യാദൃശ്ചികവുമാണ് ഈ കവിതകളോടുള്ള ലേഖകന്റെ അടുപ്പങ്ങൾ.

sulekha
1979-ല്‍ ശ്രീകൃഷ്ണ കോളേജ് മാഗസിന്‍ സുലേഖയെ അനുസ്മരിച്ചപ്പോള്‍

1975ലെ അടിയന്തരാവസ്ഥയും 1977 ലെ ജനതാപാർട്ടിയുടെ ഭരണവും കേരളത്തിലെ ഗ്രാമങ്ങളിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് മാറ്റത്തിന് വഴിവെച്ചു എന്നാൽ ജനതാ പാർട്ടിയുടെ പ്രവർത്തനവും, സംഘപരിവാർ സംഘടനയുടെ അജണ്ടകളും ഗവർണ്മന്റിനെ അസ്ഥിരപ്പെടുത്തി.
സാംസ്കാരിക രംഗത്ത് പുത്തൻ ആശയങ്ങളും രാഷ്ട്രീയ നിലപാടുകളും കേരളത്തിലെ ഗ്രാമങ്ങളിൽ ഉയരാൻ തുടങ്ങി.ത്യശൂർ ജില്ലയിലെ അരിയന്നൂരിലും അതിന്റെ അലയൊലികൾ ഉണ്ടായി. പ്രൊഫസർ നാരായണ മേനോൻ രക്ഷാധികാരിയും, കോവിലൻ,ലോനമാസ്റ്റർ,വി.ജി.തമ്പി
തുടങ്ങി പ്രമുഖർ അടങ്ങിയ ഉപദേശ സമിതിയുടെയും അരിയന്നൂരിലള്ള യുവാക്കളുടെ സഹകരണത്തോടെ ജ്വാല കലാസാംസ്കാരിക കേന്ദ്രം എന്ന സംഘടന രൂപീകരിച്ചു.

നൈതികവും ഉയർന്ന ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നസംഘടനയായിരുന്ന ജ്വാല.അതുകൊണ്ടു തന്നെ നാടകം, സിനിമ ,സാഹിത്യം,കല, സംസ്കാരം എന്നിവയിലെ പുതിയ ആശയങ്ങൾ കൊണ്ടു സജീവമായിരുന്നു ജ്വാല.കേരളത്തിലെ മിക്ക സാഹിത്യകാരന്മാരും, സാംസ്കാരിക പ്രവർത്തകരും കലാകാരന്മാരും ജ്വാലയുടെ വേദികളിൽ പങ്കെടുത്തു.

ആയിടക്ക് സച്ചിദാനന്ദൻ മാഷ് സാംസ്കാരിക വേദിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. പല സംഘടനകളും പോലീസിനെ ഭയന്ന് അദ്ദേഹത്തിന് വേദികൾ നിരോധിച്ച സാഹചര്യത്തിലാണ് ജ്വാല വേദിയൊരുക്കാൻ തീരുമാനിച്ചത്. കോവിലനൊടും, പ്രൊഫസർ നാരായണൻ മാസ്റ്ററുമായുള്ള സൗഹൃദം ജ്വാലയിലേക്കുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു. അക്കാലത്ത് 'സുലേഖ' എന്ന സച്ചി മാഷിന്റെ കവിത എറെചർച്ച ചെയ്യപ്പെട്ടിരുന്നു. ഒട്ടനവധി കാവ്യാസ്വദകരുടെ മനസ്സിനെ മുറിവേൽപ്പിച്ച കവിതയായിരുന്നു അത്.

ഗുരുവായൂർ ശ്രീക്യഷ്ണ കോളേജിലെ അധ്യാപികയായിരുന്നു സുലേഖ ടീച്ചർ. അരിയന്നൂരിലെ കോളേജിനടുത്തു തന്നെയായിരുന്നു സുലേഖ ടീച്ചറുടെ താമസം. നാട്ടുകാർക്ക് വളരെ സുപരിചതയായിരുന്നു ടീച്ചറും ഭർത്താവും.മണക്കുളം രാജകുടുംബത്തിലെ എം.കെ.രാജയുടെ മകൾ.
മുട്ടറ്റം അഴിച്ചിട്ട മുടി, കൺമഷിക്കണ്ണുകൾ, വെളുത്തു മെല്ലിച്ച പ്രകൃതം,കരുണയോടെയുള്ള സംസാരം. ഒറ്റനോട്ടത്തിൽ ടീച്ചറെ കണ്ട ആരുടേയും മനസ്സിൽ നിന്നും മാറത്ത രൂപം. നാട്ടുകാരിയായതിനാൽ കോളേജ് മുറ്റം വഴി സ്കൂളിലേക്ക് പോകുന്ന ഞങ്ങൾ കുട്ടികളോട് ചിരിച്ചു കൊണ്ടു
പറയും' കോളജ് വഴി പോവുമ്പോൾ ശ്രദ്ധിക്കണം ക്ഷുദ്രജീവികൾ ഉണ്ടാവും.ആ കാലത്ത് ടീച്ചർ പോലും അറിയാതെ കാൻസർ രോഗം ശരീരത്തെ ഗ്രസിച്ചിരുന്നു. രണ്ടു കുട്ടികളുടെ മാതാവായിരുന്ന സുലേഖ ടീച്ചർ 1978-ൽ മരിച്ചു.

മഹാരാജാസ് കോളേജിലെ എം.എ. ഇംഗ്ലീഷ് വിദ്യാർത്ഥികളായിരുന്നു.സച്ചിമാഷും സുലേഖ ടീച്ചറും.സഹപാഠികളും ഇഷ്ടസുഹ്യത്തുക്കളുമായിരുന്നു. സുലേഖ ടീച്ചറുടെ മരണം സച്ചിമാഷിനെ മാനസികമായി വല്ലാതെ മുറിവേൽപ്പിച്ചിരുന്നു.ജീവിത സമസ്യകളെ
നിസ്സഹായനായി നോക്കിനിൽക്കേണ്ടി വരുന്ന കവിയുടെ മനസ്സ് എൺപതുകളിൽ എഴുതിയ സുലേഖ എന്ന് കവിതയിൽ കാണാം. 'സുലേഖ'യിൽ മാഷ് ഇങ്ങനെ എഴുതുന്നു:

'ഇത്രയേറെ ചിറകുകളുമായി സുലേഖ
നീ അവിടെ എന്തു ചെയ്യുകയാണ്?
വിശുദ്ധിയുടെ വെള്ള വസ്ത്രങ്ങൾ
വെളുത്ത പനിനീർ
വെളുത്ത സ്വപ്നങ്ങൾ
ഞാനെല്ലാം കാണുന്നു..
ബലിരൂപങ്ങളുടെ വളർത്തുപുത്രിയാണു നീ..
കഠിനവസന്തങ്ങളുടെ പ്രാക്തനസുഗന്ധം
പളുങ്കിന്റെ സുതാര്യ ഹതാശമായ ചിരി

ഉപ്പുപാടങ്ങളുടെ ലവണം കിനിയുന്ന കാറ്റുകൾക്കൊപ്പം
ഓരോ രാത്രിയും നീ കടന്നുവരുന്നു..
മൂടൽ മഞ്ഞുപോലെ മുറിവുകൾ കാട്ടി വിതുമ്പുന്നു..
ജനലരികിൽ നിന്ന് വിറയ്ക്കുന്ന ഹിമകാലനിശീഥിനി
വെളുത്തുള്ളിപോലെ വിളറിയിരിയ്ക്കുന്നു...
നിന്റെ ചിതയിൽ വിരിയുന്ന
അർബ്ബുദത്തിന്റെ ഇലകൾക്ക്
തവിട്ടു നിറം.
എരുക്കിന്റെയും പാലയുടേയും
നറുഗന്ധം ശവം കരിയുന്ന മണത്തിലലിയുന്ന
ഈ നിലാവിൽ,
ഈ ഹിമക്കൂണിനടിയിൽ
നീയെന്നോടൊത്ത്
അഭയം തേടേണ്ടതായിരുന്നു.
ഇരുണ്ട കിണറുകൾക്കകത്ത് ജീവിക്കുന്ന,
ഉരുണ്ട,ആ വഴുവഴുപ്പൻ സത്വം
അന്ന് നമുക്കിടയിൽ വന്നുനിന്നു.
അതേ സത്വമാണോ
നിന്റെ കുടലുകൾക്കത്ത്
കടന്നുകൂടി പെറ്റുപെരുകിയത്?
കാറ്റ് ഉമ്മവെയ്ക്കുന്ന
അശോകവൃക്ഷത്തിന്റെ
ഹരിതഗോപുരം പോലെ
നീ ഓർമ്മയുടെ അതിരുകളിൽ
കൂർത്തുയരുന്നു..
എന്റെ പകലുകൾക്കും
കവിതകൾക്കുമിടയിൽ കിടന്ന്
ഇലമുളച്ചിയെപ്പോലെ
പൊട്ടിപ്പൊട്ടി മുളയ്ക്കുന്നു..
നിന്റെ മരിച്ച മുടിയിഴകളിൽ
സ്വർണ്ണവിരലുകളോടിച്ചുകൊണ്ട്
പട്ടടത്തീ നിന്റെ കൊച്ചുചെവിയിൽ
മന്ത്രിച്ചതെന്തായിരുന്നു?
നിന്നെ മടിയിൽ കിടത്തി
തലോടിത്തലോടി
നിന്റെ അസ്ഥികളെ
വികാരാവേഗത്താൽ പൊട്ടിത്തെറിപ്പിച്ച്
അവൻ പാടിയ പാട്ടെന്തായിരുന്നു..?

സുലേഖ,
നീ മറ്റൊരുകാലത്ത്
പിറക്കേണ്ടവളാണ്
ഈ ലോകത്ത്
സൂര്യകാന്തികൾക്കുപോലും
നഖങ്ങളും ദ്രംഷ്ടകളുമുണ്ട്.
കറുത്ത വിധിപുസ്തകം പോലെ
തടവറകൾ രാജ്യസ്നേഹികൾക്കായി
തുറക്കപ്പെടുന്നു..
നീതിമാന്മാരുടെ നുറുങ്ങിയ
അസ്ഥികൾക്കുമീതെ
മഴപ്പെയ്യിക്കാത്ത കാറ്റുകൾ
ഉരുണ്ടുപോകുന്നു..
ഒരുനാൾ സൗരഭ്യങ്ങളുടെ ഭൂമിയിൽ
പുതുമണ്ണിന്റെ മണമുയർത്തുന്ന
ആദ്യമഴയായ് നീ വന്ന് പിറക്കുക
ഇറവെള്ളമായ് ആര്യവേപ്പിൻ ചുവട്ടിലൂടെ
ചിരിച്ച് പുളഞ്ഞൊഴുകുക
അപ്പോൾ
നിന്റെ മാറിൽ ഒരു കുട്ടി
ഒരു കടലാസുതോണിയൊഴുക്കിവിട്ട്
കൈ കൊട്ടി ചിരിയ്ക്കും..
ഒരു ഞാവൽക്കിളി ചുവന്ന ചിറകുവീശി
നിനക്കുമീതെ കൂരമ്പുപോലെ
പറന്നുപോകും...
ആ കിളി ഞാനായിരിയ്ക്കും...!

ജ്വാല ഒരുക്കിയ വേദിയിലേക്ക് ക്ഷണിക്കാൻ സച്ചിദാനന്ദൻ മാഷിന്റെ ഇരിഞ്ഞാലക്കുടയിലുള്ള വസതിയിലേക്ക് എത്തുമ്പോൾ മാഷ് വരാനുള്ള ഒരുക്കത്തിലായിരുന്നു.തോർത്തി തീരാത്ത തലമുടി.മുറിയൻ ബനിയൻ,കള്ളിമുണ്ട്.മധുരമായ ചിരി.സംസാരിച്ചപ്പോൾ ഒരു ഉറുമ്പിനെ പോലുംനോവിക്കാൻ കഴിയാത്ത മനുഷൃൻ!.ഇത്രയും നിർമ്മലമായ മനസ്സുള്ള ഇദ്ദേഹമാണോ വിപ്ലവ സംഘനയുമായി സഹകരിക്കാൻ ,ജനകീയ സാംസ്കാരികവേദിയിൽ പ്രവർത്തിക്കാൻ പോകുന്നത്?

അക്കാലത്ത് ജനകീയ സാംസ്കാരികവേദിയുടെ പ്രവർത്തനവുമായി സഹകരിക്കാൻ മാഷിന് ബുദ്ധിമുട്ടായി. ജനകീയ സാംസ്കാരിക വേദി പ്രവർത്തകരിൽ നിന്നും അദ്ദേഹത്തിന്റെ തന്നെ ആരാധകരിൽ നിന്നും കഠിന വിമർശനവും അവഹേളനവും ഏൽക്കേണ്ടി വന്നതായി പറയുന്നു.
ഇത്തരമൊരു സർഗാത്മക പ്രതിസന്ധിയാവാം 'ഒടുവിൽ ഒറ്റയാവുന്നു' എന്ന കവിത എഴുതാൻ പ്രേരിപ്പിച്ചത്. ഈ കവിത ആസ്വാദകരുടെ ഇടയിൽ പരക്കേ സ്വീകരിക്കപ്പെട്ടു. സച്ചിമാഷിന്റെ സൃഷ്ടികളിൽ മികച്ച കവിതകളിലൊന്നായി ഈ കവിത പരാമർശിക്കപ്പെടുന്നു.


''ഒടുവിൽ ഞാനൊറ്റയാകുന്നു
ചുമലിലിരുന്നാ മഴപ്പക്ഷി പാടിയ
വിറയാർന്ന പാട്ട് തോരുന്നു
ഒരു ഗ്രാമ വിധവപോലിലകൊണ്ട് തലമൂടി
മെലിവാർന്ന കാറ്റു പോകുന്നു
തെളിവാനിൽ ഒരു കിളിക്കൂട്ടം തൊടുത്തുവി-
ട്ടരളിതൻ ഞാൺ വിറക്കുന്നു

ഒരു കച്ചു ചാലായ് വറ്റുന്നു മാനവും
ഒടുവിൽ ഞാനൊറ്റയാകുന്നു

ഒടുവിൽ ഞാനൊറ്റയാകുന്നു
തെരുവിലേക്കെറിയുന്നു ചോരയും ദൈന്യവും
ഒരു കൊച്ചു പന്തു പോലെന്നെ
മതമോഹകാമപീഢിതരായി
ഷുദ്ധാർത്ഥരായലയുന്നു രോഗികൾ, മനുഷ്യർ
ചിലർ നാലുചക്രത്തിൽ,
ചിലർ രണ്ടിൽ ചിലർ കാലിൽ
ഇതൊരാശുപത്രിയിടനാഴി.
ഇണകാത്ത്, തുണകാത്ത്
വിധികാത്ത്, മൃതികാത്ത്
തലതല്ലിയാർത്ത് തെറി ചൊല്ലി,
മീനിന്നു വിലപേശി ജീവനു വിലപേശി
നാടിനു വിലപേശി നിൽപോർ.
ശവവണ്ടി പോലീച്ചയാർക്കും മുഖങ്ങളിൽ
മരവിച്ച് വീർത്ത സ്വപ്നങ്ങൾ....

ഒരു കൊച്ചുപുല്ലിന്റെ തണലില്ല പൂവില്ല
കിളിയും കിളിപാട്ടുമില്ല
ഗണനായകൻ മാത്രമമറുന്നു
പുലരിയെ, സമരോഗ്രഭൂമിയെ പറ്റി.
ഇരകൾക്കു മീതെ പറക്കും പരുന്തുപോൽ
അവൻ, ആർത്തു ചുറ്റുന്നു വാക്കിൽ
വെറുതെയീ അധികാര മോഹിതൻ പ്രലോഭനം
പറയുന്നു ഖിന്നനൊരു ഭ്രാന്തൻ
ഒരു സൂര്യനും ഉദീപ്പീല നിങ്ങൾക്ക്
തളിർ കരിയുന്ന നട്ടുച്ചയൊഴികെ
വരവില്ല ഒരു സ്വർഗ്ഗ ദൂതനും
പൈതലിൻ നിണമാർന്ന കൊക്കു നീട്ടാതെ
പിരിയുന്നു, പിരിയുന്ന തൂക്കുകയർപോൽ യോഗം
ഒടുവിൽ ഞാൻ ഒറ്റയാകുന്നൂ....

അരിയൂന്നുരിൽ സാംസ്കാരിക പ്രവർത്തനത്തിന്റെ ഭൂമികക്കു പറ്റിയ ഭൗതിക അന്തരീക്ഷം ഒരിക്കലും ഉണ്ടായിരുന്നില്ല. അന്നം തേടി ചെറുപ്പക്കാർ പ്രവാസികളായി.നാട്ടിൽ വരുമ്പോൾ വല്ലപ്പോഴുമേ മാഷേ കാണാൻ പറ്റിയുള്ളു. കാണുമ്പോൾ സൗഹ്യദത്തോടെ ചിരിച്ചു. എഴുപത്തിയഞ്ചിന്റെ നിറവിൽ അരിയൂന്നൂർ നെഞ്ചോട് ചേർക്കുന്നു സുലേഖയെയും ഒടുവിൽ ഒറ്റയായ കവിമനുഷ്യനെയും.

Content Highlights : Karim Ariyannur Writes about 75 Birth Day of Poet Satchidanandan