വിക്രമാദിത്യൻ കഥകളിൽ ചില ഏകാന്തതകളുണ്ട്. നിഗൂഢമായ പ്രഹേളികകളുടെ ലളിതമായ രൂപാന്തരങ്ങളാണ് ആ കഥകൾ. കഥകളിൽ രമിച്ച വിക്രമാദിത്യന്റെ കഥ തന്നെ നോക്കൂ.

സഹോദരങ്ങളും ആത്മമിത്രങ്ങളുമായിരുന്നു വിക്രമാദിത്യനും ഭട്ടിയും. ഭട്ടിയുടെ ബുദ്ധിപൂർവമായ പദ്ധതികളുടെ സമർത്ഥനായ നിർവ്വാഹകനായിരുന്നു വിക്രമാദിത്യൻ. വിക്രമാദിത്യന്റെ വിജയങ്ങളെല്ലാം ഭട്ടിയ്ക്ക് കൂടി കയ്യുള്ളവ. എന്നിട്ടും ഇന്ദ്രസന്നിധിയിലെത്തിയ വിക്രമാദിത്യൻ ഭട്ടിയെ വിസ്മരിച്ചു. ആയിരം വർഷത്തെ സദ്ഭരണവും ആയിരംവർഷത്തെ അധികായുസ്സും സമ്മാനമായി നേടി തിരിച്ചെത്തിയ വിക്രമാദിത്യനോട് ഭട്ടി ചോദിക്കുന്നു. വിജയശ്രീലാളിതനായി, വിശിഷ്ടങ്ങളായ സമ്മാനങ്ങളുമായി വന്ന അങ്ങ് ഇന്ദ്രസഭയിൽ നിന്ന് എനിക്കെന്താണ് കൊണ്ടുവന്നത്? അതോ സ്വർഗ്ഗത്തിലെത്തിയപ്പോൾ അങ്ങന്നെ പാടെ മറന്നുവോ? സ്വർഗ്ഗത്തിൽ ഓരോരുത്തരും തനിച്ചാണ് എന്ന് കേട്ടിട്ടുണ്ട്. അങ്ങേയ്ക്കത് അനുഭവമായോ? നരകത്തിലായിരുന്നു പോയതെങ്കിൽ അങ്ങെന്നെ മറക്കുമായിരുന്നോ? പരിഹാസസ്വരത്തിലുള്ള ഭട്ടിയുടെ വാക്കുകൾ കേട്ട് വിക്രമാദിതൃൻ തലതാഴ്ത്തി നിന്നു. താൻ മനഃപൂർവ്വം മറക്കുകയായിരുന്നില്ല ഭട്ടിയെ. ഭട്ടിയെക്കൂടാതെ ഭൂമിയിലൊരു ചുവടുംവച്ചിട്ടില്ലാത്ത താൻ തനിച്ചിരിക്കുമ്പോഴും തനിച്ചായിരുന്നില്ല. എന്നിട്ടും എന്തേ ഇന്ദ്രസഭയിൽ നിന്നും തിരികെ ഭൂമിയിലെത്തുംവരെ ഭട്ടിയെ നിമിഷനേരം പോലും ഓർക്കാതിരുന്നത്?

ബുദ്ധിയിൽ തന്നെ അതിശയിച്ചിരുന്ന ഭട്ടിയുടെ നിഴലായിരുന്നോ വിക്രമാദിത്യൻ? നിഴലുകളില്ലാത്ത ലോകത്തെത്തിയപ്പോൾ ഭട്ടിയിൽനിന്ന് താൻ വിമുക്തനായോ? താനത് ആഗ്രഹിച്ചിരുന്നില്ലേ തന്നെപ്പോലും അറിയിക്കാതെ. ആരും പങ്കിടാത്ത പ്രശസ്തിയിലാണ് താനിപ്പോഴെന്ന വസ്തുത ദേവലോകത്ത് തന്നെ മദിപ്പിച്ചില്ലേ? സ്വർഗ്ഗത്തിലെ സുഖത്തിൽ ഭട്ടിയുടെ അഭാവം നൽകിയ സുഖം കൂടി ഉണ്ടായിരുന്നില്ലേ? ദേവേന്ദ്രന്റെ തൊട്ടടുത്ത ഇരിപ്പിടത്തിൽ, ഉർവൃശീ രംഭ തിലോത്തമമാരുടെ നൃത്തമത്സരത്തിന്റെ വിധികർത്താവായിരിക്കുമ്പോൾ താനനുഭവിച്ച ഉന്മാദത്തിൽ മറ്റാർക്കും പങ്കുണ്ടായിരുന്നില്ല. നർത്തകികളെ പരീക്ഷിക്കാനായി പൂക്കൾക്കിടയിൽ തേളിനെ ഒളിപ്പിച്ച്, ആരാണിവരിൽ പ്രാണവേദനയേയും നൃത്തത്തിലുപയോഗപ്പെടുത്തി വിജയിക്കുന്ന പ്രതിഭ എന്ന് തെളിയിക്കുമ്പോൾ വിക്രമാദിത്യൻ ആദ്യമായൊരു യുദ്ധത്തിൽ തനിച്ച് ജയിക്കുകയായിരുന്നു ആയിരം വർഷത്തെ അജയ്യമായ ഭരണം എന്ന അനുഗ്രഹം ഭട്ടിയെ അപ്രസക്തനാക്കുന്നുണ്ട്. ഭട്ടിയില്ലാത്ത ആയിരം വർഷത്തെ ഭരണം എന്ന് കൂടി ആയിരുന്നു അതിനർത്ഥം. ഭട്ടിയുടെ ചോദ്യ ത്തിന് മുന്നിൽ വേതാളത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകാറുള്ള വിക്രമാദിത്യൻ മൂകനായി നിന്നു. കൃതഘ്‌നത, വേതാളത്തിന്റെ പടിഞ്ഞാറൻ അവതാരമായ ''സ്പിങ്ക്‌സി'ന്റെ ആഹാരമാണ്. ഉത്തരം മുട്ടിയവനെ അത് കുറേശ്ശെയായി തിന്നൊടുക്കുംപോലും. (ഉത്തരത്തിന് സമാധാനം എന്ന പദവും ഉപയോഗിച്ചുവരാറുള്ള മലയാളി അതബോധമായി അറിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. ''നല്ല സമാധാനം!'')

തുല്യാവകാശങ്ങളുള്ള സഹോദരനായിരുന്നിട്ടും കൂടുതൽ ബുദ്ധിമാനായിരുന്നിട്ടും രാജാവാകാൻ കഴിയാതിരുന്ന ഭട്ടിയിലുമുണ്ടാവും കടുത്ത നിരാശ. ഇപ്പോഴയാളത് വ്യക്തമായി തിരിച്ചറിഞ്ഞു. തന്നെക്കൂടാതെ വിക്രമാദിത്യൻ താനൊത്ത് നേടിയ ഏത് വിജയത്തേയും തുച്ഛമാക്കുന്ന വിജയവുമായി തിരിച്ചെത്തിയിരിക്കുന്നു. വിക്രമാദിത്യൻ ജയിച്ചപ്പോഴൊക്കെ ജയിച്ചത് താൻ കൂടിയായിരുന്നു ഇതുവരെ. ഇപ്പോഴോ? ആയിരം വർഷത്തെ ദീർഘായുസ്സും ചക്രവർത്തീപദവിയുമുള്ള വിക്രമാദിത്യനും മനുഷ്യായുസ്സ് മാത്രമുള്ള വൃദ്ധനായിത്തുടങ്ങിയ വെറും മന്ത്രിയായ ഭട്ടിയും. ഇപ്പോൾ സംഭവിച്ച ഈ അതന്തരത്തെ മറികടക്കാനാവാതെ ജീവിതം തുടരാനാവുമായിരുന്നില്ല ഭട്ടിക്ക്. ദേവീഭക്തനായ ഭട്ടി ക്ഷേത്രത്തിൽചെന്ന് പ്രാർത്ഥിക്കുന്നു. ഇഷ്ടദേവതയോട് രണ്ടായിരം വർഷത്തെ ആയുസ്സാവശ്യപ്പെടുന്നു ഭട്ടി. അസാധ്യമെന്ന് പറയുന്ന ദേവി. വാളെടുത്ത് ആത്മഹത്യയ്‌ക്കൊരുങ്ങിയ ഭട്ടിയെ തടയുന്നു ദേവി. വിക്രമാദിത്യന്റെ ശിരസ്സറുത്ത് കൊണ്ടുവന്നാൽ ആഗ്രഹം നിറവേറ്റിത്തരാമെന്ന് പറയുന്നു ദേവി. ഭട്ടി ഒരു കൂസലുമില്ലാതെ കൊട്ടാരത്തിലേക്ക് പോകുന്നു. ഉറങ്ങുകയായിരുന്ന വിക്രമാദിത്യന്റെ ശിരസ്സറുത്ത് അതുമായി ക്ഷേത്രസന്നിധിയിലെത്തുന്നു. സഹോദരനും ഉറ്റമിത്രവുമായ വിക്രമാദിത്യനെ നിഷ്‌ക്കരുണം വധിച്ച ഭട്ടിയിൽ അധികാരത്തിന്റേയും പ്രതികാരത്തിന്റേയും പ്രഭാവം. ദേവി ഭട്ടി ആഗ്രഹിച്ചത് പോലെ വരുമെന്ന് പറയുന്നു. ഭട്ടി പൊട്ടിച്ചിരിക്കുന്നു. ദേവേന്ദ്രൻ നൽകിയ ആയിരം വർഷത്തെ ആയുസ്സാണ് തന്റെ കയ്യിൽ. ദേവി പറഞ്ഞു, ചിരിയ്ക്കണ്ട, കൊട്ടാരത്തിൽ തിരികെച്ചെന്ന് ഈ ശിരസ്സ് വിക്രമാദിത്യന്റെ ഉടലിനോട് ചേർത്ത് വെക്കുക. ദേവഹിതം ലംഘിക്കപ്പെടരുത്. ഭട്ടി കൊട്ടാരത്തിൽ തിരിച്ചെത്തി. ശിരസ്സ് വിക്രമാദിത്യന്റെ ഉടലിനോട് ചേർന്നു. അല്പം കഴിഞ്ഞ് ചെറിയൊരു പുഞ്ചിരിയോടെ വിക്രമാദിത്യൻ ഉണർന്നു. ഗാഢസുഷുപ്തിയിലായിരുന്ന വിക്രമാദിത്യൻ സംഭവിച്ചതൊന്നും അറിഞ്ഞിട്ടില്ല. താൻ കണ്ടുകൊണ്ടിരുന്ന സ്വപ്നത്തിൽ ദേവലോകാനുഭവങ്ങൾ ഒന്നൊന്നായി ചോദിച്ചറിഞ്ഞ് ഭട്ടി വിക്രമാദിത്യനെ അനുമോദിക്കുകയായിരുന്നു.

ഇപ്പോൾ പുതിയ പ്രശ്നം. രണ്ടായിരം വർഷം ശിഷ്ടായുസ്സുള്ള ഭട്ടിയും ആയിരം വർഷം മാത്രം ശിഷ്ടായുസ്സുള്ള വിക്രമാദിത്യനും. ഈ അന്തരത്തെ ബുദ്ധിപരമായി അതിജീവിക്കുന്നു ഭട്ടി. ആറുമാസം രാജ്യഭരണവും ആറുമാസം വനവാസവുമായി ജീവിച്ചാൽ രണ്ടായിരം വർഷം ജീവിയ്ക്കാനാവും വിക്രമാദിത്യനും. ഇന്ദ്രൻ വരം നൽകിയത് ആയിരം വർഷത്തെ ഭരണകാലമായിരുന്നല്ലോ. ഇന്ദ്രനിൽ നിന്ന് കിട്ടിയ വരത്തെ തന്റെ ബുദ്ധിയാൽ ഇരട്ടിപ്പിച്ച ഭട്ടി തന്റെ പ്രാധാന്യത്തെ ഉറപ്പിച്ചു. രാജാവും മന്ത്രിയും ഒരുപോലെ ജയിച്ചു മത്സരത്തിൽ. ഇരുവരും സന്തുഷ്ടരായി. കാമ്യമായിരുന്നു വിക്രമാദിതൃത്തിന് വനവാസകാലം. അപ്പോഴൊക്കെ പ്രത്യക്ഷമായും അല്ലാത്തപ്പോഴൊക്കെ പരോക്ഷമായും ഭരിച്ച് ജയിച്ചു ഭട്ടിയും. എന്തൊരു പരിഹാരം! കഥ പരിഹാരത്തിന്റെ ഉജ്വലമായ രൂപാന്തരമാണെന്ന് പറയുന്നത് വെറുതെയോ?

പരിഹാരത്തിന്റെ രൂപാന്തരങ്ങൾ തന്നെയായിരുന്നു അറേബ്യൻകഥകളും. അക്ഷരാർത്ഥത്തിൽത്തന്നെ അതിജീവിച്ചു കഥകളാൽ ഷെഹ്‌റാസാദ്. ജീവത്രാണനത്തിന്റെ കഥകളാണവ. വിക്രമാദിത്യന്റെ കഥകൾ പക്ഷെ പരിഹാരമെളുതല്ലാത്ത പ്രശ്‌നങ്ങളുടെ കഥ. അതിലൂടെ വേതാളം ഒരു ശാപത്തെ അഴിക്കുകയായിരുന്നു. ശിവപാർവതിമാരുടെ കാമകേളികൾ ഒളിച്ചുകണ്ടതിന് വേതാളമായി മാറേണ്ടിവന്ന കഥാകഥനകാരൻ ശാപമോക്ഷത്തിനായി പറഞ്ഞ കഥകളാണ് വിക്രമാദിത്യൻ കഥകൾ. എല്ലാ കഥകളിലും ഒരു ശാപമോ ക്ഷമുണ്ടോ, ഒരു മറികടക്കൽ?

Content Highlights : Kalpetta Narayanan Writes about the common feature of a storytelling