മാന്നാർ മത്തായി സ്പീക്കിങ് എന്ന ചലച്ചിത്രത്തിലെ ഏറെ പ്രശസ്തമായ ഒരു ഫലിതമാണ് വേണമെങ്കിൽ അരമണിക്കൂർ നേരത്തെ പുറപ്പെടാം എന്നത്. ഇനിയും പുറപ്പെട്ടില്ലേ,നിങ്ങളിനി എപ്പോഴാണെത്തുക എന്ന് സംഭ്രമിച്ച മറുതലയ്ക്കലെ ഫോണിലെ അക്ഷമയോട് വേണമെങ്കിൽ അരമണിക്കൂർ നേരത്തെ പുറപ്പെടാം എന്ന് പറഞ്ഞതിലെ ഫലിതം നമ്മെ ചിരിപ്പിച്ചു. എങ്ങനെയാണൊരാൾ അരമണിക്കൂർ നേരത്തെ പുറപ്പെടുക? കഴിഞ്ഞുപോയ ഒരു സംഗതിയെ എങ്ങനെ ഭേദഗതി ചെയ്യും? ഭൂതകാലത്തിൽ ഇടപെടാൻ കഴിയുമോ? അസാദ്ധ്യമായതിന്റെ വിവരണം ആയതിനാലാണ് അത് നമ്മെ ചിരിപ്പിച്ചത്. 'അസാദ്ധ്യഫലിതം',മലയാളി ചിരിച്ചു മറിഞ്ഞു.

യഥാർത്ഥത്തിൽ അസാദ്ധ്യമാണോ അത്? അരമണിക്കൂർ നേരത്തെ പുറപ്പെട്ടിരുന്നെങ്കിൽ കൃത്യസമയത്ത് തന്നെ എത്താമായിരുന്നു എന്ന വേവലാതിയാണ് മറുതലയ്ക്കെങ്കിൽ അത് പരിഹരിക്കാവുന്നതല്ലേയുള്ളു.

അരമണിക്കൂർ മുമ്പേ എത്തുന്ന ഒരതിവേഗവാഹനത്തിൽ കയറി നിഷ്പ്രയാസം തീർക്കാം ആ വിഷമം. ആ ചിരിയും തീവണ്ടിയിൽ നിന്നിറങ്ങി വിമാനത്തിൽക്കയറി വേണമെങ്കിലയാൾക്ക് ദിവസങ്ങൾക്ക് മുമ്പെത്താം. വേണമെങ്കിൽ രണ്ടു ദിവസം മുമ്പേ പുറപ്പെടാം; അയാൾക്ക് പറയാം.

മോഹഞ്ചോദാരയിൽ നിന്ന് കിട്ടിയ 'ഡാൻസിങ് വുമൻ' രണ്ടായിരം കൊല്ലത്തെ പാരമ്പര്യം മാത്രമുണ്ടായിരുന്ന ഭാരതീയനൃത്തകലയ്ക്ക് അയ്യായിരം കൊല്ലത്തെ പാരമ്പര്യം നൽകി. ചരിത്ര ഗവേഷകരും നരവംശശാസ്ത്രജ്ഞന്മാരും ഭൂതകാലത്തെ അടയാളക്കല്ലുകളെ പിന്നോട്ടേക്ക് ദിനേന മാറ്റിക്കൊണ്ടിരിക്കുന്നു. 1929ൽ വേണമെങ്കിൽ മുവ്വായിരം കൊല്ലം മുമ്പേ ഞാൻ പുറപ്പെടാം എന്നായീ നർത്തകൻ.(അതൊര് നർതകിയേയല്ല , മറിച്ച് ഖനനം ചെയ്ത കാലത്തെ ചർച്ചകളിലെ സജീവമായ ദേവദാസീസാന്നിദ്ധ്യം അങ്ങനെ തോന്നിച്ചതാവാമെന്ന് സദാനന്ദ് മേനോൻ).

ജനതയുടെ ലോകചരിത്രം (A people's History of The world )എന്ന ക്രിസ് ഹെർമന്റെ രചന ആരംഭിക്കുന്നത് ബ്രഹ്തിനെ ഉദ്ധരിച്ചുകൊണ്ടാണ്.'തീബ്സിന്റെ ഏഴുവാതിലുകൾ ആരാണ് നിർമ്മിച്ചത്; നിങ്ങൾ വായിക്കും രാജാക്കന്മാരുടെ പേരുകൾ,പക്ഷെ അവരാണോ കല്ലും മണ്ണം ചുമന്നത്...'.ആരാണ് യഥാർത്ഥത്തിൽ ലോകത്തെ സൃഷ്ടിച്ചത് എന്ന ബ്രഹ്തിയൻ ചോദ്യത്തിന് ഉത്തരം
നൽകുകയാണ് ചരിത്രരചനയുടെ കടമയെന്ന് ക്രിസ് ഹെർമൻ പറയുന്നു.

ജനത,രാജാക്കന്മാരല്ല,എങ്ങനെലോകത്തെ പുരോഗതിയിലേക് നയിച്ചു എന്ന്.ഭാവിയെ നിയന്ത്രിക്കുവാനായി ഭൂതകാലത്തെ
തിരുത്തിയെഴുതി മാർക്സും മാർക്സിയൻ ചരിത്രകാരന്മാരും.ചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രമായി. മുന്നോട്ട് നടക്കാൻ മാത്രം ശേഷിയുള്ള മനുഷ്യനെ അനുകരിക്കാൻ തുടങ്ങീ ചരിത്രവും.ആര് ഭൂതകാലത്തെ നിയന്ത്രിക്കുന്നുവോ അവർ ഭാവിയെ നിയന്ത്രിക്കുമെന്ന സർവ്വാധിപത്യത്തിന്റെ മുദ്രാവാക്യത്തെ ('ആയിരത്തിത്തൊള്ളായിരത്തി എൺപത്തിനാല്'ജോർജ് ഓർവെൽ)കൂടെക്കൂട്ടി,അനുകൂലമായ ഭൂതകാലം സ്വാതന്ത്ര്യമായി മാറുമെന്ന് കാട്ടി, ഭൂതകാലത്തെ ദാസ്യവൃത്തിക്ക് നിർത്തി. എപ്പോൾ വേണമെങ്കിലും പുറപ്പെടാം, പുറപ്പെട്ടതൊന്നും കൂട്ടാക്കണ്ട!

ഗുരുവിൽ നിന്നല്ല , ചാവറയച്ചനിൽ നിന്നോ അയ്യങ്കാളിയിൽനിന്നോ പോലുമല്ല, വഴിമുട്ടിയ ദളിതന്റെ മുറുമുറുപ്പിൽ നിന്നാണ് , അസ്വസ്ഥതയിൽ നിന്നാണ്, മർദനങ്ങൾക്കിടയാക്കിയ ചെറു ചെറു ധിക്കാരങ്ങളിൽ നിന്നാണ് നവോത്ഥാനമാരംഭിക്കുന്നതെന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്ന പുതിയ ചരിത്രകാരന്മാർ പിന്നിട്ട വഴിയുടെ നീളം കൂട്ടുകയാണ്. ഒന്നുകൂടി പുറകോട്ട് പോയി ഊർജ്ജം സംഭരിക്കുകയാണ്.പുരാവസ്തുഗവേഷകർ നിത്യേനയെന്നോണം പുതുപുതുതെളിവുകളുമായി വന്ന് മുൻ കാലഗണനകളെ തിരുത്തുന്നു. മനുഷ്യൻ കൃഷിയാരംഭിച്ചത് നാം ധരിച്ചിരുന്നതിനേക്കാൾ ആയിരമോ രണ്ടായിരമോ കൊല്ലങ്ങൾ മുമ്പാണെന്നതിന്റെ തെളിവുകൾ കുറഞ്ഞ ഇടവേളകൾക്കുള്ളിൽ വന്നുകൊണ്ടിരിക്കുന്നു. ഭാവിയേക്കാൾ അനിശ്ചിതമായിരിക്കുന്നു ഭൂതകാലം.

ചരിത്രസംഭവങ്ങളെ ആശ്രയിക്കുന്ന എല്ലാ നോവലുകളും ഭൂതകാലത്തെ തിരുത്തുകയാണ്. ആഗ്രഹിക്കുന്നൊരു ഭൂതകാലത്തെ സൃഷ്ടിക്കുകയാണ്. കുടിയേററക്കാർ നിയമപരമായി സഹായകമായ കാലത്തിലെ രേഖകളെ അവലംബിക്കുന്നത് പോലെ. എന്നാൽ ആയിരത്തിത്തൊള്ളായിരത്തി അറുപതിൽ നമുക്ക് റജിസ്റ്റർ ചെയ്യാം. ചെറിയ ഒരുചിരിയോടെ സിനിമയിലെ ജഗതിയെപ്പോലെ ലാഘവത്തിൽ രേഖ തിരുത്തുന്ന വിദഗ്ദൻ അനുകൂലമായ കാലം കൂടിയാണ് നിർമ്മിക്കുന്നത്.

ഒരുൽപ്പത്തിക്കഥയും ഉൽപ്പത്തിയേക്കുറിച്ചുള്ള സത്യമുൾക്കൊള്ളുന്നില്ല. പിൽക്കാലത്ത്, അപ്പോഴത്തെ സാഹചര്യത്തിന്റെ സാദ്ധ്യതകളോ പരിമിതികളോ കൊണ്ട് രചിക്കപ്പെട്ടവയാണവ. പിൽക്കാലം കൂട്ടിച്ചേർത്ത ആരംഭങ്ങൾ. പിൽക്കാലത്തിന്റെ ആവശ്യത്തിന് ചേർന്ന ഉൽപ്പത്തി. നാലായിരത്തിൽ താഴെ വയസ്സ് മാത്രമുള്ള നമ്മുടെ ദൈവങ്ങൾ ലോകസൃഷ്ടി നടത്തിയത് പോലുള്ള ഫലിതങ്ങൾ. അരമണിക്കൂർ നേരത്തെ പുറപ്പെട്ടതിന്റെ വിസ്മയങ്ങൾ!

Content Highlights :Kalpetta Narayanan Writes about Stories Behind Origin