രു പ്രസംഗത്തിനായി എം.ടിയെ വീണ്ടും വായിക്കുകയായിരുന്നു ഞാന്‍. അതില്‍ 'ഇരുട്ടിന്റെ ആത്മാവ്' വായിച്ച് രാത്രി ഞാന്‍ അച്ഛനെ സ്വപ്നത്തില്‍ കണ്ടു. നാല്പതിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പേ മരിച്ച അച്ഛനെ അത്യപൂര്‍വമായേ ഞാന്‍ പിന്നീടു കണ്ടിട്ടുള്ളൂ (വിസ്തായ സിംബോര്‍സ്‌കോയുടെ കവിതയിലെപ്പോലെ അച്ഛന്റെ ദേഹം നന്നായിട്ടുണ്ടോ, താടിമീശകള്‍ കൂടുതല്‍ വളര്‍ന്നിട്ടുണ്ടോ, നിറം വെച്ചിട്ടുണ്ടോ എന്നൊന്നും നോക്കാനുള്ള സാവകാശം എനിക്കു കിട്ടിയില്ല). പക്ഷേ, 'ഇരുട്ടിന്റെ ആത്മാവി'ലെ വേലായുധന്‍ അനുഭവിച്ച അനാഥത്വം എന്നെ ബാധിച്ചതിന്റെ ഫലം കൂടിയായിരുന്നു ആ സ്വപ്നം. ഒരച്ഛന്റെ അഭാവമായിരുന്നു വേലായുധന്റെ ദുര്‍വിധി എന്നാ സ്വപ്നം എന്നെ ഓര്‍മിപ്പിച്ചു. അച്ഛന്റെ സ്ഥാനത്ത് അമ്മാവനായിരുന്ന ഒരു ഗാര്‍ഹികാവസ്ഥയുടെ ഇരയായിരുന്നു വേലായുധന്‍. മകന്റെ മുന്നില്‍ ''ഓപ്പോളാ'യി പ്രത്യക്ഷപ്പെടാന്‍ നിര്‍ബന്ധിതയായ ഒരമ്മയെയുണ്ടാക്കിയ, 'കുട്ട്യേടത്തി'യെ ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിച്ച അതേ ഗൃഹാവസ്ഥയുടെ ഇര.

മരുമക്കത്തായം മക്കത്തായത്തിനു വഴിമാറിയതില്‍ ചരിത്രപരമായ ഒരനിവാര്യതയുണ്ടായിരുന്നു എന്ന് സൂക്ഷ്മതലത്തില്‍ അനുഭവത്തിലൂന്നിപ്പറയുകയാണ് വേലായുധന്റെ കഥ, അച്ഛനെ, മക്കത്തായത്തെ, ആഗ്രഹിക്കാന്‍ തീവമായി പ്രേരിപ്പിച്ച ഒരു കഥ, വേലായുധന് അച്ഛനുണ്ടായിരുന്നെങ്കില്‍ എന്നു ഗാഢമായി തോന്നിച്ച ദിവസം ഞാന്‍ എന്റെ സ്‌നേഹസമ്പന്നനായിരുന്ന അച്ഛനെ സ്വപ്നം കണ്ടു എന്നതില്‍ വലിയ പ്രസക്തിയുണ്ട്. ജീവിതത്തെ തീവ്രമായി അനുഭവിക്കാന്‍ സമ്മതിക്കാത്ത സാഹചര്യങ്ങളോടുള്ള 'കറ' പല അനുഭവാവിഷ്‌കാരങ്ങളിലൂടെ പ്രകാശിപ്പിച്ച് എം.ടിക്കഥകളുടെ പ്രധാനപ്പെട്ട മറ്റൊരു സവിശേഷതയും എന്റെ സ്വപ്നം സൂചിപ്പിക്കുന്നുണ്ട്. 

വായനക്കാരന്റെ വ്യക്തിപരമായ ഓര്‍മകള്‍ സമാന്തരമായി ഉറന്നുറന്നു വരുവാനുദ്ദേശിക്കപ്പെട്ട കഥനരീതിയാണ് എം.ടിയുടെത്. സ്വന്തം ഓര്‍മകള്‍ കൂട്ടിയാണ് നാം എം.ടിയെ ഉണ്ണുന്നത്. വ്യക്തിപരമായ ഓര്‍മകള്‍ എം.ടിയോളം ആവശ്യപ്പെടുന്ന കഥാകാരന്‍ വേറെയില്ല എന്നതാണ് എം.ടിയെ മലയാളിയുടെ 'വ്യക്തിപരമായി പ്രിയപ്പെട്ട' എഴുത്തുകാരനാക്കിയത്. എന്റെ അച്ഛനോളമെത്തി വേലായുധന്റെ അനാഥത്വം എന്ന് എന്റെ സ്വപ്നം സാക്ഷ്യപ്പെടുത്തുന്നു. 'ഇരുട്ടിന്റെ ആത്മാവി'ലെ വേലായുധന് അമ്മയില്ല. മരുമക്കത്തായ കൂട്ടുകുടുംബത്തിലെ അത്തരമൊരു ബാലന് അച്ഛനുണ്ടോ എന്ന ചോദ്യമേ ഉദിക്കുന്നില്ല. സ്‌നേഹം അവിടെ ഒട്ടും അധികാരമില്ലാത്ത, വേലായുധന്‍ പടിയിറങ്ങിപ്പോകുമ്പോള്‍ മുകളില്‍ക്കയറിപ്പോയി കരയാന്‍ മാത്രം കഴിയുന്ന, മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തി മാത്രം 'കുട്ടേട്ടാ' എന്നു വിളിക്കാന്‍ കഴിയുന്ന ഒരു സുന്ദരമായ ദൗര്‍ബല്യമാണ്.

സ്വന്തം മക്കള്‍ മറ്റൊരിടത്തായ, കൂറ് മറ്റൊരിടത്തായ, അധികാരവും ശൗര്യവും ആഘോഷിച്ച് ശൂന്യത പരിഹരിക്കുന്ന ഒരു കാരണവരേ അവിടെയുള്ളൂ. അവിടെ നടക്കുന്ന മുഴുവന്‍ ക്രൂരതകളുടെയും കാരണം അയാള്‍ ആയതിനാലാണ് ആ ശുണ്ഠിക്കാരനെ കാരണവര്‍ എന്നുപറയുന്നത്. അയാള്‍ക്ക് അധികാരം വിനിയോഗിക്കാനും കാര്യം പ്രയോഗിക്കാനും അത് സ്വയം ആസ്വദിക്കാനും അവസരം നല്കുക മാത്രമാണ് കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും ചുമതല. ആജ്ഞകളും ശിക്ഷകളും മാത്രമുള്ള, ആരും തുണയില്ലാത്ത (തുണ നേരത്തേ പറഞ്ഞ അമ്മുക്കുട്ടിയെപ്പോലെ ദുര്‍ബലയായ) ആ ഗാര്‍ഹികപരിസരം അല്പം കിറുക്കുള്ള വേലായുധനെ മുഴുക്കിറുക്കനാക്കുന്നു.

ഭ്രാന്തനാണ് എന്ന് അംഗീകരിച്ച്, കിട്ടുന്നതു തിന്ന്, സകലരുടെയും പീഡനങ്ങളെയും പരിഹാസത്തെയും എതിര്‍ക്കാതെ ഏറ്റ്, ആ സ്ഥാപനത്തിന്റെ ശക്തിയായ കാരണവരുടെ വിജയത്തെ ഉറപ്പിക്കുക മാത്രമാണ് അവിടെ കരണീയം. ആ കരണീയതയിലേക്കു മടങ്ങിവരികയാണ് കാലിലെ മുറിച്ചങ്ങലയുമായി 'എന്നെ കെട്ടിയിടൂ, എനിക്കു ഭ്രാന്താണ്' എന്നു കീഴടങ്ങുന്ന വേലായുധന്‍. ഈ ഭയത്തിലല്ലാതെ അയാള്‍ക്ക് അഭയമില്ല (എം.ടിയുടെ ''അഭയം' എത്ര അസ്വസ്ഥപൂര്‍ണമാണ്!). മരുമക്കത്തായ വ്യവസ്ഥയില്‍ എല്ലാവരും അച്ഛനില്ലാത്തവരാണ്. (അച്ഛനെ പറഞ്ഞതിന് നായന്മാര്‍ ക്ഷോഭിച്ചുതുടങ്ങിയിട്ട് ഏതാനും പതിറ്റാണ്ടുകളേ ആയിട്ടുള്ളൂ). യുവാക്കള്‍ വേലായുധനാകാതിരിക്കാന്‍ നന്നേ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്ന ഒരു വ്യവസ്ഥ, ഒരു പക്ഷേ, ഏതാണ്ടൊരു വേലായുധനില്ലാത്ത വീടുകള്‍ അപൂര്‍വമായ ഒരു കാലത്തെ സൂക്ഷ്മമായ വിശദാംശങ്ങളുപയോഗിച്ച് ആവിഷ്‌കരിക്കുന്നു 'ഇരുട്ടിന്റെ ആത്മാവ്.' 

കീഴടങ്ങി ജീവിക്കുന്നതിലെ വേദനയും അസ്വസ്ഥതയും അന്തസ്സില്ലായ്മയും സമൂര്‍ത്തമാക്കുന്നു എന്നതാണ് ഈ കഥയിലെ, പൊതുവേ എം.ടിക്കഥകളിലെ രാഷ്ട്രീയം. സ്വന്തം വീട്ടില്‍ അനര്‍ഹനല്ലാത്തതിന്റെ സുഖം അനുഭവപ്പെടുന്നില്ലെങ്കില്‍ ആ വീടെന്തിന്? (കള്ളന്‍ സ്വന്തം വീട്ടില്‍ കള്ളനല്ല) പൊതുവായ അനര്‍ഹത കൂടുതല്‍ തീവ്രമായി അനുഭവപ്പെടുന്ന കുടുംബങ്ങളാണ് എം.ടിക്കഥകളിലെ കുടുംബങ്ങള്‍. നാലുകെട്ടുകളില്‍ എത്ര 'കെട്ടു'കള്‍, - ഇരുട്ടു സൂക്ഷിക്കുന്ന മുറികള്‍, മരിച്ചവര്‍ അസ്വസ്ഥതയോടെ നടക്കുന്ന മച്ചുകള്‍, അപമാനങ്ങള്‍, പല വിളമ്പലുകള്‍, പല നീതികള്‍, അ'ക്രമ' ങ്ങള്‍. ''പൊട്ടന്‍' അവിടെ ഭ്രാന്തനാകുന്നു. സൗന്ദര്യക്കുറവ് അവിടെ തരണം ചെയ്യാനാവാത്ത വൈരൂപ്യമാകുന്നു, ജീവിക്കാനുള്ള അര്‍ഹതയില്ലായ്മയോളമാവുന്നു. ജീവിതത്തിന്റെ വെളുമ്പില്‍ ഇരിക്കണോ മരിക്കണോ എന്നു നില്ക്കുന്ന മാളുക്കുട്ടിയോട് (കുട്ട്യേടത്തി) 'പോയി ചത്തൂടേ' എന്നു ചോദിക്കുന്ന അമ്മയെ അതിനു പ്രേരിപ്പിക്കുന്ന സാഹചര്യത്തിന്റെ പേരാണ് എം.ടിയില്‍ കുടുംബം, 'നാലുകെട്ട്.' ഈ സാഹചര്യത്തോടുള്ള 'കറ'യാണ് എം.ടി. എഴുതിയത്.

M.T Vasudevan Nair
എം.ടി 

രണ്ട്

എം.ടി. സാഹിത്യത്തിലെ നടുനായകമായ പദമാണ് 'കറ.' മരത്തിന്റേയോ ചെടിയുടേയോ മത്സ്യത്തിന്റേയോ മൃഗത്തിന്റേയോ കറ അതിന്റെ ജീവചൈതന്യമാണ്. മനുഷ്യനില്‍ മമതയായും പകയായും വെറുപ്പായും മാറുന്നതു കറയാണ്. പക്ഷേ, എം.ടിയില്‍ കറ, കറയെക്കാളും വലുത്. എം.ടി. കഥാപാത്രങ്ങളില്‍ പലരുടെയും സത്ത (substance) തന്നെയാണു. കറ, തന്നിലെ കറയാണ് എം.ടിയെ എഴുതിക്കുന്നതെന്നാണ് എന്റെ തോന്നല്‍, തന്നിലെ കറയ്ക്കു പങ്കില്ലാത്തതൊക്കെ സത്യസന്ധമല്ലെന്ന് എം.ടി. കരുതുന്നുണ്ടാവാം, പൊറുക്കാനാവാത്ത, മറക്കാനാവാത്ത, അലിയാത്ത, കൂടിക്കലരാത്ത ഒന്നാണത്. തന്നിലെ ഏകാന്തതയുടെ പൊരുള്‍, നാലുകെട്ടിനോടുള്ള അപ്പുണ്ണിയുടെ ''കറ'യില്‍ ജീവിതയോഗ്യമല്ലാത്ത സാമൂഹികപരിസരത്തോടുള്ള കറയാണുള്ളത്. ആരാണ് അച്ഛന്‍ എന്നു ചോദിച്ചാല്‍ കോന്തുണ്ണി നായര്‍ എന്നു പറഞ്ഞു നെഞ്ചുനിവര്‍ത്തി നടക്കണമെന്ന ബാല്യത്തിലെ അപ്പുണ്ണിയുടെ സങ്കല്പം മരുമക്കത്തായത്തിനോടുള്ള കറയാണ്. പക മാത്രമോ വെറുപ്പു മാത്രമോ ജയകാംക്ഷ മാത്രമോ അല്ല, ഇതെല്ലാം ചേര്‍ന്നതാണത്.

സകലതിനോടും കറയാണ് മാളുക്കുട്ടിക്ക്. വാസുവിന്റെയും ഗോവിന്ദന്‍കുട്ടിയുടെയും അസ്വസ്ഥതകളിലും പ്രവര്‍ത്തനങ്ങളിലും എന്തിനോടെല്ലാമോ (തന്നോടും) ഉള്ള കറയാണുള്ളത്. ഭാരതത്തില്‍ വിജയിയായ അര്‍ജുനനോ ധര്‍മബുദ്ധിയായ യുധിഷ്ഠിരനോ ഇല്ലാത്ത ജീവിതം ഭീമനുണ്ടെന്നല്ല പറയേണ്ടത്, ഇല്ലാത്ത 'കറ' ഭീമനുണ്ടെന്നാണ്. 'മനുഷ്യന്‍' അയാളുടെ കറയാണോ? എം.ടി. അങ്ങനെ കരുതുന്നുണ്ടെന്നു തോന്നുന്നു. കറയുള്ളവരെ അയാള്‍ തിരഞ്ഞെടുക്കുന്നു. എം.ടി. തന്റെ പെട്ടകത്തില്‍ ആളെ കയറ്റുന്നത് കറ യുണ്ടോ എന്നു നോക്കിയാണ്.

''നിന്റെ ഓര്‍മയ്ക്ക്' എന്ന കഥ തീരുകയാണ്. ''നിന്റെ ഓര്‍മയ്ക്കുവേണ്ടി ഞാനിതു കുറിക്കട്ടെ.' നിന്റെ ജീവിതം എഴുതാനായി എം.ടി. തന്റെ ജീവിതം ഉപയോഗിച്ചു. നിന്നെ എഴുതാന്‍ എന്നെ വിസ്മരി ക്കുകയാണോ എന്നെ സൂക്ഷ്മമായി ഓര്‍മിക്കയാണോ വേണ്ടതെന്ന പ്രഹേളികയ്ക്ക് എം.ടിയുടെ മറുപടി തന്നെ (''താന്‍' ഒരു വിചിത്രമായ പദമാണ്. നീയും ഞാനുമാവും അത്) സൂക്ഷ്മമായ വിശദാംശങ്ങളി ലൂടെ ഓര്‍മിക്കുക എന്നതായിരുന്നു. അങ്ങേയറ്റം വ്യക്തിപരം എന്നു തോന്നിക്കുന്ന വിശദാംശങ്ങളിലൂടെ എം.ടി. തന്റെ വായനക്കാരന്റെ ഓര്‍മകളെ പുനര്‍ജീവിപ്പിച്ചു. നിന്റെ ജീവിതം എഴുതാനായി എം.ടി. തന്റെ ജീവിതം എഴുതി. നിന്റെ ജീവിതം നീയതില്‍ വായിച്ചു.

സമാനമായ കുടുംബപശ്ചാത്തലമില്ലാത്തവര്‍ പോലും അതില്‍ അവനവനെ വായിക്കുന്നിടത്തോളം പ്രതീകാത്മകതയുണ്ടായിരുന്നു ആ എന്റെ ഓര്‍മകള്‍ക്ക്. വായനക്കാരന്റെ (കാരിയുടെ) ഓര്‍മകള്‍ അദൃശ്യമായി പിന്നിച്ചേര്‍ത്തുകൊണ്ടാണ് എം.ടി. ഓരോ കഥയുമെഴുതിയത്. തന്റെ കറ എഴുതിക്കൊണ്ട് നിന്റെ കറയെ ഉയിര്‍പ്പിക്കുകയായിരുന്നു എം.ടി. തകഴിയും എസ്.കെയുമൊക്കെ കഥാപാത്രങ്ങളുടെ ജീവചരിത്രങ്ങള്‍ എഴുതിയപ്പോള്‍ കഥാപാത്രങ്ങളുടെ ആത്മകഥ എഴുതി എം.ടി. 'ഞാന്‍' ഉള്ള കഥകളിലെപ്പോലെ ''അയാള്‍' ഉള്ള കഥകളിലും. അയാള്‍ എന്നു പ്രയോഗിച്ചിടത്തും 'ഞാന്‍' എന്ന പ്രയോഗം പ്രത്യക്ഷത്തിലില്ലാത്തിടത്തും 'ഞാന്‍' തന്നെയാണ് കഥ പറയുന്നത്. എം.ടി. സമൂഹത്തോടല്ല സംസാരിച്ചത്, വ്യക്തിയോട്. എന്നിലുള്ള കാരണങ്ങള്‍ നിന്നിലുമുണ്ടെന്ന് അതു വിശ്വസിക്കുന്നു. നിങ്ങളിലും ഞങ്ങളിലും അവരിലും എം.ടിയുടെ സരസ്വതിക്കു വിശ്വാസമില്ല. 

                             എം.ടിയുടെ പുസ്തകങ്ങള്‍ വാങ്ങാം

അവരും ഞാനുമായുള്ള അകല്‍ച്ച വര്‍ധിക്കുന്നതിനെയാണു വാര്‍ധക്യം എന്നു പറയുക എന്ന് എം.ടിയുടെ 'അവര്‍' എന്ന കഥ. എം.ടി. 'എലോണ്‍ ടു എലോണ്‍' ആണ്. ബന്ധങ്ങളിലെ, സൗഹൃദങ്ങളിലെ, ഉപചാരങ്ങളിലെ അഭിനയത്തിനോടുള്ള കറ എം.ടി യുടെ എഴുത്തിന്റെ മൗലികമായ ഒരു സവിശേഷതയാണ്. എം.ടിയില്‍ അഭിനയമില്ല. അഭിനയസ്‌നേഹങ്ങളോടുള്ള അസഹിഷ്ണുതയും അഭിനയമല്ലാത്ത സ്‌നേഹത്തിന്റെ അത്യപൂര്‍വസന്ദര്‍ഭങ്ങളുടെ ഉന്മേഷവും എം.ടി. എഴുതി. അഭിനയത്തോടുള്ള ഈ കറ എം.ടിയെ ക്ലീഷേകളില്‍ നിന്നു രക്ഷിച്ചു. അതിഭാവുകത്വത്തില്‍നിന്നു രക്ഷിച്ചു. മലയാളത്തില്‍ സത്യത്തിന്റെ ഒരിടമായി എഴുത്തിനെ നിര്‍ത്താന്‍ എം.ടിക്കായി. സാമൂഹിക പ്രതിബദ്ധതയോ സാമൂഹിക പ്രതിബദ്ധതയോടുള്ള എതിര്‍പ്പോ എം.ടി. അഭിനയിച്ചില്ല.

കറകളഞ്ഞ സ്‌നേഹമോ വിരോധമോ അല്ല, കറയുള്ള സ്‌നേഹമോ വിരോധമോ എഴുതി. ബന്ധങ്ങളിലെ ആത്മാര്‍ഥതയില്ലായ്മ ഈവിധം തെളിഞ്ഞുകണ്ടത്, അവഗണന ഈവിധം പോറലേല്പിച്ചത്, അപമാനം ഈവിധം പൊറുക്കാനാവാതാക്കിയത് എന്തിന്റെ സാന്നിധ്യമാണോ ആ സാന്നിധ്യത്തിന്റെ പേരുമാണ് എം.ടിയില്‍ കറ - മഷിയുപയോഗിച്ചല്ല, തന്നിലെ കറയുപയോഗിച്ചാണ് എം.ടി. എഴുതുന്നത്. അതുപയോഗിച്ചേ എഴുതൂ എന്ന വ്രതം എം.ടിക്ക് എന്നുമുണ്ട്. നര്‍മത്തെയോ കവിതയെയോ തത്ത്വചിന്തയെയോ സന്ദര്‍ഭം വിട്ടു വളരാന്‍ എം.ടി. സമ്മതിക്കാറില്ല. സ്വയം മറന്ന് അഭിരമിക്കാറില്ല.

എം.ടി. വി.കെ.എന്നിന്റെ അനിയന്ത്രിതമായ നര്‍മമോ മാധവിക്കുട്ടിയുടെ അപ്രതീക്ഷിതമായ അദ്ഭുതങ്ങളോ ബഷീറിന്റെ മിസ്റ്ററിയോ എം.ടി.യെ കൊതിപ്പിച്ചിട്ടില്ല. (മുഷിഞ്ഞ ദിവസങ്ങളിലെ എന്റെ എഴുത്തുകാരന്‍ എം.ടിയല്ല. വി.കെ.എന്നോ മാധവിക്കുട്ടിയോ ബഷീറോ മേതിലോ എന്നെ പുതുക്കുംപോലെ എം.ടി. പുതുക്കാറുമില്ല). തന്റെ സഹജമായ വഴിക്കല്ലാതെ ഓടിനോക്കാനൊരു വെമ്പലും എം.ടിയില്‍ കണ്ടിട്ടില്ല. അപ്പോഴൊക്കെ തന്റെ കറ മതി തനിക്കെഴുതാന്‍ എന്ന തീരുമാനത്തിലദ്ദേഹം ഉറച്ചുനിന്നു. എം.ടി. വലിയ എഡിറ്ററായത് മാതൃഭൂമി എഡിറ്റ് ചെയ്തിട്ടല്ല, തന്റെ ചെറുകഥകള്‍ എഡിറ്റ് ചെയ്തിട്ടാണ്. 'അവര്‍', 'കുട്ട്യേടത്തി', 'ജോക്കര്‍', 'ഷെര്‍ലക്', 'വാനപ്രസ്ഥം' എല്ലാ കഥകളും ഒരു വരിയെയും വഴിവിട്ടു വളരാന്‍ വിടാത്തവ. എഴുത്ത് തന്റെ കറയുടെ എഴുത്താവണമെന്ന ദൃഢനിശ്ചയം.

MT

അദ്ദേഹം ഹെമിങ് വേയുടെയോ ടൂമാന്‍ കപോടിയുടെയോ കാര്‍വറുടെയോ നിലവാരത്തില്‍ എഴുതി. എം.ടിയുടെത് ഒരുതരം ഡ്രിപ്പ് ഇറിഗേഷനാണ്. ഒരു തുള്ളിയും വ്യര്‍ഥമാക്കില്ല. വഴിക്കണക്കൊക്കെ കണിശം (എം.ടിയുടെ കണക്കും കണിശം, കഥാപാത്രങ്ങളുടെ സാമ്പത്തിക ക്രയവിക്രയങ്ങളുടെ അണപൈസക്കണക്കുവരെ എം.ടി. എഴുതാറുണ്ട്. പ്രതികരണോത്സാഹിയായ എഴുത്തുകാരനല്ലെങ്കിലും ഡിമോണിറ്റൈസേഷനില്‍ അദ്ദേഹം പ്രതികരിച്ചുപോയി). കോഴിക്കോട് രണ്ടാം ഗേറ്റി ലാണ് 'ജോക്കറി'ലെ കഥാപാത്രം ഇപ്പോള്‍ നില്ക്കുന്നതെന്നു നമുക്കു കൃത്യമായറിയാം, കൃത്യതയില്‍ (കൃതകൃത്യതയില്‍ കൃത്യതയുടെ മോക്ഷമാണുള്ളത്.) എം.ടി. വലിയ നിഷ്‌കര്‍ഷ കാട്ടി.

ഈ കൃത്യത വേണ്ടത്ര പാലിക്കാനായില്ല നാലുകെട്ടിലെ വയനാടിന്റെ വിവരണത്തില്‍ എന്ന് ഈയിടെ എം.ടി. ആഴമറിഞ്ഞേ എം.ടി. ചാടൂ. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞ എല്ലാ സംഭാരങ്ങളും ഒരുക്കിയേ എം.ടി. പുറപ്പെടൂ. രചനാവേളയില്‍ സംഭവിക്കുന്ന ആകസ്മികമായ ആനന്ദങ്ങള്‍, അദ്ഭുതങ്ങള്‍ മാധവിക്കുട്ടിയിലോ ബഷീറിലോ വി.കെ.എന്നിലോ മേതിലിലോ സക്കറിയയിലോ ഉള്ളത് എം.ടിയിലില്ല. നീട്ടുന്തോറും അവിടെ കൈ നീണ്ടു. വെറുംകൈയുമായിത്തുടങ്ങി അദ്ഭുതകരമായ ദിക്കുകളിലെത്തിച്ചേരാന്‍ ബഷീറിനോ മേതിലിനോ കഴിയും. എം.ടി. അത്തരം കൈവിട്ട കളിക്കൊന്നുമില്ല (എഴുതുമ്പോള്‍ എഡിറ്ററുടെ കൈ വിടാറില്ല എം.ടി). കറന്‍സി അടിക്കുമ്പോള്‍, നിശ്ചിതാനുപാതത്തില്‍ സ്വര്‍ണനിക്ഷേപം എം.ടി. ഉറപ്പാക്കി. ആ നിക്ഷേപം തന്റെ 'കറ'യായിരുന്നു. കാലത്തിന് കഴുകാനാകാത്ത കറകൊണ്ട് എം.ടി. നമ്മെ അസ്വസ്ഥരാക്കുന്നു.

Content Highlights : kalpetta narayanan writes about m t vasudevan nair and his literary craft