ത്യപൂര്‍വമായൊരു സമരമായിരുന്നു സെക്രട്ടറിയേറ്റ് നടയില്‍ അരങ്ങേറിയ നില്‍പ്പുസമരം. നില്‍ക്കക്കള്ളിയില്ലാതായ ഒരു ജനതയുടെ സംഘര്‍ഷങ്ങളെയെല്ലാം പ്രതിനിധാനം ചെയ്യുന്ന ഒരസാധാരണ സമരരൂപം. ഞങ്ങളുടെ ദാരിദ്ര്യങ്ങള്‍ക്കൊക്കെ കാരണം നിങ്ങളാണെന്ന് അധികാരത്തെ ബോദ്ധ്യപ്പെടുത്താനായി ബ്രീട്ടീഷ് ഭരണകൂടത്തിന് മുമ്പില്‍ നിരാഹാര സത്യഗ്രഹം എന്ന സമരരൂപത്തെ അവലംബിച്ച ഗാന്ധിയുടേത് പോലെ മൗലികമായ ഒരു പ്രതിഷേധമായിരുന്നു ഇതും. ജന്മിമാരുടെ മുന്നില്‍, മുതലാളിമാരുടെ മുന്നില്‍, കുടിയേറ്റക്കര്‍ഷകരുടെമുന്നില്‍, ഭരണകൂടത്തിന് മുന്നില്‍ എന്നും പപഞ്ചപുച്ഛമടക്കിനിന്ന ഒരു ജനത, സുഖമായി ഇരിക്കാനോ കിടക്കാനോ സാധിച്ചിട്ടില്ലാത്ത ഒരു ജനത അവലംബിച്ച ഈ സമരരൂപം എന്നെ ആസകലം ഉണര്‍ത്തി. ഉലര്‍ത്തി. അത്യാസന്നതയുടെ ഒരു പ്രതിരൂപമാണ് മലയാളത്തില്‍ നില്‍പ്പ്. പത്തും തികഞ്ഞ് നില്‍ക്കുന്നു, പത്താം ക്ലാസ്സ് പാസ്സായി നില്‍ക്കുന്നു, ഭിക്ഷ യാചിച്ച് മുറ്റത്ത് എത്ര നേരമായി നില്‍ക്കുന്നു, വഴിമുട്ടി നില്‍ക്കുന്നു, ഗത്യന്തരമില്ലാതെ നില്‍ക്കുന്നു. സ്വൈര്യം കെട്ട നില്‍പുകളാണ് അധികനില്‍പ്പുകളും.

എന്നിട്ടും ഭരണകൂടത്തിനോ മുഖ്യധാരാ രാഷ്ടീയ പാര്‍ട്ടികള്‍ക്കോ ഒരു സ്വൈര്യക്കേടും ആ സമരം ഉണ്ടാക്കിയില്ല. അത് നീണ്ടുനീണ്ടുപോയി, ഈ നില്‍പ്പ് നില്‍ക്കുന്നവര്‍ക്കൊട്ടും അപരിചിതമായിരുന്നില്ലെങ്കിലും. സ്റ്റാലിനിസ്റ്റ് കാലത്തെ ജയിലുകളിലൊന്നിന് മുന്നിലെ നീണ്ട ക്യൂകളിലൊന്നില്‍ നിന്ന അന്ന അക്മത്തോവയോട് കൂടെ നിന്ന സ്ത്രീ ചോദിച്ചപോലെ ഞാനെന്നോട് ചോദിച്ചു; നിനക്കിതെഴുതാനാവുമോ? നിനക്കതിനുള്ള ബാദ്ധ്യതയുള്ളതല്ലേ? വളര്‍ന്നത് അവര്‍ക്കൊപ്പം, പഠിച്ചത് അവര്‍ക്കായി നിര്‍മ്മിച്ച സ്‌കൂളില്‍, സ്‌ക്കൂളിലെ ഉച്ചക്കഞ്ഞിക്ക് പ്ലാവില്‍ കയറി പ്ലാവില പൊട്ടിച്ച് തന്നത് അവര്‍, ഒറ്റത്തടിപ്പാലം പിടിച്ചു കടത്തിയത് അവര്‍, നീ തിന്നത് അവരുണ്ടാക്കിയത്. ആദ്യമായി ഒരു രാത്രി മുഴുവന്‍ നീ വാവിട്ട് ചിരിച്ചത് കൊയ്ത്ത് കഴിഞ്ഞ പാടത്തെ താല്‍ക്കാലിക പന്തലില്‍ അവരവതരിപ്പിച്ച പൊറാട്ട് നാടകം കണ്ടിട്ട്. അന്ന് അവര്‍ പാകിയതല്ലേ എന്തും നര്‍മ്മത്തിന്റെ ലാഞ്ചനയോടെ പറഞ്ഞാല്‍ മാത്രം ത്യപ്തിയാവുന്ന നിന്റെ മനസ്സ്. അവരുടെ ഈ അവസ്ഥ ആവിഷ്‌കരിക്കാനുള്ള ഒരു വഴിക്കായി ഞാന്‍ ആരായുവാന്‍ തുടങ്ങി.

കാര്യം കഴിഞ്ഞ് മുഖം തിരിക്കുന്ന ഒരു വിടനെപ്പോലെ ഭരണകൂടവും ചുറ്റുമുള്ള പരിഷ്‌കൃതസമൂഹവും അവഗണിക്കുന്ന ആദിവാസിയെ പ്രതിനിധാനം ചെയ്യാന്‍ ഞാന്‍ വായിച്ചറിഞ്ഞ ശകുന്തളക്കാവില്ലേ? എനിക്ക് നിന്നെയറിയില്ല എന്ന് പറഞ്ഞ് ഗര്‍ഭിണിയായ ആ കാട്ടുജാതിക്കാരിയെ മുറ്റത്തുപേക്ഷിച്ച് അരമനയിലേക്ക് കയറിപ്പോയ ആ ദുഷ്യന്തനെ വയനാട്ടിലേയും അട്ടപ്പാടിയിലേയും ആദിവാസി പ്പെണ്‍കുട്ടികള്‍ നിരന്തരം കാണുന്നതല്ലേ? മറ്റുള്ളതെല്ലാം, ആ അശരീരിയും സ്വര്‍ഗ്ഗവും സിംഹപ്പല്ലെണ്ണിയ ഭരതനുമെല്ലാം കെട്ടുകഥകളല്ലേ? ഗുണഭോക്താവായ ഒരു കവിയുടെ രാജപാദസേവ?

ശകുന്തളയുടെ ജന്മവൃത്താന്തവും വ്യത്യസ്തമല്ലല്ലോ. പെട്ടെന്നുള്ള പ്രലോഭനത്തില്‍ ഒരു മഹര്‍ഷിക്ക് ഉണ്ടായതാണവള്‍. അച്ഛനും അമ്മയും ഏതേത് ലോകങ്ങളിലാണ് എന്നറിയാത്ത ഏത് അനാഥയായ ആദിവാസിപ്പെണ്‍കുട്ടിയേയും പോലൊരുവള്‍. വ്യാസനോ കാളിദാസനോ ധരിപ്പിച്ച പട്ടുവസ്ത്രത്തിനടിയില്‍ യഥാര്‍ത്ഥത്തില്‍ ഉള്ളത് മുഷിഞ്ഞ, ആദ്യമായുടുത്ത അതേ ഒറ്റവസ്ത്രം കൊണ്ട് നഗ്‌നത മറയ്ക്കുന്ന ആദിവാസിപ്പെണ്‍കുട്ടി. ആദിവാസിയെ പ്രതിനിധീകരിക്കാന്‍ ആദിവാസി പുരുഷന്‍ പോര. കബളിപ്പിക്കപ്പെടാനും അപമാനിക്കപ്പെടാനും ജീവിതത്തിലെ നരകം സര്‍വ്വമറിയുന്ന ആ ശകുന്തളകള്‍ക്കല്ലേ യോഗ്യത! ഇത്രയും ശരി. പക്ഷെ, അതേ തീവ്രതയില്‍ പറയാന്‍ തക്ക കാവ്യരൂപം കിട്ടണ്ടേ? കാത്തിരുന്നാല്‍ കിട്ടുന്നതോ കാത്തിരിക്കാതിരുന്നാല്‍ കിട്ടുന്നതോ അല്ലല്ലോ അത്? അതിനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്ന തരമല്ല എന്റെ കവിത.
 
ഞാനാ നാളുകളില്‍ കെ.എം. അനിലിന്റെ കടങ്കഥയെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധം ഉത്സാഹത്തോടെ വായിക്കുകയാണ്. കടങ്കഥ എനിക്ക് പ്രിയങ്കരമായ ഒരു മാധ്യമം. എന്തിനേക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് നിങ്ങള്‍ കണ്ടെത്തേണ്ടുന്ന ഒരു വക്രോക്തിയാണ് കടങ്കഥ. കാവ്യരചനാ പഠനത്തിന് പറ്റിയ ഒരു പഠന സാമഗ്രിയാണ് കടങ്കഥ. കടങ്കഥ പോലെ തന്നെ അതിലടങ്ങുന്ന ആകാംക്ഷയല്ല കവിതയിലുമുള്ളത്. കവിത പോലെ കടങ്കഥയേയും അഴിക്കുന്നത് ഭാവനയാണ്. നിങ്ങള്‍ക്ക് ഭാവുകത്വമുണ്ടോ എന്ന് പച്ചയായി പരിശോധിക്കുകയാണ് കടങ്കഥ പറയുന്നയാള്‍. (പില്‍ക്കാലത്തത് യാന്ത്രികമായ ഒരു ഗെയിം ആയി മാറിയിട്ടുണ്ടെങ്കിലും).

പറയാന്‍ പറ്റുന്നില്ലെങ്കില്‍ നിങ്ങള്‍ തോറ്റു. കടം വീട്ടാന്‍ നിങ്ങള്‍ മറ്റൊരു കടങ്കഥ അങ്ങോട്ടു പറയുന്നു. മിക്കവാറും ആലോചിച്ചുത്തരം പറയാനാവില്ല എതിരാളിക്ക്. അപ്പോഴും എന്തിനെക്കുറിച്ചാണ് എന്ന് പറഞ്ഞറിയുമ്പോഴുള്ള മനസ്സിന്റെ ഒരു വിടര്‍ച്ചയ്ക്ക് കാവ്യരസാസ്വാദത്തിനോട് ഉറ്റ ബന്ധവുമുണ്ട്. ഈ പ്രഹേളിവാക്യങ്ങള്‍ക്ക് ഉത്തരമില്ലാത്ത ഒരു കടങ്കഥയാണ് ജീവിതം എന്ന ഭാവമുണ്ട്. അങ്ങിനെ കടങ്കഥകളില്‍ വിഹരിക്കുമ്പോള്‍ കുറേ നാളായി ഞാന്‍ കാത്തിരിക്കുന്നത് യാദൃച്ഛികമായി പ്രത്യക്ഷപ്പെട്ടു. ഒരു കടങ്കഥയുടെ വേഷത്തില്‍. ' പേരില്ലാ ഊരിലെ പെണ്ണെല്ലാം ശകുന്തള''. എനിക്കെത്തേണ്ട ഏതിടത്തേക്കും പുറപ്പെടാം ഈ വരിയില്‍ നിന്ന്. തുടര്‍ന്നുള്ള കാവ്യയാത്ര ഏതാണ്ട് സുചിതമായിക്കഴിഞ്ഞിരിക്കുന്നു.

അപ്രശസ്തമായ ഒരാദിവാസിയൂരിലെ പെണ്‍കുട്ടിയായി മുന്നില്‍ നില്‍ക്കുന്ന ശകുന്തളയോട് ഞാന്‍ ചോദിച്ചു;
'നീയെന്താണിങ്ങനെ നിന്ന നില്പില്‍?
പായല്‍ പിടിച്ച വഴുതലുള്ള മുറ്റത്ത്?
പഴകി മഞ്ഞച്ച ചേല ചുറ്റി മഴ നനഞ്ഞ്?
അദ്ദേഹം നിന്നെ ഇനിയും തിരിച്ചറിഞ്ഞില്ലേ?
ഞാന്‍ കേട്ടല്ലോ
നീ രാജ്ഞിയായെന്നും
നിന്റെ മകന്‍ യുവരാജാവായെന്നും
ഇപ്പോഴീ രാജ്യം അവന്റെ പേരിലാണെന്നും 
(ഭാരതമിപ്രദേശമെന്നുള്ളതും) '  വയനാട്ടിലേയോ അട്ടപ്പാടിയിലേയോ കരിമ്പിന്‍ ചണ്ടി പോലെ ചവച്ചു തുപ്പപ്പെട്ട, വാഗ്ദാനങ്ങളാല്‍ പ്രലോഭിക്കപ്പെട്ട് വഞ്ചിതയായ ഏത് ആദിവാസിപ്പെണ്‍കുട്ടിയേയും പോ ലെ എന്റെ ശകുന്തളയും തലതാഴ്ത്തി നിന്നു. കൂടെ വന്നവരെല്ലാം മടങ്ങിപ്പോയിട്ടും കൂടെ നിന്ന കാട്ടില്‍ നിന്ന് ഒപ്പം വന്ന ഇരുട്ട് അവള്‍ക്കു വേണ്ടി എന്നോട് പറഞ്ഞു;
'അതെല്ലാം കെട്ടുകഥ
അപ്‌സരസും
മുക്കുവനും
പശ്ചാത്തപിച്ച രാജാവും
സ്വര്‍ഗ്ഗത്തില്‍ സിംഹപ്പല്ലെണ്ണിയ
രാജകുമാരനും
ഭാരതവും!
കൊട്ടാരമുറിയില്‍
മൂക്കറ്റം തിന്നുറങ്ങിയ
ഏതോ ദാസന്റെ പിച്ചും പേയും.
ഇവളുടെ കഥ
അന്ന് ഈ മുറ്റത്തവസാനിച്ചു.
എനിക്ക് നിന്നെയറിയില്ല എന്ന്
ഇവളെ നന്നായറിഞ്ഞ അധികാരം
അകത്തേക്ക് കയറിപ്പോവുന്നത് നോക്കി 
എങ്ങും പോകാനില്ലാതെ ഈ മുറ്റത്ത് ഈ നില്‍പ്പില്‍ '  മാറ്റം പോലും മാറി. അധികാരത്തിന് അധികാരം വര്‍ദ്ധിച്ചു. അവള്‍ക്കാകട്ടെ അവഗണിക്കപ്പെടാന്‍ കൂടുതല്‍ ഇടങ്ങളായി. ആക്ഷേപിക്കപ്പെടാന്‍ , അപമാനിക്കപ്പെടാന്‍ കൂടുതല്‍ കൂടുതല്‍ കാരണങ്ങളായി. നില്‍പ്പ് കൂടുതല്‍ ദയനീയമായി;
'ഇവിടെ
ഇവളൊഴികെ സകലതും മാറി
കൊട്ടാരം പലതവണ പുതുക്കിപ്പണിതു
രാജാവ് പല തവണ വേഷം മാറി
വേഷം പല തവണ രാജാവിനെ മാറി
രാജഭോഗം മടുത്ത്
പച്ചപ്പുളിങ്ങ തിന്ന കഥയായി
ഇവളുടെ കഥയും.
പുഷ്ടിപ്പെട്ടു വിദൂഷകരും
വിനോദ വ്യവസായവും.
സുഖം മുറ്റിയ നാളുകള്‍ കൂടുതല്‍ വിദൂരത്തിലായി. ഏതോ വിസ്മൃത ജന്മത്തില്‍ അവളുമനുഭവിച്ചിരുന്നു സുഖവും ലാളനയും പരിഗണനയും. ഞെട്ടില്‍ ഒരു കനി പോലെ പ്രകൃതിയില്‍ അവള്‍ സുരക്ഷിതയായിരുന്നു അന്ന്;
ഓര്‍മ്മയില്‍
ദൂരെയൊരു കാനനത്തില്‍
മടിയില്‍ തല വെച്ചുറങ്ങുന്ന
നിറഗര്‍ഭിണിയായ മാന്‍
അരികില്‍, മാലിനീ നദിയിലെ
ഉള്ളം കാട്ടുന്ന തെളിവെള്ളം
മാവില്‍, വനജ്യോത്സ്‌നയെന്നവള്‍ വിളിച്ച
പൂവിട്ട പിച്ചക വള്ളി
മുടിയില്‍, വിരലോടിക്കുന്ന കാറ്റ്
താരാട്ടുന്ന പക്ഷികള്‍
ആ കാട്ടിലേക്കും
ഈ മുറ്റത്തേക്കും
മാറി മാറിയുലയുന്ന മനസ്സ്
തീരാത്ത ഈ നില്‍പ്പ്. 

അവള്‍ അരക്ഷിതയായപ്പോള്‍ അവള്‍ രക്ഷിതയായിരുന്ന ഒരാവാസ വ്യവസ്ഥ കൂടിയാണ് ദുര്‍ബ്ബലമായത്. മണ്ണിനെ ആശയിച്ച് മരവും മരത്തെ ആശ്രയിച്ച് ശാഖയും ശാഖയെ ആശ്രയിച്ച് ഇലയും ഇലയെ ആശ്രയിച്ച് പൂവും പൂവെ ആശ്രയിച്ച് കായയും കായയെ ആശ്രയിച്ച് നമ്മളും എന്നൊരു പാട്ടുണ്ട് അട്ടപ്പാടിയിലെ ആദിവാസികളുടെ ഓര്‍മ്മയില്‍. 

1985- ല്‍ സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട് രാജീവ് ഗാന്ധി പറഞ്ഞു; ആദിവാസി വികസനത്തിന് ഒരു രൂപ മുകളിലേക്കിട്ടാല്‍ താഴെക്ക് വീഴുക പതിനഞ്ച് പൈസ്സ മാത്രമാണ് എന്ന്. വല്ലാത്തൊരു കടങ്കഥയാണ് രാജീവ് ഗാന്ധി പറഞ്ഞത്. കോടിക്കണക്കിന് രൂപ ചെലവിട്ട് അവരെ മുമ്പ് കഴിഞ്ഞതിലും ദരിദ്രമായ അവസ്ഥയില്‍ നിലനിറുത്തുന്ന മാജിക്കിന് ആദിവാസി ക്ഷേമം എന്നാണ് പേര്. ഇന്ത്യയില്‍ ചെലവഴിച്ച ഏറ്റവും മൂല്യക്കുറവുള്ള രൂപ ആദിവാസിക്ക് വേണ്ടി ചെലവഴിച്ചതാണെന്നും പറഞ്ഞു കൂട, അതാരിലൂടെയെല്ലാം ചെലവഴിച്ചുവോ അവരുടെ ജീവിതം അവിശ്വസനീയമാം വിധം വികസിച്ചു. അവരെ അഭിമുഖീകരിക്കാത്ത സ്‌ക്കൂളുകളില്‍ അവരെ പഠിപ്പിച്ചു കൊണ്ട്, അവര്‍ക്കിണങ്ങാത്ത മാനദണ്ഡങ്ങളില്‍ ജീവിതം അളന്ന് കൊടുത്തു കൊണ്ട് അവരെ അജ്ഞരായി, പ്രാകൃതരായി നിലനിര്‍ത്തി നാം തുടരുന്നതും ജീവിതം തന്നെ!

ഉത്തരം കിട്ടാത്ത കടങ്കഥകള്‍ നമ്മെ അസ്വസ്ഥരാക്കിക്കൊണ്ടിരിക്കും. പരിഹരിക്കപ്പെടാത്ത റിഡിലുകള്‍ നമ്മെ കാര്‍ന്നുതിന്നുമെന്ന് ഉത്തരംമുട്ടിയവരെ തിന്ന് അതിജീവിക്കുന്ന സ്പിങ്ക്സ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വായനക്കാരനെ കടപ്പെടുത്തിക്കൊണ്ട് ഞാനെന്റെ കവിത അവസാനിപ്പിക്കുന്നു;
'ഇനി
ഒരു കടം കഥയുടെ
ഉത്തരം പറഞ്ഞാല്‍ വിടാം.
'പേരില്ലാ ഊരിലെ
പെണ്ണെല്ലാം ശകുന്തള.' 

Content Highlights : Kalpetta Narayanan writes about Adivasi Nilpu Samaram