ചില വരികള്‍ അത് പ്രത്യക്ഷപ്പെട്ട ഇടം വിസ്മൃതമായാലും എഴുതിയ കവി ഇല്ലാതായാലും എഴുതപ്പെട്ടപ്പോള്‍ ആ വരികള്‍ കൊണ്ടുദ്ദേശിച്ചത് കാലഹരണപ്പെട്ടാലും തനിച്ച് ഈടോടെ നില്‍ക്കും. മതിവരാതെ നിലനില്‍ക്കും. 'ഉറക്കം മതി ചങ്ങാതീ ഉത്ഥാനം ചെയ്തിടാമിനി' എന്ന വരി എനിക്ക് അത്തരമൊരു തീരാത്ത വരിയാണ്. പുലര്‍ന്നിട്ടും ചുറ്റുപാടുണര്‍ന്ന് കലമ്പല്‍ കൂട്ടിയിട്ടും വീണ്ടും മൂടിപ്പുതച്ച് തിരിഞ്ഞുകിടക്കുമ്പോള്‍ ശല്യപ്പെടുത്തുന്നതുകൊണ്ടു മാത്രമല്ല, നിശ്ചലമായിരിക്കുമ്പോഴൊക്കെ ഈ ജഡാവസ്ഥയില്‍ നിന്നുണരൂ എന്നു പറഞ്ഞ് എന്നെയാവരികള്‍ എഴുന്നേല്‍പ്പിക്കുന്നതുകൊണ്ടും. ഉറക്കത്തിന് യഥാര്‍ഥ ഉറക്കമെന്നും ഉറക്കത്തിന് സമാനമായ ജഡഭാവം എന്നും വിവക്ഷകള്‍. 'ജഡമറിവീല' എന്ന് നാരായണഗുരു. ജഡം മാത്രമല്ല, ജഡതുല്യമായതും അറിയുന്നില്ല. ജഡതുല്യമായ അവസ്ഥയാണ് ഉറക്കം. അതിനാല്‍, ഒന്നുമറിയാത്ത അവസ്ഥയുടെ പ്രതിരൂപവുമാണ് ഉറക്കം.

ഉണരുവിന്‍ സഖാക്കളേ എന്നു പറയുമ്പോള്‍ ആ വാക്കുകള്‍ക്ക് അക്ഷരാര്‍ഥമല്ല, വര്‍ഗബോധത്തിലേക്കുണരൂ എന്ന അര്‍ഥമാണല്ലോ ഉള്ളത്. ഉണരൂ എന്ന് വിവേകാനന്ദന്‍ പറഞ്ഞപ്പോള്‍ പ്രബുദ്ധനാവുക എന്നായി വിവക്ഷ. രൂപമായും പ്രതിരൂപമായും ഇരിക്കുന്നതിനാല്‍ ഉറക്കത്തെക്കുറിച്ച് ഉണര്‍ന്നാല്‍ മതി കവിതയിലേക്കുണരാനും. കവിതയാണ് ഉന്നതമായ ഉണര്‍വിന്റെ മാധ്യമം എന്ന് എല്ലാ മന്ത്രങ്ങള്‍ക്കുമറിയാം. പരസ്യവാചകമെഴുതുന്ന മന്ത്രവാദികള്‍ക്കുള്‍പ്പെടെ. ജീവനുള്ളതിനെല്ലാം ഉറങ്ങണം, ചത്തതുപോലെ ഉറങ്ങണം. ജാഗരൂകനായിരുന്നതിനൊരു പ്രായശ്ചിത്തംപോലെ ഉറങ്ങണം. 'ഉറക്കം കിട്ടുന്നുണ്ടോ, ഡോക്ടര്‍ ചോദിക്കുന്നു.' 'ഉറക്കം കിട്ടുന്നുണ്ട് ഡോക്ടര്‍, പക്ഷേ...', ഉറക്കത്തില്‍നിന്ന് എന്താണു കിട്ടുന്നത്? അത് അയാള്‍ക്കും വ്യക്തമായറിഞ്ഞുകൂടാ. അയ്യപ്പപ്പണിക്കര്‍ പറയുന്നതുപോലെ പൂര്‍ണശ്രമക്ലമവിരാമമായിരിക്കാം. എന്തിന്? ചുറ്റുപാടും നടക്കുന്നതെല്ലാം അറിയുന്ന അവസ്ഥയില്‍ നിന്നും ഒന്നുമറിയാത്ത അവസ്ഥയിലേക്കുള്ള ഈ മാറ്റം എന്തിന്? എല്ലാവരും കാണ്‍കെ ആരെയും കാണാത്ത ആരും കാണാത്ത അവസ്ഥ എന്തിന്? എന്തിനീ ഉറക്കത്തിന്റെ തുരങ്കത്തിലൂടെ നാം രാത്രിതോറും കടന്നുപോകണം? നന്നായുറങ്ങിയതിനുപിറകെ വരുന്ന പ്രഭാതത്തിന്റെ അഴകില്‍ ഇതിനൊരു മറുപടിയുണ്ട്. 'ഉഷസ്സേ കുഴച്ചാരു നിര്‍മിച്ചുനിന്നെ', എന്നതൊരു ചോദ്യമല്ലല്ലോ, ചോദ്യരൂപം കൂടാതെ ആവിഷ്‌കരിക്കാനാവാത്ത ഒരനുഭൂതിയല്ലേ!

ഉറങ്ങലില്‍ എന്തിനെല്ലാമോ ഉള്ള പരിഹാരമുണ്ട്; 'നന്നായുറങ്ങുകയാണ്. പേടി?േക്കണ്ട നല്ല ലക്ഷണമാണ്'- വൈദ്യന്‍. 'ഉറക്കമില്ലെങ്കില്‍/ അധീനത്തിലല്ലാത്ത രാത്രിയില്ലെങ്കില്‍ / മറവില്ലെങ്കില്‍ രാത്രിയെങ്ങനെ വസ്ത്രം മാറും/ ദിവസമെങ്ങനെ അടുത്ത ദിവസമാകും... 'നല്ല ഉറക്കത്തിന്റെ ഫലമല്ല, ബൈബിളിലെ 'ഉത്തമഗീതങ്ങള്‍' എന്ന പ്രേമവും ഉണര്‍വംമുറ്റിയ കാവ്യം എന്നു പറയാനാവില്ല. ഉറക്കത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ട് സോളമനോട് ചോദിക്കുന്നു, എന്തു വേണം? രാജ്യം, സമ്പത്ത് സുന്ദരിയായ ഭാര്യ..?. സോളമന്‍ മടിക്കാതെ പറയുന്നു, വിസ്ഡം. ഉറക്കത്തില്‍ നിന്നുണര്‍ന്നപ്പോള്‍ കണ്ടതില്‍ അതുവരെ കാണാഞ്ഞത്, കേട്ടതില്‍ അതുവരെ കേള്‍ക്കാത്തത് സോളമന്‍ അറിയുന്നു. 'ആരാണിവള്‍ ! ഉഷസ്സുപോലെ ഉയര്‍ന്നുവരുന്നവള്‍, സൂര്യനെപ്പോലെ പ്രസന്ന' രാത്രി കണ്ണടയ്ക്കുകയും പകല്‍ കണ്ണുതുറക്കുകയും ചെയ്യുന്ന പ്രകൃതിയുടെ ജൈവതാളത്തെ ഭഞ്ജിക്കുന്നുവെന്നതാവാം ഉറക്കമില്ലായ്മയെ അസ്വസ്ഥജനകമാക്കുന്നത്. മറ്റെല്ലാവരും സ്ഥലകാലങ്ങള്‍ക്കതീതരായിരിക്കുമ്പോള്‍ താന്‍മാത്രം സ്ഥലകാലങ്ങളില്‍ ബന്ധിതയായിരിക്കുന്നതിലെ കുറ്റബോധം. ഐ.സി.യു.വിലെയോ ജയിലിലെ ആദ്യദിനങ്ങ ളിലെയോ ചുമരിലാണ് ഏറ്റവും മെല്ലെ നീങ്ങുന്ന ഘടികാരം. 'രാത്രി കാവല്‍ക്കാരനെത്ര ദീര്‍ഘം' എന്നു ശ്രീബുദ്ധന്‍. കിടന്നതും കണ്ണടയുന്നവരുടെ രാത്രി എത്ര ഹ്രസ്വം. ഒന്ന് തലചായ്ക്കാനായി മര്‍ത്ത്യ നാഗരികത പണിതിട്ടിരിക്കുന്നത് എത്ര സത്രങ്ങള്‍, എത്ര വീടുകള്‍, എത്ര കട്ടിലുകള്‍, എത്ര കിടക്കകള്‍. ചിലപ്പോള്‍ ഉറക്കം ഒരു മരുന്നാണ്. ഇന്നലെ കിടന്നപ്പോഴത്തെ അത്ര വേദനയില്ല, അത്ര കോപമില്ല, അത്ര ശത്രുതയില്ല, അത്ര സങ്കടമില്ല, അത്ര നീറ്റലില്ല. ഉറക്കം മുറിവ് തുന്നിക്കൂട്ടി, വിടവു നികത്തി. ഹൃദയത്തിലെ മുറിവിനുള്ള ലേപനമാണ് ഉറക്കം എന്ന് ഷേക്സ്പിയര്‍. ഉറക്കം കഴിഞ്ഞപ്പോള്‍ കരകയറിയപോലെ. ഉറക്കം കഴിഞ്ഞപ്പോള്‍ ഇന്നലെ നടന്നത് മുമ്പെന്നോ നടന്നതു പോലെയാവുന്നു. ഇന്നലെയെന്ന് തലേദിവസത്തെ മാത്രമല്ല വിദൂരഭൂതത്തെയും പറയാറുണ്ടല്ലോ. ഉറക്കത്തില്‍ സമയബോധവും ഉറങ്ങുന്നതു കൊണ്ടാവാം അത് സാധ്യമായത്.

ഭാഗ്യവാന്മാര്‍ ഒറ്റയുറക്കത്തിന് നേരം വെളുപ്പിക്കുന്നു. നിര്‍ഭാഗ്യവാന്മാരോ തീരാത്ത രാത്രിയില്‍. തൊട്ടിലിലായാലും കിടക്കയിലായാലും വെറും തറയിലായാലും ഓവുചാലിലായാലും ഉറക്കം പിടിച്ചുകഴിഞ്ഞാല്‍ പരമസുഖം. ഉറക്കം വന്നില്ലെങ്കില്‍ കിടക്കുന്നത് എവിടെയാണെങ്കിലും സുഖകരവുമല്ല. 'ആനന്ദത്തിലുറക്കമില്ല, ആതങ്കത്തിലുറക്കമില്ല'. നല്ല ഉറക്കത്തിന്റെ അടിയിലുള്ളതാണ് മികച്ച കിടക്ക എന്നുപറയാം. സഞ്ജയന്റെ ഒരു കഥാപാത്രം ജയിലില്‍ വെറുംനിലത്ത് കൊതുകുകടികൊണ്ട് ഉറങ്ങേണ്ടിവരുന്നതിനെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ കൂട്ടുകാരന്‍ അയാളെ തിരുത്തുന്നുണ്ട്; ജയിലില്‍ വെറുംനിലത്ത് കൊതുകുകടിയുംകൊണ്ട് ഉറക്കം വരാതെ കിടക്കുന്നതിനെക്കാള്‍ എത്ര മെച്ചമാണത്. ഉറങ്ങിക്കഴിഞ്ഞാല്‍ അത് ജയിലല്ല, വെറുംനിലമല്ല, കൊതുകുകടിയില്ല, ഒച്ചപ്പാടില്ല. ഉറങ്ങുമ്പോള്‍ നിങ്ങള്‍ ശത്രുരാജ്യത്തിലല്ല, ലോക്കപ്പിലല്ല, കുറ്റവാളിയല്ല, വിഡ്ഢിയല്ല, വിരൂപനല്ല, ദരിദ്രനല്ല. ഉറക്കത്തില്‍ രാജാവും പട്ടിയും തുല്യര്‍. അദൃശ്യമായ ഒരുറയാണ് ഉറക്കം. ഉറക്കത്തില്‍ നിങ്ങള്‍ക്ക് സ്വസ്ഥമായി കിടക്കാം. പ്രാചീനഗുഹയില്‍ എന്നപോലെ നിങ്ങള്‍ സുഖി.

ദീനക്കിടക്കയില്‍ കിടക്കുന്നൊരാള്‍ രോഗം മാറണേ എന്നു പ്രാര്‍ഥിക്കുന്നതിനെക്കാള്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക ഉറക്കം വരണേ എന്നാണ്. ഉണരൂ എന്നുപറയുന്ന ഗുരുവിനെക്കാള്‍ ചിലപ്പോഴെങ്കിലും വിവേകമതിയല്ലേ ഉറങ്ങൂ എന്നു പറയുന്ന ഗുരു! വെളിച്ചത്തിന് ഇരുട്ടുപോലെ ജാഗ്രതയ്ക്ക് സുഷുപ്തിയും അനിവാര്യം. ശ്രമത്തിന് വിശ്രമവും വിശ്രമത്തിന് ശ്രമവും വേണം. നന്നായധ്വാനിക്കുന്നൊരാളുടെ ആരോഗ്യത്തിനോട് മാത്രമല്ല, ഉറക്കത്തിനോടും നമുക്കസൂയയാവും. കൂര്‍ക്കം വലിച്ചുറങ്ങുന്നൊരാളോട് മറ്റുള്ളവര്‍ക്കുള്ള അപ്രിയത്തില്‍ ശബ്ദശല്യം മാത്രമല്ല, ഒന്നും ഗണിക്കാതെ ഒന്നും ബാധിക്കാതെ ഒരാളുറങ്ങുന്നതിലെ അസ്വസ്ഥതയുമുണ്ട്. രോഗശയ്യയില്‍ ഉറക്കംവരാതെ കിടക്കുന്ന ഭാര്യയുടെ അടുത്തുകിടന്ന് കൂര്‍ക്കംവലിച്ചുറങ്ങുന്ന ഭര്‍ത്താവ് വിവാഹമോചനത്തിനുവരെ കാരണമാവാം, ഇതിലും ക്രൂരമായ അവഗണനയുണ്ടോ? മറിച്ച് തന്റെ കൈയില്‍ തലവെച്ച് ശാന്തമായുറങ്ങുന്ന നവവധുവിനെയോ കാമുകിയെയോപോലെ ജീവിതവിശ്വാസം തരുന്നതെന്തുണ്ട്? ഉണര്‍വ് ഓര്‍മയാണെങ്കില്‍ ഉറക്കം മറവിയാണ്. അതിജീവിക്കാന്‍ മറവി ആവശ്യമാണ്, ഓര്‍മയോളം തന്നെ. മറക്കാന്‍ കഴിയുന്നതുകൊണ്ടാണ് നമുക്ക് സ്വസ്ഥരാവാന്‍ കഴിയുന്നത്. ശത്രുവിനൊപ്പവും ജീവിക്കാന്‍ കഴിയുന്നത്. നഷ്ടത്തിനോട് പൊരുത്തപ്പെടാന്‍ കഴിയുന്നത്. മരണഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്നത്. മരിച്ചൊഴിഞ്ഞ ആശുപത്രിക്കട്ടിലില്‍ സ്വസ്ഥമായി കിടക്കാന്‍ കഴിയുന്നത്. ആത്മഹത്യശ്രമം പരാജയപ്പെട്ടതില്‍ ഭൂരിഭാഗംപേരും പില്‍ക്കാലം ദൈവത്തോട് നന്ദിപറയുന്നു. ഒരുറക്കംകൊണ്ടുതന്നെ അവര്‍ ജീവിതവുമായി രമ്യതയിലായിക്കഴിഞ്ഞു. ഉറക്കംകൊണ്ട് കഴുകിയാല്‍ ഏതു കറയാണ് മായാത്തത്. നന്നായി ജീവിക്കുന്നുണ്ടോ എന്നു ചോദിക്കുന്നതിനെക്കാള്‍ ഉചിതം നന്നായുറങ്ങുന്നുണ്ടോ എന്നു ചോദിക്കുന്നതാണ്. ഭൂമിയിലുണ്ടായ ആദ്യ കലാസൃഷ്ടി സ്വപ്നമാണ് എന്നു പറയാമെങ്കില്‍, എല്ലാ പില്‍ക്കാല കലാസൃഷ്ടിയുടെയും പ്രഥമമാതൃക സ്വപ്നമാണ് എന്നു കാണാമെങ്കില്‍ ഭൂമിയിലെ കലാസൃഷ്ടികളെല്ലാം മനുഷ്യന്‍ ഉറങ്ങിയതിന്റെ ഫലം എന്നും കാണാം.

'ഉറങ്ങുമ്പോളെഴുതും കവിതകള്‍' എന്ന് കുഞ്ഞുണ്ണി. സ്വപ്നത്തില്‍ അബോധം ഉണരുമ്പോലെ, പ്രതീകങ്ങളും പ്രതിബിംബങ്ങളും അനായാസേന പ്രത്യക്ഷപ്പെടുമ്പോലെ കവിതയിലും ചിത്രത്തിലും. അബോധമില്ലാത്ത കഥയോ കവിതയോ എന്തിനു കൊള്ളാം? 'നമ്മളില്‍ നിക്ഷേപിക്കപ്പെട്ട/ മൃതിയോ ഭ്രാന്തോ ലഹരിയോ/ നമ്മളില്ലായ്കയോ' എന്താണുറക്കം എന്നു ചോദിക്കുന്നു, ആറ്റൂര്‍ രവിവര്‍മ. അതിന്റേതായ വിചിത്രമായ ജീവിതമുള്ള ഒരു ശരീരമാണ് ഉറക്കത്തിന്റേത്. ഉറങ്ങിയാലുള്ള ഈ ജീവിതം അന്ത്യനിദ്രയ്ക്കുശേഷമുള്ള ജീവിതത്തില്‍ വിശ്വാസം തരുന്നു. അന്ത്യനിദ്രയെന്നു പറയുന്നതില്‍ത്തന്നെ മരണത്തെ ഉറക്കമാക്കിയുള്ള ആശ്വസിക്കലുണ്ട്. ഉറക്കത്തിന്റെ മരണസാമ്യമാവാം ഉറക്കമുണരുന്നതുപോലെ മരണാനന്തരം നാമുണര്‍ന്നേക്കാമെന്ന സങ്കല്പം പ്രാചീനമനസ്സില്‍ ഉണ്ടാക്കിയത്. ഓരോ ദിവസത്തിനും പുനര്‍ജന്മം പോലൊന്നു സംഭവിച്ച് അടുത്തദിവസമായി മാറി, ഒട്ടേറെ ജന്മങ്ങളുള്ള ജീവിതം അനുഭവിക്കുന്ന ഒരു ജീവി പുനര്‍ജന്മത്തെ സങ്കല്പിക്കുന്നതില്‍ അസ്വാഭാവികമായി എന്തെങ്കിലുമുണ്ടോ? പ്രേതസങ്കല്പത്തിലുമുണ്ട് ഉറക്കത്തിന്റെ മധ്യസ്ഥത. ഡങ്കന്‍ പ്രഭു അല്പം മങ്ങിയ രൂപത്തിലാണ് ഹാംലെറ്റിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ആയുസ്സിന്റെ കാലോഹരിയെങ്കിലും നാമുറങ്ങുന്നുന്നുണ്ട്. ഉണര്‍ന്നിരിക്കുന്ന കാലം മാത്രം ജീവിതമായി ഗണിച്ചാല്‍ എഴുപതുകാരന് അമ്പതോ അമ്പത്തിരണ്ടോ വയസ്സേവരൂ. ഉറക്കം യൗവനത്തെ നീട്ടുന്നുവോ, മീട്ടുന്നുവോ?