''അതിഗാഡ്മതമസ്സിനെത്തുരന്നെതിരെ രശ്മികള്‍ നീട്ടി ദൂരവെ
ദ്യുതി കാട്ടുമുഡുക്കളേ പരം നതി നിങ്ങള്‍ക്കതിമോഹനങ്ങളേ'' - ആശാന്‍

''അന്ധനോട് വെളിച്ചത്തെക്കുറിച്ച് പറയുന്നതുപോലെ നിഷ്ഫലമാണത്' എന്നൊരു നെറികെട്ട വാക്യമുണ്ട് ബൈബിളില്‍. ക്രൂരമായ ഒരുപമ. രാഷ്ട്രീയമായ അവിവേകമുണ്ടാ ഉപമയില്‍ (Politically incorrect). കാവ്യാത്മകമായ പോരായ്മയുണ്ടാ ഉപമയില്‍ (Poetically inefficient). ഒരാളുടെ വല്ലപ്പോഴത്തേയും മാത്രം അവസ്ഥയെ അയാളുടെ എപ്പോഴത്തേയും അവസ്ഥയായി, ആ അവസ്ഥയെ അയാളുടെ തന്മയായി (Identity) ഗണിക്കുന്നതില്‍ വലിയ അപരാധമുണ്ട്. ഉണ്ണുമ്പോഴോ ഉറങ്ങുമ്പോഴോ തിന്നുമ്പോഴോ കേള്‍ക്കുമ്പോഴോ തൊടുമ്പോഴോ അയാള്‍ അന്ധനല്ല. കണ്ണൊഴിച്ചുള്ള ഇന്ദ്രിയങ്ങള്‍ പരിഹാരത്വരയോടെ കൂടുതല്‍ തീക്ഷ്ണമായി പ്രവര്‍ത്തിക്കുന്നുമുണ്ടയാളില്‍. 'ഒരാളും ഉടനീളം അയാളല്ല' എന്ന പരമാര്‍ത്ഥവുമുണ്ട്. 'വെളിച്ച'മാകട്ടെ അതിന്റെ പല വിവക്ഷകളില്‍ ഒന്നില്‍ മാത്രമാണ്, അക്ഷാര്‍ത്ഥത്തില്‍ മാത്രമാണ്, അയാള്‍ക്ക് വഴങ്ങാത്തത്. വെളിച്ചം ചിലപ്പോള്‍ മാത്രമാണ് വെറും വെളിച്ചം. അനവധി വെളിച്ചങ്ങളില്‍ ഒന്നായ കാണാവുന്ന വെളിച്ചം മാത്രമാണ് അയാള്‍ക്ക് വഴങ്ങാത്തത്. മറ്റെല്ലാ വെളിച്ചങ്ങളും അയാള്‍ക്ക് സുവിദിതം. 'വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖ്രപദം' എന്ന വിരുദ്ധോക്തിയിലെ അക്കിത്തം ഉദ്ദേശിച്ച വെളിച്ചമോ, 'ഇരുളും മെല്ലെ വെളിച്ചമായ് വരും' എന്ന വാക്യത്തിലെ ആശാനുദ്ദേശിച്ച വെളിച്ചമോ, 'ആ വെളിച്ചം പൊലിഞ്ഞു' എന്ന് ഗാന്ധിയുടെ വിയോഗത്തില്‍ നെഹ്റു പറഞ്ഞതിലെ വെളിച്ചമോ 'കാണാന്‍' കൂടുതല്‍ ഭാവനാശാലിയായ അയാള്‍ക്ക് ഒരു ത്രാണിക്കുറവുമില്ല. (കാലം ക്ഷമാപണം ചെയ്യുകയായിരുന്നു അയാളെ ''ഡിഫറന്റ്‌ലി ഏബിള്‍ഡ്' എന്ന് വിളിച്ചപ്പോള്‍). താന്‍ വായിക്കുന്ന ബൈബിള്‍ നിങ്ങള്‍ വായിക്കുന്ന ബൈബിളിനേക്കാള്‍ അര്‍ത്ഥതലങ്ങളുള്ളത്, വലുത്, എന്ന് ഹെലന്‍ കെല്ലര്‍. 'ആട് പെറട്ടെ അപ്പോള്‍ കാണിച്ചുതരാം' എന്ന് പാത്തുമ്മ പറഞ്ഞപ്പോള്‍ എന്താണ് ആട് പെറുമ്പോള്‍ പാത്തുമ്മ കാണിച്ചുതരാന്‍ പോകുന്നതെന്ന് ബഷീര്‍ ചിരിക്കുമ്പോള്‍, ചിരിക്കുന്നത് കാണലിന്റെ അക്ഷരാര്‍ത്ഥമോര്‍ത്താണ്. പ്രതീകാത്മകമായ രചനാരീതിയെ അവലംബിച്ചതിനാലാണ്, പല വിവക്ഷകളുള്ള വാക്യങ്ങളുപയോഗിച്ചെഴുതിയതിനാലാണ്, ന്യൂനോക്കികളില്‍ സ്വതസ്സിദ്ധമായ വൈദവമുള്ളതിനാലാണ് പ്രതൃക്ഷത്തിലുള്ളതിനേക്കാള്‍ വലിയ കൃതികളെഴുതാന്‍ 'കൃശഗാത്രനായ' ബഷീറിന് സാധിച്ചത്. (തകഴിയായിരുന്നു എഴുതിയതെങ്കില്‍ എഴുന്നൂറ് പുറങ്ങളെങ്കിലുമുണ്ടാവുമായിരുന്ന സ്വാതന്ത്ര്യസമരകഥയെ അമ്പത്തൊമ്പത് പേജുകളില്‍ ഒതുക്കി ബഷീര്‍ 'മതിലുകളില്‍). 'വെളിച്ചത്തിനെന്ത് വെളിച്ചം' എന്ന അത്ഭുതം കൊള്ളലില്‍ വെളിച്ചത്തില്‍ എത്ര വെളിച്ചങ്ങള്‍ എന്ന അത്ഭുതവുമുണ്ട്, ജ്ഞാനോദയത്തിലെ വെളിച്ചമുള്‍പ്പെടെ.

വെളിച്ചം പോലെയാണ് 'ഇരുളും'. 'ഇരുളും മെല്ലെ വെളിച്ചമായ് വരും', 'ഞാനുമിരുട്ടത്തു മൂളുന്നു' എന്നതിലെല്ലാമുള്ള ഇരുള്‍ പ്രത്യക്ഷാര്‍ത്ഥത്തില്‍ മാത്രമുള്ളതാണെന്ന് ധരിക്കുന്നവര്‍ കവിതയ്ക്ക് പുറത്താണ്. പ്രത്യക്ഷത്തിലുള്ളതല്ലാത്തതൊന്നും കാണാന്‍ കഴിയാത്തവര്‍ സ്ഥിരവും മാരകവുമായ ഒരന്ധതയിലാണ്. മതതീവ്രവാദികളും തീവ്രയുക്തിവാദികളും 'ലിറ്ററലിസം' (Literalism) എന്ന ഈ ഭേദപ്പെടുത്താനാവാത്ത രോഗത്തിന്റെ ഇരകളാണ്. വെളിച്ചം നിരവധിയാണെന്നപോലെ ഇരുളും അനവധി. 'ഇരുളാ എന്നെ വിഴുങ്ങൂ' എന്ന 'സി.വിക്കഥാപാത്രത്തിന്റെ ഇരുട്ട് ഇനി തനിക്ക് പൊരുത്തപ്പെടാന്‍ കഴിയുന്ന ഏക ഇരുട്ടാണ്, അല്ലെങ്കില്‍ ഏക വെളിച്ചം. ഇരുട്ടില്‍ നില്‍ക്കുന്നൊരാള്‍ ഞാനിരുട്ടിലാണ് എന്ന പറഞ്ഞാല്‍ നാം വെളിച്ചവുമായി ചെല്ലും. വെളിച്ചത്തില്‍ നില്‍ക്കുന്നൊരാള്‍ ഞാനിരുട്ടിലാണ് എന്ന് പറഞ്ഞാല്‍ നാം ഏത് വെളിച്ചവുമായി ചെല്ലും? അയാള്‍ നില്‍ക്കുന്നത് മറ്റൊരിരുട്ടില്‍. അതിന്റെ വെളിച്ചം ഈതിയാല്‍ കെടുന്ന വെളിച്ചമല്ല. 'ഇരുളും മെല്ലെ വെളിച്ചമായ് വരും' എന്ന വരിയില്‍ ആ ഇരുട്ടിന്റെ വെളിച്ചമുണ്ട്. കൂടിക്കൂടി വരുന്ന ഒരു വെളിച്ചത്തിന്റെ ഉറവിടമാണ്, ഒരു കെടാവിളക്കാണാ വരി. ആദിയില്‍ ഇരുളായിരുന്നു എന്ന് ഉല്‍പ്പത്തിക്കഥയില്‍. ഭാഷയ്ക്ക് മുമ്പുള്ള, ദൈവത്തിനുമുമ്പുള്ള, നാമകരണങ്ങള്‍ക്ക്  മുമ്പുള്ള ഇരുട്ടായിരുന്നു അത്. അജ്ഞതയ്ക്കും ജ്ഞാനത്തിനും മുമ്പുള്ള ഇരുട്ട്. സര്‍വത്ര ഇരുട്ടാണ് ഇന്ത്യയില്‍ എന്ന് പല സമീപകാലാനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ നമുക്ക് പറയാം. അതിന്റെ വെളിച്ചം എപ്പോള്‍ പ്രതൃക്ഷപ്പെടുമോ, അതോ ഒരിക്കലും പ്രത്യക്ഷപ്പെടാതെ പോവുമോ? വെളിച്ചത്തിന്റേയും ഇരുട്ടിന്റേയും പ്രയോഗവൈവിദ്ധ്യങ്ങള്‍ മാത്രം ശ്രദ്ധയില്‍ക്കൊണ്ടുവന്നാല്‍ ഒരു കാവ്യവിദ്യാര്‍ത്ഥിയെ കവിതയിലേക്ക് ആനയിക്കാനാവും. നാമുപയോഗിക്കുന്ന ഏറ്റവും പ്രതീകാത്മകങ്ങളായ പദങ്ങള്‍ ആണവ.

രണ്ട്

വെളിച്ചത്തിന്റെ നിറമാണ് (ചിലപ്പോള്‍) താരതമ്യേന വെളുപ്പ്. ഇരുട്ടിന്റെ നിറമാണ് (ചിലപ്പോള്‍) താരതമ്യേന കറുപ്പ്, എന്നാല്‍ അധികാരമുള്ള വെളുത്തവന്‍ വെളുപ്പിനെ വെളിച്ചത്തിന്റെ നിറമാക്കി. കറുപ്പിനെ ഇരുട്ടിന്റെ നിറമാക്കി. വെളുപ്പ് വെളിച്ചവുമായി ബന്ധപ്പെട്ട എല്ലാ സമ്മതങ്ങളുടെയും (Positives) പ്രതിനിധിയായി. കറുപ്പ് ഇരുട്ടുമായി ബന്ധപ്പെട്ട എല്ലാ നിഷേധങ്ങളുടേയും (Negatives) പ്രതിനിധിയായി. സമാധാനവും ശാന്തിയും വെള്ളപ്രാവുകളെ പറത്തി. നിരാശയും കോപവും കരിങ്കൊടി കാട്ടി.
കാലാന്തരത്തില്‍ വെളുപ്പിന് 'സദ്' എന്ന അദൃശ്യമായ ആമുഖം (Preface) കിട്ടി. കറുപ്പിന് 'ദുര്‍' എന്ന ആദൃശ്യമായ ആമുഖവും. ദുര്‍മന്ത്രവാദം ബ്ലാക്ക് മാജിക്കായി. കള്ളപ്പണവും കരിഞ്ചന്തയും കരിന്തിരിയും കരിയിലയും കറുപ്പിന്റെ അഴക് കെടുത്തി. അജ്ഞതയ്ക്കും ദുരൂഹതയ്ക്കും കറുപ്പെന്ന നിറമായി. 'കറുത്ത പുക'' മിത്തുകളില്‍ അപകടം സൂചിപ്പിച്ചു, 'വെളുത്ത പുക' പ്രത്യാശ കാട്ടി. വെളുപ്പ് എല്ലാ വെളിച്ചങ്ങളുടേയും പ്രതിനിധിയായി. കറുപ്പ് എല്ലാ പാപഭാരങ്ങളും ചുമന്നു. വെളുത്തവന്‍ കറുത്തവനെ അപരിഷ്‌കൃതനാക്കി, അടിമയാക്കി. മൃഗത്തിനും മനുഷ്യനും ഇടയ്ക്കുള്ള കണ്ണിയാക്കി മാറ്റി. സകല അഴുക്കുകളും അവനെക്കൊണ്ട് ചുമപ്പിച്ചു. കറുപ്പ് ഇരുട്ടില്‍പ്പെട്ടവന്റെ, വഴി മുട്ടിയവന്റെ, പ്രത്യാശയറ്റവന്റെ, യാതനകളുടെ ഭാരമൊക്കെ ചുമന്നു. വെളുത്തവന്‍ വെളിച്ചത്തില്‍ എത്തിയവന്റെ, പോംവഴി തെളിഞ്ഞവന്റെ, ക്ലേശങ്ങള്‍ നീങ്ങിയവന്റെ സൗഭാഗ്യങ്ങളുടെ മുഴുവന്‍ അവകാശിയായി. ലോകം അവന്റെ അവകാശമായി. ആഫ്രിക്കന്‍ കവി ബെര്‍നാഡ് ഡാഡി കയ്പ് ചാലിച്ചെഴുതുന്നു. 'ദൈവമേ, എന്നെ കറുപ്പിച്ചതിന് ഞാനങ്ങേയ്ക്ക് നന്ദി പറയുന്നു. എല്ലാ സങ്കടങ്ങളുടെയും ചുമട്ടുകാരനാക്കിയതിന്, ഭൂമിയുടെ ഭാരം തലയിലെടുത്ത് വെച്ചുതന്നതിന്. വെളുപ്പ് വിശേഷദിവസങ്ങളുടെ നിറമാണ്. കറുപ്പ് ദൈനന്ദിന യാതനയുടെ നിറം. ഞാനെന്നില്‍ സന്തുഷ്ടന്‍, ഭാരം ചുമക്കാന്‍ മാത്രമായി സൃഷ്ടിച്ച ഈ തലയുടെ പേരില്‍. എല്ലാ ദുര്‍ഗന്ധങ്ങളും തിരിച്ചറിയുന്ന ഈ മൂക്കിന്റെ പേരില്‍. ചുട്ടുപൊള്ളുന്നിടങ്ങളിലൂടെ ഓടാന്‍ പാകത്തിലുള്ള ഈ കാലിന്റെ പേരില്‍. ഞാനങ്ങേയ്ക്ക് നന്ദി പറയുന്നു, എന്റെ കുറിയ, നീണ്ട, കൈകള്‍ക്ക്. ലോകത്തിന് മീതെയുള്ള ഇരുട്ടിലൂടെ എന്റെ ചിരി പകലിനെ നിര്‍മ്മിക്കുന്നു. ദൈവമേ, അങ്ങേയ്ക്ക് നന്ദി എന്നെ കറുപ്പിച്ചതിന്.'' അവര്‍ ജീവിച്ച സ്ഥലം ഇരുണ്ട ഭൂഖണ്ഡമായി. വെള്ളക്കാരന്‍ അധികാരമൊഴിഞ്ഞിട്ടും വെളുപ്പ് അധികാരമൊഴിഞ്ഞില്ല ആഫ്രിക്കയില്‍ മാത്രമല്ല ഇന്ത്യയിലും.

വാസ്തവത്തില്‍ വെളുപ്പും കറുപ്പും പരസ്പരം അഭിവാദ്യം ചെയ്യുന്ന  (Complimentary)  രണ്ട് കേവലങ്ങളായ നിറങ്ങളാണ്. സൊസ്സ്യൂറിലൂടെ കണ്ടാല്‍ 'ആര്‍ബിട്രറി' ആയ രണ്ടു പദങ്ങള്‍. വെളുപ്പിനെ കറുപ്പിലും കറുപ്പിനെ വെളുപ്പിലുമാണെഴുതേണ്ടത്, രണ്ടിനും തുല്യമായ അഴകാണ് എന്ന് സീബ്രയുടെ ദൈവത്തിനു പോലുമറിയാം. നിറങ്ങളെന്ന നിലയില്‍ വ്യത്യസ്തങ്ങളായ, എന്നാല്‍ തുല്യ അഴകുള്ള നിറങ്ങള്‍. തുമ്പയ്ക്കും മുല്ലയ്ക്കും അഴകുള്ളപോലെ കരിങ്കൂവളത്തിനും കുയിലിനും മുടിയ്ക്കും മീശയ്ക്കും ആനയ്ക്കും അഴകുണ്ട്. (കറുപ്പിനഴകില്ലെങ്കില്‍ ഡയിങ് കമ്പനികളൊന്നും പ്രവര്‍ത്തിക്കുമായിരുന്നില്ല). പര്‍ദയെന്ന ആശയത്തിനോട് എനിക്കൊട്ടും മതിപ്പില്ലെങ്കിലും കറുത്ത ബുര്‍ക്കയ്ക്ക് എന്തൊരഴകാണ്! (ബുര്‍ക്കയുടെ അഴകാണ് മാധവിക്കുട്ടിയെ ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിച്ച പല കാരണങ്ങളില്‍ ഒന്ന് എന്നെനിക്ക് തോന്നുന്നു. ഏകാന്തവും മനോഹരവും ആയ ഒരു കുടിലില്‍, ദൈവത്തിന്റെ മാത്രം പരിരക്ഷണയില്‍ക്കഴിയുന്നതില്‍ അവര്‍ക്കൊരു കൗതുകം തോന്നിയിരിക്കാം. 'ഡീറ്റെയില്‍സിന്' മറ്റുള്ളവരുടെ കണ്ണിലുള്ളതിനേക്കാള്‍ ജീവിതമുള്ള ഒരു കലാകാരി അപ്രധാനങ്ങളില്ലാത്ത ഒരു ലോകത്തിലാണ് കഴിയുന്നതെന്നും മറക്കരുത്). കറുപ്പിന്റേയോ വെളുപ്പിന്റേയോ അധികധ്വനികള്‍ ധാരണയുടെ ഭാഗമാവുന്നതിന് മുമ്പുള്ള ഒരു വെളുത്തകുട്ടി ഇങ്ങനെ പറയുന്നു. 'കറുത്ത കുട്ടികള്‍ എത്ര ഭാഗ്യവാന്മാരാണ്. ചളിയായാലറിയില്ല, കുളിയ്ക്കണ്ട. ചീത്തയാക്കാനാവില്ല, എപ്പോഴും കളിക്കാം.' കുട്ടികള്‍ കറുത്തിട്ടോ വെളുത്തിട്ടോ അല്ല. കുട്ടികളില്‍ വിരൂപരില്ല എന്ന് ദസ്തയേവ്സ്‌ക്കി പറയുമ്പോള്‍ ഈ സൂചനയും ഉള്‍ക്കൊണ്ടിട്ടുണ്ടാവാം. കറുപ്പോ വെളുപ്പോ ഉള്ളതിലേറെ ഭാരങ്ങളില്ലാത്ത പദങ്ങള്‍, ബാല്യത്തില്‍. വ്യക്തിയുടെ ബാല്യത്തിലും സമൂഹത്തിന്റെ ബാല്യത്തിലും. പിന്നീടവ വലിയ ഭാരങ്ങള്‍ വഹിക്കാന്‍ തുടങ്ങി. ശത്രുതയും മമതയും പോലെ, രാവും പകലും പോലെ, സുഖദുഃഖങ്ങള്‍ പോലെ, പരസ്പരം കയറിക്കിടക്കുന്ന കരയും കടലും പോലെ, പരസ്പരം അഭിവൃദ്ധിപ്പെടുത്തുന്നു ഇരുളും വെളിച്ചവും എന്ന് നാം മറക്കുന്നു.

മൂന്ന്

മോശയുടെ പെട്ടകത്തില്‍ നിന്ന് രണ്ട് പക്ഷികളെ പുറത്തേക്കയച്ചു. കാക്കയേയും പ്രാവിനേയും. കാക്ക തിരിച്ചുവന്നില്ല. പ്രാവ് കൊക്കില്‍ ഒലീവിലയുമായി തിരിച്ചുവന്നു. (വെളുത്ത പ്രാവും ഒലീവിലയും അതോടെ പ്രതീകപദവി കൂടി കൈവരിച്ചു.) ആ നീണ്ടരാവ് അവസാനിച്ചിരിക്കുന്നു; വെള്ളപ്രാവിന്റെ കൊക്കിലെ ഒലീവില മോശയോട് പറഞ്ഞു. (ഭാഷാപൂര്‍വൃമായ ഒരു വിനിമയ വ്യവസ്ഥ - Pre babelian language ചലച്ചിത്രഭാഷയില്‍ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു എന്ന് ചലച്ചിത്രനിരൂപകര്‍ പറയുന്നു. ഒരു പക്ഷെ എല്ലാ കലാരൂപങ്ങളിലും കൂടുതല്‍ പര്യാപ്തമായ ഒരു ഭാഷാ വ്യവസ്ഥയെ വീണ്ടെടുക്കാനുള്ള ശ്രമമുണ്ടെന്ന് പറയാം. ബിംബങ്ങളും പ്രതീകങ്ങളും പ്രതീകതലത്തിലേക്കുയരുന്ന അനുഭവങ്ങളും അതാണ് പറയുന്നത്. മുന്‍പ് സൂചിപ്പിച്ച ''ലിറ്റററിസ'ത്തില്‍നിന്നുള്ള മോചനമുണ്ട് എല്ലാ കലകളിലും). രാപ്പകലുകളെക്കുറിച്ചുള്ള ഒരു ദൃഷ്ടാന്തകഥയുമാവാം ഈ ഇരുപക്ഷികളെക്കുറിച്ചുള്ള കഥ. പ്രളയത്തിന്റെ ഇരുണ്ട രാത്രി കഴിഞ്ഞ് ലോകം വെളുത്തതിന്റെ കഥ. പ്രഭാതത്തില്‍ പക്ഷികള്‍ മരങ്ങളില്‍ നിന്ന്, കോഴികള്‍ മുറ്റത്തുനിന്ന് പറയുന്നത് ലോകം വീണ്ടും ജീവിതസജ്ജമായി എന്നാണ്. ഒഴുകുന്ന പുഴപോലും പുലര്‍ന്നതിന്റെ ആഹ്ലാദത്തിലുമാണ്. നേരം വെളുത്താല്‍ മതിയായിരുന്നു എന്ന് 'രോഗികള്‍' കാത്തിരുന്നത് പകല്‍ എന്ന ഈ അഭയത്തേയായിരുന്നു. പുലര്‍ന്നാല്‍ വഴികള്‍ തെളിയുമ്പോള്‍ പലവഴികളും തെളിയുന്നു. നേരം വെളുത്താല്‍ മതിയായിരുന്നു എന്ന് വിചാരപ്പെട്ട കഠിനമായ വര്‍ഷകാല രാത്രികളിലൊന്നിന്റെ സങ്കല്പമായിരുന്നോ നോഹയുടെ കഥ? മോശ അയച്ച കാക്ക എങ്ങോട്ട് പോയി? ഇരുട്ടിന്റെ ആധിപത്യമുള്ള പരലോകത്തേക്കോ? (അപ്പുറത്ത് ഇരുട്ടാണെന്ന് നാം കരുതുന്നു. ഇരുട്ടുംമുമ്പെ കൂടണയാനുള്ള വ്യഗ്രത നമ്മളേക്കാള്‍ പഴക്കമുള്ളതും ഗാഢവും ആണ്). മരണവുമായി കാക്കയ്ക്കുള്ള ബന്ധങ്ങളില്‍, ആ ബന്ധങ്ങളുടെ കാരണങ്ങളില്‍, അതെങ്ങോട്ട് പോയി എന്ന സൂചനയുണ്ടോ? കാലമിത്ര കഴിഞ്ഞിട്ടും, നമ്മുടെ ഗൃഹപരിസരങ്ങളില്‍ നമുക്കൊപ്പം കഴിഞ്ഞിട്ടും, കാക്ക നമുക്ക് വഴങ്ങിയില്ല. കാട്ടുചെടികളായ ഗോതമ്പും നെല്ലും ചായയും കാപ്പിയും കാട്ടുമൃഗങ്ങളായ പട്ടിയും പശുവും ആടും പോത്തും കഴുതയും കുതിരയുമെല്ലാം നമുക്ക് വഴങ്ങിയിട്ടും കാക്ക വഴങ്ങിയില്ല. മരണവുമായി അതിനുള്ള ബന്ധുത്വത്തിന്റെ ഒരു ന്യായം മരണത്തെ 'ഡൊമസ്റ്റിക്കേറ്റ്' ചെയ്യാന്‍ കഴിയാത്ത മനുഷ്യന്റെ അപ്രാപ്യതകളിലാണ് കാക്കയും എന്നതാണ്. മറ്റൊന്ന് അതിന് രാത്രിയുടെ - നിഗൂ ഢതയുടെ - നിറമാണ് എന്നതാണ്. ഒരു തുണ്ട് ഇരുട്ടാണ് കാക്ക. പുലര്‍ന്നിട്ടും കാക്കയില്‍ ബാക്കി നില്‍ക്കുകയാണ് രാത്രി. 'കൂരിരുട്ടിന്റെ കിടാത്തി'യെന്ന് വൈലോപ്പിള്ളി. തന്നിലെ മെരുങ്ങാത്ത, ഡൊമസ്റ്റിക്കേഷന് വഴങ്ങാത്ത, അശാന്ത പ്രകൃതത്തോട് സംവദിക്കുന്നു എന്നതാവാം പൂര്‍ണ്ണമായി മെരുങ്ങാത്ത ആനയും (സഹ്യന്റെ മകന്‍) ഒന്നിലധികം കവിതകളിലെ കാക്കകളും വൈലോപ്പിള്ളിയില്‍ കൂട്ടുകൂടാന്‍ കാരണം. 

വീട്ടുമൃഗമാകാന്‍ വിസമ്മതിച്ച് ക്വാര്‍ട്ടേഴ്സില്‍ താമസിച്ച കവി ഭാര്യ ചോദിച്ചതായി സങ്കല്‍പിക്കുന്നു; എത്ര കൂറോടെയാണ് അങ്ങ് കാക്കയെ ഈട്ടുന്നത്? ഞാനൊരു കാക്കയായി വന്നാല്‍ അങ്ങെന്നെ ഇതുപോലെ സ്നേഹത്തോടെ ഈട്ടുമോ? ഇല്ല; അപ്പോഴും അങ്ങെന്നെ ആട്ടിപ്പായിക്കുകയേ ചെയ്യൂ. ദസ്തയേവ്സ്‌കിയുടെ, കാഫ്ക്കയുടെ, സാമുവല്‍ ബെക്കറ്റിന്റെ ഇരുട്ടിനോടുള്ള പക്ഷപാതത്തിന്റെ മലയാളത്തിലെ പ്രതിനിധിയാണ് വൈലോപ്പിള്ളി. ഇരുട്ടില്‍ ഓരോരുത്തരും തനിച്ചാണ്, വെളിച്ചത്തില്‍ ചിലരൊഴിച്ചാരും തനിച്ചല്ല. അവരിലാകട്ടെ ഇരുട്ട് കാക്കയിലെന്നപോലെ പുലരാതെ രാത്രിയായി ബാക്കിനില്‍ക്കുന്നു. ശുഭ്രവസ്ത്രധാരിയായ ജീയോട് കവിതയിലല്പം കയ്പ് ചേര്‍ക്കാന്‍ വൈലോപ്പിള്ളി പറയുന്നു. രുചിയിലെ ഇരുട്ടാണ് കയ്പ്. നിഗൂഡതകളില്ലാത്ത, പകല്‍വെട്ടംപോലുള്ള അസങ്കീര്‍ണ്ണമായ മനസ്സുകളിലെ കവിതയോട് തനിയ്ക്കൊരു താല്പര്യവുമില്ല. ''ഇടയ്ക്ക് കണ്ണീരുപ്പുപുരട്ടാതെന്തിന് ജീവിതപലഹാരം' എന്ന് പറയുന്ന ഇടശ്ശേരിയാവട്ടെ തനിക്ക് ഏറെ പ്രിയങ്കരനും. പേരുപോലെ പലപ്പോഴും വഹിച്ചിരുന്ന ഉത്തരവാദിത്തംപോലെ ഇരുട്ടിനും വെളിച്ചത്തിനുമിടയിലെ മദ്ധ്യസ്ഥനായിരുന്നു കവിതയിലും (mediator) ഇടശ്ശേരി. എരിശ്ശേരിയോ പുളിശ്ശേരിയോ ആയിരുന്നില്ല 'ഇട' ശ്ശേരി! 

ഇരുട്ടിന്റെ പശ്ചാത്തലത്തിലേ വെളിച്ചത്തിനുണ്മയുള്ളൂ എന്ന് നന്നായറിഞ്ഞ കവിയാണ് ഇടശ്ശേരി. അമ്മയാഗ്രഹിച്ച പുതപ്പുമായി താന്‍ എത്തിയപ്പോള്‍, അമ്മ ഒരട്ടി മണ്ണ് പുതച്ച് കിടക്കുന്നു. ''ഒരട്ടി മണ്ണു പുതച്ചു കിടപ്പു, വീട്ടാക്കടമേ മമ ജന്മം'. ഇരുട്ടില്‍ സവാരിചെയ്യാനുള്ള കൗതുകം കൂടിയാണല്ലോ. 'എനിക്ക് രസമീ നിമ്നോന്നതമാം വഴിക്കു തേരുരുള്‍ പായിക്കാന്‍' എന്ന തന്റെ സത്യവാങ്മൂലത്തില്‍. മകന്റെ മരണം തന്ന ഇരുട്ടിനേയും 'പൂജാപുഷ്പ' മാക്കി ഇടശ്ശേരി. ''ക്രൂരതേ നീ താനത്രെ ശാശ്വതസത്യം, ദയാപൂര്‍വ്വകമെറിയട്ടെ ഹേ ദയാമയന്‍ എന്ന സംബുദ്ധി.'' കല്‍ക്കത്താ തീസിസ്സിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്സിസത്തിന്റെ വെളിച്ചത്തേക്കാള്‍ നല്ലത് ഇരുട്ടാണ് എന്ന് അക്കിത്തിന് ബോദ്ധ്യപ്പെട്ടു. ''വെളിച്ചം ദുഃഖമാണുണ്ണീ നമസ്സല്ലോ സുഖപ്രദം.'' ജ്ഞാനോദയകാലത്തിന്റെ ഫലമായ ഈ മഹാവെളിച്ചവുണ്ടാക്കീ നിഴലുകള്‍, കുലാക്കുകള്‍, വെളിച്ചത്തിന്റെ പുരകള്‍, അനവധിക്കൊലകള്‍. അലമാരകളില്‍ പുസ്തകങ്ങള്‍ മാത്രമല്ല തലയോട്ടികളും അടുക്കിവെച്ചു അതിന്റെ വഴിയാണ് ഏകവഴിയെന്ന് പറഞ്ഞവര്‍. ഇറ്റാലോ കാല്‍വിനോ പറയുന്നത് പോലെ നാം കഴിയുന്ന നരകത്തെക്കുറിച്ചുള്ള തീക്ഷ്ണവും സമഗ്രവുമായ അവബോധമായിരിക്കാം മാര്‍ക്സിസം.  (The awareness of the hell that we are in) അത് പക്ഷേ കൊലകള്‍ക്കും വെളിച്ചം പിടിച്ചു കൊടുത്തു. 

സ്വര്‍ഗ്ഗത്തില്‍ എപ്പോഴും വെളിച്ചമായിരിക്കുമെന്നും നരകത്തില്‍ എപ്പോഴും ഇരുട്ടായിരിക്കുമെന്നും പണ്ടുകാലത്ത് നാം കരുതിയിരുന്നു. എന്നാല്‍ കാലചക്രഭ്രമണത്തിനൊപ്പം ധാരണകളും മാറുന്നു. നരകത്തില്‍ ഇമ ചിമ്മാത്ത വെളിച്ചമാണെന്ന് കോണ്‍സെന്‍ട്രേഷന്‍ കാമ്പുകളില്‍ കഴിഞ്ഞവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിങ്ങള്‍ എത്രമാത്രം അസ്വതന്ത്രനാണെന്ന് സദാ നിങ്ങളെ ധരിപ്പിച്ചുകൊണ്ടിരിക്കണ്ടേ? ഏകാന്ത തടവറകളില്‍ ഇതേകാന്തത്തടവറയാണെന്ന് സദാ ബോധ്യപ്പെടുത്താന്‍ കെടാത്ത വിളക്ക് വേണം. 'കെടാവിളക്ക്' അഭയത്തിന്റെ മാത്രം പ്രതിരൂപമല്ല ഇന്ന്. ഭയത്തിന്റെ പ്രതിരൂപവുമാണ്. ''ആര്‍ദ്രയാമിരുളെത്തി'' എന്ന് കവി പറയുന്നതില്‍ ഇരുട്ടിലെ അഭയവും സൂചിപ്പിക്കപ്പെടുന്നു. വെളിച്ചത്തില്‍ ഉള്ളത്ര അസ്വാതന്ത്ര്യത്വം ഇരുട്ടിലില്ല. ഭാവനാവായുവിമാനങ്ങളുടെ വിമാനത്താവളമാണ് ഇരുട്ട്. ഇരുട്ടാണ് വെളിച്ചമാവുന്നത്, വെളിച്ചം ഇരുട്ടാവുകയാണ്. ബ്രിട്ടീഷുകാരന്റെ ഇന്ത്യയിലെ നരകത്തില്‍ കുറ്റാകൂരിരുട്ടായിരുന്നെങ്കില്‍ സര്‍വ്വാധിപത്യം ഭരിയ്ക്കാനിടയുള്ള ഭാവിഭാരതത്തില്‍ നരകത്തില്‍ സര്‍വ്വ്രത വെളിച്ചമായിരിക്കും. ഇരുട്ടിന്റെ ചെറുനിഴല്‍ പോലും സഹിക്കാത്ത ക്രൂരമായ വെളിച്ചം. ''ഒരു കാക്കക്കാലിന്റെ തണല്‍പോലുമില്ലാത്ത ഒരിടം'' എന്ന് കടമ്മനിട്ട. അന്ന് ഇരുട്ട് വെളിച്ചം ഇന്നനുഭവിക്കുന്ന സമ്മതങ്ങളൊക്കെ നേടിയെന്ന് വരാം. തണലിന് ഇരുട്ടിനോടാണാഭിമുഖ്യമെന്ന് അന്ന് മനസ്സിലാക്കപ്പെടാം. ''എല്ലാവര്‍ക്കും വെളുത്തുള്ളോരമ്മമാര്‍ /എന്റെയമ്മ കറുത്തിട്ടുമല്ലോ'' എന്നതാവാം വിവേകത്തിന്റെ ആത്മഗതം.

നാല്

തണുത്തിരുണ്ട രാത്രിയാണ് നിരന്തരമായാവശ്യപ്പെട്ട് അഗ്നിയെ പലരൂപങ്ങളിലേക്ക് വളര്‍ത്തിയത്. ''ഒരിക്കല്‍ ഒരു തീക്കുണ്ഡത്തിന് ചുറ്റും / ഒരൊറ്റ മോതിരം പോലെ തെളിയുന്ന മുഖങ്ങളില്‍ നിന്നാണ് / എല്ലാം എല്ലാം ഉയിര്‍ക്കൊണ്ടത്'' മേതില്‍ രാധാകൃഷ്ണന്‍ എഴുതുന്നു. കഥയും കവിതയും സംഗീതവും നൃത്തവും തത്ത്വചിന്തയും ചരിത്രവും ശാസ്ത്രവുമെല്ലാം ഉടലെടുത്തത് രാത്രിയിലെ അഗ്നികുണ്ഡത്തിന് ചുറ്റുമുള്ള ആ ഇരിപ്പില്‍ നിന്ന്. ''അഗ്നിയില്‍ തെളിയുന്നൊരു മുഖമാണ് എനിക്ക് മനുഷ്യന്‍. /ഒരേയൊരു രാവെളിച്ചം തീയ്യായിരുന്നപ്പോള്‍ /പാതിരയ്ക്കു വിരിയുന്ന സൂര്യകാന്തിക്കൂട്ടം പോലെ/അതില്‍ തെളിഞ്ഞ മുഖങ്ങള്‍ /ഇമ കൂമ്പലിന്റെ ഞൊടികളില്‍ മരണവും വെളിച്ചവും/അന്യോന്യം മാറിപ്പോകുന്ന /അന്യോന്യം പിടിച്ചെടുക്കുന്ന മുഖങ്ങള്‍ /ആ മുഖങ്ങളില്‍ നിന്നാണ് കഥകളുണ്ടായത്, എല്ലാ പ്രമേയങ്ങളും ഇതിവൃത്തങ്ങളും.'' തീയുള്ള രചനകളിലെല്ലാം ഇരുട്ടിന്റെ പശ്ചാത്തലമുണ്ടാവും സമ്മര്‍ദ്ദമുണ്ടാവും.

'ഡാര്‍ക്ക് ഹ്യൂമറി'ന്റെ മലയാളത്തിലെ ആദ്യഅവതാരങ്ങളിലൊന്നായ ബഷീറിന്റെ 'ശബ്ദങ്ങള്‍' നോക്കുക. നഗരജീവിതത്തിലെ രാത്രിയിലെ ഇരുട്ടില്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ ആണ് 'ശബ്ദങ്ങള്‍'. പകല്‍വെളിച്ചത്തില്‍ തെളിയാനിടയില്ലാത്ത, വ്യക്തമായി കേള്‍ക്കാനിടയില്ലാത്ത ശബ്ദങ്ങള്‍. അന്നത്തെ ഭാരതത്തിന്റെ ഇരുട്ടിന്റെ ആവിഷ്‌കാരം. സി.അയ്യപ്പന്റെയും വി.പി.ശിവകുമാറിന്റെയും കഥകള്‍ പോലെ ഇരുട്ടിന്റേയും ഏകാന്തതയുടേയും സമ്മര്‍ദ്ദങ്ങള്‍ കൊണ്ടുണ്ടായ കഥകള്‍ മലയാളത്തില്‍ അധികമില്ല. മലയാളിയുടെ കാഫ്ക്കയും കമ്യുവും സാര്‍ത്രുമൊക്കെ സരളശീലരായ എം. മുകുന്ദന്റേയും കാക്കനാടന്റേയും വടിവെടുത്ത് നമ്മെ കാതുകം കൊള്ളിക്കുക മാത്രമാണ് ചെയ്തത്. കോവിലനും ഒ.വി.വിജയനും ആനന്ദും മാധവിക്കുട്ടിയും എം.ടിയും സക്കറിയയും സി.ആര്‍ പരമേശ്വരനും നമ്മുടെ ജീവിതത്തിലെ കുറ്റാക്കൂരിരുട്ടിനെ പരിചയിച്ചവര്‍. ഇരുട്ടില്‍ നിന്നും മലയാളിയെ അകറ്റിക്കൊണ്ടുപോയ മറ്റൊരു പ്രധാന ശക്തി പുരോഗമന സാഹിത്യപ്രസ്ഥാനമായിരുന്നു. ടണലിന്റെ അറ്റത്ത് വെളിച്ചമാണെന്ന് പറഞ്ഞ് പരത്തുക വഴി എഴുത്തിന്റെ ശക്തിയെ വ്യാപകമായി ചോര്‍ത്തിക്കളഞ്ഞു അവര്‍. മലയാളികള്‍ വലിയ ആശ്വാസങ്ങളോ വലിയ ഭീതികളോ ഭാവന ചെയ്യാന്‍ പോലും പറ്റാത്തവരായി. അഗാധമായി ആവിഷ്‌ക്കരിക്കപ്പെടാത്തവരായി. ഏറ്റവും കൂടുതല്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വില്‍ക്കപ്പെടുന്ന ഒരു നാടിന്റെ കപടമുഖത്തിന് ചേര്‍ന്ന ദൂര്‍ബ്ബലവും ഉപരിപ്ലവുമായ സാഹിത്യം നമ്മുടെ വിധിയായി. ഇരുട്ടില്ലാത്തതുകൊണ്ടല്ല, ഇരുട്ടിനെ അംഗീകരിയ്ക്കാത്തതിനാല്‍, അഭിമുഖീകരിക്കാത്തതിനാല്‍, പ്രത്യാശകൊണ്ട് അതിനെ നേര്‍പ്പിച്ചു കളഞ്ഞതിനാല്‍. 'പറയാതൊഴിക്കുകില്‍ തീരുകില്ല' എന്ന അശാന്തത സകലരിലും ബാക്കിയായി.

മനുഷ്യമനസ്സ് ഒട്ടുംതന്നെ സരളമല്ല. സ്റ്റീഫന്‍ പിങ്കര്‍ 'പീഡനങ്ങളുടെ ചരിത'ത്തില്‍ ഗവേഷകരെ ഉദ്ധരിക്കുന്നു. ഒരാള്‍ പറയുന്നു; 'ആരെയും കൊന്നിട്ടില്ല. പക്ഷെ പലരുടേയും ചരമവാര്‍ത്തകള്‍ വായിച്ച് സന്തോഷിച്ചിട്ടുണ്ട്.' ഒരു ഗവേഷകന്‍ താന്‍ നടത്തിയ സര്‍വ്വേയെ മുന്‍നിറുത്തിപ്പറയുന്നു; കഴിഞ്ഞ ഒരു കൊല്ലത്തെ കാലപരിധിയില്‍ ആരെയെങ്കിലും ഒരു തവണയെങ്കിലും കൊല്ലാനാഗ്രഹിച്ചവരാണ് എഴുപതു ശതമാനം പേരും. സര്‍വ്വെയില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി ഈ പ്രതികരണത്തോട് പ്രതികരിക്കുന്നു, മറ്റു മുപ്പതുശതമാനം പേരും നുണ പറയുകയാണ്. മാന്യന്മാര്‍ കൊല സ്വപ്നം കാണുന്നു, അല്ലാത്തവര്‍ അത് നടപ്പിലാക്കുന്നു. മറ്റൊരാള്‍ മരിക്കുമ്പോള്‍ അടക്കാനാവാത്ത ത്രില്‍ അനുഭവിക്കുന്നൊരാള്‍ സ്വന്തം പിതാവിന്റെ ചരമഘോഷയാത്രയില്‍ നിന്ന് മാറി നില്‍ക്കുന്നു. ഓപ്പന്‍ ഹീമറുടെ 'കുറ്റബോധ'ത്തില്‍ ബോംബ് നിര്‍മ്മിക്കുമ്പോള്‍ താനനുഭവിച്ച ത്രില്‍ എത്ര അപായകരമായിരുന്നെന്ന തിരിച്ചറിയലുമുണ്ടാവാം. നോവലും സിനിമയും തരുന്ന ക്രൈംത്രില്ലറുകള്‍ തരുന്ന 'ത്രില്ല്' നമ്മളിലുള്ള കുറ്റവാസനയുടെ (ഇരുട്ടിന്റേയോ വെളിച്ചത്തിന്റേയോ) ആവിഷ്‌ക്കാരമല്ലെന്ന് പറഞ്ഞുകൂട. 'ഈഡിപ്പസ്സ് റെക്‌സ്' ഒരു കുറ്റാന്വേഷണ കഥയാണെന്ന് പറയുന്നു ബോര്‍ഹെസ്സ്. താന്‍ തന്നെയാണ് കുറ്റവാളി എന്ന് കുറ്റാന്വേഷകന്‍ കണ്ടെത്തുന്ന ആദ്യ കുറ്റാന്വേഷണകഥയാണ് അത്. എല്ലാ മനുഷ്യരിലേയും കൂരിരുട്ടിന്റെയും ഉച്ചത്തിലുള്ള വെളിച്ചത്തിന്റേയും കാരണം നിര്‍ണ്ണയിയ്ക്കാന്‍ ശ്രമിച്ച ഫ്രോയ്ഡിനെ സോഫോക്ലിസിന്റെ കൃതി (വികൃതി) ആകര്‍ഷിച്ചതിന്റെ കാരണവും അതാവാം. ആശാന്റെ ലീലയുടെ ഭര്‍ത്താവ് അവിചാരിതമായി മരിച്ചപ്പോള്‍ ''ചിലരിനിയശുഭങ്ങള്‍ കണ്ടിടാം, ചിലരശുഭശരങ്ങള്‍ തൂകിടാം'' എന്ന് ലീല വിചാരപ്പെടുന്നുണ്ട്. ''ആരുണ്ട് മരിച്ചവര്‍ക്കപരാധി ഞാനെന്നൊരാടലേശാതെ'' എന്ന് ബാലാമണിയമ്മ ആഴത്തില്‍ വേദനിക്കുന്നു. എല്ലാ മരണങ്ങളും ആ മരണം നടന്നുകാണണം എന്നാവശ്യപ്പെടുന്ന ഒരാളുടെയെങ്കിലും ആവശ്യപ്രകാരമായിരിക്കാം. ഒരപേക്ഷയെങ്കിലും കിട്ടിയില്ലെങ്കില്‍ ദൈവത്തിന് നടപടിയെടുക്കാനാവുമോ? സന്തോഷം വെളുപ്പാണ് എന്നതിനാല്‍ അത് വെളുത്ത കടലാസില്‍ അദൃശ്യമായിരിക്കും എന്ന് മന്തര്‍ലാന്റ്. (Happiness writes white, it is invisible in the page) വെളുപ്പ് കറുത്ത പ്രതലം കൊതിക്കുന്നു. കറുപ്പ് വെളുത്ത പ്രതലവും. ''നിത്യം കടലെടുത്തിടും ജന്മത്തിന്റെ തുരുത്തില്‍ ഞാന്‍'' എന്ന വേദന അടിയിലെവിടെയെങ്കിലും ഈറിക്കൂടാത്തവര്‍ കവികളാണെന്നും പറഞ്ഞുകൂട. എത്ര വിരസമാണ് വെളുപ്പ്? നുണയാണ് ശുഭാപ്തി വിശ്വാസം?

(കാഞ്ഞങ്ങാട് നെഹ്റു കോളേജ് സാഹിത്യസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സാഹിത്യോത്സവ ത്തില്‍ 'കറുപ്പ്' എന്ന വിഷയത്തില്‍ ചെയ്ത പ്രഭാഷണം.)

Content Highlights: Kalpetta Narayanan speech about Black and white Kanhangad Nehru college