ഒരു കാലഘട്ടത്തോടൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹിച്ച എഴുത്തുകാരനായിരുന്നു കല്പറ്റ ബാലകൃഷ്ണന്‍. 'കാലഘട്ടം' എന്ന പേരില്‍ത്തന്നെ അദ്ദേഹം ഒരു പുസ്തകമെഴുതി. ആധുനിക മലയാളത്തിലേക്ക് കടന്നുവരുകയും ഒരു സാന്നിധ്യമായിത്തീരുകയും ചെയ്ത ഘട്ടത്തില്‍ നോവല്‍രചനയുമായി രംഗത്തുവന്നു. 'അകം പൊരുള്‍ പുറം പൊരുള്‍' എന്ന ബാലകൃഷ്ണന്റെ നോവല്‍ അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ആധുനികസാഹിത്യത്തോട് എതിര്‍പ്പ് പുലര്‍ത്തിയവര്‍ പറഞ്ഞ ദുരൂഹത ഏറെക്കുറെ ബാധിച്ച ഒരു നോവല്‍കൂടിയായിരുന്നു അത്.
കല്പറ്റ ബാലകൃഷ്ണന്‍ മികച്ച അധ്യാപകനായിരുന്നു. എന്നാല്‍, പ്രൊഫസോറിയന്‍ ശാഠ്യങ്ങളൊന്നുമില്ലാതെ പെരുമാറുകയും വലിയൊരു സൃഹൃദ്വലയം സൃഷ്ടിക്കുകയും ചെയ്തു. തൃശ്ശൂരില്‍, തന്റേതായ രീതിയില്‍ ഇടപെടുകയും നവീനമായ ആശയങ്ങള്‍ ആനന്ദത്തോടെ സ്വീകരിക്കുകയും ചെയ്ത അദ്ദേഹം അറിയപ്പെട്ടത് വിമര്‍ശകനായിട്ടായിരുന്നു. നോവലില്‍നിന്നാണ് തുടങ്ങിയതെങ്കിലും ആശയലോകത്ത് നടത്തിയ അന്വേഷണങ്ങള്‍ പുതുതലമുറയ്ക്ക് പ്രചോദനമായി. 'ചെറുതാണ് സൗന്ദര്യം' എന്ന ആശയം പല ഘട്ടങ്ങളിലും അദ്ദേഹം ആവര്‍ത്തിച്ചുപറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ബൃഹദ് ആഖ്യാനങ്ങളോടല്ല, ചെറിയ ആഖ്യാനങ്ങളോടുള്ള തന്റെ താത്പര്യം പ്രകടിപ്പിച്ച സന്ദര്‍ഭങ്ങളായിരുന്നു അതെല്ലാം. അത് ഈ എഴുത്തുകാരന്റെ വ്യക്തിമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഗാന്ധിയന്‍ മനോഭാവത്തിന്റെ പ്രകാശനമായിരുന്നു എന്നെനിക്ക് തോന്നി. തീര്‍ച്ചയായും അദ്ദേഹത്തിന്റെ പിന്നീടുള്ള രചനകള്‍ ആ വഴിക്ക് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.
കല്പറ്റയുടെ പ്രധാന കൃതിയായി ഞാന്‍ വിലയിരുത്തുന്നത് 'ഗാന്ധിയന്‍ സൗന്ദര്യ വിചാരം' തന്നെയാണ്. സാഹിത്യത്തിലും സമൂഹത്തിലും ഇടപെടുമ്പോള്‍ ഒരു എഴുത്തുകാരന്‍ എന്ന രീതിയില്‍ തനിക്ക് പോഷകാനുഭവമായത് ഗാന്ധിയുടെ ആശയാദര്‍ശങ്ങളായിരുന്നുവെന്ന് ഈ കൃതി പ്രഖ്യാപിക്കുന്നു. അതിന്റെ ആമുഖത്തില്‍ അദ്ദേഹം ഇപ്രകാരമെഴുതുന്നു.
'ജനാധിപത്യത്തിന്റെ സര്‍ഗാത്മക സൗന്ദര്യമായി ഗാന്ധിയന്‍ കാല്പാടുകള്‍ അനുഭവപ്പെടുന്നു. അധികാരം കൂടുതല്‍ വികേന്ദ്രീകരിക്കുവാന്‍ ആവശ്യപ്പെടുന്ന ഗാന്ധി ഏകാധിപത്യത്തിനും ജനാധിപത്യ ധ്വംസനത്തിനും എതിര്‍നില്‍ക്കുന്നു. മനുഷ്യനെ പ്രകൃതിയുടെ യജമാനനായി കാണുന്നതിന് പകരം പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് ജീവിക്കുവാന്‍ ഗാന്ധിദര്‍ശനം പ്രേരിപ്പിക്കുന്നു''.
ഈ മനോഭാവത്തോടുള്ള അതിരുകവിഞ്ഞ സ്‌നേഹസമ്പര്‍ക്കമാണ് കല്പറ്റ ബാലകൃഷ്ണനിലെ എഴുത്തുകാരനെ നയിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രീയവുമായി താത്വികമായ അകലം കല്പിച്ച് പെരുമാറാനും രചനാരംഗത്ത് വളരെ മിതത്വത്തോടെ ഇടപെടാനും ആ സൗന്ദര്യബോധം പ്രേരിപ്പിച്ചിരിക്കണം. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്ന പല ഘട്ടത്തിലും സാംസ്‌കാരിക സ്ഥാപനങ്ങളില്‍ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ സാഹചര്യം ലഭിച്ചിട്ടുണ്ട്. അന്നൊക്കെ ജനാധിപത്യപരമായ ഒരു കാഴ്ചപ്പാട് സൂക്ഷിച്ചിരുന്നു.
ഗവേഷകന്‍, തിരക്കഥാകൃത്ത്, പത്രാധിപര്‍, കവി എന്നിങ്ങനെ പല മേഖലകളിലും സജീവസാന്നിധ്യമായിരുന്നു കല്പറ്റ ബാലകൃഷ്ണന്‍. സര്‍ഗാത്മക രചനകളില്‍നിന്ന് സമാരംഭിച്ച എഴുത്തുജീവിതം ഗവേഷണ സ്വരൂപണ രചനകളിലെത്തി വിശ്രമിക്കുന്നതായി കല്പറ്റ ബാലകൃഷ്ണനില്‍ കാണുന്നു.
എന്നിട്ടും അദ്ദേഹം വേണ്ടത്ര അംഗീകരിക്കപ്പെട്ടില്ലെന്നത് എല്ലാവരും സമ്മതിക്കുന്ന വസ്തുതയാണ്. അദ്ദേഹം വിശ്വസിച്ചുപോന്ന വലതുപക്ഷത്ത് ഉറച്ചു നിന്നതാണോ അതിന് മുഖ്യകാരണം. എന്നാല്‍, ആ നിലപാടാണ് ഈ എഴുത്തുകാരന്റെ ജനാധിപത്യമൂല്യം എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ കാഴ്ചപ്പാടില്‍ ഇടയ്ക്കിടെ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്ന രോഗങ്ങളും അതുണ്ടാക്കിയ പ്രതിസന്ധികളുമാണ് ബാലകൃഷ്ണനെ ഉള്‍വലിയാന്‍ പ്രേരിപ്പിച്ചത്. എന്നിട്ടും ആ രോഗാതുരതകള്‍ക്കിടയിലും അദ്ദേഹം തന്റേതായ സൗന്ദര്യശാസ്ത്ര നിലപാടുകളില്‍നിന്നുകൊണ്ട് രചനകളില്‍ ഏര്‍പ്പെട്ട എന്നത് ഒരു അസാധാരണ കാഴ്ചയായിരുന്നു.
മുതിര്‍ന്ന എഴുത്തുകാരോടും രാഷ്ട്രീയ നേതൃത്വത്തോടും അടുപ്പം സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഡോ. സുകുമാര്‍ അഴീക്കോട്, എം. ലീലാവതി, പുതൂര്‍ ഉണ്ണികൃഷ്ണന്‍, കോവിലന്‍ എന്നിവര്‍ അദ്ദേഹത്തിനു മറക്കാന്‍ പറ്റാത്ത എഴുത്തുകാരായിരുന്നുവല്ലോ. അഴീക്കോടുമായി ഇണങ്ങുകയും പിണങ്ങുകയും ചെയ്ത സാഹചര്യങ്ങള്‍ എനിക്കറിയാം. അതൊന്നും വ്യക്തിപരമായിരുന്നില്ല, ആശയപരമായിരുന്നു.
അദ്ദേഹത്തെ നിയന്ത്രിച്ചത് ഗാന്ധിയന്‍ മൂല്യസംസ്‌കാരമാണ്. അദ്ദേഹത്തെ നിലനിര്‍ത്തിയത് ദേശീയതയുടെ ജനാധിപത്യബോധമാണ്. കെ. കരുണാകരന്റെ നിയമസഭാ പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്ത് പുസ്തകരൂപത്തിലാക്കുന്നതില്‍ ഈ എഴുത്തുകാരന്‍ ചെലുത്തിയ ശ്രദ്ധ അതിന്റെ അടയാളപ്പെടുത്തലുമാകുന്നു.
Content Highlights: Kalpetta Balakrishnan a true Gandhian writer