യനാടന്‍ ചുരമിറങ്ങിയാണ് കല്പറ്റ നാരായണന്റെ എഴുത്ത് നാടാകെ പടര്‍ന്നത്. സമതലങ്ങളില്‍ അതെപ്പോഴും വയനാടന്‍ മലകളുടെ ഗരിമയോടെ തലയുയര്‍ത്തിനിന്നു. പുറമേ തിളച്ചുമറിയുമ്പോഴും ആ എഴുത്തിന്റെയും സംസാരത്തിന്റെയും അകക്കാമ്പില്‍ അദ്ദേഹമെപ്പോഴും ആ മലകളിലെ മരങ്ങളുടെയും കാടിന്റെയും പച്ചപ്പും തണുപ്പും കാത്തുസൂക്ഷിച്ചു പോന്നു.

അപ്രിയസത്യങ്ങളുടെ മുഴക്കത്തിനൊപ്പം ഉള്ളില്‍ അണയാതെ ജ്വലിക്കുന്ന ആ സ്‌നേഹവും നന്മയും മനുഷ്യത്വവുമാണ് കല്പറ്റയുടെ എഴുത്തിന്റെയും സംസാരത്തിന്റെയും കരുത്തും കാതലും. പഠനത്തിനും ജോലിക്കും ജീവിതത്തിനുമായി പണ്ടേ ചുരമിറങ്ങിയെങ്കിലും കല്പറ്റ നാരായണന്‍ എന്നുമുള്ളില്‍ കല്പറ്റക്കാരനായിത്തുടരുന്നു. പേരില്‍, ജനിച്ചൊരു നാടിനെ അദ്ദേഹം കോന്തലയില്‍ കെട്ടിയെന്നപോലെ നാടുമുഴുവന്‍ കൊണ്ടുനടക്കുന്നു. അത്ര തിടുക്കത്തില്‍ എണീറ്റുപോരാന്‍ പാടില്ലായിരുന്ന ഇടമാണ് തനിക്ക് വയനാടെന്ന് എഴുത്തിലൂടെ കൂടെക്കൂടെ ഈ കല്പറ്റക്കാരന്‍ തന്നെതന്നെ ഓര്‍മിപ്പിക്കാറുണ്ട്.

1952-ലെ ജനുവരിയില്‍ കല്പറ്റയ്ക്കടുത്ത് കരിങ്കുറ്റിയിലായിരുന്നു ജനനം. അന്നുമുതലുള്ള വയനാടന്‍തണുപ്പ് ഉള്ളില്‍ പേറുന്നതുകൊണ്ടാവാം ഹിമാലയം കയറിയപ്പോള്‍ സഹയാത്രികര്‍ക്കുണ്ടായ അമ്പരപ്പോ അനുഭൂതിയോ തനിക്കുണ്ടായിട്ടില്ലെന്ന് അദ്ദേഹം എഴുതി. മരക്കൊമ്പുകള്‍ക്കിടയിലൂടെ കാണുന്ന ആകാശത്തിന്റെ അതിസാന്ദ്രമായ നീലിമയും മരച്ചുവട്ടിലെ തണുപ്പും പര്‍വതങ്ങള്‍ക്കിടയിലൂടെ കുത്തിയൊലിച്ചുവരുന്ന നേരിയ നീരോട്ടങ്ങളുടെ തെളിമയും വെയില്‍ ചൂടാവുന്തോറും ഹൃദ്യമായിത്തീരുന്ന തണലുകളും തന്നില്‍ മുഴുകിനില്‍ക്കുന്ന ആ നിര്‍ജനതയും ഇത്ര തീവ്രതയിലല്ലെങ്കിലും ഞാന്‍ നേരത്തേ പരിചയിച്ചതാണെന്ന് അദ്ദേഹം എഴുതി. 

ഉരുളന്‍കല്ലുകള്‍ക്കു മുകളിലൂടെ പതിഞ്ഞൊഴുകുന്ന മന്ദാകിനിപോലും ബാല്യത്തില്‍ മുറിച്ചുകടന്ന വാരാമ്പറ്റപ്പുഴയില്‍ ഞാനറിഞ്ഞതാണല്ലോ എന്നദ്ദേഹം എഴുതി. ഭൂഭംഗികള്‍കൊണ്ട്, ബാല്യം വയനാട്ടില്‍ക്കഴിച്ചൊരാളെ നിങ്ങള്‍ക്ക് വിസ്മയിപ്പിക്കാനാവില്ലെന്ന് കല്പറ്റ നാരായണന്‍ സ്‌നേഹത്തോടെ വെല്ലുവിളിച്ചു. ഏകാന്തതകൊണ്ട്, ബാല്യം വയനാട്ടില്‍ക്കഴിച്ചൊരാളെ നിങ്ങള്‍ക്ക് വിഷമിപ്പിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ബ്രണ്ണന്‍കോളേജിലേക്കും കോഴിക്കോട്ടേക്കും കൊയിലാണ്ടിയിലേക്കുമെല്ലാം ചുരമിറങ്ങിപ്പോയെങ്കിലും ഓര്‍മകളുടെ മുടിപ്പിന്‍ വളവുകൊണ്ട് അദ്ദേഹത്തിന്റെ എഴുത്തും വാക്കും എപ്പോഴും വയനാടിനെ തൊട്ടുനില്‍ക്കുന്നു. എവിടെപ്പോവുമ്പോഴും അത് വയനാട്ടിലേക്കാണല്ലോ എന്ന് അദ്ദേഹത്തിന് തോന്നിപ്പോവുന്നത് അതുകൊണ്ടാവും. പുരിയില്‍നിന്ന് ചിലികയിലേക്ക് ബസില്‍ പോവുമ്പോള്‍ കല്പറ്റ നാരായണന്‍ പോയത് വയനാട്ടിലൂടെയാണ്. എവിടെപ്പോയാലും അതയാള്‍ക്ക് വയനാടായി തോന്നി.

പിറന്നുവളര്‍ന്ന വയനാടിന്റെ വിദൂരച്ഛായയേ ഇന്നത്തെ വയനാടിനുള്ളൂവെന്ന് അദ്ദേഹം പലപ്പോഴായി എഴുതുകയും പറയുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. കടലെടുക്കുന്നതുപോലെയാണ് വയനാടിനെ കാലമെടുത്തുപോയതെന്നുള്ള ദീര്‍ഘനിശ്വാസം അത് വായിക്കുമ്പോള്‍ വയനാട്ടുകാരില്‍ നിന്നെങ്കിലും പുറത്തുചാടും. ചുരം കയറുന്ന പാടേ നമ്മെ പൊതിയുന്ന ആ കുളിരുള്ള കാറ്റ് മാത്രമാണ് വയനാട്ടില്‍ ബാക്കിയെന്ന് കല്പറ്റ നാരായണന്‍ കുറിച്ചു. ആ തണുപ്പിനപ്പുറത്ത് വയനാട്ടുകാര്‍ക്ക് സ്വന്തമായുള്ളത് കല്പറ്റ നാരായണന്റെ കുറിപ്പുകള്‍ കൂടിയാണ്.

എഴുതിയും പറഞ്ഞും വയനാടിനെ അടയാളപ്പെടുത്തിയ അദ്ദേഹത്തെത്തേടി ആധുനിക വയനാടിന്റെ ശില്പികളിലൊരാളായ പത്മപ്രഭാഗൗഡരുടെ പേരിലുള്ള പുരസ്‌കാരമെത്തുമ്പോള്‍ അത് വയനാടന്‍ സാഹിത്യത്തിനും ജീവിതത്തിനും കിട്ടുന്ന തിളക്കമേറിയ അംഗീകാരമാണ്. വയനാടിനെ കെട്ടിപ്പടുത്തൊരാളുടെ ഓര്‍മയ്ക്കുള്ള പുരസ്‌കാരത്തിന് ഈ നാട്ടില്‍ നിന്നൊരാള്‍ ആദ്യമായി അര്‍ഹനാവുന്നതിന്റെ തിളക്കം കൂടിയുണ്ട് കല്പറ്റ നാരായണന്റെ പുരസ്‌കാരലബ്ധിക്ക്.

കല്പറ്റ നാരായണന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights : Kalpatta Narayanan, Oru Mudanthante Suvisesham, Ozhinja Vruskshachayayil, Oru Mudanthante Suvishesham, Samayaprabhu : kavitakaḷ, Karutha Paal