പല പല മതങ്ങളുടെയും നാടാണ് ഇന്ത്യ. വിശ്വാസ ധാരകളും ജ്ഞാന പദ്ധതികളും വിചാരധാരകളും ഇവിടെ ഏറെ. യുഗങ്ങളിലൂടെ അവയെല്ലാം കടന്നു പോയി. പലതും കലര്‍ന്നു. പുതിയ മിശ്രിതങ്ങളുണ്ടായി. കബീര്‍ ഒരു ഉദയമായി- ദൈവത്തെ, വിശ്വാസത്തെ എല്ലാം അദ്ദേഹം പുനര്‍നിര്‍വചിച്ചു...

പുരുഷോത്തം അഗ്രവാള്‍ ജയ്പുര്‍ സാഹിത്യോത്സവത്തില്‍ കുംഭമേളയെക്കുറിച്ച് സംസാരിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. 2013-ലായിരുന്നു അത്. മറ്റു വിദ്വാന്മാര്‍ ചെയ്യാറുള്ളതുപോലെ, ആത്മീയതയെയും ഭൗതികതയെയും വേര്‍തിരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. കുംഭമേളയെന്ന ആ വലിയ കൂടിച്ചേരലിനെ വിചിത്രമെന്നൊന്നും അദ്ദേഹം കണക്കാക്കിയില്ല. നഗ്‌നരായ സന്ന്യാസികള്‍ക്കും ശുചിത്വ വിഷയങ്ങള്‍ക്കുമപ്പുറം അതിലെ സാമ്പത്തിക, രാഷ്ട്രീയ, ചരിത്ര, സാംസ്‌കാരിക, ആത്മീയ, പ്രായോഗിക വിഷയങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധമാണ് അദ്ദേഹം പരിഗണിച്ചത്. ആ പശ്ചാത്തലം -അതിന്റെ ഉള്ളടക്കവും ചരിത്രവും അനന്തതയും കവിയും നെയ്ത്തുകാരനും വിപ്ലവാത്മക ചിന്താഗതിക്കാരനും ആത്മജ്ഞാനിയും തമ്മിലുള്ള ബന്ധവും- കബീറിനെക്കുറിച്ചുള്ള ഈ പുസ്തകത്തിലും കാണാം. അതുകൊണ്ടാണ് ഇതിന്റെ തലക്കെട്ടില്‍ കബീര്‍ എന്ന് രണ്ടുവട്ടം വന്നത്.

അഗ്രവാളിന്റെ അഭിനിവേശം കാണുന്നതുവരെ അദ്ദേഹം കബീറിന്റെ ശിഷ്യനാണെന്ന് എനിക്കറിയില്ലായിരുന്നു. അന്ന് കാപ്പി കഴിക്കുന്നതിനിടെ, കവിയെ ഒരു മുസ്ലിം നെയ്ത്തുകാരന്‍ മാത്രമായി കാണാന്‍ പാശ്ചാത്യപണ്ഡിതര്‍ ശ്രമിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഏതെങ്കിലും തരത്തിലുള്ള ബ്രാഹ്മണ സ്വാധീനത്തില്‍നിന്ന് അകറ്റാനും ശ്രമിച്ചിരുന്നു. അതേസമയം, കബീറിന്റെ ആരാധകരും ശിഷ്യരും അവരുടെ സ്വന്തം താത്പര്യാര്‍ഥം അദ്ദേഹത്തെ 'മതപര'മാക്കാതെ 'ആത്മീയ'മാക്കാന്‍ കഠിനാധ്വാനം ചെയ്തു. സാഹിത്യോത്സവ പുസ്തകശാലയില്‍നിന്ന് അന്നുതന്നെ കബീറിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകം ഞാന്‍ വാങ്ങി. പക്ഷേ, അതിലെ ഹിന്ദി കുറച്ചു കട്ടികൂടിയതായിരുന്നു. എന്നെപ്പോലുള്ള ഒരു ഇംഗ്ലീഷ് വായനക്കാരനുവേണ്ടി ആ പുസ്തകം തര്‍ജമചെയ്യാനോ വീണ്ടും എഴുതാനോ അദ്ദേഹത്തോട് ഞാന്‍ അപേക്ഷിച്ചു. പാശ്ചാത്യ രീതിശാസ്ത്രങ്ങള്‍വെച്ച് ഇന്ത്യയെ സമീപിക്കുന്നതിനെ പാശ്ചാത്യപണ്ഡിതരെ എത്രകാലം നമുക്ക് വിമര്‍ശിക്കാനാകും? നമ്മള്‍ ഇന്ത്യക്കാര്‍ തീര്‍ച്ചയായും ഇന്ത്യന്‍ രീതിശാസ്ത്രങ്ങള്‍ ആഗോളതലത്തില്‍ പങ്കുവെക്കണം. അതിനോട് അദ്ദേഹം യോജിച്ചു.

പ്രചോദനം ഒരു കാര്യവും നിര്‍വഹണം മറ്റൊരു കാര്യവുമാണ്. ഈ കൈയെഴുത്തു പ്രതി സുഖകരമായൊരു വഴിമാറ്റത്തിനൊടുവില്‍ ഏറെ സമയമെടുത്തു, തയ്യാറായി വരാന്‍. അദ്ദേഹത്തിന്റെ 'പദ്മാവത്' എന്ന പുസ്തകവും എന്നെ പ്രചോദിപ്പിച്ചിട്ടുള്ളതും എനിക്ക് അവതരിപ്പിക്കാനും വരയ്ക്കാനും ഭാഗ്യം സിദ്ധിച്ചിട്ടുള്ളതുമാണ്. 'കബീര്‍ കബീര്‍' എന്നത് ഹിന്ദി പുസ്തകത്തിന്റെ തര്‍ജമയല്ല. ഇതൊരു പുതിയ കൃതിയാണ്. കബീറും ഭക്തിയുമായുള്ള അദ്ദേഹത്തിന്റെ നിരന്തര സമ്പര്‍ക്കത്തിന്റെയും അതിന്റെ ആനുകാലിക പ്രസക്തിയുടെയും അനന്തരഫലമാണ് ഈ പുസ്തകം.

പണ്ഡിതര്‍ പൊതുജനവുമായി ഇടപഴകാത്തൊരു കാലത്താണ് നാം ജീവിക്കുന്നത്. ഇടപഴകുന്നവരെയാകട്ടെ, രാഷ്ട്രീയക്കാര്‍ ആക്ഷേപിക്കുകയും ചെയ്യും. കാരണം, അവരുടെ കൃതികള്‍ പ്രചാരവേലകളെ വെല്ലുവിളിക്കുന്നതായിരിക്കും. ആളുകള്‍ മതങ്ങളെക്കുറിച്ചു പഠിക്കുകയും എന്നാല്‍, ഉദ്ദേശ്യലക്ഷ്യങ്ങളില്‍നിന്നു വ്യതിചലിക്കാതിരിക്കാന്‍ തങ്ങള്‍ മതാധിഷ്ഠിതരല്ലെന്നു സമര്‍ഥിക്കുകയും ചെയ്യുന്ന കാലവും കൂടിയാണിത്. മതപരമായ ഐതിഹ്യങ്ങള്‍ അവരുടെ വിശ്വാസങ്ങളെ പ്രാദേശികവത്കരിക്കുന്നതോടൊപ്പം ധാരണകളെ ഭീതിദമെന്നോണം നിശിതമായി പരിശോധിക്കുകയും ചെയ്യുന്നു. പക്ഷേ, ഇതുപോലൊരു പുസ്തകം, മികച്ച പണ്ഡിതരുടെ കൃതികള്‍ ആസ്വദിക്കാന്‍ സാധാരണ വായനക്കാരന് അവസരമൊരുക്കുന്നു. ചരിത്ര, രാഷ്ട്രീയ, സാഹിത്യ വസ്തുതകളുടെ വളച്ചൊടിക്കലും ആത്മീയാശയങ്ങളുടെ വിളക്കിച്ചേര്‍ക്കലും കബീറിന്റെ മുഴുവന്‍ ചരിത്രവുമെല്ലാം അതിലുള്‍ച്ചേര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ രീതിശാസ്ത്രമായും മസാലാ രീതിയായും ഞാനിതിനെ വിശേഷിപ്പിക്കും. ഇതില്‍ എല്ലാ രുചിഭേദങ്ങളും ഒരേസമയം ഉള്‍ച്ചേരുകയും ഒറ്റയ്ക്കും കൂട്ടായുമുള്ള ഉള്‍ക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു.

കബീര്‍ ഒരു ചരിത്രബിംബമാണ്. പക്ഷേ, അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഭൗതികമല്ല, മറിച്ച് ദാര്‍ശനികമാണ്. അതുകൊണ്ടുതന്നെ ബിംബാത്മകവുമാണ്. അദ്ദേഹം വിശ്വസിച്ചത് എല്ലാവരുടെയും ഉള്ളിലുള്ള സാര്‍വലൗകികമായ ഈശ്വരാംശമായ ആത്മാവിലാണ്. അതാണ് അദ്ദേഹം അന്വേഷിച്ചതും പങ്കുവെക്കുന്നതും. വിശുദ്ധമായ ഈ സംഗതി അളക്കാവുന്നതാണോ? അല്ലേയല്ല. അതുകൊണ്ടുതന്നെ അത് ശാസ്ത്രത്തിന്റെ പരിധിക്കു പുറത്താണ്. പക്ഷേ, അതൊരു വിശ്വാസത്തിന്റെ കാര്യമാണ്. വിശ്വാസമെന്നത് ലിംഗഭേദംപോലെ, നീതിപോലെ, തുല്യതപോലെ രൂപകല്പന ചെയ്യപ്പെട്ടതാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ, 'വസ്തുതകളും സങ്കല്പങ്ങളു'മെന്ന ദ്വിമാനത്തെ നമുക്ക് മറികടക്കേണ്ടതുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആശയങ്ങളെ സ്വീകരിക്കേണ്ടതുമുണ്ട്. ഇവിടെ നമുക്ക് വസ്തുതകള്‍ക്കും (എല്ലാവരുടെയും ശരി) സങ്കല്പങ്ങള്‍ക്കും (ആരുടെയും ശരിയല്ല) ഇടയിലുള്ള ബിംബങ്ങളുടെ ലോകത്തെ (ആരുടെയെങ്കിലും ശരി) തിരിച്ചറിയേണ്ടതുണ്ട്. കബീറിന്റെ ശരികള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കവിതകളെ അന്വേഷിക്കുന്നവരെയും സംബന്ധിച്ച് യാഥാര്‍ഥ്യമായിരുന്നു. ആ അന്വേഷണങ്ങളിലെ വിശുദ്ധത നമ്മെ നല്ല മനുഷ്യരാക്കും. നമ്മുടെ ഉള്ളിനെ പ്രശാന്തവും ആര്‍ദ്രവുമാക്കും. നീതിയും തുല്യതയുമൊക്കെപ്പോലുള്ള ആശയങ്ങള്‍ നമുക്കുചുറ്റുമുള്ള സമൂഹത്തെ പ്രശാന്തവും ആര്‍ദ്രവുമാക്കുന്നതുപോലെയാണത്. ഒരാള്‍ക്കും മറ്റൊരാളില്ലാതെ നിലനില്‍ക്കാനാവില്ല. നയംകൊണ്ടുമാത്രം സ്വര്‍ഗം പണിയാനാവില്ല. കവിതയ്ക്കും സ്വന്തം നിലയ്ക്ക് അതു സാധ്യമല്ല.

വേദങ്ങളില്‍ ദൈവികതയെ 'ബ്രാഹ്മണ്‍' എന്നു വിളിക്കുന്നു. അലങ്കാരം എന്ന പദത്തിന്റെ അര്‍ഥംപോലെ അതും പിടിതരാത്തതാണ്. മുസ്ലിങ്ങള്‍ക്കിടയില്‍ രൂപമില്ലാതെയും ഹിന്ദുക്കള്‍ക്കിടയില്‍ കൊത്തുപണികളാല്‍ അലംകൃതമാക്കിയ ചിത്രവിധാനത്തോടെയുമുള്ള ദൈവങ്ങളായി മതം പുറമേനിന്ന് പണിതുയരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. യോഗാത്മക ദര്‍ശനങ്ങള്‍ ആത്മാവായി ഉള്ളില്‍നിന്നാണ് ഉടലെടുക്കുന്നത്. അത് ഇവിടെയും അവിടെയും എല്ലായിടത്തുമായി സന്നിഹിതമായിരിക്കും. അന്തര്‍ലീനമായ ഈ ദൈവികത തേടുന്നതിനിടയില്‍, പുറമേയുള്ള മതരൂപങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ ഒരു വിലയുമില്ലെന്ന് കബീര്‍ മനസ്സിലാക്കി. അത് അദ്ദേഹത്തെ മതവിരുദ്ധനോ മതനിരപേക്ഷനോ ആക്കി മാറ്റിയോ? ഒരു യോഗിക്ക് മതനിരപേക്ഷനാവാന്‍ പറ്റുമോ? കബീറിന്റെ യോഗദര്‍ശനങ്ങളെ ഇസ്ലാമോ ഉപനിഷത്തുക്കളോ സ്വാധീനിച്ചിട്ടുണ്ടോ? അദ്ദേഹം ഹിന്ദുവായിരുന്നോ, അതോ മുസ്ലിമോ? എന്തെല്ലാമാണ് അദ്ദേഹത്തെ സ്വാധീനിച്ചത്? അദ്ദേഹത്തിന്റെ ജാതി ഏതായിരുന്നു? വര്‍ഗപരമായ വിഷയങ്ങളെ അദ്ദേഹം എങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നത്? അദ്ദേഹം വിവാഹിതനായിരുന്നോ? അദ്ദേഹത്തിന് കുട്ടികളോ ശിഷ്യരോ അദ്ദേഹത്തിന്റെ പാരമ്പര്യത്തിലുള്ള അനന്തരാവകാശികളോ ഉണ്ടായിരുന്നോ? ഇത്തരത്തിലുള്ള പഠനസംബന്ധമോ രാഷ്ട്രീയമായതോ ആയ ചോദ്യങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമിടയ്ക്ക്, ഉള്ളിലുള്ള ദൈവികത ശ്രദ്ധയില്‍പ്പെടാതെ പോവുകയോ ബോധപൂര്‍വം അവഗണിക്കപ്പെടുകയോ ചെയ്യുന്നു.

ഭക്തിയോ ദൈവികതയോടുള്ള വൈകാരിക പ്രതികരണമോ ഒക്കെ മിക്ക മതങ്ങളുടെയും ഭാഗമാണ്. ഇത് പ്രതിഫലിപ്പിക്കപ്പെടുന്നത് അനുഷ്ഠാനങ്ങളിലൂടെയും ആരാധനാ സൂക്തങ്ങളിലൂടെയുമൊക്കെയാണ്. വേദകാലഘട്ടത്തില്‍, സോമയാഗങ്ങളിലൊക്കെ പങ്കെടുക്കാനും തിരിച്ചുപോകുന്നതിനു മുമ്പായി അനുഗ്രഹം ചൊരിയാനുമായി ദൈവങ്ങളെ യജ്ഞത്തിലൂടെയാണ് ക്ഷണിച്ചുകൊണ്ടിരുന്നത്. വൈകാരികത, അനുഷ്ഠാനങ്ങളോട് ഇഴചേര്‍ന്നു കിടക്കുന്നതാണ്. വൈകാരികതയില്ലാതെ ഇത് മുന്നോട്ടുകൊണ്ടുപോകാനാവില്ല. അല്ലെങ്കില്‍ നിങ്ങളൊരു യന്ത്രമായിരിക്കണം. മഹാഭാരതത്തില്‍ 'ഭക്തി' എന്ന പദം സ്പഷ്ടമായി പറയുന്നത് ഭഗവദ്ഗീതയിലാണ്. യുദ്ധത്തിനു തൊട്ടുമുമ്പ്, അര്‍ജുനന്റെ ധര്‍മസങ്കടം പരിഹരിക്കാനുള്ള മാര്‍ഗമായി കൃഷ്ണന്‍ ഭക്തിയോഗം നിര്‍ദേശിക്കുന്നു. യുദ്ധത്തിനുശേഷം, ആ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ അര്‍ജുനന്‍ ആവശ്യപ്പെട്ടപ്പോള്‍ കൃഷ്ണന്‍ സംസാരിച്ചത് തന്റെ സംഭാഷണത്തിലെ ധൈഷണികവും നിര്‍വഹണപരവുമായ വശങ്ങളെക്കുറിച്ചാണ്, ജ്ഞാനത്തെയും കര്‍മയോഗത്തെയും യോഗത്തെയും കുറിച്ചാണ്. മറിച്ച്, വൈകാരികതയെക്കുറിച്ചല്ല. യോദ്ധാക്കളെ സംബന്ധിച്ച് ഭക്തിയെന്നത് അഭയംതേടാനുള്ള അവസാന അത്താണി മാത്രമാണ്.

എട്ടാംനൂറ്റാണ്ടിലെ വേദാന്ത പണ്ഡിതനായിരുന്ന ആദിശങ്കരനും ഭക്തിയെന്നത് അത്ര ഇഷ്ടമുള്ള സംഗതിയായിരുന്നില്ല. അദ്ദേഹം വെല്ലുവിളിച്ചിട്ടുള്ള ബുദ്ധിസ്റ്റുകളെപ്പോലെ ആദിശങ്കരനും ദൈവികതയിലേക്ക് ധൈഷണിക പാതയാണ് സ്വീകരിച്ചത്. നമുക്കെല്ലാമറിയുന്നതുപോലെ ഭക്തി ദക്ഷിണേന്ത്യയിലാണ് ഉയര്‍ന്നുവന്നത്. ക്ഷേത്ര പാരമ്പര്യവുമായി അത് അത്രമേല്‍ ബന്ധപ്പെട്ടുകിടക്കുന്നു. ആള്‍വാര്‍മാരും നായനാര്‍മാരും വിഷ്ണുവിനെയും ശിവനെയും കുറിച്ച് ഉത്കടമായി പാടി. പക്ഷേ, അവരുടെ വിഷ്ണുവും ശിവനും ക്ഷേത്രങ്ങളില്‍ കുടിയിരുത്തപ്പെട്ടു. അവയ്ക്ക് ഭൂമിശാസ്ത്രപരമായ സ്ഥാനവുമുണ്ടായിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍, രാമാനുജന്‍ വേദാന്തത്തെ ഭക്തിയുമായി ബന്ധിപ്പിച്ചു. അത് ക്ഷേത്രങ്ങളിലെ മൂര്‍ത്തരൂപങ്ങളുള്ള ദൈവങ്ങളോടുള്ള ഭക്തിയെ(സഗുണഭക്തി), പഴയ യജ്ഞവിദ്യാലയങ്ങളിലെ രൂപങ്ങളില്ലാത്ത ദൈവങ്ങളോടുള്ള ഭക്തിയെക്കാള്‍ (നിര്‍ഗുണഭക്തി) പ്രബലമാക്കി.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇന്ത്യയിലേക്ക് ഇസ്ലാമിന്റെ കടന്നുവരവോടെ നിര്‍ഗുണഭക്തി സഗുണഭക്തിയെക്കാള്‍ ശക്തിപ്രാപിച്ചു. സ്വാഭാവികമായും പിന്നീടുള്ള നൂറ്റാണ്ടുകള്‍ കണ്ടത്, കബീറിനെയും നാനാക്കിനെയുംപോലുള്ള യോഗികളായ കവികളുടെ ഉദയമായിരുന്നു. ദൈവത്തിന് രൂപമില്ലെന്നും അവയെ സ്ഥലത്തിനോ സമയത്തിനോ ഒതുക്കിനിര്‍ത്താനാവില്ലെന്നും പറഞ്ഞവരാണവര്‍. വായ്ത്താരികളെക്കാള്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ക്ക് പ്രാധാന്യം കൈവരുന്നത് നമ്മളും കണ്ടതാണ്. രാമചരിത മാനസത്തിന്റെ സൃഷ്ടിയും ഗ്രന്ഥസാഹിബിന്റെ സമാഹരണവുംമുതല്‍ മുസ്ലിം രാജാക്കന്മാര്‍ ഖുര്‍ആനു നല്‍കിയിരുന്ന പ്രാധാന്യംവരെ നമ്മള്‍ കണ്ടു. പക്ഷേ, ഹൈന്ദവക്ഷേത്രങ്ങള്‍ അഭിവൃദ്ധിപ്പെട്ടുകൊണ്ടേയിരുന്നു. കവിയും സന്ന്യാസിയുമായ ധ്യാനേശ്വരനെയും ബാലറാം ദാസനെയും അന്നമാചാര്യയെയും പോലുള്ളവര്‍ കൃഷ്ണഭക്തിയെക്കുറിച്ച് അഭിനിവേശത്തോടെ സംസാരിച്ചുകൊണ്ടിരുന്നു. വിഠാല, ജഗന്നാഥ്, വെങ്കിടേശ്വര എന്നീ നിലകളില്‍ അവരുടെ സ്വദേശങ്ങളായ പാന്തര്‍പുര്‍, പുരി, തിരുപ്പതി എന്നിവിടങ്ങളില്‍ കുടിയിരുത്തി.

പുതിയ മധ്യേഷ്യന്‍ ഭരണകര്‍ത്താക്കള്‍ വിഗ്രഹാരാധനയ്ക്കും ബഹുദൈവ വാദത്തിനും എതിരായിരുന്നു. ഒരു ദൈവത്തില്‍ മാത്രമായിരുന്നു അവരുടെ വിശ്വാസം. പക്ഷേ, ഈ ദൈവം ബിംബങ്ങള്‍ക്കു പുറത്തായിരുന്നില്ല, മറിച്ച്, ജനങ്ങള്‍ക്കു പുറത്തായിരുന്നു. മനുഷ്യര്‍ക്കുള്ളിലെ ദൈവികത എന്ന സൂഫി ആശയം ഇവിടെ പൈതൃകമായി ഉള്ളതായിരുന്നു. പരമ്പരാഗത മുസ്ലിം പുരോഹിതരെ സംബന്ധിച്ച് സംഗീതത്തെയും ചിത്രരചനയെയും നാടകത്തെയും പോലുള്ള സര്‍ഗാത്മകപ്രവൃത്തികള്‍ പൈതൃകമായി കിട്ടിയതായിരുന്നു. ദൈവത്തിന്റെ സൃഷ്ടികളെന്ന നിലയില്‍ അവ പുരോഗതിക്കു ശ്രമിച്ചിരുന്നു. ഹിന്ദുക്കളും സംഗീതത്തെയും ചിത്രരചനയെയും നാടകത്തെയും ശില്പകലയെയും സ്‌നേഹിച്ചിരുന്നു. അവരും ശരീരത്തിനുള്ളിലെ ദൈവികതയായ ജീവാത്മാവ്, ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ബിംബത്തിലുള്ള അദൃശ്യ ദൈവമായ പരമാത്മാവ് എന്നീ ആശയങ്ങളില്‍ തൃപ്തരായിരുന്നു. പക്ഷേ, ശരീരവും അതിന്റെ ലിംഗഭേദവും ജാതിയും ഇച്ഛകളുമെല്ലാം ഇതിനു മങ്ങലേല്‍പ്പിക്കുന്നതായിരുന്നു. എല്ലാ ശരീരങ്ങള്‍ക്കും ഹൈന്ദവക്ഷേത്രങ്ങളില്‍ കയറാനുള്ള വിശുദ്ധിയുള്ളതായി കണക്കാക്കിയിരുന്നില്ല. ആദിശങ്കരന്‍ ഒരിക്കല്‍, താഴ്ന്ന ജാതിക്കാരനായ ചണ്ഡാളനോട് തന്റെ വഴിയില്‍നിന്നു മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ആത്മാവിനെക്കാള്‍ ശരീരത്തിനു പ്രാധാന്യം നല്‍കുന്നതെന്ന് ആ ചണ്ഡാളന് അറിയാന്‍ ആഗ്രഹമുണ്ടായിരുന്നു. ചണ്ഡാളന്റെ വിവേകത്തെ മാനിച്ചെങ്കിലും ആദിശങ്കരന്‍ ജാതിവ്യവസ്ഥയെ തള്ളിപ്പറഞ്ഞില്ല. അത് ഇന്ത്യന്‍ സമൂഹത്തില്‍ വ്യാപിക്കുകതന്നെ ചെയ്തു. ആശ്രമജീവിതം നയിച്ചകാലത്ത് ആദിശങ്കരന്‍ ബുദ്ധഭിക്ഷുക്കളും ജൈന മുനിമാരും നാഥ് യോഗികളും പോലുള്ള സന്ന്യാസിമാര്‍ക്ക് ഗൃഹസ്ഥന്മാരെക്കാള്‍ പ്രാധാന്യം നല്‍കി.

രാഷ്ട്രീയക്കാരെ സംബന്ധിച്ച് മതം എന്നത് എപ്പോഴും അധികാരത്തിലേക്കുള്ള വഴിയാണ്. കച്ചവടക്കാരെ സംബന്ധിച്ച് മതം എപ്പോഴും വരുമാനത്തിനുള്ള വഴിയാണ്. അന്വേഷിക്ക് മതം എപ്പോഴും ജ്ഞാനത്തിലേക്കുള്ള വഴികാട്ടിയാണ്. അത് എല്ലായ്പ്പോഴും അങ്ങനെയായിരുന്നു. അത് തുടര്‍ന്നും അങ്ങനെത്തന്നെയായിരിക്കും. കബീര്‍ സമാനമായി ഒരു സാഹിത്യബിംബംകൂടിയായിരിക്കും. രാഷ്ട്രീയവും യോഗാത്മകവുമായ ബിംബംകൂടിയാണ്. അദ്ദേഹത്തിന്റെ രാമന്‍ ഒരുപോലെ ജ്ഞാനത്തിന്റെ പ്രകാശവും ഗംഗാസമതലത്തിലെ പൊതു അഭിവാദ്യ സൂചകവും ഹിന്ദുത്വചിഹ്നവുമായിരിക്കും. എല്ലാവരുടെയും ശരികള്‍ വ്യത്യസ്തമാണ്. നമ്മുടെ ശരികള്‍ മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് നമ്മുടെ കുറവുകള്‍ മറ്റുള്ളവര്‍ക്കു ചാര്‍ത്തിക്കൊടുക്കാനാണ്. ലോകവും ഭക്തിയും ദൈവികതയും എങ്ങനെയാണെന്നോ എങ്ങനെയായിരിക്കണമെന്നോ വിലപിക്കുന്നതിനു പകരം ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്ന രണ്ടു കബീര്‍മാരെയും ആസ്വദിക്കുക. അത് നമ്മെ ചിലത് ഓര്‍മിപ്പിക്കുന്നു:

അനന്തമായ മിത്തുകളില്‍ അനശ്വരമായൊരു സത്യമുണ്ട്

അതെല്ലാം ആരു കാണുന്നു?

വരുണന് പക്ഷേ, ആയിരം കണ്ണുകളുണ്ട്

ഇന്ദ്രന് നൂറ്

എനിക്കും നിനക്കും രണ്ടുമാത്രം.

(പുരുഷോത്തം അഗ്രവാള്‍ എഴുതിയ KABIR, KABIR-The Life And Work Of The Early Modern Poet-Philosopher എന്ന പുസ്തകത്തിന് എഴുതിയ ആമുഖം)

പരിഭാഷ: സന്തോഷ് വാസുദേവ്‌

Content Highlights: KABIR, KABIR-The Life And Work Of The Early Modern Poet-Philosopher Malayalam