രട്ട എഴുത്തുകാര്‍ചേര്‍ന്ന് രചിച്ച ഏതാനും നോവലുകള്‍ മലയാള നോവല്‍സാഹിത്യത്തിന് കൗതുകങ്ങളായി നിലകൊള്ളുന്നുണ്ട്. ഇക്കൂട്ടത്തില്‍ എം.ടി.യും എന്‍.പി. മുഹമ്മദും ചേര്‍ന്ന് എഴുതിയ 'അറബിപ്പൊന്ന്' ഏറ്റവും തലയെടുപ്പോടെ ഇന്നും നിലകൊള്ളുന്നു. സേതുവും പുനത്തില്‍ കുഞ്ഞബ്ദുള്ളയും  കൈകോര്‍ത്ത 'നവഗ്രഹങ്ങളുടെ തടവറ' മാധവിക്കുട്ടിയും കെ.എല്‍. മോഹനവര്‍മയും ഒരുമിച്ച 'വണ്ടിക്കാളകള്‍', അഷ്ടമൂര്‍ത്തിയും കെ.വി. പ്രവീണ്‍കുമാറും ചേര്‍ന്നെഴുതിയ 'റിഹേഴ്സല്‍ ക്യാംപ്' തുടങ്ങിയ നോവലുകളും ഈ നിരയില്‍ സ്മരണീയങ്ങളാണ്. എന്നാല്‍, ഇതേവരെയും ഒരിടത്തും പ്രതിപാദ്യമായി കണ്ടിട്ടില്ലാത്ത, രണ്ട് പ്രതിഭാശാലികള്‍ കൈകോര്‍ത്ത മറ്റൊരു നോവലുണ്ട്. മലയാള നോവല്‍ സാഹിത്യചരിത്രത്തില്‍ത്തന്നെ അപൂര്‍വകൗതുകം പേറുന്ന ഒരു നോവല്‍.

മലയാളത്തിലെ എക്കാലത്തെയും മുന്തിയ പ്രതിഭകളായ പാറപ്പുറത്തും കെ. സുരേന്ദ്രനും ഒന്നുചേര്‍ന്ന 'കാണാപ്പൊന്ന്' ആണ് ആ നോവല്‍. നമ്മുടെ നോവല്‍സാഹിത്യം രൂപഭാവങ്ങളില്‍ നവീനമായ മണ്ഡലങ്ങളിലൂടെ കടന്നുപോകുമ്പോഴും അരനാഴികനേരം, ആകാശത്തിലെ പറവകള്‍ തുടങ്ങിയ നോവലുകള്‍ രചിച്ച പാറപ്പുറവും മരണം ദുര്‍ബലം, ഗുരു, മായ എന്നിവപോലുള്ള നോവലുകള്‍ സമ്മാനിച്ച കെ. സുരേന്ദ്രനും മലയാള നോവല്‍ചരിത്രത്തിലെ ഒളിമങ്ങാത്ത പ്രകാശഗോപുരങ്ങളായിത്തന്നെ നിലകൊള്ളുന്നു. 

ഓണാട്ടുകര എന്ന മഹത്തായ നാടന്‍സംസ്‌കൃതിയില്‍ ജന്മംകൊണ്ട ഇവര്‍ക്കിടയിലാകട്ടെ, അഗാധവും പരസ്പരപ്രചോദനാത്മകവുമായ ഒരു അപൂര്‍വ സൗഹൃദത്തിന്റെ ഇഴയടുപ്പവുമുണ്ടായിരുന്നു. തീര്‍ച്ചയായും ആ ചങ്ങാത്തംതന്നെയാണ് ഇങ്ങനെയൊരു സംയുക്തനോവലിന്റെ പിറവിക്കുപിന്നിലുമുള്ളത്. എന്നാല്‍, മറ്റ് ഇരട്ട നോവല്‍രചയിതാക്കളുടെ കാര്യത്തിലെന്നപോലെ, രണ്ടാളും ചര്‍ച്ചചെയ്ത് എഴുതിയ ഒരു നോവലല്ല ഇത്. 'ദീപിക' ആഴ്ചപ്പതിപ്പില്‍ പാറപ്പുറത്ത് രചിച്ച കാണാപ്പൊന്ന് എന്ന നോവല്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്ന വേളയില്‍ 1981 ഡിസംബര്‍ 30-ന് തന്റെ അറുപതാംവയസ്സില്‍ മഹാനായ ആ എഴുത്തുകാരന്‍ ആകസ്മികമരണം വരിക്കുകയായിരുന്നു. അപ്പോഴേക്ക് നോവലിന്റെ പതിന്നാല് അധ്യായങ്ങള്‍ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. നോവല്‍ ഏതാണ്ട് അവസാനിക്കാറാകുന്ന ഘട്ടം.

എക്കാലവും കുടുംബബന്ധങ്ങളുടെയും വൈയക്തിക കെട്ടുപാടുകളുടെയും ഉജ്ജ്വല ആഹ്വാനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള പാറപ്പുറത്ത് അതേവഴിയില്‍ത്തന്നെയാണ് 'കാണാപ്പൊന്നി'ലും ചരിക്കുന്നത്. സുന്ദരിയും ധനികകുടുംബാംഗവുമായ റീബ എന്ന പെണ്‍കുട്ടി, ചില പ്രത്യേക പരിതഃസ്ഥിതിയില്‍ കാഴ്ചയില്‍ വിരൂപനെന്ന് പറയാവുന്ന തോമസ്‌കുട്ടി എന്ന എന്‍ജിനീയറായ യുവാവിനെ, ഏറെ വൈമനസ്യത്തോടെ വിവാഹം കഴിക്കുന്നു. റീബയ്ക്ക് തോമസ് കുട്ടിയോടുള്ള ആ വൈമുഖ്യം, അയാളുടെ എത്രയും സ്‌നേഹനിര്‍ഭരവും നന്മയാര്‍ന്നതുമായ എല്ലാ പെരുമാറ്റത്തെയും മറികടന്ന് അവരുടെ വിവാഹജീവിതത്തില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നു. പുതിയൊരു ജോലിസ്ഥലത്ത് തോമസ്‌കുട്ടിയും റീബയും എത്തിച്ചേര്‍ന്നു. 

അവിടെ ആകര്‍ഷണീയവ്യക്തിത്വമുള്ള സൂര്യനാരായണറാവു എന്ന മേലുദ്യോഗസ്ഥനെ റീബ  പരിചയപ്പെടുന്നു. മരണത്തിന്റെ തലേന്നുരാത്രി പാറപ്പുറത്ത് തന്റെ നോവലില്‍ അവസാനമെഴുതിയ വരികള്‍ ഇങ്ങനെയായിരുന്നു: 'ജീവിതം! അത് ആര്‍ത്തിരമ്പിവരുന്ന ഒരു പെരുമഴപോലെയാണ്. ഒരു നിമിഷത്തിനുള്ളില്‍ അത് അവസാനിക്കുന്നു...' ഇങ്ങനെ നോവല്‍ ഒരു സന്ദിഗ്ധഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍, എഴുത്തുകാരന്‍ യാത്രയായി. സാധാരണഗതിയില്‍, അപൂര്‍ണമായി അവശേഷിക്കേണ്ടുന്ന  നോവല്‍.

ഇനി കെ. സുരേന്ദ്രന്റെ വാക്കുകളില്‍, ''കാണാപ്പൊന്ന് തേടിയുള്ള ഈ കഥ ഏതേത് വഴികളിലൂടെ എവിടെക്കൊണ്ടെത്തിക്കണമെന്നാവാം അദ്ദേഹം ലക്ഷ്യംകണ്ടിരുന്നത്? ശരീരത്തിന്റെ സൗന്ദര്യമല്ല, മനസ്സിന്റെ സൗന്ദര്യമാണ് ദിവ്യസ്‌നേഹത്തിന്റെ സത്യം എന്ന ദര്‍ശനം അവസാനം റീബയ്ക്ക് ലഭിക്കുമോ? പാറപ്പുറത്തിന്റെ സങ്കല്പം ഏതുവഴിക്കാണ് പോയിരുന്നതെന്ന് ഊഹിക്കാന്‍, ഭാഗ്യവശാല്‍ എന്നുതന്നെ പറയട്ടെ, അല്പം തെളിവ് വീണുകിട്ടിയിട്ടുണ്ട്. ഇത് പാറപ്പുറത്തിന്റെ ഇളയമകള്‍ സംഗീതവഴിയാണ്. കൗമാരം വിട്ടിട്ടില്ലാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയായ സംഗീതയും പപ്പയും ചങ്ങാതിമാരായിരുന്നു. അവര്‍ തമ്മില്‍ സാഹിത്യസല്ലാപങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ച് ഉദ്ദേശ്യമില്ലാതെ പറഞ്ഞ കാര്യങ്ങളില്‍നിന്ന് ഊറിക്കൂടിയ ധാരണ സംഗീത കടലാസില്‍ കുറിച്ചിട്ടുതന്നിരിക്കുന്നു. ഞാനതിന് ഏറ്റവും ചുരുങ്ങിയ സ്വാതന്ത്ര്യമുപയോഗിച്ച് ഒരു കഥാരൂപം കൊടുക്കാന്‍ ശ്രമിക്കുന്നു എന്നുമാത്രം. എന്റെ ആത്മസുഹൃത്തിന് ഞാന്‍ ചെയ്യുന്ന തിലോദകം''.

അങ്ങനെ കെ. സുരേന്ദ്രന്‍ നോവലിന്റെ അവസാന അധ്യായമെഴുതുന്നു. സംഗീതയില്‍നിന്ന് തന്റെ ആത്മസുഹൃത്തിന്റെ മനമറിഞ്ഞ്, അതിന് സാക്ഷാത്കാരം നല്‍കി. റീബയുടെ ദൗര്‍ബല്യം മനസ്സിലാക്കുന്ന റാവു അവളെ തന്റെ കാമസാഫല്യത്തിനായി കൂടെക്കൂട്ടാന്‍ പല ശ്രമങ്ങളും നടത്തുന്നു. പക്ഷേ, റീബ അത്രത്തോളമെത്തുന്നില്ല. ഒടുവില്‍ എല്ലാം മനസ്സിലാക്കുന്ന തോമസ്‌കുട്ടി റാവുവിനെ കര്‍ശനമായി നേരിടുന്നു. അതേസമയം, റീബയോട് ഒരു പകയുമില്ലാതെ അവളെ തന്റെയൊപ്പം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നു. ഇതോടെ, ബാഹ്യപ്പകിട്ടിനപ്പുറമുള്ള ഒരാളുടെ സ്വഭാവനൈര്‍മല്യവും സ്‌നേഹനിറവുമാണ് മഹത്തായതെന്ന് റീബ  തിരിച്ചറിയുന്നു. അതാണ് ശരിയായ കാണാപ്പൊന്ന്. തന്റെ ഭര്‍ത്താവില്‍ അവള്‍ അത് കണ്ടെത്തുന്നു.

മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് തോന്നാത്തവിധം, സുരേന്ദ്രന്‍ പാറപ്പുറത്തിന്റെ തൂലികയുടെ വഴിയിലൂടെത്തന്നെ സഞ്ചരിച്ച് എഴുതിയിരിക്കുന്നു എന്ന് നോവല്‍ വായിക്കുമ്പോള്‍ അനുവാചകര്‍ക്ക് അനുഭപ്പെടുന്നു. 116 പേജുള്ള 'കാണാപ്പൊന്ന്' 1982 ഡിസംബറില്‍ ആദ്യപതിപ്പായി സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസാധനംചെയ്തു. പിന്നീട് പതിപ്പുകള്‍ ഇറങ്ങിയതായി അറിവില്ല. തീര്‍ച്ചയായും 'കാണാപ്പൊന്ന്' പാറപ്പുറത്തിന്റെയോ കെ. സുരേന്ദ്രന്റെയോ മികച്ച കൃതികളുടെ പട്ടികയില്‍ വരില്ല. എന്നാല്‍, സാഹിത്യചരിത്രത്തില്‍ ഈ നോവല്‍ സവിശേഷശ്രദ്ധ നേടേണ്ടതുതന്നെയാണ്. മലയാള നോവല്‍സാഹിത്യത്തിലെ എക്കാലത്തെയും മികച്ച ഒരുപിടി കൃതികള്‍ ഈടുവെപ്പുകളായുള്ള ഈ രണ്ട് എഴുത്തുകാരുടെയും രചനാജീവിതങ്ങള്‍ പഠിക്കുമ്പോള്‍ 'കാണാപ്പൊന്ന്' ഒരപൂര്‍വ കൗതുകമാകുന്നു.

Content highlights : kaanapponnu, Parappurath, k surendran, Malayalam Literature, malayalam novel