വര്‍ഷം 'പത്മശ്രീ' പുരസ്‌കാരം ലഭിച്ച ആദിവാസി ഗോത്ര ചിത്രകാരിയാണ് ബുരി ഭായ്. മധ്യപ്രദേശിലെ ആദിവാസി ഗോത്ര വിഭാഗമായ ഭീല്‍ വിഭാഗത്തില്‍ നിന്നും വരുന്ന പ്രശസ്ത ചിത്രകാരി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ഒരു ആദിവാസി ഗോത്ര വിഭാഗമാണ് ഭീലുകള്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തിസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെല്ലാം ഭീല്‍ സമൂഹം ധാരാളമുണ്ട്. അതിപുരാതനവും സമ്പന്നവുമായ ചിത്രരചനാ പരമ്പര്യം അവകാശപ്പെടാവുന്ന വരാണ് ഭീലുകള്‍.

ഭാരതീയചിത്രകലയിലെ തന്നെ ഏറ്റവും പഴക്കം കല്‍പ്പിക്കാവുന്ന തനത് ചിത്രകലയാണ് ഭീലുകളുടേത്! ആസ്‌ട്രേലിയന്‍ ഗോത്രസമൂഹത്തിന്റെ അബോര്‍ജിനല്‍ ആര്‍ട്ട് എന്ന ചിത്രശൈലിയോട് ഏറെ സാമ്യമുണ്ട് ഭീല്‍ ചിത്രങ്ങള്‍ക്ക്. വില്ല് എന്ന് അര്‍ത്ഥം വരുന്ന ബില്ലു എന്ന വാക്കില്‍ നിന്നാണ് ഭീല്‍ എന്ന വാക്പ്രയോഗം വരുന്നത്. ചില ചരിത്ര ഗവേഷകര്‍ ഇവര്‍ക്ക് ദ്രാവിഡവേരുകള്‍ ഉള്ളതായി അഭിപ്രായപ്പെടുന്നു. അസ്ത്രവിദ്യയില്‍ അതിസമര്‍ത്ഥരാണ് ഭീലുകള്‍. മാത്രമല്ല ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച്, പരിസ്ഥിതിയെക്കുറിച്ച് കാടിനെക്കുറിച്ച് കാലാവസ്ഥയെക്കുറിച്ച് ഏറെ അറിവുള്ളവരാണ് ഭീലുകള്‍.

അതാത് പ്രദേശത്തെ രാജഭരണാധികള്‍ക്ക് ഭീല്‍ ഗോത്രജനത നല്‍കിയ ധീരമായ പിന്തുണ പ്രശംസനീയമായിരുന്നു. യുദ്ധരംഗത്ത് സുധീരം പോരാടിയ സമര്‍ത്ഥരായ യുദ്ധതന്ത്രജ്ഞരായിരുന്നു ഭീലുകള്‍. ബ്രിട്ടീഷ് ഭരണകാലത്ത് അമ്പുംവില്ലുമായി കൂട്ടത്തോടെ കാടിളക്കി മറിച്ച ഭീലുകള്‍ അവരുടെ ഉറക്കം കെടുത്തിയിരുന്നു എന്നും! ജനുവരി/ ഫെബ്രുവരി മാസത്തില്‍ വരുന്ന ശിവരാത്രിയില്‍ നടക്കുന്ന ബാണേശ്വര്‍ മേളയാണ് ഭീലുകളുടെ പ്രധാന ആഘോഷം.ശിവനാണ് ബാണേശ്വര്‍.ആഘോഷത്തിനായി സോം, മഹി എന്നീ നദിക്കരകളില്‍ ഭീലുകള്‍ കൂട്ടംകൂട്ടമായെത്തി ഒത്തുകൂടുന്നു. ഖൂമര്‍ എന്നറിയപ്പെടുന്ന നൃത്തവും ഇവരുടെയിടയില്‍ പ്രശസ്തമാണ്.

മദ്ധ്യപ്രദേശിലെ ജാബുആ പ്രദേശത്തെ പിറ്റോള്‍ എന്ന ഗ്രാമത്തിലാണ് ബുരി ഭായിയുടെ ജനനം. അമ്മ ജബ്ബു ഭായ് ചിത്രം വരക്കുന്നതിലും അതിലുപരി പാരമ്പര്യ രീതിയില്‍ കുടിലുകള്‍ കെട്ടി അതില്‍ കളിമണ്ണുകൊണ്ട് അലങ്കരിക്കുന്ന പ്രവൃത്തിയിലും സമര്‍ത്ഥയായിരുന്നു. അമ്മയോടൊപ്പം ബുരിഭായിയും കൂടെയുണ്ടായിരുന്നു എല്ലായ്‌പ്പോഴും. കളിമണ്‍ ചുമരില്‍ ചിത്രങ്ങള്‍ വരക്കുന്നതിലും മണ്‍ചുമരുകളില്‍ ശില്പങ്ങള്‍ തയ്യാറാക്കുന്നതിലും ബുരി ഭായിയും പ്രശസ്തയായി.

Art by buri bhai
വര: ബുരി ഭായ്

ലോക പ്രശസ്തമായി മാറിയ ഭോപാലിലെ ഭാരത് ഭവനില്‍ ഒരു നിര്‍മ്മാണത്തൊഴിലാളിയായാണ് ബുരി ഭായി ആദ്യം നഗരത്തിലെത്തുന്നത്. ദിവസം 5 രൂപ കൂലി. ജോലികള്‍ക്കിടയില്‍ ഒഴിവു സമയത്ത് ചിത്രരചനയില്‍ ഏര്‍പ്പെട്ടിരുന്നു ബുരി ഭായി. ഇത് ജെ.സ്വാമിനാഥന്‍ എന്ന ചിത്രകാരന്റെ കലാഗവേഷകന്റെ ശ്രദ്ധയില്‍ പെട്ടു. ബസ്തറിലെ ആദിവാസി ഗോത്രകലയെ ഏറെ സ്‌നേഹിച്ച സ്വാമിനാഥന്‍ ഭാരതത്തിലെ ആദിവാസി ഗോത്രചിത്രകലയുടെ ഉന്നമനത്തിനും സംരക്ഷണത്തിനു മായാണ് സര്‍ക്കാരിനു മുമ്പാകെ ഭാരത് ഭവന്‍ എന്ന ആശയം മുന്നോട്ട് വച്ചത്.അത് വിജയം വരിക്കുകയും ചെയ്തു. സ്വാമിനാഥന്റെ കണ്ടെത്തലിലൂടെ വളര്‍ന്ന് ലോക പ്രശസ്തനായ ഗോണ്ട് ആദിവാസി ചിത്രകാരന്‍ ജംഗണ്‍ സിംഗ് ശ്യാമിനെപ്പോലെ, പിന്നീട് ബുരി ഭായിയും അറിയപ്പെട്ടുതുടങ്ങി. ദേശത്തും വിദേശത്തും പ്രശസ്തയായി. കേന്ദ്ര സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഭോപാലിലെ IGRMS ല്‍ (ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ സംഗ്രഹാലയ) ബുരി ബായ് ഒരു ഭീല്‍ കുടില്‍ നിര്‍മ്മിച്ച്, കളിമണ്ണുകൊണ്ട് അലങ്കരിച്ച്, ചുമരില്‍ ചിത്രങ്ങള്‍ വരച്ചത് ഏറെ പ്രശംസയും ശ്രദ്ധയും നേടി.

ചുമരില്‍ മാത്രം വരച്ച് ശീലിച്ച, തനിക്കറിയാവുന്ന ഗോത്ര ചിത്രരചനാരീതി ബുരി ഭായ് കാന്‍വാസില്‍ പരീക്ഷിച്ചു. പ്രകൃതി വര്‍ണ്ണങ്ങള്‍ക്കു പകരം അക്രിലിക് വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചു. ഭീലുകള്‍ക്കിടയില്‍ നിന്ന് ആദ്യമായി പരീക്ഷണങ്ങള്‍ നടത്തിയ, കാന്‍വാസില്‍ വരച്ച ചിത്രകാരിയായി മാറി ബുരി ഭായ്. സ്വാമിനാഥന്റെ പ്രോത്സാഹനത്താല്‍ പ്രദര്‍ശനങ്ങളും ക്യാമ്പുകളും ബുരി ഭായ് എന്ന ചിത്രകാരിയെ മിനുക്കിയെടുത്തു. സാമ്പത്തിക നേട്ടങ്ങളും കൈവന്നു. ഭാവന കൊണ്ടും ഗോത്ര ചിത്രശൈലിയുടെ ലാളിത്യഭംഗികൊണ്ടും രചനാശൈലികള്‍ കൊണ്ടും വിഷയാവിഷ്‌ക്കാരത്തിന്റെ മനോഹാരിത കൊണ്ടും വര്‍ണപ്രയോഗരീതികള്‍ കൊണ്ടും ബുരി ഭായി വരച്ച ചിത്രങ്ങള്‍ ആസ്വാദകശ്രദ്ധ നേടി. ആദിവാസി ഗോത്രവുമായി ബന്ധപ്പെട്ട കഥകള്‍, മനുഷ്യനും മൃഗവുമായി ചേര്‍ന്ന ഗോത്ര ഐതിഹ്യങ്ങള്‍ ,അനുഷ്ഠാന കഥകള്‍, പക്ഷികള്‍, മരങ്ങള്‍ എന്നിവയെല്ലാം മനോഹരമായി ആവിഷ്‌കരിച്ചു ഈ ചിത്രകാരി. ആധുനിക ശാസ്ത്ര സാങ്കേതിക വിഷയങ്ങളും ഇവര്‍ രചനയ്ക്ക് വിഷയമാക്കി. മൊബൈല്‍ ഫോണ്‍ ,വിമാനം ,റോക്കറ്റ്, കമ്പ്യൂട്ടര്‍ ,ടി.വി., ട്രെയിന്‍ എന്നിവയെല്ലാം ചിത്രരചനയ്ക്ക് വിഷയമാക്കിയെടുത്ത് പ്രതിഭ തെളിയിച്ചു ബുരി ഭായ്.

അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഇവര്‍ക്ക് പത്മശ്രീ പട്ടം. കഷ്ടപ്പാടുകള്‍ക്കിടയില്‍ വളര്‍ന്നുവന്ന് ആദിവാസി ഗോത്രജീവിതത്തിന്റെ ദുരിതങ്ങളും യാതനകളും ആവോളം അനുഭവിച്ച ഒരു ചിത്രകാരി. തന്റെ സമൂഹത്തിന്റെ കലയെയും കലാപാരമ്പര്യത്തേയും നെഞ്ചോട് ചേര്‍ത്ത ഒരു ചിത്രകാരി. എത്രയോ പ്രതിഭാധനരായ കലാകാരന്മാരുള്ള ഒരു ഗോത്ര സമൂഹത്തിന്റെ പ്രതിനിധി.

ഭോപാലിലെ IGRMS ല്‍ വെച്ച് പല പ്രാവശ്യം ബുരി ഭായിയെ കാണാനും സമയം ചെലവഴിക്കാനും  കൂടെ ക്യാമ്പുകളില്‍ പങ്കെടുക്കാനും സാധിച്ചിട്ടുണ്ട്. അവരുടെ വീട്ടില്‍ പോയി ചിത്രങ്ങള്‍ കാണാനും കൈയ്യൊപ്പു ചാര്‍ത്തിയ ചിത്രം സ്‌നേഹപൂര്‍വ്വം സമ്മാനമായി ലഭിക്കുകയും ചെയ്തു. ഭാരത് ഭവനില്‍ വെച്ചും പലപ്പോഴും കണ്ടു. 'ദി ഡോട്ടഡ് ലൈന്‍സ് ' എന്ന പേരില്‍ വിഷ്വല്‍ ഓട്ടോബയോഗ്രഫി എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു  പ്രശസ്തമായ പുസ്തകവും ഇവര്‍ രചിച്ചിട്ടുണ്ട്. സമൂഹത്തിന്റെ താഴെക്കിടയില്‍ നിശ്ശബ്ദം ജീവിച്ച്, പ്രവര്‍ത്തിച്ച് കലകളില്‍ ഏര്‍പ്പെട്ടു വരുന്ന ഇവരെയും പത്മശ്രീ പോലെയുള്ള അംഗീകാരങ്ങള്‍ തേടിയെത്തുന്നു എന്നതിലാണ്  സന്തോഷം.

Content Highlights: K U krishnakumar Writes about padmasree awardee buri bhai from bheel tribal community