ചിത്രകാരനായില്ലായിരുന്നെങ്കില്‍ കെ. ഷെരീഫ് ഒരു ദീര്‍ഘദൂര ഓട്ടക്കാരനാവുമായിരുന്നു (അതോ നടത്തക്കാരനോ) എന്ന് ചിലവേള തോന്നാറുണ്ട്. എന്നാല്‍, ചിത്രകാരനായതുകൊണ്ട് ഓട്ടക്കാരനാവാതിരിക്കുകയല്ല, ഓട്ടക്കാരനാവാത്തതുകൊണ്ട് ഓടാത്ത ഓട്ടങ്ങളെ കലയിലാക്കുകയാണ് ഷെരീഫ് ചെയ്യുന്നത് എന്നും തോന്നാറുണ്ട്. കവിത ബാലകൃഷ്ണന്‍ എഴുതിയതുപോലെ  പൂഴിമണലിലൂടെ പുളഞ്ഞുപോകുന്ന പാമ്പിനെപ്പോലെയാണ് കെ. ഷെരീഫ് എന്ന ചിത്രകാരന്റെ ഇടപാടുകള്‍. ഷെരീഫിന്റെ ചിത്രീകരണങ്ങളിലെ ഓരോ പേനക്കുത്തുകളും കോറലും ഉരയ്ക്കലും ബ്രഷ്മാര്‍ക്കുകളും വസ്തുക്കളുടെ ആകാരത്തെളിവിനെക്കാള്‍ അവയുടെ ഓരോരോ സജീവചലനങ്ങളാണ് സന്നിഹിതമാക്കുന്നത്(മാതൃഭൂമി ആഴ്ചപ്പതിപ്പ്).

അതുകൊണ്ട് കെ. ഷെരീഫിന്റെ ചിത്രങ്ങളിലേക്ക് നോക്കവേ, പലതരം ഓട്ടങ്ങളെ ഞാന്‍ അനുഭവിച്ചിട്ടുണ്ട്.  

1. ചുവന്ന രാജകുമാരിയുടെ ഓട്ടം (Red Queen's Race )

ലൂയിസ് കരോളിന്റെ ത്രൂ ദ ലുക്കിങ് ഗ്ലാസ് ഓര്‍ക്കുന്നവര്‍ക്കറിയാം, ആലീസ് ഓടുന്നുണ്ട്, പക്ഷേ നിന്നിടത്തു തന്നെയാണ് നില്ക്കുന്നത്. ഓടുന്നത് ഒരര്‍ത്ഥത്തില്‍  നിന്നിടത്തു നില്‍ക്കാന്‍കൂടി വേണ്ടിയാണ്. കെ. ഷെരീഫിന്റെ ചിത്രങ്ങള്‍ (ഓട്ടങ്ങള്‍) ആലീസിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അത് ഓടുന്നുണ്ട്; അതേസമയം നിന്നിടത്തുനില്‍ക്കുന്നുണ്ട്. ഷെരീഫിന്റെ ചിത്രങ്ങളെ പലപ്പോഴായി വായിച്ച പലരും ആ നിന്നിടത്തെയാണ് കണ്ടത്, ഓട്ടത്തെയല്ല എന്നുമാത്രം. അയാള്‍ നില്ക്കുന്നത് ഒരു പ്രക്ഷുബ്ധമായ റിപബ്ലിക്കിലാണ്. ബാബറി മസ്ജിദിന്റെ തകര്‍ച്ച, ഗുജറാത്ത് കലാപം, പൗരത്വഭേദഗതി നിയമം, എണ്ണിയാലൊടുങ്ങാത്ത കൊലപാതകങ്ങള്‍... ആ റിപ്ലബിക്ക് കൂടുതല്‍ പ്രക്ഷുബ്ധമായിക്കൊണ്ടേയിരിക്കുന്നത് കണ്ട ഒരാള്‍ക്ക്, ഒരിടത്ത്  ഉറച്ചുനില്ക്കേണ്ടതായി വരും. നീതിയുടെ ഒരുറച്ചുനില്ക്കലാണത്; മുന്നോട്ടോടാന്‍ ശ്രമിച്ചാലും ദേശം പിന്നോട്ടോടുന്നതുകൊണ്ട് സംഭവിക്കുന്ന അനിവാര്യമായ ഒരുറച്ചുനില്‍ക്കലാണത്.  അങ്ങനെയൊരാളെ സംബന്ധിച്ച് അയാളിലെ കല, ജീവിതം തന്നെയും, കേവലമായ സൗന്ദര്യാനുഭൂതിയല്ല. രാഷ്ട്രീയമുക്തമായ എന്തെങ്കിലും അയാളില്‍ കണ്ടെത്തുക പ്രയാസമായിരിക്കും.മുഖ്യധാരയില്‍ ഇടമില്ലാത്ത കീഴാളജീവിതമായി ഷെരീഫിന്റെ ചിത്രങ്ങള്‍ ഇന്ന് മനസ്സിലാക്കപ്പെടുന്നുമുണ്ട്.

നമ്മുടെ ദൃശ്യലോകത്തിന്റെ ഒരു അരികാണ് അയാള്‍ വരയ്ക്കുന്നത്. അവിടെയുള്ള മനുഷ്യര്‍ (മറ്റെന്തും) ഉറച്ചുനില്ക്കാന്‍ വേണ്ടി ഓടിക്കൊണ്ടേയിരിക്കുന്നവരാണ്.

2.  ഉസൈന്‍ ബോള്‍ട്ടിന്റെ ഓട്ടം.

വേഗതയാണ് അതിന്റെ ആധാരം; ജൈവികതയും. ചിത്രകല അക്കാദമികമായി പഠിച്ചിട്ടില്ല ഷെരീഫ്. 'പാരമ്പര്യ' മായി പകര്‍ന്നുകിട്ടിയതുമല്ല അയാള്‍ക്ക് ചിത്രകല. ചിത്രകാരനാവാന്‍ വേണ്ടി ഓടിയ ഓട്ടങ്ങളെക്കുറിച്ച് കെ. ഷെരീഫ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയിരുന്നു. വായിക്കുന്ന ഒരാള്‍ക്ക് ഒരുപക്ഷേ വിചിത്രമായി തോന്നാം. ആ ഓര്‍മക്കുറിപ്പില്‍ കുട്ടിക്കാലത്ത് അയാള്‍ ചിത്രം വരച്ചതിന്റെ ഓര്‍മ്മകള്‍ കാണാനാവില്ല.  ചിത്രകല എന്ന വാക്ക് പോലും കണ്ടേക്കില്ല. പകരം ഓണവും വിഷുവും നോമ്പും പെരുന്നാളും പുഴയും നാട്ടിലെ കൊലപാതകവും ബാബറി മസ്ജിദിന്റെ തകര്‍ച്ചയും വരെ കണ്ടുവെന്നും വരും. അതൊരു പരിണാമത്തിന്റെ കഥയാണ്. കണ്ട ലോകങ്ങളും അറിഞ്ഞ മനുഷ്യരും അനുഭവിച്ച വഴികളും കെ. ഷെരീഫിനെ ചിത്രകാരനാവാന്‍ നിര്‍ബന്ധിച്ചതിന്റെ കഥ. കലയുടെ വലിയ ലോകങ്ങളും മൂലധനവും സ്വന്തമായില്ലാതെ ഒരാള്‍ ഓടിത്തുടങ്ങിയ കഥ. ജൈവികമായ ആ ഓട്ടത്തില്‍ പല പൂര്‍വമാതൃകളെയും അയാള്‍ മറികടന്നിട്ടുണ്ട്. ഇല്ലസ്ട്രേഷന് ഒരു സാമ്പ്രദായിക ക്രമമുണ്ടായിരുന്നു. ഒരു സാമ്പ്രദായിക വേഗമെന്ന് വിളിക്കാം. കഥാപാത്രങ്ങളെ ചിത്രീകരിക്കലായിരുന്നു അതിന്റെ സാമാന്യയുക്തി (അതില്‍ത്തന്നെ പലതരം പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല) അതിനെയാണ് ക്രമരഹിതമായ മറ്റൊരു ലോകം സൃഷ്ടിച്ചുകൊണ്ട് അയാള്‍ മറികടക്കുന്നത്. അതിനെയാണ് ഒരു ഗൗരവതരമായ ഒരു രാഷ്ട്രീയപ്രമേയമാക്കി അയാള്‍ വികസിപ്പിച്ചത്.

അതൊരു റെക്കോഡ് ബ്രേക്കിങാണ്.

K Shereef

3. മനുഷ്യരുടെ ഇറങ്ങിയോട്ടം.

ചിത്രകാരനായി ജീവിക്കാന്‍ തീരുമാനിച്ച കെ. ഷെരീഫ് ആദ്യം ചെയ്ത കാര്യങ്ങളിലൊന്നിനെപ്പറ്റി മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഓര്‍മ്മക്കുറിപ്പിലെഴുതുന്നുണ്ട്. അധ്യാപകനായി ജോലി ചെയ്തിരുന്ന ആന്ധ്രയിലെ സ്‌കൂളില്‍ നിന്ന് ഒരുദിവസം ആരോടും പറയാതെ അയാള്‍ ഇറങ്ങിയോടി. വരച്ച് മുന്നോട്ടുപോകാനുള്ള തീരുമാനം എന്നെ ഉന്മാദിയാക്കി എന്നാണ് ആ ഓട്ടത്തെക്കുറിച്ച് ഷെരീഫ് എഴുതുന്നത്. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം കെ. ഷെരീഫിന്റെ ചിത്രപ്രദര്‍ശനം ഗുദാം ആര്‍ട് ഗ്യാലറിയില്‍ നടക്കുന്നു- അതും ഒരുതരം ഇറങ്ങിയോട്ടമാണ്.  വിച്ഛദങ്ങള്‍ സൃഷ്ടിച്ച ഒരാളിനെപ്പോലും അകത്തേക്ക്- ടെക്സ്റ്റിലേക്ക് എന്നും വായിക്കാം- മാത്രം  നോക്കാന്‍ നിര്‍ബന്ധിക്കുന്ന ഒരു നില ഇല്ലസ്ട്രേഷനുണ്ട്. അയാളെ സംബന്ധിച്ച് അകം തന്നെയാണ് പുറം എന്ന ഉത്തരാധുനികരുടെ സങ്കല്പനം സ്വീകാര്യമായിക്കൊള്ളണമെന്നില്ല. അകം അയാളെ സംബന്ധിച്ച് ഒരു ക്രമവും ദുരനുഭവവുമാണ്. ആ ദുരനുഭവത്തെ, ആഞ്ഞുവരച്ചുകൊണ്ട് അയാള്‍ മറികടന്നുകൊണ്ടേയിരിക്കും എന്നേ പറയാനാവൂ. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മനുഷ്യരെയാകെ അകത്തേക്ക് ചുരുക്കിക്കളഞ്ഞ ഒരു കാലത്താണ് ഈ ചിത്രപ്രദര്‍ശനം സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ മറ്റെന്തിലുമേറെ ഇറങ്ങിയോടാനുള്ള ഒരുതരം അഭിനിവേശമാണ് ഈ ചിത്രങ്ങളിലുള്ളത്. ദീര്‍ഘകാലം അകത്തിരുന്ന ഒരാള്‍ ഇറങ്ങിയോടുമ്പോള്‍ കാണുന്ന വഴിയോരക്കാഴ്ചകളെന്ന് ഈ ചിത്രങ്ങളെ സാമാന്യമായി വിലയിരുത്താം. ഇ സന്തോഷ്‌കുമാര്‍ പ്രദര്‍ശനത്തിലെ ചിത്രങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതി: ദു:സ്വപ്നങ്ങളായിരുന്നു ഷെരീഫിന്റെ ക്യാന്‍വാസ്; ഇരുട്ട് ചായവും. സൂര്യനെപ്പോലും കറുപ്പില്‍ പകര്‍ത്തിവയ്ക്കാന്‍ ഷെരീഫിന് കഴിയുമായിരുന്നു. ലോകം തടവിലായിരിക്കുന്ന ഒരുകാലത്ത് രചിക്കപ്പെട്ട ചിത്രങ്ങളില്‍ ഇരുട്ടിന്റെ ഗാഢത എത്രമേല്‍ ഏറിയിട്ടുണ്ടായിരിക്കും എന്നൊരു കൗതുകമുണ്ടായിരുന്നു. അപ്പോള്‍ പ്രസന്നമായ നിറങ്ങളും അവയ്ക്കിടയിലൂടെ ഊര്‍ന്നുവീഴുന്ന വെളിച്ചവും വരച്ചുകൊണ്ട് ചത്രകാരന്‍ അത്ഭുതപ്പെടുത്തി.  

ഇരുട്ടിന്റെ ഗാഢതയല്ല, വെളിച്ചത്തിന്റെ തെളിച്ചമാണ് ഈ ചിത്രങ്ങളിലുള്ളത്. അകങ്ങളും അതിന്റെ ഇരുട്ടും (മടുപ്പും) കടന്ന് ഈ ചിത്രപ്രദര്‍ശനത്തിലേക്ക് ഇറങ്ങിയോടിച്ചെല്ലുന്ന ഒരാള്‍ക്ക്, കെ. ഷെരീഫിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ എന്തു നല്കും എന്നു ചോദിച്ചാല്‍ ഞാന്‍ 'ഇത്തിരി വെളിച്ചം' എന്ന് പറയും.

Content Highlights: K Shereef artist art exhibition