കേന്ദ്രസാഹിത്യഅക്കാദമിയുടെ പതിനൊന്നാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു സന്ദര്‍ഭം. പുതിയ സാഹിത്യഅക്കാദമി സാരഥി ആരായിരിക്കണം എന്ന ചര്‍ച്ച ദേശവ്യാപകമായി കൊടുമ്പിരിക്കൊള്ളുന്നു. സര്‍വരാലും ആദരിക്കപ്പെടുന്ന നമ്മുടെ പ്രിയപ്പെട്ട എം.ടി. യുടെ പേരായിരുന്നു പ്രധാനമായും ഉയര്‍ന്നുവന്നത്. അദ്ദേഹത്തിന്റെ പ്രിയമിത്രവും പ്രശസ്ത ബംഗാളി നോവലിസ്റ്റുമായ സുനില്‍ ഗംഗോപാധ്യായ ഈ ആശയത്തെ അനുകൂലിച്ചു. എന്നാല്‍, സുനില്‍, അക്കാദമി പ്രസിഡന്റാകട്ടെ എന്നായിരുന്നു എം.ടി.യുടെ അഭിപ്രായം. തര്‍ക്കം മൂത്തപ്പോള്‍ എം.ടി. ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടുവെച്ചു. സുനില്‍ ഗംഗോപാധ്യായ വൈസ് പ്രസിഡന്റായി കൂടെ നില്‍ക്കുകയാണെങ്കില്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാം. ഓ, ശരി എന്ന് പ്രിയമിത്രം സമ്മതിച്ചു. വിവിധ സംസ്ഥാനങ്ങളിലെ എഴുത്തുകാര്‍ ഈ കൂട്ടുകെട്ടിന് ൈകയടിച്ചു.

തന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ ചോദിച്ച് രാജ്യമൊട്ടാകെയുള്ള സാഹിത്യകാരന്മാര്‍ക്ക് എം.ടി. കത്തയച്ചു. പൊടുന്നനെയായിരുന്നു കാര്യങ്ങള്‍ തകിടംമറിഞ്ഞത്. ചില വൈകാരിക സമ്മര്‍ദങ്ങളാല്‍ സുനില്‍ ഗംഗോപാധ്യായക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മോഹമുദിച്ചു. വിമ്മിട്ടത്തോടെ അദ്ദേഹം സംഗതി വെളിപ്പെടുത്തി. മാലോകരെ വിവരമറിയിച്ച സ്ഥിതിക്ക് ചുമ്മാ പിന്‍വാങ്ങുന്നത് എം.ടി.ക്കും അഭിമാനപ്രശ്‌നമായി. സന്ദിഗ്ധതയും ധര്‍മസങ്കടവും സാഹിത്യരംഗത്ത് സൃഷ്ടിക്കപ്പെട്ടു. അപ്പോഴായിരുന്നു സത്യപ്രവാചകനായ മോഹന്‍ദാസ് കരംചന്ദ്ഗാന്ധിയെ മഹാത്മാ എന്ന് ആദ്യമായി വിളിച്ച രബീന്ദ്രനാഥ് ടാഗോറിലെ ബംഗാളി രക്തം ഇന്ദ്രനാഥ് ചൗധരിയില്‍ ഇരച്ചത്. എം.ടി.യെ സ്ഥാനാര്‍ഥിത്വത്തിലേക്ക് തള്ളിവിട്ടശേഷം

സുനിലിന്റെ പാലം വലിക്കല്‍ ശരിയായില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മത്സരത്തില്‍നിന്ന് എം.ടി. പിന്‍വലിയരുതെന്നും വൈസ് പ്രസിഡന്റ് ജോടിയായി താനും കൂടെ കാണുമെന്നും വെളിപ്പെടുത്തി. അങ്ങനെയായിരുന്നു പ്രിയസുഹൃത്തായ സുനില്‍ ഗംഗോപാധ്യായയെ വെല്ലാന്‍ മറ്റൊരു ബംഗാളി സചിവന്റെ സഹകരണത്തോടെ എം.ടി. വാസുദേവന്‍ നായര്‍ ഗോദയിലേക്ക് ഇറങ്ങിയത്.

തിരഞ്ഞെടുപ്പുരംഗം ചൂടുപിടിച്ചതും എം.ടി.യുടെ നിയുക്ത വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി എന്ന നിലയ്ക്ക് ഇന്ദ്രനാഥ് ചൗധരി പ്രചാരണത്തിന്റെ ചുക്കാന്‍പിടിച്ചു. സുനിലിനെക്കാള്‍ അര്‍ഹന്‍ എം.ടി. യാണെന്ന ബോധ്യം, മലയാളികളോടും മലയാള സാഹിത്യത്തോടുമുള്ള സ്‌നേഹാദരം എന്നീ ഘട കങ്ങളും സ്വന്തം ഭാഷക്കാരനെതിരേ നിലപാടെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നു. തുഞ്ചന്‍പറമ്പില്‍ എം.ടി. ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന എന്നിലൂടെയായിരുന്നു പ്രചാരണത്തിന്റെയും ആസൂത്രണത്തിന്റെയും നീക്കങ്ങളെല്ലാം ഇന്ദ്രനാഥ് ചൗധരി നടത്തിയത്. ഒരു അക്കാദമീഷ്യന് ഇത്രത്തോളം ആത്മാര്‍ഥതയും കാര്യക്ഷമതയും പുലര്‍ത്താനാകുമെന്ന അദ്ഭുതം വരുംദിനങ്ങളില്‍ ഞാന്‍ അനുഭവിച്ചു. വോട്ടര്‍മാരുടെ പേരുംമേല്‍വിലാസവും നല്‍കാനും പ്രചാരണപദ്ധതികള്‍ ആലോചിക്കാനും രാപകല്‍ അദ്ദേഹം എന്നെ വിളിച്ചുകൊണ്ടിരുന്നു. കൃത്യമായ പ്‌ളാനിങ്ങിനുവേണ്ട ഉപദേശനിര്‍ദേശങ്ങള്‍ നല്‍കി. രണ്ടാമത്തെയോ മൂന്നാമത്തെയോ റിങ്ങിന് ഇന്ദ്രനാഥ്ജി എന്റെ ഫോണ്‍കോളുകള്‍ എടുത്തു. നാലാമത്തെയോ അഞ്ചാമത്തെയോ റിങ്ങായിപ്പോയാല്‍ ഭാര്യ ഉഷാചൗധരിയും ഫോണെടുത്തു. പക്വവും മൃദുലവും വാത്സല്യനിര്‍ഭരവുമായ ശബ്ദത്തില്‍ അവര്‍ സംസാരിച്ചു. വെറുതേ സന്ദേശവാഹകയാകുക മാത്രമല്ല, തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ട ഉപദേശങ്ങളും തന്നു.

ഒടുവില്‍ തിരഞ്ഞെടുപ്പിന്റെ രണ്ടു ദിവസംമുമ്പ് എം.ടി.യും ഞാനും കൂടി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഹോട്ടലുകളില്‍ തമ്പടിച്ച മുഴുവന്‍ വോട്ടര്‍മാരെയും മുടന്തുള്ള തന്റെ കാലുമായി ചെന്നുകണ്ട് സംസാരിച്ച് ക്ഷീണിതനായ ഇന്ദ്രനാഥ് ചൗധരിയാണ് എയര്‍പോര്‍ട്ടില്‍ ഞങ്ങളെ സ്വീകരിച്ചത്. കാളീദേവിയുടെ ദീപ്ത മുഖത്തോടെ ഉഷാ ചൗധരിയും അടുത്തുണ്ടായി.

വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ എം.ടി. തോറ്റിരുന്നു. സാക്ഷാല്‍ ജവാഹര്‍ലാല്‍ നെഹ്രു ഇരുന്ന കസേരയില്‍ ഇരിക്കാനുള്ള ഭാഗ്യം മലയാളിക്ക് നഷ്ടപ്പെട്ടിരുന്നു. ഇരുളടഞ്ഞ അന്തരീക്ഷത്തിലും ഇന്ദ്രനാഥ്ജിയുടെ തത്ത്വാധിഷ്ഠിതമായ നിലപാട് പ്രകാശം പരത്തി. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷമാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക.

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാതിരുന്നാല്‍ എം.ടി.യെ തോല്‍പ്പിച്ചതിന്റെ പാപപരിഹാരാര്‍ഥം അംഗങ്ങളെല്ലാം ചേര്‍ന്ന് ഇന്ദ്രനാഥ് ചൗധരിയെ ജയിപ്പിക്കാമെന്ന് വാക്കുനല്‍കി. എന്നാല്‍, എം.ടി.യുടെ വൈസ് പ്രസിഡന്റാകാനായിരുന്നു താന്‍ നാമനിര്‍ദേശം നല്‍കിയത് എന്നുപറഞ്ഞ് അദ്ദേഹം പിന്മാറി.

ഈ തിരഞ്ഞെടുപ്പുബന്ധത്തിനുശേഷം ഞാന്‍ ഇന്ദ്രനാഥ്ജിയുമായി വല്ലാതെ അടുത്തു. തുഞ്ചന്‍ ഉത്സവത്തിന് വന്നപ്പോള്‍ ഉഷാ ചൗധരിയെയും കൂട്ടി അദ്ദേഹം എന്റെ വീട്ടില്‍ വന്നു. ഞാന്‍ ഡല്‍ഹിയില്‍ പോകുമ്പോഴെല്ലാം ഡല്‍ഹി യൂണിവേഴ്സിറ്റിക്കടുത്തുള്ള തന്റെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി. നല്ല ബ്ലാക്ക് ലേബല്‍ വിസ്‌കി പകര്‍ന്നുതന്നു. ഫ്രൈഡ് റൈസ്, ബെഡ്ക്കി ഫ്രൈ, ഹില്‍സ കടുകരച്ചത്, മാങ്‌ഷോ, ലാല്‍സാഗ്, രസഗുള, സന്ദേശ് തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ ഉഷാ ചൗധരി ഒരുക്കിവെച്ചു. ഓരോ വിഭവത്തിന്റെയും ഉദ്ഭവത്തെയും ചരിത്രത്തെയും നിര്‍മാണകൗശലത്തെയും കുറിച്ച് ക്ലാസെടുത്ത് ഇന്ദ്രനാഥ്ജി എന്നെ മൂക്കറ്റം തീറ്റിച്ചു.

ബംഗാളി-മലയാളി ബന്ധം ആഘോഷിച്ച് 2020-ലെ മാതൃഭൂമി ഓണപ്പതിപ്പില്‍ കബിത മുഖോപാധ്യായയുടെയും പല്ലവികൃഷ്ണന്റെയും അഭിമുഖങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഞാന്‍ പ്രസക്തഭാഗങ്ങള്‍ പരിഭാഷപ്പെടുത്തി ഇന്ദ്രനാഥ് ചൗധരിക്കയച്ചുകൊടുത്തു. അവേശഭരിതനായ അദ്ദേഹം സ്‌നേഹനിര്‍ഭരമായ കത്ത് ആഴ്ചപ്പതിപ്പിന്റെ ചാര്‍ജുള്ള സുഭാഷ് ചന്ദ്രനയച്ചു. ഈയിടെ ഉഷാചൗധരിയുടെ മരണവാര്‍ത്തയറിഞ്ഞ് ഞാന്‍ വിളിച്ചപ്പോള്‍ 57 വര്‍ഷത്തെ പങ്കാളി നഷ്ടപ്പെട്ടതിന്റെ ഹൃദയവേദന ഫോണ്‍തലക്കല്‍ ഇന്ദ്രനാഥ്ജി വിതുമ്പി. . ഇടുങ്ങിയ പ്രാദേശികതള്‍ക്കുപരിയായ വിശ്വസൗഹൃദബോധമാണ് ഇന്ദ്രനാഥ് ചൗധരിയുമായുള്ള അനുഭവം എന്നില്‍ പകര്‍ന്നത്. അങ്ങനെ നിലപാടെടുക്കുന്നവര്‍ എത്രപേരുണ്ട് ഇന്ന്?