രുൾഗുഹയ്ക്കകത്തു കൊളുത്തിവെച്ച ദീപമാണ് രാവണന്റെ പത്നിയായ മണ്ഡോദരി. ചുറ്റും അധർമത്തിന്റെയും അഹന്തയുടെയും അകർമങ്ങളുടെയും കൂരിരുട്ടു കട്ടിപിടിച്ചു കിടക്കുന്ന രാവണ രാജധാനിയിലാണ്, അപ്സരസ്ത്രീയായ ഹേമയിൽ അസുരശില്പിയായ മയന് ജനിച്ച സുശീലയും സുചരിതയുമായ മണ്ഡോദരിയുടെ ജീവിതം. ഭർത്താവ് വീരപരാക്രമിയും അതിബലനുമാണെങ്കിലും അധർമിയും ജളനുമാണ്. സ്ത്രീസക്തനാണ്. ലങ്കയുടെ സമ്പത്തിലും തന്റെ കരുത്തിലും അഹങ്കാരിയാണ്. ഏത് അധർമവും പ്രവർത്തിക്കാൻ മടിയേതുമില്ലാത്ത രാക്ഷസരാജാവാണ്. ഭർത്താവ് പരസ്ത്രീസക്തനും അവിവേകിയുമായ ഭാര്യയുടെ ഗതികേടും ആകുലാവസ്ഥയും പൂർണമായി മണ്ഡോദരി അനുഭവിക്കുന്നുണ്ട്. യഥാശക്തി ഭർത്താവിന് നേർബുദ്ധി ഉപദേശിക്കുന്നുമുണ്ട്; അത് വൃഥാവിലാണെങ്കിലും.

സീതയെ അപഹരിച്ചുകൊണ്ടുവന്നതു മുതൽ ആസന്നമായ ആപത്തിനെയും വിനാശത്തെയുംകുറിച്ച് മണ്ഡോദരി രാവണനെ ഓർമപ്പെടുത്തുന്നുണ്ട്. അശോകവനിയിൽ ചെന്ന് രാവണൻ സീതയോട് പ്രേമാഭ്യർഥന നടത്തുന്ന രംഗം രാവണന്റെയും മണ്ഡോദരിയുടെയും വിരുദ്ധ സൂക്ഷ്മചിത്രങ്ങളിലാണ് അവസാനിക്കുന്നത്.

'നിന്നെയൊടുക്കുവാൻ ഭൂമിയിലവതരിച്ച' എന്റെ ഭർത്താവ് നിന്നെ കൊന്ന് എന്നെക്കൊണ്ട് പോകും എന്ന് നിർവിശങ്കയായി പറഞ്ഞ് തന്റെ അനുനയത്തെ തുച്ഛീകരിച്ച് നിരാകരിച്ച സീതയുടെ നേർക്ക് കരവാളുയർത്തുന്ന രാവണനെയാണ് അടുത്ത ക്ഷണത്തിൽ നാം കാണുന്നത്.

''അതിചപല കരഭുവി കരാളം കരവാള-
മാശു ഭൂപുത്രിയെ കൊല്ലുവാനോങ്ങിനേൻ''

ആ കരവാൾ പിടിച്ചടക്കിക്കൊണ്ട് മണ്ഡോദരി ആ രംഗത്തിൽ പ്രവേശിക്കുന്നു. ക്രുദ്ധനായി നിൽക്കുന്ന രാവണനോട് സീതയുടെ മുന്നിൽ വെച്ച് മണ്ഡോദരി ഇങ്ങനെ പറയുന്നു:

''ത്യജ മനുജതരുണിയെയൊരുടയവരുമെന്നിയേ
ദീനയായ് ദുഃഖിച്ചതീവ കൃശാംഗിയായ്
പതിവിരഹ പരവശതയൊടുമിഹ പരാലയേ
പാർത്തു പാതിവ്രത്യമാലംബ്യ രാഘവം
പകലിരവു നിശിചരികൾ പരുഷവചനം കേട്ട്
പാരം വശംകെട്ടിരിക്കുന്നിതുമിവൾ.''

ഈ വാക്കുകളിൽ മണ്ഡോദരിയുടെ വ്യക്തിത്വവും സംശുദ്ധിയും ദർശിക്കാം. സീതയുടെ സുരക്ഷയിൽ മണ്ഡോദരിക്ക് ഒരു കണ്ണുണ്ടായിരുന്നു എന്ന് വ്യക്തം. അപഹൃതഭാര്യയുടെ മാനസികാവസ്ഥയെക്കുറിച്ചും കൃത്യമായ ധാരണയുണ്ട്.

പിന്നീട് യുദ്ധം ആരംഭിച്ചതിനുശേഷം, ശുക്രാചാര്യന്റെ നിർദേശപ്രകാരം ഗുഹ തീർത്ത് അതിനുള്ളിൽ രാവണൻ യുദ്ധവിജയത്തിനു വേണ്ടിയുള്ള ഹോമം ആരംഭിക്കുന്നുണ്ട്. ആ ഹോമം തടസ്സപ്പെടുത്താൻ വാനരന്മാർ ഉപദ്രവിക്കുന്നതും മണ്ഡോദരിയെയാണ്. മണ്ഡോദരിയുടെ വിലാപം കേട്ട് ആയുധമെടുത്തു വന്ന ദശാനന് കാര്യമെല്ലാം പിടികിട്ടിയെങ്കിലും അപ്പോഴും പറയുന്നത്, ഞാൻ മരിച്ചു പോയാൽ നീ എന്നോടൊപ്പം ചിതയിൽ ദഹിച്ചുകൊള്ളൂ എന്നാണ്. അപ്പോഴും മണ്ഡോദരി സദ്ബുദ്ധി ഉപദേശിക്കാൻ മറക്കുന്നില്ല. ''വൈദേഹിയെക്കൊടുത്തീടുക രാമന്, സോദരനായ്ക്കൊണ്ട് രാജ്യവും നൽകുക.''രാജ്യതന്ത്രത്തിലും ധർമബോധത്തിലുമുള്ള മണ്ഡോദരിയുടെ സ്ഥൈര്യം അവിസ്മരണീയമാണ്.

Content Highlights :K Jayakumar writes about the role of Mandodari in Ramayana