കെ. എ. ബീന തയ്യാറാക്കിയ പെരുമ്പടവം ശ്രീധരന്റെ ജീവചരിത്രത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം. 

ഴയ തിരുവിതാംകൂറിന്റെ വടക്കേയറ്റത്തുള്ള തന്റെ ഗ്രാമത്തിന്റെ പേര് പെരുമ്പടവം എന്നാണെന്നും എറണാകുളം ജില്ലയിലാണ് ആ മനോഹരപ്രദേശമെന്നും അമ്മ അവന്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. ഭൂമിയുടെ ഹൃദയം പോലെ എന്റെ ഗ്രാമം എന്ന് ശ്രീധരന്‍ ഗ്രാമത്തെക്കുറിച്ച് പറയുന്നത് അമ്മ വിടര്‍ന്ന കണ്ണുകളോടെ കേട്ടിരിക്കും. ശ്രീധരനെ കേട്ടിരിക്കാന്‍ അമ്മയ്ക്ക് ഒരുപാട് സമയം ഒന്നും ഉണ്ടായിരുന്നില്ല. അമ്മയ്ക്ക് കഷ്ടപ്പാടുകള്‍ ഏറെയായിരുന്നു. ശ്രീധരന് നാല് വയസ്സുള്ളപ്പോള്‍ അവന്റെ അച്ഛന്‍ മരിച്ചുപോയി. ശ്രീധരനെയും അനിയത്തിയെയും വളര്‍ത്താന്‍ പെടാപ്പാട്പെട്ടെങ്കിലേ പറ്റൂ. അച്ഛന്‍ മരിച്ചതോടെ കഷ്ടപ്പാടുകളുടെ ആക്കം കൂടി. അച്ഛന്റെ അമ്മയുടെ വീട്ടിലായിരുന്നു അവര്‍ താമസിച്ചിരുന്നത്.

ശ്രീധരന്റെ അച്ഛന്‍ അവ്യക്തമായ ഒരു ഓര്‍മ്മയാണ്. വെളുത്ത നിറം, പുറകിലേക്ക് ചീകി വച്ച മുടി, പടിക്കെട്ട് കയറി വരുന്ന സുന്ദരരൂപം. മുഖച്ഛായ ഓര്‍ത്തെടുക്കാന്‍ അവന്‍ ഒരുപാട് ശ്രമിച്ചുനോക്കിയിട്ടുണ്ട്. കഴിഞ്ഞിട്ടില്ല. അച്ഛന്‍ ലാളിക്കുന്നതോ അരികില്‍ ഇരുത്തി ഓമനിക്കുന്നതോ അവന്റെ ഓര്‍മ്മയിലില്ല. അച്ഛനെ എല്ലാവരും ബഹുമാനിക്കുന്നത് അവന്‍ ഓര്‍മ്മിക്കാന്‍ കഴിയുന്നുണ്ട്. കൃഷിക്കാരനായ അച്ഛന്‍ ക്ഷ്രേതങ്ങളില്‍ ഭാഗവതം വായിക്കാന്‍ പോകുന്നത് അവന്റെ ഓര്‍മ്മയിലുണ്ട്.

അച്ഛന്റെ സ്വത്തായി വീട്ടിലുണ്ടായിരുന്ന പുറംതാള്‍ കീറിപോയ രാമായണവും ഭാഗവതവും ഒരു പലകപ്പെട്ടിയില്‍ സൂക്ഷിച്ചുവെച്ചിരുന്നു.
അച്ഛന്‍ രോഗിയാവുന്നത് ശ്രീധരന്റെ ഓര്‍മ്മകളില്‍ ബാക്കിയുണ്ട്. ശരീരമാകെ നീര്, വ്രണങ്ങള്‍ കഴുകി കളയുമ്പോള്‍ മുറ്റത്ത് പടരുന്ന ചോര, അമ്മയുടെ കരച്ചില്‍, അച്ഛനെ ബാധിച്ചിരിക്കുന്ന കാന്‍സര്‍ എന്ന രോഗത്തെക്കുറിച്ചുള്ള അറിവ് കൊച്ചു ശ്രീധരന് പേടി ഉണ്ടാക്കി. അച്ഛന് അസുഖം ആയിരിക്കുന്ന ഒരു കാലത്ത് ഒരു രാത്രിയില്‍ പെരുമ്പടവം കാവിലെ താലപ്പൊലി വന്നത് അവന്‍ മറക്കാനാവില്ല. പെട്രോമാക്‌സും തീവെട്ടിയും ചെണ്ടമേളവും ഒക്കെയായി താലപ്പൊലി ഓരോ വീട്ടിലും കയറിയിറങ്ങി. അവന്റെ അച്ഛന് വയ്യായ്ക ആണെന്നറിഞ്ഞ് വെളിച്ചപ്പാട് വീടിനുള്ളില്‍ കടന്നുവന്ന് അച്ഛന്റെ നെറ്റിയില്‍ വാള്‍ മുട്ടിച്ച് കുറച്ചുനേരം നിന്ന് വീട്ടിന് വലംവച്ച് ഇറങ്ങിപ്പോയി. അവന്റെ വീട് താലപ്പൊലിക്ക് വേണ്ടി താലം വയ്ക്കാത്ത വീടായിരുന്നു, അച്ഛന്‍ സുഖമില്ലാത്തതിനാല്‍. അവന് അതോര്‍ത്തു സങ്കടം വന്നു. അധികനേരം ആ ഇല്ലായ്മയെ അവന്‍ താലോലിക്കേണ്ടി വന്നില്ല. വെളിച്ചപ്പാട് കാവില്‍ തിരിച്ചെത്തുന്നതിന് മുമ്പ് അവന്റെ അച്ഛന്‍ മരിച്ചുപോയി. അമ്മയും അമ്മൂമ്മയും അച്ഛന്‍ പെങ്ങളും ഒക്കെ നെഞ്ചത്തടിച്ച് കരയുന്നു. അവന്‍ നോക്കി നിന്നു. അവന്‍ ഒന്നും മനസ്സിലായില്ല. മരണം എന്തെന്ന് അവന് അറിയില്ലായിരുന്നു. അമ്മ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ആരോ പിടിച്ചുമാറ്റി.

പിറ്റേന്ന് രാവിലെ ഓലയും മണ്‍കുടുക്കയുമായി ശ്രീധരന്‍ ആശാന്‍ കളരിയില്‍ പോകാനിറങ്ങുമ്പോള്‍ ആരോ അവനെ തടഞ്ഞു.
''മോന്‍ ഇന്നു പോകണ്ട.''
കരക്കാരും ബന്ധുക്കളും വരികയും പോകുകയും ചെയ്യുന്നു. വെള്ള പുതപ്പിച്ച് കിടത്തിയ അച്ഛന്റെ അരികിലിരുന്ന് ''എന്നേം എന്റെ മക്കളേം ആരെയേല്‍പിച്ചിട്ടാ പോയേ?'' എന്ന് അമ്മ കരയുന്നത് കണ്ട് അവന് സങ്കടം വന്നു. അവന് കരയാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ആരോ ഒരാള്‍ അവനെ വിളിച്ചു താഴത്തെ തോട്ടില്‍ കൊണ്ടുപോയി കുളിപ്പിച്ചു. കര്‍മ്മി വന്ന് കിണ്ടിയില്‍ വെള്ളമെടുത്ത് തൂശനിലയില്‍ വച്ചു. എള്ള്, പൂവ്, മറ്റ് കുറെ സാധനങ്ങളും.

അച്ഛനെ വെള്ളത്തുണിയില്‍ പൊതിഞ്ഞു മണ്ണില്‍ കുഴിച്ചിട്ടപ്പോള്‍ ശ്രീധരന് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. അവന്‍ ഉച്ചത്തില്‍ വാവിട്ടു കരഞ്ഞു. അവന്റെ തലയില്‍ ആരോ ഒരു കുടം നിറയെ വെള്ളം വച്ചു കൊടുത്ത് നടക്കാന്‍ പറഞ്ഞു. തന്റെ കരച്ചിലിനൊപ്പം കുടത്തിനുള്ളില്‍ നിന്ന് വെള്ളം തുള്ളിത്തുള്ളിയായി വീഴുന്നത് അവന്‍ കണ്ടു. അമ്മ അവനെ കണ്ട് പൊട്ടിപ്പൊട്ടിക്കരഞ്ഞു. ''അച്ഛന്‍ പോയി മോനേ. നമുക്കിനി ആരുമില്ല.''

അച്ഛന്റെ കട്ടില്‍ പുറത്ത് ചാരിവെച്ചു, അവന്‍ ആ കട്ടിലിന്റെ കയറിഴകളില്‍ തൊട്ടു. അവന് കരച്ചില്‍ അടക്കാന്‍ പറ്റിയില്ല. അവന്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു. അച്ഛന്‍ ഇനിയില്ല. അവന്‍ മുറ്റത്തിറങ്ങി പറമ്പിലേക്ക് നടന്നു. അന്ന് മുതല്‍ ശ്രീധരന്‍ ഏകാകിയായി.

മരിക്കുമ്പോള്‍ അച്ഛന് 33 വയസായിരുന്നു. അച്ഛന്റെ കൂട്ടുകാര്‍ അച്ഛനെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ ശ്രീധരന് വലിയ താല്പര്യം ആയിരുന്നു. അച്ഛന്‍ മരിച്ചതിന് ശേഷം അമ്മ കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി. റേഷനരിക്കഞ്ഞി വച്ച് അമ്മ ശ്രീധരനും പെങ്ങള്‍ക്കും കൊടുത്തു. അച്ഛന്‍ മരിച്ചതോടെ വീട്ടുഭരണം കൊച്ചച്ഛനായി. ശ്രീധരനും അവന്റെ അമ്മയും പെങ്ങളും ഏതാണ്ട് അടിമകളെ പോലെയാണ് അവിടെ ജീവിച്ചത്. അമ്മ ചിരിക്കുന്നത് അവന്‍ കണ്ടിട്ടില്ല. നോക്കുമ്പോഴൊക്കെ ഇപ്പോള്‍ പൊട്ടും എന്ന മട്ടില്‍ അമ്മയുടെ കണ്ണില്‍ സങ്കടം നില്‍ക്കുന്നത് അവന്‍ കണ്ടു. കൊച്ചുശ്രീധരന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ സ്വപ്നം കാണാന്‍ പാടില്ല എന്ന് അവനെ പഠിപ്പിച്ചു. തന്നെ പോലെയുള്ളവരുടെ സ്വപ്നങ്ങള്‍ സഫലമാകാന്‍ പോകുന്നില്ലെന്ന് അവനു മനസ്സിലായി. അവന്‍ എപ്പോഴും ഒറ്റയ്ക്ക് നടന്നു. ചുറ്റുപാടും അവന്റെ പ്രായക്കാരായ കുട്ടികള്‍ അച്ഛനമ്മമാരുടെ സ്‌നേഹത്തില്‍ ആനന്ദിച്ച് ജീവിക്കുന്നത് കാണുമ്പോള്‍ ശ്രീധരന്‍ ഒറ്റപ്പെടലിന്റെ ആഴങ്ങളില്‍ മുങ്ങിത്താണു. അവന്റെ ലോകം അമ്മയായിരുന്നു. അമ്മ പറയുന്നതിനപ്പുറം ഒരു വാക്ക് അവന് ഉണ്ടായിരുന്നില്ല. ഏതു വിജയവും പരാജയവും പങ്കുവച്ചിരുന്നത് അമ്മയോടായിരുന്നു. അമ്മ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ അവന് ജീവിത പ്രമാണങ്ങള്‍ തന്നെയായിരുന്നു.

പ്രൈമറി ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. ഓട്ട മത്സരത്തില്‍ ശ്രീധരന്‍ ഒന്നാമതായി ഫിനിഷ് ചെയ്തുവെങ്കിലും ഒന്നാം സമ്മാനം കൊടുത്തത് രണ്ടാമതായി ഫിനിഷ് ചെയ്ത കുട്ടിയ്ക്കാണ്. അത് ശ്രീധരനെ നിരാശപ്പെടുത്തി. അവന്‍ കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തെത്തി. അമ്മയെ ചാരി പൊട്ടിക്കരഞ്ഞു. ഒന്നാമതായി ഓടിയെത്തിയിട്ടും സമ്മാനം കിട്ടാത്ത കഥ പറഞ്ഞപ്പോള്‍ അമ്മ അവനെ ആശ്വസിപ്പിച്ചു.
''ഇനി എന്റെ മോന്‍ ആരോടും മത്സരിക്കാന്‍ പോകരുത്. അല്ലാതെ തന്നെ നിനക്കുള്ളത് നിനക്ക് കിട്ടും.'' ശ്രീധരന്‍ ജീവിതം മുഴുവന്‍ പിന്തുടരാനുള്ള ഒരുപദേശമായിരുന്നു അത്. അമ്മ പറയുന്നതിനപ്പുറം ഇല്ലായിരുന്നു അവന്‍. അവന് ആശ്രയിക്കാന്‍ അമ്മയല്ലാതെ ആരും ഈ ഭുമിയില്‍ ഇല്ലായിരുന്നു. അമ്മയോടുള്ള ശ്രീധരന്റെ ബന്ധം അത്ര അഗാധമായിരുന്നു.

ഒരു വിഷുക്കാലം അവന് മറക്കാന്‍ കഴിയില്ല. അവന്റെ ഗ്രാമത്തില്‍ ഓണം പോലെ പ്രധാനമായിരുന്നു വിഷുവും. കൊന്നകള്‍ നിറയെ പൂക്കള്‍, വിഷുപ്പക്ഷിയുടെ പാട്ട്, മാവുകള്‍ നിറയെ മാങ്ങ നിറയുന്ന കാലം. ശ്രീധരന്‍ വിഷുക്കണി ഒരുക്കാന്‍ കൊന്നപ്പൂവുമായി അമ്മയുടെ അടുത്തു ചെന്നു. കൊന്നപ്പൂവ് വാങ്ങി അമ്മ ചോദിച്ചു.
''നമുക്ക് എന്തിനാ മോനെ കൊന്നപ്പൂവ്? വിഷുക്കണി വച്ചാല്‍ മോന്‍ കൈനീട്ടം തരാന്‍ അമ്മയുടെ കൈയില്‍ എവിടന്നാ കാശ്?''
എന്നിട്ടും ഓട്ടുരുളി തേച്ചു മിനുക്കി കസവുമുണ്ടും നാളികേരവും മറ്റും വച്ച് ശ്രീധരന്‍ കണിയൊരുക്കി. പുലര്‍ച്ചെ ശ്രീധരനെ ഉണര്‍ത്തി കണി കാണിക്കുമ്പോള്‍ അമ്മയുടെ കണ്ണ് നിറഞ്ഞു.
''അമ്മയുടെ കയ്യില്‍ കാശില്ല മോനേ കൈനീട്ടം തരാന്‍.'' ശ്രീധരന്‍ ഒന്നും പറയാതെ നിന്നു. അമ്മ കുറെ കൊന്നപ്പൂക്കള്‍ ഈരി അവന്റെ കയ്യില്‍ കൊടുത്തു. അവന്‍ നിറഞ്ഞ മനസ്സോടെ വാങ്ങി ഉള്ളില്‍ പറഞ്ഞു.
''ഈ പൂക്കള്‍ ഒരിക്കലും വാടാതെ എന്റെ മനസ്സില്‍ ഉണ്ടാകും.''

ഒരുപാട് സങ്കടങ്ങള്‍ സഹിക്കുന്ന ആളാണ് അമ്മയെന്ന് അവന്‍ അറിയാമായിരുന്നു. അമ്മയ്ക്ക് സ്വന്തമായി ഒരാഗ്രഹവുമില്ല. മകനെ നല്ല രീതിയില്‍ വളര്‍ത്തുക മാത്രമായിരുന്നു അമ്മയുടെ ലക്ഷ്യം. അവനായിരുന്നു അമ്മയുടെ സ്വപ്നം.
ഏത് ഇല്ലായ്മയിലും ചുറ്റുമുള്ളവരെ സഹായിക്കുന്നതിന് അമ്മ തയ്യാറായിരുന്നു എന്നത് ശ്രീധരന്‍ അത്ഭുതമായിരുന്നു. ഒന്നുമില്ലാത്ത അമ്മ മറ്റുള്ളവരെ സഹായിക്കാന്‍ ഉള്ളതെന്തും എടുത്തു നല്‍കുമായിരുന്നു. ഒരിക്കല്‍ അയലത്തെ ഒരു അമ്മച്ചി വന്നു കഞ്ഞി വയ്ക്കാന്‍ നാഴി അരി വായ്പ തരുമോ എന്ന് ചോദിച്ചത് ശ്രീധരന്‍ കേട്ടു. അവന്‍ ഓര്‍ത്തത് അന്ന് രാത്രി വീട്ടില്‍ കഞ്ഞി വയ്ക്കാനുള്ള അരി മാത്രം ഉള്ളപ്പോള്‍ എങ്ങനെ അമ്മ അവരെ സഹായിക്കും എന്നായിരുന്നു. വീട്ടില്‍ ആകെ ഉണ്ടായിരുന്ന അരി അമ്മ അവര്‍ക്ക് കൊടുത്തു. രാത്രി ശ്രീധരന്റെ വീട്ടില്‍ ചോറ് വയ്ക്കാന്‍ അരി ഇല്ലായിരുന്നു. ഉച്ചക്ക് വെച്ച ചോറ് കുറച്ചു ബാക്കി ഉണ്ടായിരുന്നു. അത് ശ്രീധരന് കൊടുത്ത് ബാക്കി ഉണ്ടായിരുന്ന കഞ്ഞിവെള്ളം കുടിച്ച് അമ്മ കിടന്നു. അന്ന് രാത്രി അവന് ഉറങ്ങാന്‍ പറ്റിയില്ല. അവന്‍ അമ്മയെ ഓര്‍ത്ത് കിടന്നു.

ശ്രീധരന്‍ മുണ്ടിനൊപ്പം ഇടാന്‍ ഒരേ ഒരു ഷര്‍ട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു. ആഴ്ചയിലൊരിക്കല്‍ അമ്മ അത് കഴുകികൊടുക്കും. ഉരമൊക്കെ കീറി ആകെ നരച്ച ഒരു ഷര്‍ട്ട്. ബട്ടണുകള്‍ ഇല്ല. ഷര്‍ട്ടില്‍ പലയിടത്തും പേന കൊണ്ട് വരച്ചിട്ടുണ്ടാകും. നിക്കറിട്ട് ബെല്‍ട്ടു കെട്ടി നടക്കണമെന്ന് ശ്രീധരന്‍ വലിയ ആശയുണ്ടായിരുന്നു. അതൊരിക്കലും നടന്നില്ല. 
അമ്മയ്ക്ക് അക്ഷരാഭ്യാസം ഇല്ലായിരുന്നു. എന്നും അമ്മയ്ക്ക് രാമായണം കേള്‍ക്കണം. അച്ഛന്‍ കൊണ്ടുനടന്നിരുന്ന പുറം താളുകള്‍ നഷ്ടപ്പെട്ട രാമായണം കൊച്ചുശ്രീധരന്‍ വായിക്കുമ്പോള്‍ അമ്മ കണ്ണടച്ച് കേള്‍ക്കും. അമ്മ അടുത്തുണ്ടെങ്കില്‍ വായിക്കാന്‍ വേറെ വിളക്ക് വേണ്ട എന്ന് അവന് തോന്നുമായിരുന്നു.

അവന്റെ വീട്ടില്‍ എന്നും രാത്രിയായിരുന്നു ചോറ് വയ്ക്കാറ്. അതുകൊണ്ട് മിക്ക ദിവസവും രാവിലെ ശ്രീധരന് പഴങ്കഞ്ഞി ആയിരിക്കും കിട്ടുക. ചായയും കാപ്പിയും ദോശയും ഒന്നും ഉണ്ടാക്കാന്‍ അവന്റെ അമ്മയ്ക്ക് കഴിവില്ലായിരുന്നു. വല്ലപ്പോഴും ഒരിക്കല്‍ അരിയും തേങ്ങയും ശര്‍ക്കരയും കുഴച്ച് ഓട്ടു കലത്തില്‍ വച്ച് ഓട്ടട ഉണ്ടാക്കി അമ്മ അവന്‍ കൊടുക്കുമായിരുന്നു. ശ്രീധരന് കിട്ടുന്ന ഏറ്റവും വലിയ പലഹാരം അതായിരുന്നു.

ചക്കയുള്ള കാലത്ത് മൂന്നു നേരവും ചക്ക തന്നെയായിരുന്നു പ്രധാന ഭക്ഷണം. കപ്പ ഉള്ളപ്പോള്‍ കപ്പ മാങ്ങക്കാലത്ത് മാങ്ങ. കദളി വാഴക്കയ്യിലിരുന്ന് കാക്ക വിരുന്ന് വിളിക്കുന്നത് അവന്‍ കാത്തിരിക്കും. കാക്ക അങ്ങനെ ശബ്ദം ഉണ്ടാക്കുന്നത് വിരുന്നുകാര്‍ വരുമ്പോഴാണെന്ന് അവന്റെ നാട്ടില്‍ ഒരു വിശ്വാസം ഉണ്ടായിരുന്നു. അങ്ങനെയുള്ള ദിവസങ്ങളില്‍ വീട്ടില്‍ കറിക്ക് കടുക് താളിക്കും. സ്വാദോടെ കറികള്‍ കൂട്ടി ഈണുകഴിക്കാന്‍ കിട്ടും.

1938 ഫെബ്രുവരി 12 നാണ് ശ്രീധരന്‍ ജനിച്ചത്. പത്ത് വയസാവും മുമ്പ് ശ്രീധരന്‍ സ്വതന്ത്ര ഇന്ത്യയിലെ പൗരനായി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം മറ്റു കുട്ടികള്‍ക്കൊപ്പം ശ്രീധരനും, ത്രിവര്‍ണ പതാക പിടിച്ച് ''മഹാത്മാഗാന്ധി കീ ജയ്' ഭാര തമാതാ കീ ജയ്'' എന്നൊക്കെ വിളിച്ച് നടന്നു. എന്താണ് നടക്കുന്നതെന്നൊന്നും കൃത്യമായി പിടി കിട്ടിയില്ലെങ്കിലും സ്വാതന്ത്ര്യം കിട്ടുക എന്നത് വലിയ കാര്യമാണെന്ന് അവന് അറിയാമായിരുന്നു. ഗാന്ധിജി വെടിയേറ്റ് മരിച്ച ദിവസം അവന്‍ ഒരുപാട് കരഞ്ഞു. ടീച്ചര്‍മാരൊക്കെ പൊട്ടിക്കരഞ്ഞതും ഗാന്ധിജി മരിച്ച ദുഃഖം പങ്കിടാന്‍ യോഗം നടത്തിയതുമൊക്കെ അവന്‍ വീട്ടില്‍ വന്ന് അമ്മയോട് പറഞ്ഞു. അമ്മയും കരഞ്ഞു.

ഗ്രാമത്തില്‍ ചുറ്റി നടക്കാന്‍ ശ്രീധരന്‍ വലിയ ഇഷ്ടമായിരുന്നു. അവന്റെ പെരുമ്പടവം ഗ്രാമം സാധാരണക്കാരുടെ ഗ്രാമമാണ്. കരിങ്ങനാട്ടു കുളത്തിലെ വെള്ളത്തിന്റെ നീലനിറം നോക്കി അവനിരിക്കും. ഒരുപാട് ആഴമുള്ള കുളം ആയതിനാല്‍ ആണ് ഇത്ര നീലനിറം എന്ന് കൂട്ടുകാര്‍ പറഞ്ഞ് കേട്ട അവന്‍ അറിയാം. സ്‌കൂള്‍ വിട്ട് വന്ന് കൂട്ടുകാര്‍ കുളത്തില്‍ തകര്‍ത്തു കളിക്കും. നാട്ടിലെ കാര്‍ണവന്മാര്‍ വന്ന് പിള്ളേരെ ഓടിക്കും.

പിള്ളേര്‍ തമ്മില്‍ വഴക്ക് ഉണ്ടാക്കിയാല്‍ കണ്ടു നില്‍ക്കുന്ന മുതിര്‍ന്നവര്‍ അടി കൊടുക്കും. ആരും പരാതി പറയില്ല. ചില വീട്ടുകാര്‍ പറയും ''നന്നായി, രണ്ടടി കൂടുതല്‍ കൊടുക്കേണ്ടതായിരുന്നു.''കുട്ടികള്‍ വീട്ടിന് പുറത്ത് കളിക്കാന്‍ പോകുമ്പോഴും ആണ്‍പെണ്‍ വൃത്യാസമില്ലാതെ നാട്ടുകാര്‍ സ്വന്തം കുട്ടികളെ പോലെ നോക്കും. പിള്ളേരുടെ കൂടെ കൂടി അക്രമങ്ങള്‍ ഒന്നും കാണിക്കുന്ന കൂട്ടത്തില്‍ ആയിരുന്നില്ല ശ്രീധരന്‍. അമ്മമാരോട് അവന്‍ വലിയ ഇഷ്ടമായിരുന്നു. സ്‌കൂള്‍ വിട്ടുവരുന്ന വഴി ഒരു പറമ്പില്‍ മാങ്ങ പറിച്ചു കൊണ്ടിരിക്കുന്ന ഒരു അമ്മൂമ്മ ഉണ്ടായിരുന്നു. സ്‌കൂള്‍ പിള്ളേര്‍ അമ്മൂമ്മയുടെ മാങ്ങ മുഴുവന്‍ പെറുക്കി കൊണ്ടുപോകും. ശ്രീധരന്‍ ഒരു മാങ്ങ പോലും എടുക്കില്ല. അവന്റേത് അല്ലാത്തത് ഒന്നും എടുക്കാന്‍ പാടില്ല എന്ന് അവന്‍ തോന്നിയിരുന്നു. പിളേളരെ ഓടിക്കാന്‍ അമ്മൂമ്മ ഉച്ചത്തില്‍ വഴക്കു പറയുന്നതും പിള്ളേര്‍ കൂകിയാര്‍ത്ത് ഓടി മറയുന്നതും ഒക്കെ അവന്‍ നോക്കി നില്‍ക്കും. അവന്റെ ഈ നില്‍പ്പ് കണ്ട് ഒരു ദിവസം അമ്മൂമ്മ അവന്റെ അടുത്ത് വന്ന് ചോദിച്ചു.

''നീ എവിടുത്തെയാ കുഞ്ഞേ?' അരിയപ്പനായിലെ ലക്ഷ്മിയുടെയും നാരായണന്റെയും മകന്‍ ആണെന്ന് അവന്‍ പറഞ്ഞു. അതു കേട്ട അമ്മൂമ്മ അവന്റെ തോളില്‍ കൈവച്ച് ലാളിച്ചു. ഒരു വട്ടിയില്‍ കുറേ മാങ്ങ എടുത്തു അവന് കൊടുത്തു. ആ മാങ്ങകള്‍ ശ്രീധരന്റെ കണ്ണ് നനയിച്ചു. ഒരു പാവം പയ്യനെ തിരിച്ചറിയുന്ന ഗ്രാമനന്മകള്‍ ഓര്‍ത്ത് അവന്‍ കരഞ്ഞു പോയി.

പെരുമ്പടവം അരിയപ്പനായില്‍ നാരായണന്‍ ആയിരുന്നു ശ്രീധരന്റെ അച്ഛന്‍. അമ്മ ലക്ഷ്മി. അനിയത്തി പങ്കജാക്ഷി. അവനേക്കാള്‍ മൂന്ന് വയസ്സ് ഇളപ്പം ഉണ്ടായിരുന്നു അനിയത്തിക്ക്.
പെരുമ്പടവത്ത് ശ്രീധരന്റെ ഓര്‍മ്മയില്‍ ആലേഖനം ചെയ്യപ്പെട്ട നിരവധി മനുഷ്യരുണ്ട്. അവന്റെ കുട്ടിക്കാലത്തെ സമ്പന്നമാക്കിയ അവനെ രൂപപ്പെടുത്തിയ നാട്ടുമ്പുറത്തുകാര്‍.

വലിയപ്രായില്‍ കുഞ്ചെറിയ വല്യപ്പന്‍ പെരുമ്പടവത്ത് നിന്ന് അല്പദൂരം മാറിയാണ് താമസിച്ചിരുന്നത്. അന്ന് ശ്രീധരന്റെ ഗ്രാമത്തില്‍ റോഡുകള്‍ ഉണ്ടായിരുന്നില്ല. ഒറ്റയടി പാതകളും തൊണ്ടുകളും (ഇടവഴി, ഉയര്‍ന്ന കയ്യാലകള്‍ക്കിടയിലൂടെ നടക്കാനുള്ള വഴി) ആണ് ഉണ്ടായിരുന്നത്.
വലിയപ്രായില്‍ കുഞ്ചെറിയ വലിയപ്പന്‍ എന്നും രാവിലെ ഒറ്റമുണ്ടുടുത്ത് പാടത്തിലൂടെ നടന്നു വരും. കയ്യിലുള്ള കത്തി ഉപയോഗിച്ച് കയ്യാലയും തൊണ്ടും മുഴുവന്‍ വൃത്തിയാക്കും. വഴിയരികിലുള്ള ഇഞ്ച, മുള്ളുകള്‍, പടര്‍ന്നു കിടക്കുന്ന പള്ളപോച്ച എന്നു വേണ്ട പാഴ്‌ച്ചെടികള്‍ ഒക്കെ ഒറ്റയ്ക്ക് വെട്ടിമാറ്റും. അയാളുടെ മക്കളൊന്നും ആ വഴി നടക്കുന്നില്ലായെന്ന് ശ്രീധരന്‍ ഓര്‍ക്കും. നാട്ടുകാര്‍ക്ക് വേണ്ടിയാണ് ആ വഴികള്‍ കാര്‍ന്നോര്‍ വൃത്തിയാക്കിയിരുന്നത്. മറ്റുള്ളവരുടെ കാലില്‍ മുള്ളും കല്ലും കൊള്ളാതിരിക്കാന്‍ വഴിയരികില്‍ പാമ്പുകള്‍ ഒളിച്ചിരിക്കാതിരിക്കാന്‍ വലിയപ്രായില്‍ കുഞ്ചെറിയ വല്യപ്പന്‍ ചെയ്തിരുന്ന സേവനം ശ്രീധരന്റെ മനസ്സില്‍ ചെറുപ്പത്തിലെ പതിഞ്ഞു.

കൊച്ചുശ്രീധരനെ സ്വാധീനിച്ച മറ്റൊരാള്‍ പൊന്നാരം മുത്തിയായിരുന്നു. ആരോരുമില്ലാത്ത പൊന്നാരം മുത്തി ശ്രീധരന്റെ വീടിന്റെ രണ്ടു മൂന്ന് പറമ്പിനപ്പുറത്ത് ഒരു ചെറിയ കുടിലില്‍ ആടുകളുടെയും പട്ടികളുടെയും പുച്ചകളുടെയും കൂടെ ജീവിച്ചു. വീടെന്നു പറയുമ്പോള്‍ വൈക്കോല്‍ മേഞ്ഞകൂരയും മണ്ണ് കുഴച്ച് വച്ചുണ്ടാക്കിയ ചുവരുകളുമുള്ള ഒരു മാടം. കറുത്ത് മെലിഞ്ഞു ചെമ്പന്‍ നിറം കലര്‍ന്ന മുടിയുള്ള മുത്തി കഴുത്തില്‍ പല നിറത്തിലുള്ള മുത്തുകള്‍ കോര്‍ത്ത ഒരു പുളിങ്ങ മാല ഇടും. കൂലിവേല ചെയ്തു കിട്ടുന്ന പൈസയ്ക്ക് മുഴുവന്‍ സാധനങ്ങള്‍ വാങ്ങി പൊന്നാരം മുത്തി ആഹാരം ഉണ്ടാക്കും. അവരും ആടുകളും പട്ടികളും ഒക്കെകൂടി ഒറ്റ പാത്രത്തില്‍ നിന്ന് ആഹാരം കഴിക്കും.

അവര്‍ ഉറങ്ങുന്നതും ആ മൃഗങ്ങളുടെ കൂടെ കിടന്നായിരുന്നു. ഒരു ദിവസം മുത്തിയുടെ നെഞ്ചു പൊട്ടിയുള്ള കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. അവരുടെ ഒരു ആടിനെ കാണുന്നില്ല. സഹിക്കാനാവാത്ത കരച്ചില്‍ കേട്ട നാട്ടുകാരില്‍ ചിലര്‍ ആടിനെ തിരക്കിയിറങ്ങി. ഒടുവില്‍ ആടിനെ കിട്ടിയപ്പോഴാണ് മുത്തി കരച്ചില്‍ നിര്‍ത്തിയത്. മനുഷ്യബന്ധങ്ങളുടെ പവിത്രത ശ്രീധരന്‍ മനസിലാക്കിയത് ഗ്രാമത്തില്‍ നിന്നാണ്. ഒരാള്‍ക്ക് ഒരു ആവശ്യം വന്നാല്‍ എല്ലാവരും ഉണ്ടാവും. ജനനമോ മരണമോ കല്യാണമോ എന്തായാലും.

ഒരു ദിവസം ഒരാള്‍ പറയും. ''വര്‍ക്കി ചേട്ടന്റെ പുര മേയാറായി. നമുക്ക് എല്ലാവര്‍ക്കും കൂടി വര്‍ക്കി ചേട്ടന്റെ പുര മേയാം.'' എല്ലാവരും കൂടി ചേര്‍ന്ന് വീട് മേഞ്ഞ് കൊടുക്കും. ഇതായിരുന്നു ഗ്രാമത്തിലെ രീതി. കപ്പ പറിച്ച് ഉണക്കി സൂക്ഷിക്കുകയും വില്‍ക്കുകയും ചെയ്യുന്നത് ഗ്രാമത്തിലെ പതിവായിരുന്നു. ഒരാളുടെ പറമ്പിലെ കപ്പ പറിച്ച് ചുരണ്ടി പാറപ്പുറത്ത് കൊണ്ടിട്ട് ഉണക്കുന്നത് അയാള്‍ മാത്രമല്ല ചുറ്റുമുള്ളവര്‍ എല്ലാവരും കൂടിയാണ്. മനുഷ്യബന്ധങ്ങളുടെ ആഴത്തില്‍ ജീവിക്കാന്‍ അവര്‍ക്ക് കഴിവുണ്ടായിരുന്നു. ജാതിമത രാഷ്ട്രീയ ചിന്തകള്‍ അവരെ വേര്‍തിരിച്ചിരുന്നില്ല, ഒന്നിച്ചു ജീവിക്കുന്നവര്‍. മനുഷ്യരുടെ അന്യോന്യം സഹകരണം ഇവ കണ്ടാണ് ശ്രീധരന്‍ വളര്‍ന്നത്. മനുഷ്യബന്ധങ്ങളുടെ പവിത്രത, അമൂല്യത ഒക്കെ അവന്‍ കുട്ടിക്കാലത്തേ അറിഞ്ഞു.

ഓടിട്ട നെടുമ്പുര പോലെയായിരുന്നു ശ്രീധരന്റെ സ്‌കൂള്‍ കെട്ടിടം. എന്‍ എസ് എസ്സിലെ ഇട്ടിരാമന്‍നായരായിരുന്നു ഗ്രാമത്തില്‍ സ്‌കൂള്‍ സ്ഥാപിച്ചത്. ഇടങ്ങഴി കൊണ്ട് പണം അളന്ന് നല്‍കുന്ന ഇട്ടിരാമന്‍ നായര്‍ ജീവിതാന്ത്യത്തില്‍ അന്ധനും ദരിദ്രനും ആയി മാറിയത് ശ്രീധരന്‍ കണ്ടിട്ടുണ്ട്. കണ്ണു കാണാതെ വടിയും കുത്തി പിടിച്ചു പോകുന്ന രാമന്‍നായര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ ചോദിക്കും.
''അത് ആരാ? '
'ഇത്. '
തന്റെ കയ്യില്‍ കാശുണ്ടോ ഒരു ചായക്ക്?'
പണം കിട്ടിയാല്‍ കടയില്‍ പോയി ചായ കുടിക്കും. ഇല്ലെങ്കില്‍ ഒന്നും മിണ്ടാതെ നടന്നു പോകും.

ഓണക്കാലം ശ്രീധരന് വലിയ ഇഷ്ടമായിരുന്നു. കര്‍ക്കടകം മാറി ചിങ്ങം വരുമ്പോള്‍ ഉഷാറാകും. പ്രകൃതി മുഴുവന്‍ ഉത്സവാഘോഷത്തിലാണെന്ന് അവന്‍ തോന്നും. ഗ്രാമം മുഴുവന്‍ പൂക്കുന്ന കാലമാണ്. ഓണപ്പൂവും ഓണവെയിലും ഓണനിലാവും ഒക്കെ അവനെ ലഹരി പിടിപ്പിക്കും. ഓണസദ്യ അവന്‍ കാത്തിരിക്കും. പായസം, പപ്പടം, എരിശ്ശേരി, അവിയല്‍, തോരന്‍ ഒക്കെ കൂട്ടി നാലഞ്ചു ദിവസം സുഭിക്ഷ ഭക്ഷണം. ഈഞ്ഞാലാട്ടവും തലപ്പന്ത്കളിയും ഒക്കെ ഓണക്കാലത്ത് പൊടിപൊടിക്കും. ഓലമെടഞ്ഞ് പന്തുണ്ടാക്കുന്നതില്‍ ശ്രീധരന്‍ മിടുക്കനായിരുന്നു. ഓണക്കാലത്ത് തുമ്പിതുള്ളലും കുമ്മികളിയും അവന്റെ നാട്ടില്‍ പതിവാണ്. അവന്‍ അതൊക്കെ കണ്ടും കേട്ടും കളിച്ച് നടക്കും. തുമ്പിതുള്ളല്‍ പാട്ട് അവനിഷ്ടമായിരുന്നു.

''എന്തേ തുമ്പി തുള്ളാത്തേ
പൂവ് പോരാഞ്ഞോ പൂക്കില പോരാഞ്ഞോ
എന്തേ തുമ്പീ തുള്ളാത്തേ''
എന്നൊക്കെ പാടിയാണ് ഓണക്കാലം ആഘോഷിക്കുന്നത്.

ഓണം പോലെ ക്രിസ്തുമസ്സും അവന്റെ നാട്ടില്‍ ഘോഷത്തോടെ കൊണ്ടാടിയിരുന്നു. ഒരു ചെറിയ പള്ളി ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. പള്ളിയില്‍ വര്‍ണക്കടലാസുകൊണ്ട് നക്ഷത്രവിളക്കുകളും നക്ഷത്രങ്ങളും ഉണ്ടാക്കും. കരോള്‍ പാട്ടുസംഘത്തിലെ പ്രധാനിയായിരുന്നു ശ്രീധരന്‍. തലയില്‍ പെട്രോമാക്‌സ് ലൈറ്റ് ഒക്കെ പിടിച്ച് സാന്താക്ലാസ്സുമൊത്ത് ഓരോ വീട്ടിലും പോയി പാട്ടുപാടും. വീടുകളില്‍ നിന്ന് കരോള്‍ സംഘങ്ങള്‍ക്ക് പലഹാരവും കാപ്പിയും കൊടുക്കുമായിരുന്നു.

കരോള്‍ സംഘത്തിന് വേണ്ടി ശ്രീധരന്‍ പാട്ടുകള്‍ എഴുതി കൊടുക്കും. ക്രിസ്തുമസ് ദിവസം ഇഡിയപ്പവും ഇറച്ചിയും ഒക്കെ അയല്‍വീടുകളില്‍ നിന്ന് പകര്‍ച്ചയായി ശ്രീധരന്റെ വീട്ടില്‍ എത്തുമായിരുന്നു.
ക്രിസ്തുവുമായി ബന്ധപ്പെട്ട എന്തും ശ്രീധരന് ഇഷ്ടമായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ക്രിസ്തു അവന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആള്‍ ആയി മാറിയിരുന്നു. സ്‌കൂള്‍കുട്ടിയായിരിക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവം അവനെ ക്രിസ്തുവിനോട് വളരെ അടുപ്പിച്ചു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ശ്രീധരന് ഉച്ചഭക്ഷണമില്ലായിരുന്നു. ഉച്ചഭക്ഷണത്തിന് ബെല്‍ അടിക്കുമ്പോള്‍ ക്ലാസ്സിലെ മറ്റു കുട്ടികള്‍ പാത്രവുമായി ഭക്ഷണം കഴിക്കാന്‍ ഇരിക്കും. ശ്രീധരന്‍ കൂട്ടുകാര്‍ ആരും കാണാതെ പള്ളിയിലേക്ക് നടക്കും. പള്ളിക്കിണറ്റില്‍ നിന്ന് വെള്ളം കോരികുടിച്ചു വിശപ്പാറ്റി അവന്‍ പള്ളിയ്ക്കകത്ത് കയറി ഇരിക്കും. ഒരു ദിവസം അങ്ങനെ തൂണും ചാരി ഇരിക്കുമ്പോള്‍ ക്രിസ്തുവിന്റെ ക്രൂശിതരൂപം ശ്രീധരന്‍ കണ്ടു. മരണവേദന അനുഭവിക്കുന്ന ക്രിസ്തു ആ നിമിഷം അവന്റെ മനസ്സില്‍ കൂടിയേറി. അപ്പോള്‍ മുതല്‍ ക്രിസ്തു അവന്റെ ജീവിതത്തിലെ ഏററവും പ്രിയപ്പെട്ട കൂട്ടുകാരനും ഏറ്റവും പ്രിയപ്പെട്ട വ്യക്തിയുമായി മാറി.

കഥാപ്രസംഗം ശ്രീധരന്‍ ഇഷ്ടപ്പെട്ട കലയായിരുന്നു. കഥാപ്രസംഗം സ്വന്തമായി എഴുതി അവതരിപ്പിക്കാന്‍ അവന് വലിയ ഉത്സാഹമായിരുന്നു. അങ്ങനെ കുറച്ചു പേരൊക്കെ അവനുംകിട്ടി. കഥാപ്രസംഗം അവതരിപ്പിച്ച് കഴിയുമ്പോള്‍ അവല്‍ നനച്ചതും ചൂട് കട്ടന്‍കാപ്പിയും ഒക്കെ കൊടുത്ത് ആളുകള്‍ അവനെ സന്തോഷിപ്പിക്കും. കഥാപ്രസംഗം പോലെ തന്നെ നാടകവും ശ്രീധരന് ഇഷ്ടപ്പെട്ട കലയായിരുന്നു. ''ജനോവ'' ആണ് അവന്‍ ആദ്യം കണ്ട നാടകം. ആ നാടകത്തിന് പ്രോംപ്റ്റ് ചെയ്തത് അവന്റെ അച്ഛനായിരുന്നു. സ്റ്റേജില്‍ പെട്രോമാക്‌സ് വിളക്ക് കത്തിച്ച് വച്ച് നാടകം അരങ്ങേറുമ്പോള്‍ ശ്രീധരന്‍ മുന്‍വരിയില്‍ തന്നെ ഉണ്ടാകും. മൈക്കില്ലാത്തതുകൊണ്ട് നാടകം അഭിനയിക്കുന്നവര്‍ ഉച്ചത്തില്‍ സംസാരിച്ച് കൊണ്ടാണ് അഭിനയിച്ചിരുന്നത്. കണ്ണ് പൂട്ടാതെ ചെവി കൂര്‍പ്പിച്ച് നാടകം മുഴുവന്‍ കാണും. അവന്റെ കൊച്ചു മനസ്സില്‍ സര്‍ഗ്ഗാത്മകതയുടെ ആദ്യസ്പന്ദനങ്ങള്‍ ഉണര്‍ന്നത് ഇങ്ങനെയൊക്കെയായിരുന്നു.

മുള്ളക്കത്ത് അമ്പലത്തിലെ പാട്ടുകച്ചേരിയും കഥകളിയും കാണാന്‍ മുന്‍നിരയില്‍ തന്നെ ശ്രീധരന്‍ ഉണ്ടായിരുന്നു. പെരുമ്പടവം കാവിലെ താലപ്പൊലിയും ഗരുഡന്‍ തൂക്കവും അവന് ഇഷ്ടപ്പെട്ട കാഴ്ചകളായിരുന്നു. വെളിച്ചപ്പാട് തുള്ളി കല്പന നല്‍കും.''നിങ്ങളുടെ സങ്കടങ്ങള്‍ ഞാന്‍ കാണുന്നുണ്ട് എന്റെ കാര്യങ്ങളും നന്നായി നോക്കൂ'' എന്നൊക്കെയാണ് കല്പനകള്‍.

വളരെ ചെറുപ്പത്തില്‍ തന്നെ അവന്‍ ബൈബിള്‍ വായിക്കുമായിരുന്നു. മേയ് മാസത്തില്‍ അര്‍ണോസ് പാതിരിയുടെ പുത്തന്‍പാന വായിക്കാന്‍ അയല്‍പക്കത്തെ ക്രിസ്ത്യാനികളുടെ വീടുകളില്‍ അവനെ വിളിച്ചുകൊണ്ടുപോകുമായിരുന്നു. കര്‍ക്കിടക മാസത്തില്‍ വീടുകളില്‍ രാമായണം വായിക്കാനും ശ്രീധരന്‍ വേണമായിരുന്നു. ഹരിനാമകീര്‍ത്തനവും മറ്റും അവന്‍ ഈണത്തില്‍ പാടും.
ശ്രീധരന്റെ കുട്ടിക്കാലത്ത് സിനിമയ്ക്ക് പോകുന്നത് ഉത്സവം കാണാന്‍ പോകുന്നതു പോലെ ആയിരുന്നു. വല്യമ്മയും അമ്മയുമൊത്ത് ആരായ്ച്ചമണി ആയിരം തലൈവി, അപൂര്‍വ്വചിന്താമണി ഒക്കെ കാണാന്‍ പോയത് നല്ല ഓര്‍മ്മയാണ്. അന്ന് നാലഞ്ച് കിലോ മീറ്ററോളം നടന്ന് പിറവത്ത് പോയി വേണം സിനിമ കാണാന്‍. ആഴ്ചതോറും സിനിമ മാറുമ്പോള്‍ പുതിയ സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ച് ബോര്‍ഡും നോട്ടീസും ചെണ്ടകൊട്ടുമായി തീയേറ്ററുകള്‍ ഗ്രാമത്തിലേക്ക് വരും. ചിലപ്പോള്‍ അലങ്കരിച്ച കാളവണ്ടിയും ബാന്‍ഡ് മേളവും ഒക്കെ ആയിട്ടായിരിക്കും അവരുടെ വരവ്. ശ്രീധരന്‍ വണ്ടിയുടെ അടുത്തേക്ക് ഓടിച്ചെല്ലും. ചിലപ്പോള്‍ കുറെ ദൂരം വണ്ടിയുടെ പിന്നാലെ നടക്കും. അതില്‍ നിന്ന് കിട്ടുന്ന നോട്ടീസ് ഒരു അത്ഭുതമായിരുന്നു. ഒരു നിധി പോലെ അത് കൊണ്ടു നടക്കും. ജഗതല പ്രതാപന്‍, ഹരിദാസ്, പാതാള ഭൈരവി, പാര്‍ത്ഥിപന്‍ കനവ്, ജീവിത നൗക തുടങ്ങി നിരവധി സിനിമകളുടെ നോട്ടീസുകള്‍ ശ്രീധരന്‍ സൂക്ഷിച്ചു വച്ചു. അത്ഭുതത്തോടെയാണ് അവന്‍ സിനിമ കണ്ടത്. 

വീട്ടുകാരോടൊപ്പം ഒരു യാത്ര അതും അവനെ സന്തോഷിപ്പിച്ചിരുന്നു. കുറച്ചു വലുതായപ്പോള്‍ ശ്രീധരന്‍ ഒറ്റയ്ക്ക് സിനിമ കാണാന്‍ പോയിത്തുടങ്ങി. എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ നാലോ അഞ്ചോ അണ കാണും കയ്യില്‍. നാലണ (ഇന്നത്തെ 25 പൈസ)യാണ് അന്ന് തറടിക്കറ്റിന്. മാറ്റിനി ഞായറാഴ്ച മാത്രമേ ഉള്ളൂ. അര അണയ്ക്കുള്ള സിനിമ കാണാന്‍ ശ്രീധരന്‍ നാലരയ്ക്ക് തന്നെ എത്തും. പിറവം സെന്‍ട്രല്‍ ടാക്കീസിന് മുന്നിലെത്തി പ്ലേറ്റ് വയ്ക്കുന്നത് കാത്തിരിക്കും. സിനിമ തുടങ്ങുന്നതിന് മുന്‍പ് ഉച്ചഭാഷിണിയില്‍ സിനിമയിലെ പാട്ടുകള്‍ കേള്‍പ്പിക്കുന്ന സമ്പ്രദായം (പ്ലേറ്റ് വയ്ക്കല്‍) അന്ന് ഉണ്ടായിരുന്നു. നേരത്തെ എത്തി സിനിമ തിയേറ്ററിന്റെ അടുത്ത കടയിലിരുന്ന് സിനിമയിലെ പാട്ടുകള്‍ കേള്‍ക്കും. ചിലപ്പോള്‍ ആദ്യത്തെ കളിയുടെ ബാക്കി ഡയലോഗുകളും കേള്‍ക്കാം. രാത്രി സിനിമ കഴിഞ്ഞ് ഒറ്റയ്ക്ക് വീട്ടിലേക്ക് പോകാന്‍ ശ്രീധരന് പേടിയാണ്. 9.30 ന് ഉള്ള ഷോ കഴിയാന്‍ ഒരു മണിയാകും. അതു കഴിഞ്ഞ് എല്ലാവരും പോകുന്ന കൂട്ടത്തില്‍ ശ്രീധരന്‍ പതുക്കെ കിഴക്കോട്ട നടക്കും. പിറവത്ത് ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്തുള്ള കൊടുംവളവില്‍ വഴിയരുകില്‍ ഒരു ചെറിയ കുരിശു പള്ളി ഉണ്ടായിരുന്നു. കുരിശുപള്ളിയുടെ നടയില്‍ അരണ്ടവെളിച്ചത്തില്‍ ചെന്ന് കിടക്കും. ആണി പഴുതിന്റെ പാടുള്ള കൈ ഉയര്‍ത്തി ലോകത്തെ അനുഗ്രഹിച്ച് കൊണ്ട് നില്‍ക്കുന്ന ക്രിസ്തു ആണ് അവന് കൂട്ട്. നേരം പരപരാന്ന് വെളുക്കുമ്പോള്‍ എഴുന്നേററ് ക്രിസ്തുവിനോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പോകും.

''ജഹോവ' സിനിമ കാണാന്‍പോയ ദിവസം ഉണ്ടായ കഥ അവനൊരിക്കലും മറന്നിട്ടില്ല. രണ്ടാമത്തെ ഷോ കഴിഞ്ഞ് ആളുകളൊക്കെ പിരിഞ്ഞ് പോയിരുന്നു. സിനിമ തീയേറ്ററിന് മുന്നില്‍ രണ്ടാമത്തെ ഷോ കഴിയുന്നതുവരെ തുറന്നിരിക്കുന്ന ഒരു ചെറിയ ചായക്കടയുണ്ട്. വല്ലാത്ത വിശപ്പ്. കയ്യില്‍ ഒരണയുണ്ട്. അത് കൊണ്ട് ഒരു കട്ടന്‍ചായ കിട്ടും. പലഹാരത്തിന് കാശില്ല. ലോറിക്കാരെന്ന് തോന്നിക്കുന്ന ചിലര്‍ അവിടെ ഉണ്ടായിരുന്നു. ഒരു കട്ടന്‍ ചായയ്ക്ക് പറഞ്ഞു ശ്രീധരന്‍ അവിടെ ഇരുന്നു. കടുപ്പമുള്ള ചായ വന്നു. അവന്‍ ചായമാത്രം കുടിക്കുന്നത് കണ്ട് അടുത്തിരുന്ന ഒരാള്‍ അയാളുടെ പാത്രത്തില്‍ നിന്ന് ഒരു പിടി മധുരസേവ എടുത്തുകൊടുത്തു. അവന് വേണമെന്ന് തോന്നി. പക്ഷെ ദുരഭിമാനം കാരണം ആദ്യം വേണ്ടെന്ന് പറഞ്ഞു. അയാള്‍ സ്‌നേഹത്തോടെ നിര്‍ബന്ധിച്ചു. ഒടുവില്‍ ശ്രീധരന്‍ അതു വാങ്ങി കഴിച്ചു. അയാള്‍ അവനെ ശ്രദ്ധിക്കാതെ ഇറങ്ങിപ്പോയി. അന്ന് കഴിച്ച മധുരസേവയുടെ മധുരം അതിലടങ്ങിയ സ്‌നേഹം കൊണ്ടുകൂടി ഏറെനാള്‍ ശ്രീധരന് ഒപ്പമുണ്ടായിരുന്നു.

ശ്രീധരന്റെ ഗ്രാമത്തില്‍ കവിത സ്വാഭാവികമായി അലിഞ്ഞു ചേര്‍ന്നിരുന്നു. പ്രശസ്ത കവികളായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണന്‍, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, കരുണ തുടങ്ങിയവയൊക്കെ അവിടുത്തെ സ്ര്തീകള്‍ക്ക് കാണാപാഠമായിരുന്നു. കൂട്ടം കൂടിയിരുന്ന് കവിതകള്‍ ചൊല്ലുന്നത് അവിടുത്തെ ഒരു രീതിയായിരുന്നു. അമ്മൂമ്മ പറഞ്ഞിട്ട് പലവട്ടം ശ്രീധരന്‍ രമണന്‍ വായിച്ചു കേള്‍പ്പിച്ചു. അമ്മയും താല്‍പര്യത്തോടെ കേട്ടു. അങ്ങനെ കവിതയിലേക്കുള്ള വഴി അവന് മുന്നില്‍ തുറക്കുകയായിരുന്നു. വിക്രമാദിത്യന്‍ കഥകളും മറ്റും വായിക്കുമ്പോള്‍ വീട്ടിലുള്ളവര്‍ ചെവിയോര്‍ത്ത് ഇരിക്കുന്നത് കണ്ട് അവന്‍ ആവേശത്തോടെ കഥകളുടെ ലോകത്തേക്ക് ഇറങ്ങിച്ചെന്നു. ചന്തയില്‍ ചപ്ലാംകട്ട കൊട്ടി പാടിയിരുന്ന കവിതകള്‍ കേള്‍ക്കാന്‍ ഒരുപാട് ഇഷ്ടമായിരുന്നു.'' ഒറ്റക്കൊമ്പില്‍ ഇരട്ടതൂക്കം'' ''സരോജിനിയുടെ കടുംകൈ'' തുടങ്ങിയ നിരവധി പാട്ടുകള്‍ അവന്‍ അവിടെ കേട്ടു. ശീലാവതി പാട്ട് അവന്റെ കുട്ടിക്കാല ഓര്‍മ്മകളില്‍ നിറഞ്ഞു നിന്നു.

അവന്‍ പഠിച്ചിരുന്ന അവര്‍മ്മ എന്‍.എസ്.എസ്. ഗവ. സ്‌കൂളിലെ ചില അദ്ധ്യാപകരില്‍ ചിലര്‍ അച്ഛന്റെ കൂട്ടുകാരായിരുന്നു. അവരുടെ ഓര്‍മ്മകളില്‍ നിന്ന് അച്ഛന്റെ ചിത്രം വരച്ചെടുക്കാന്‍ ശ്രീധരന്‍ ഒരുപാട് ശ്രമിച്ചു. അച്ഛനെ കുറിച്ച് കേള്‍ക്കാന്‍ അവന് ഇഷ്ടമായിരുന്നു. അനാഥവും ഏകാന്തവുമായ ജീവിതം അവന്‍ വായന കൊണ്ടുനിറച്ചു. കവിതയായിരുന്നു ഏറെ ഇഷ്ടം. പാഠപുസ്തകത്തിലെ കവിതകള്‍ അധ്യാപകര്‍ ചൊല്ലുന്നത് കേട്ടിരിക്കും. അഞ്ചാം ക്ലാസ്സില്‍ മാത്യു ഇട്ടന്‍ സാര്‍ പന്തളം കേരളവര്‍മ്മയുടെ കവിത നാലഞ്ചു ഈണങ്ങളില്‍ ചൊല്ലി കേള്‍പ്പിച്ചത് അവനെ ഒരുപാട് ആകര്‍ഷിച്ചു.

Perumbadavam Sreedharan, p k Rajasekharan, chullikkad
പെരുമ്പടവം ശ്രീധരന്‍, പി.കെ രാജശേഖരന്‍, ചുള്ളിക്കാട്, സക്കറിയ

''ഓടും മൃഗങ്ങളെ തേടി നരപതി
കാടകം പുക്കൊരു നേരത്തിങ്കല്‍''
മാത്യു ഇട്ടന്‍ സാറിന്റെയും ആലപുരത്ത് നിന്ന് വന്നിരുന്ന വി.പി. നാരായണന്‍ നായര്‍ സാറിന്റെയും കവിത പഠിപ്പിക്കല്‍ കവിതയോടുള്ള അവന്റെ ഇഷ്ടം വര്‍ദ്ധിപ്പിച്ചു. കവിയാകണോ ചെണ്ടകൊട്ടുകാരന്‍ ആകണോ എന്ന് അവന്‍ സംശയമായി. അവന്റെ ഗ്രാമത്തിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും പ്രഗത്ഭരായ ചെണ്ടകൊട്ടുകാര്‍ ഉത്സവങ്ങള്‍ക്ക് ചെണ്ട കൊട്ടാന്‍ വരുമായിരുന്നു. അവരില്‍ വേലു ആശാനെപോലെ ഒരു ചെണ്ടകൊട്ടുകാരന്‍ ആകാന്‍ അവന്‍ കൊതിച്ചു. പൊക്കം കുറഞ്ഞു ഇരുനിറത്തില്‍ ഒരാളായിരുന്നു വേലുആശാന്‍. ചെണ്ട തോളത്തിട്ട ആശാന്‍ മേളം തുടങ്ങുമ്പോള്‍ ഗ്രാമം മേളകൊഴുപ്പില്‍ കോരിത്തരിക്കും. ചെണ്ടപ്പുറത്ത് മലര്‍ പൊരിയുന്നതുപോലെ തോന്നും എന്നാണ് നാട്ടുകാര്‍ ആശാന്റെ മേളത്തെക്കുറിച്ച് പറയാറ്. ആശാന്റെ മേളം കേള്‍ക്കുമ്പോള്‍ ശ്രീധരന്‍ ചെണ്ടകൊട്ടുകാരന്‍ ആകണമെന്ന് തോന്നും. എന്നാല്‍ നല്ല കവിതകള്‍ വായിക്കുമ്പോള്‍ കവി ആകണമെന്ന ആഗ്രഹം പൊന്തിവരും. കുന്നിന്‍ ചരിവിലോ തോട്ടുവക്കത്തോ പോയിരുന്നു ഈണത്തില്‍ കവിത വായിക്കാന്‍ അവന്‍ ഇഷ്ടമായിരുന്നു.

ശ്രീധരന് ധാരാളം സമയം ഉണ്ടായിരുന്നു. ആരോടും മിണ്ടാതെ കൂട്ടുകൂടാനും കളിച്ചു തകര്‍ക്കാനും അവസരമില്ലാതെ ജീവിക്കുന്ന ഒരു കുട്ടിക്ക് എത്രമാത്രം സമയമാണ് ഉണ്ടാവുക? ഒഴിവുനേരങ്ങളെ നിറയ്ക്കാന്‍ രാമത്തിലെ വായനശാലകളിലും സ്‌കൂള്‍ വായനശാലകളിലും പുസ്തകശേഖരങ്ങളിലുമൊക്കെ ശ്രീധരന്‍ പുസ്തകങ്ങള്‍ തേടി നടന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ളയും വള്ളത്തോള്‍ നാരായണമേനോനും ഉള്ളൂര്‍ എസ്. പരമേശ്വരയ്യരും ഒക്കെ അവന്റെ ഉള്ളില്‍ കവിതയുടെ അത്ഭുതപ്രപഞ്ചം സൃഷ്ടിച്ചു. ഉറക്കെയുറക്കെ കവിതകള്‍ വായിക്കുമ്പോള്‍ അവ കാണാതെപഠിച്ച് ചൊല്ലുമ്പോള്‍ ശ്രീധരന്റെ ഉള്ള്് നിറഞ്ഞു കവിഞ്ഞു. പിന്നെ ആ കവിതകള്‍ അവന്റെ ഉള്ളിലും കവിത ഉണര്‍ത്തി. അവന്‍ കവിതകള്‍ എഴുതാന്‍ തുടങ്ങി. കുന്നിന്‍ ചരിവില്‍ വിടരുന്ന പേരറിയാത്ത പൂവിനെ കുറിച്ച്, നക്ഷത്രങ്ങളെ കുറിച്ച്, സന്ധ്യയെയും പ്രഭാതത്തെയും കുറിച്ച് ഒക്കെ ശ്രീധരന്‍ കവിതകള്‍ എഴുതി. എഴുതിയ കവിതകള്‍ അവന്‍ ആരെയും കാണിച്ചില്ല. ശ്രീധരന്‍ കവിത എഴുതുമെന്ന് ആരും അറിഞ്ഞതും ഇല്ല. പക്ഷെ എഴുത്തും വായനയും ശ്രീധരനെ ഏകാന്തതയില്‍ നിന്ന് മോചിപ്പിച്ചു. അവന്റെ ചിന്തകളില്‍ കവിതയുടെ ഓജസ്സും തേജസ്സും നിറഞ്ഞു നിന്നു. പെരുമ്പടവം ഗ്രാമത്തില്‍ ആരും താന്‍ കവിത എഴുതുന്നത് അറിയരുതെന്ന് ശ്രീധരന് നിര്‍ബന്ധമായിരുന്നു. 

പാവപ്പെട്ട വീട്ടിലെ പയ്യന്‍ കവിതയെഴുതുന്നത് അവന്‍ മാത്രം അറിയുന്ന ഒരു രഹസ്യമായിരുന്നു. പല പല പേരുകളില്‍ കവിതയെഴുതി. മാതൃഭൂമിയുടെയും കൗമുദിയുടെയും ബാലപാക്തികളിലേക്ക് അയച്ചു കൊടുത്തു. ശ്രീദേവി, കൗസല്യ തുടങ്ങി നിരവധി പേരുകളിലാണ് കവിതകള്‍ അയച്ചത്. സ്വന്തം കവിതകള്‍ എഴുതിയ പേപ്പറുകള്‍ കൂട്ടിക്കെട്ടി പുസ്തകരുപത്തിലാക്കി ''പെരുമ്പടവം ശ്രീധരന്‍'' എന്ന് കവിയുടെ പേര്‍ എഴുതി ശ്രീധരന്‍ നിര്‍വൃതി കൊണ്ടു. അവന്റെ ഉള്ളില്‍ അവന്‍ എഴുത്തുകാരനായിരുന്നു, കവിയായിരുന്നു.

ശ്രീധരന്റെ ഉള്ളില്‍ വായനയുടെ വഴികള്‍ തുറന്നവരില്‍ അയല്‍പക്കത്തെ ബീഡിതെറുപ്പുകാരനായ രാമകൃഷ്ണന് ഉള്ള പങ്ക വലുതായിരുന്നു. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉള്ള രാമകൃഷ്ണന്‍ നാട്ടിലെ ബുദ്ധിജീവി ആയിരുന്നു. വായനയും ബീഡിതെറുപ്പും ഒരുമിച്ച് കൊണ്ടുപോയിരുന്ന രാമകൃഷ്ണനാണ് മാര്‍ക്‌സിലേക്കും ഏംഗല്‍സിലേക്കും ഒക്കെ ശ്രീധരനെ നയിച്ചത്. മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവയുഗം, സഹോദരന്‍, യുക്തിവാദി തുടങ്ങി നിരവധി വാരികളുടെയും മാസികകളുടെയും കെട്ടുകള്‍ രാമകൃഷ്ണന്‍ കൊണ്ടുവരും. രണ്ടുപേരും ചേര്‍ന്ന് അവയൊക്കെ വായിക്കും. ശ്രീധരന്റെ വായനാഭ്രമത്തിന് കൂട്ടുനില്‍ക്കുന്ന മറ്റൊരാള്‍ പെരുമ്പടവം പി.കെ.നായര്‍ ആയിരുന്നു. രാമകൃഷ്ണനെ പോലെ യുക്തിവാദി ആയിരുന്നു പി.കെ. നായരും.

ശ്രീധരന്റെ സംശയങ്ങള്‍ക്ക് രണ്ടുപേരും മറുപടി നല്‍കും. വായന ജീവിതമാക്കാന്‍ ശ്രീധരനെ സഹായിച്ചത് അവരിരുവരും കൂടിയാണ്. വി.ടി. ഭട്ടതിരിപ്പാട്, കുറ്റിപ്പുഴ കൃഷ്ണപിള്ള, സി.ജെ. തോമസ്, എം. ഗോവിന്ദന്‍ തുടങ്ങി പ്രഗത്ഭരായ നിരവധി എഴുത്തുകാരെ കുട്ടിക്കാലത്ത് തന്നെ ശ്രീധരന്‍ ഉള്‍ക്കൊണ്ടു.

ശ്രീധരന്റെ വായന കവിതയില്‍നിന്ന് കഥയിലേക്ക് വഴിതിരിഞ്ഞു. വൈക്കം മുഹമ്മദ് ബഷീര്‍, തകഴി ശിവശങ്കരപിള്ള, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, ലളിതാംബിക അന്തര്‍ജ്ജനം, കാരൂര്‍ നീലകണ്ഠപിള്ള തുടങ്ങി മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാര്‍ ശ്രീധരന്റെ മനസ്സ് കീഴടക്കി. സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് ജോര്‍ജ്ജ് ഫ്രാന്‍സിസ് സാര്‍ സ്ഥിരമായി മഹാത്മക്കളുടെ ജീവചരിത്രമാണ് വായിക്കാന്‍ നല്‍കിയിരുന്നത്. ഒരു ദിവസം എബ്രഹാംലിങ്കന്റെ ജീവചരിത്രം സാര്‍ എടുത്തുകൊടുത്തു.
''സാര്‍, എനിക്കിതൊക്കെ വായിച്ച് മടുത്തു. എനിക്ക് ബഷീറിന്റെ ''പൂവമ്പഴം'' വായിക്കാന്‍ തരുമോ?''

ശ്രീധരന്‍ സാറിനോട് ചോദിച്ചു.
''നിനക്ക് തരേണ്ടത് പൂവമ്പഴം അല്ല, ചൂരല്‍ പഴം ആണ്. നിനക്കിതൊന്നും വായിക്കാന്‍ സമയമായിട്ടില്ല.''
ശങ്കരാചാര്യരുടെ ജീവചരിത്രം എടുത്ത് സാര്‍ അവന്‍ നല്‍കി. കുട്ടികള്‍ മഹാന്മാരുടെ ജീവചരിത്രം വായിച്ചാണ് വളരേണ്ടത് എന്നത് അന്നത്തെ ചിന്താഗതിയായിരുന്നു. സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ക്ക് ശ്രീധരന്റെ വായനാഭ്രാന്തിനെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. പഞ്ചായത്ത് ഗ്രാമീണ വായനശാലകളില്‍ പുസ്തകങ്ങള്‍ തേടി അവന്‍ നടന്നു. വിശപ്പും ദാഹവും അവന്‍ മറന്നത് വായിച്ചാണ്.

പെരുമ്പടവം ഗ്രാമം വിട്ട് ശ്രീധരന്‍ എങ്ങും പോയിട്ടില്ല. ആകെ പോകുന്നത് വൈക്കത്തഷ്ടമി കാണാനാണ്. അങ്ങനെയിരിക്കെ ശ്രീധരന്റെ സ്‌കൂളിന് മുന്നിലൂടെ പിറവം ഉഴവൂര്‍ ബസ് സര്‍വ്വീസ് തുടങ്ങി. ശ്രീധരനും കൂട്ടുകാരന്‍ കുട്ടപ്പനും കൂടി ബസില്‍ കയറി പിറവത്തിന് പോകാന്‍ തീരുമാനിച്ചു. നാല് ചക്രമാണ് അന്ന് ടിക്കറ്റ് ചാര്‍ജ്ജ്. എട്ടു ച്രകം ടിക്കറ്റ് ചാര്‍ജ്ജിന് ഉണ്ടാക്കി സ്‌കൂളില്‍ പോകാതെ ബസില്‍ കയറി പിറവത്തിന് പോയി. ബസ് യാത്രയില്‍ വഴിയരികിലെ കെട്ടിടങ്ങളും മരങ്ങളും ആളുകളും ഒക്കെ പിന്നിലേക്ക് പാഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു. അത്ഭുതത്തോടെ, ആവേശത്തോടെ അവര്‍ ബസ് യാത്ര ആസ്വദിച്ചു. ഒടുവില്‍ പിറവത്ത് ചെന്നിറങ്ങി. ശ്രീധരന്റെ ആദ്യത്തെ വിദേശയാത്ര ആയിരുന്നു അത്. പിറവം പള്ളി, പിറവം പുഴ ഒക്കെ നടന്നു കണ്ടു. എന്തൊരു ആഹ്ലാദമായിരുന്നു കാഴ്ചകള്‍ കാണാന്‍. അങ്ങനെ നടന്നു നടന്നു വഴി തെറ്റി. പിന്നെ വഴിയില്‍ കണ്ട ഒരു അമ്മച്ചി ആണ് അവരെ ബസ് സ്റ്റാന്‍ഡിലേക്കുള്ള വഴി കാണിച്ചത്. 

ഏതായാലും ആദ്യത്തെ വിദേശയാത്ര പുറം ലോകം അറിഞ്ഞതും, വീട്ടുകാര്‍ കുട്ടപ്പന് അടി കൊടുത്തു. ശ്രീധരന്റെ വീട്ടില്‍ അറിഞ്ഞില്ല എന്നു തോന്നുന്നു, അതുകൊണ്ട് അവന്‍ അടി കൊള്ളാതെ രക്ഷപ്പെട്ടു. സ്‌കൂളില്‍ ശ്രീധരന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ ഗോപാലകൃഷ്ണന്‍, ചെറിയാന്‍, ജോര്‍ജ് എന്നിവരൊക്കെയായിരുന്നു. കളിക്കാന്‍ പോകാത്ത കുട്ടിയായിരുന്നു ശ്രീധരന്‍. ഒരിക്കല്‍ കുട്ടപ്പന്‍ നിര്‍ബന്ധിച്ച് അവനെ ഫുട്ബോള്‍ കോര്‍ട്ടിലെ ഗോളിയാക്കി. നേര്‍ക്ക് നേരെ വന്ന പന്തൊന്നും തടുക്കാതെ അതൊക്കെ ഗോള്‍പോസ്റ്റില്‍ വീണപ്പോള്‍ കുട്ടപ്പന് ദേഷ്യം വന്നു. കുട്ടപ്പന്‍ പൂരെ വഴക്ക് പറഞ്ഞു. അതിനുശേഷം ശ്രീധരന്‍ കളിക്കാന്‍ കോര്‍ട്ടില്‍ കയറിയിട്ടില്ല.

സാഹിത്യ സമാജം പരിപാടികള്‍ ശ്രീധരന്‍ പ്രിയപ്പെട്ടതായിരുന്നു. ഒരു പാട് സമയമെടുത്തു എഴുതി അവന്‍ ഉപന്യാസങ്ങള്‍ അവതരിപ്പിക്കും. പ്രസംഗിക്കും. കഥയും കവിതയും വായിക്കും. സാഹിത്യ സമാജത്തിന്റെ നിറസാന്നിദ്ധ്യമായിരുന്നു ശ്രീധരന്‍. എഴുത്തും എഴുത്തുകാരും ആയിരുന്നു അവന്റെ ദൗര്‍ബല്യങ്ങള്‍. മാത്യുഇട്ടന്‍ സാര്‍ അവന്റെ ഭാഷാപരമായ താല്പര്യങ്ങള്‍ അറിഞ്ഞു പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. സാക്ഷാല്‍ ജോസഫ് മുണ്ടശ്ശേരി വരെ അഭിനന്ദനാപൂര്‍വ്വമാണ് മാത്യൂഇട്ടന്‍ സാറിന്റെ ഭാഷാ നിപുണതയെ നോക്കിയിരുന്നത്. വള്ളത്തോള്‍ നാരായണ മേനോന്റെ
'' വാനമേ ഗഗനമേ വ്യോമമേ
സുരസിദ്ധസ്ഥാനമേ വിഹായസ്‌നെ''
എന്ന കവിത മാത്യു ഇട്ടന്‍ സാര്‍ ചൊല്ലുമ്പോള്‍ ആകാശത്തിനു മുന്നില്‍ മുട്ടുകുത്തുന്നതു പോലെ ശ്രീധരന് തോന്നുമായിരുന്നു. കവിത മനസ്സില്‍ കൊളുത്തിവച്ച അധ്യാപകര്‍ ശ്രീധരന്റെ ജീവിതത്തിന്റെ വഴിയും തെളിയിക്കുകയായിരുന്നു. ശ്രീധരന്റെ സാഹിത്യ താല്പര്യത്തിന് പ്രചോദനമേകിയ മറ്റൊരാള്‍ വി.പി. നാരായണന്‍ സാറായിരുന്നു. കവിത ഈണത്തില്‍ ചൊല്ലി പഠിപ്പിക്കുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പന്തളം കേരളവര്‍മ്മയുടെ ശാകുന്തളം കവിത ഏഴ് ഈണങ്ങളില്‍ നാരായണന്‍ സാര്‍ ചൊല്ലി പഠിപ്പിക്കുമ്പോള്‍ ശ്രീധരന്‍ അന്തംവിട്ട് കേട്ടിരുന്നു. ക്ലാസ് കഴിയുമ്പോള്‍ കവിത ഹൃദിസ്ഥമാകുന്നുവെന്ന് അവന്‍ അറിഞ്ഞു.

ഇലഞ്ഞി സെന്റ് പിറ്റേഴസ് ഹൈസ്‌ക്കൂളിലാണ് ശ്രീധരന്‍ തുടര്‍പഠനം നടത്തിയത്. അവിടെ മഹാകവി മേരി ജോണ്‍തോട്ടം (സിസ്റ്റര്‍ മേരി ബനീഞ്ഞ) ഉണ്ടായിരുന്നു. ശ്രീധരന്റെ മലയാളം അധ്യാപിക അവരായിരുന്നു. ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ക്ലാസിലെ ഒരു കുട്ടിയോട് താന്‍ കവിതയെഴുതുന്ന കാര്യം ശ്രീധരന്‍ പറഞ്ഞു. ആരോടും പറയരുതെന്ന് ശട്ടം കെട്ടുകയും ചെയ്തു. പക്ഷെ, ആ സ്‌നേഹിതന്‍ ചതിച്ചു. അവന്‍ അടുത്ത നിമിഷം ക്ലാസ് ടീച്ചറോട് വിളിച്ചു പറഞ്ഞു.
''ടീച്ചര്‍, ഇവന്‍ കവിതയെഴുതുമെന്ന്''.
ക്ലാസ് ടീച്ചര്‍ അടുത്തുവന്ന് ശ്രീധരനോട് ചോദിച്ചു.
''നേരാണോ, നീ കവിതയെഴുതുമോ?''' അവന്‍ മിണ്ടാതെ നിന്നു. കവിതയെഴുതുന്നത് ഒരു കുറ്റമായിട്ടാണ് അവന്‍ അപ്പോള്‍ തോന്നിയത്. ക്ലാസ് കഴിഞ്ഞപ്പോള്‍ ക്ലാരമ്മ ടീച്ചര്‍ ശ്രീധരനെ കൈകൊട്ടി വിളിച്ചു.
''നീ വാ''

അവര്‍ അവനെ നേരെ സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി. അവിടെ മലയാളം പഠിപ്പിക്കുന്ന സിസ്റ്റര്‍ ബനീഞ്ഞ ഏതോ തടിയന്‍ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. സിസ്റ്റര്‍ ബനീഞ്ഞയുടെ അടുത്ത് ശ്രീധരനെ കൊണ്ടു നിര്‍ത്തി ടീച്ചര്‍ പറഞ്ഞു
''സിസ്റ്റര്‍ ഇവന്‍ കവിതയെഴുതുമെന്നാണ് പറയുന്നത്.''
വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി വച്ചതിന് ശേഷം സിസ്റ്റര്‍ ബനീഞ്ഞ അവനോട് ചോദിച്ചു.
''നേരാണോ. നീ കവിതയെഴുതുമോ?''
ശ്രീധരന്‍ മിണ്ടാതെ നിന്നു. അപ്പോള്‍ ബനീഞ്ഞാമ്മ പറഞ്ഞു.
''നാളെ വരുമ്പോള്‍ നീ എഴുതിയ നാലഞ്ചു കവിതകള്‍ എന്നെ കാണിക്കണം.''

താന്‍ ചെയ്ത കുറ്റത്തിനുള്ള തെളിവ് ശേഖരിക്കുകയാണെന്നാണ് ശ്രീധരന്‍ കരുതിയത്. അന്ന് രാത്രി ശ്രീധരന്‍ ഉറങ്ങിയില്ല. പിറ്റേന്ന് നാലഞ്ച് കവിതകള്‍ പകര്‍ത്തി ആരും കാണാതെ ബനീഞ്ഞാമ്മയുടെ കയ്യില്‍ കൊടുത്തു. അന്ന് ഒരു ജീവച്ഛവം പോലെയാണ് ശ്രീധരന്‍ ക്ലാസില്‍ ഇരുന്നത്. നാല് മണിക്ക് സ്‌കൂള്‍ വിട്ട് മറ്റ് കുട്ടികളുടെ കൂടെ പുറത്തേക്കിറങ്ങുമ്പോള്‍ തന്റെ പേര് വിളിക്കുന്നതു കേട്ടു ശ്രീധരന്‍ തിരിഞ്ഞു നിന്നു. നോക്കുമ്പോള്‍ ബനീഞ്ഞാമ്മ. അടുത്തുവന്ന് ശ്രീധരന്റെ തോളില്‍ കൈവച്ച് ബനീഞ്ഞാമ്മ പറഞ്ഞു.
''ഞാന്‍ ശ്രീധരന്റെ കവിതകള്‍ വായിച്ചു. നന്നായിട്ടുണ്ട്. ശ്രീധരന് വാസനയുണ്ട്. ഇനി എഴുതുന്നതും എന്നെക്കൊണ്ട് വന്ന് കാണിക്കണം.''

ശ്രീധരന്റെ കണ്ണുകള്‍ നിറഞ്ഞു. തന്റെ നിറുകയില്‍ വീഴുന്നത് ഒരു കവിയിത്രിയുടെ അനുഗ്രഹമാണെന്ന് അവന്‍ മനസ്സിലാക്കി.
ശ്രീധരന്റെ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ റവ. ഫാദര്‍ എബ്രഹാം വടക്കേല്‍ ആയിരുന്നു. കത്തോലിക്കാ പുരോഹിതന്മാരില്‍ സംസ്‌കൃതം പഠിച്ചു, ആദ്യമായി സംസ്‌കൃതത്തിന്റെ മറുകര കണ്ട ആള്‍. വടക്കുംകൂര്‍ രാജാരാജവര്‍മ്മ വടക്കേല്‍ അച്ചനെ പ്രശംസിച്ചിട്ടുണ്ട്. ഉള്ളൂര്‍, വള്ളത്തോള്‍ തുടങ്ങിയ മഹാകവികളുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ളയെ ആദ്യമായി ' മഹാകവി'' എന്നു വിളിച്ചത് വടക്കേലച്ചനായിരുന്നു. ചങ്ങമ്പുഴയുടെ ''രക്തപുഷ്പങ്ങള്‍'ക്ക് അവതാരിക എഴുതിയത് വടക്കേലച്ചനാണ്. അതുപോലെ തന്നെ കൈനിക്കര പത്മനാഭപിള്ളയുടെ ''കാല്‍വരിയിലെ കല്‍പാദം'' എന്ന നാടകത്തിനും അദ്ദേഹം അവതാരിക എഴുതി. വടക്കേല്‍ അച്ചന്റെ വിമര്‍ശനഭംഗിയുള്ള ലേഖനങ്ങള്‍ ശ്രീധരന്‍ ശ്രദ്ധയോടെ വായിച്ചു. വടക്കേലച്ചന് ശ്രീധരനെ വലിയ ഇഷ്ടമായിരുന്നു. സ്‌കൂള്‍ വാര്‍ഷികത്തില്‍ ശ്രീധരന്‍ പ്രസംഗിക്കുന്നത് കേട്ട് അച്ഛന്‍ അവനെ അഭിനന്ദിച്ചു.
''നിനക്ക് നല്ല വാസനയുണ്ട്.''

ശ്രീധരന്‍ ആ വാക്കുകള്‍ അനുഗ്രഹമായി എടുത്തു. അധ്യാപകരോടുള്ള ആരാധന വായനയുടെയും എഴുത്തിന്റെയും കാരൃത്തില്‍ മാത്രമല്ല ശ്രീധരനെ സ്വാധീനിച്ചത്. വേഷത്തിന്റെ കാര്യത്തിലും അവരുടെ വഴി തന്നെ തെരഞ്ഞെടുത്തു. അധ്യാപകരെ പോലെ വെള്ള മുണ്ടും വെള്ള ഷര്‍ട്ടും മാത്രം ഉപയോഗിക്കുന്ന ശീലം ശ്രീധരന്‍ സ്വീകരിച്ചു. വി.ടി. ഭട്ടതിരിപ്പാട്, കുററിപ്പുഴകൃഷ്ണപിള്ള, സി.ജെ തോമസ്, എന്‍.വി. കൃഷ്ണവാര്യര്‍ തുടങ്ങി നിരവധി എഴുത്തുകാരെ വായിച്ചാണ് ശ്രീധരന്‍ പുതിയ ചിന്തകളുടെ ലോകത്ത് എത്തിചേര്‍ന്നത്.

സി.ജെ. തോമസിനെ വായിച്ച് വായിച്ച് വല്ലാത്ത ഒരു അഭിനിവേശം അദ്ദേഹത്തോട് ശ്രീധരന് ഉണ്ടായി. മനസ്സില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരാളാണ് സി.ജെ. എന്നു ശ്രീധരന്‍ തോന്നി. സി.ജെ.യെ കാണണമെന്ന് ആഗ്രഹം മനസില്‍ കയറിക്കൂടി. ഒരു ദിവസം കൂത്താട്ടുകുളത്ത് ഒരു പ്രസില്‍ ശ്രീധരന്‍ ഇരിക്കുമ്പോള്‍ ഒരാള്‍ നടന്നു പോകുന്നത് കണ്ടു. ഭൂമിയെ നോവിക്കാതെ, കാറ്റടിച്ചാല്‍ പറന്നു പോകും എന്ന മട്ടില്‍ ഇടത്തേയ്ക്ക് ഒരു ചായവോടെ നടന്നുപോകുന്ന ഒരാള്‍.
''അതാണ് സി.ജെ.തോമസ്.''
ആരോ പറഞ്ഞു, ശ്രീധരന്‍ പിന്നാലെ ഓടി. ഓണങ്കുന്നത്ത് കാവിന്റെ മുന്നിലൂടെ ചൊള്ളമ്പേല്‍ വീട്ടിലേക്ക് നടന്നുപോകുന്ന സി.ജെ.യുടെ പിറകെ ശ്രീധരന്‍ വീട്ടുപടിക്കല്‍വരെ പോയി. മടങ്ങുമ്പോള്‍ മനസ് നിറഞ്ഞ ഭാവം ആയിരുന്നു.
''സി.ജെ.യുടെ കൂടെ നടന്നല്ലോ!''

തകഴി ശിവശങ്കരപിള്ള, വൈക്കം മുഹമ്മദ് ബഷീര്‍, കാരൂര്‍ നീലകണ്ഠപിള്ള, പൊന്‍കുന്നം വര്‍ക്കി, കേശവദേവ് തുടങ്ങി നിരവധി പേരുടെ എഴുത്തിലൂടെ കണ്‍മുമ്പില്‍ തെളിഞ്ഞുവന്ന കഥകളുടെ ലോകം ശ്രീധരന് മുന്നില്‍ വെളിപ്പെടുത്തിയ ജീവിതം അവനെ മറ്റൊരാളാക്കി. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറാന്‍ തുടങ്ങി. ജീവിതത്തിന്റെ സമ്രഗത, സങ്കീര്‍ണ്ണത, സാമൂഹ്യ വ്യവസ്ഥിതി മാറ്റി മറിക്കാനുള്ള കലാപങ്ങള്‍ മനുഷ്യബന്ധങ്ങളുടെ നാനാഭാവങ്ങള്‍ ഒക്കെ അവന്‍ മുന്നില്‍ അനാവരണം ചെയ്യപ്പെട്ടു. ലോകത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നി. സാഹിത്യകൃതികള്‍ക്ക് ഒപ്പം പത്രവായനയും കൂടിയായാലേ ലോകത്തെ നന്നായി അറിയാന്‍ കഴിയൂ എന്ന് അവന്‍ മനസ്സിലാക്കി. അവന്റെ നാട്ടില്‍ പത്രങ്ങള്‍ വരുത്തുന്ന വീടുകള്‍ കുറവായിരുന്നു. ചില വീടുകളില്‍ മലയാള മനോരമ വരുത്തുന്നുണ്ട്. പക്ഷേ അവിടെ പോയിരുന്നു വായിക്കാന്‍ സാകര്യമില്ല. മറ്റൊരിടത്ത് ജനയുഗം പത്രം വരുത്തുന്നതായി അറിഞ്ഞ ശ്രീധരന്‍ അവിടെ ചെന്നിരുന്നു വായിച്ചു തുടങ്ങി. കമ്പോട കമ്പ് പത്രം വായിച്ചു ശ്രീധരന്‍ ലോകവിജ്ഞാനത്തിലേക്ക് ഇറങ്ങിച്ചെന്നു. ഇതിനിടെ പത്താം ക്ലാസ് പാസായി.

ആദ്യമായി വായിച്ച നോവല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ''ബാല്യകാലസഖി'യാണ്. അതിനു മുന്നില്‍ ശ്രീധരന്‍ അമ്പരപ്പോടെ നിന്നു. വൈക്കം മുഹമ്മദ് ബഷീര്‍ ആ പേര്‍ അവനെ വല്ലാതെ ആകര്‍ഷിച്ചു. വൈക്കം ശ്രീധരന് കേട്ടുകേള്‍വിയുള്ള സ്ഥലമാണ്. വൈക്കം- തൊടുപുഴ ബസ് തന്റെ ഗ്രാമത്തിലൂടെ കടന്നുപോകുന്നത് കണ്ടിട്ടുണ്ട്. പെരുമ്പടവം ഗ്രാമത്തിന് വൈക്കവുമായുള്ള ബന്ധം ആ റോഡാണ്. ''ബാല്യകാലസഖി'' വായിച്ച് ശ്രീധരന്റെ മനസ്സ് വല്ലാതെ വിങ്ങി. ബഷീര്‍ ഒരു വികാരമായി ശ്രീധരന്റെ മനസില്‍ നിറഞ്ഞു. വൈക്കത്തഷ്ടമിക്ക് പോകുമ്പോള്‍ ബഷീറിനെ കാണാന്‍ പറ്റുമോ എന്ന് ശ്രീധരന്‍ ആശിച്ചു. ബഷീറിനെ കാണണം എന്നുള്ള ആശ ശമിപ്പിക്കാതെ വയ്യ എന്നായി ശ്രീധരന്‍. അങ്ങനെയിരിക്കെ ഒരു ദിവസം അമ്മയും അമ്മൂമ്മയുമൊന്നിച്ച് ശ്രീധരന്‍ വൈക്കത്തഷ്ടമിക്ക് പോയി. അങ്ങോട്ട് നടന്നുപോയി. തിരിച്ചുള്ള യാത്ര ബസിലായിരുന്നു. ബസിനുള്ളില്‍ നാലഞ്ചു ബസില്‍ കൊള്ളാവുന്ന ആളുകള്‍ ഉണ്ടായിരുന്നു. ശ്രീധരന്‍ കമ്പിയില്‍ തൂങ്ങി നിന്നു. മുന്നില്‍ പൊക്കമുള്ള ഒരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു. വണ്ടി ഓടുന്നതിനിടയില്‍ അദ്ദേഹത്തിന്റെ പൃഷ്ടം ശ്രീധരന്റെ മുഖത്ത് മുട്ടി. പലതവണ ആയപ്പോള്‍ ശ്രീധരന്‍ ദേഷ്യം വന്നു. അവന്‍ തലവച്ച് അയാളെ ഇടിച്ചു. തലപ്പാറ എന്ന സ്ഥലത്ത് അയാള്‍ ഇറങ്ങി. ബസില്‍ നിന്ന് ഒരാള്‍ പറഞ്ഞു. ''ആ പോകുന്നതാണ് വൈക്കം മുഹമ്മദ് ബഷീര്‍'' ശുഭവസ്ത്രധാരി, കാലന്‍കുട ഉണ്ട് കയ്യില്‍. ശ്രീധരന്‍ കണ്ണുമിഴിച്ചു നോക്കിനിന്നു. ഈ സംഭവത്തെക്കുറിച്ച് പിന്നീട് ശ്രീധരന്‍ എഴുതി. അത് വായിച്ച് വൈക്കം മുഹമ്മദ് ബഷീര്‍ ശ്രീധരന്‍ കത്തെഴുതി. ''ഒരു ഇടിക്ക് സര്‍ക്കാര്‍ നിരക്ക് 12 രൂപ. നീ തീര്‍ച്ചയായും പത്തുപതിനഞ്ചു പ്രാവശ്യമെങ്കിലും എന്നെ ഇടിച്ചുകാണും. ഒരിടിയ്ക്ക് 12 രൂപാ വച്ചുള്ള സംഖ്യ നീ എനിക്ക് തരണം.''

ബാല്യകാലസഖി അവനു മുന്നില്‍ തുറന്നിട്ടത് മറ്റൊരു ലോകമാണ്. പെരുമ്പടവത്ത് മുസ്ലീം കുടുംബങ്ങള്‍ ഇല്ലായിരുന്നു. എന്താണ് മുസ്സീം എന്ന് ശ്രീധരന്‍ അറിയില്ലായിരുന്നു. ''ബാല്യകാലസഖി''യില്‍ ശ്രീധരന്‍ ജീവിതം കണ്ടു. അതിന്റെ അവതാരികയില്‍ എം.പി. പോള്‍ എഴുതി, ' 'ബാല്യകാലസഖി ' ജീവിതത്തില്‍ നിന്നു വലിച്ചുചീന്തിയ ഒരു ഏടാണ്. അതിന്റെ വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു'''' അതിനോടകം തന്നെ മജീദും സുഹറയും ശ്രീധരനെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരുന്നു. ബഷീര്‍ എഴുതുന്നതൊക്കെ സ്വന്തം അനുഭവങ്ങള്‍ ആണെന്നത് ശ്രീധരനെ ചിന്തിപ്പിച്ചു. കണ്‍മുന്നില്‍ കണ്ട ജീവിതം എഴുതിയാല്‍ അത് നോവലാകുമോ?

ചുററും കാണുന്ന ജീവിതത്തെക്കുറിച്ച് ശ്രീധരന്‍ ഒരു കഥ എഴുതാന്‍ തുടങ്ങി. എഴുതിയെഴുതി അതൊരു നോവലായി. സ്വന്തം സാഹിത്യസൃഷ്ടി എന്തുചെയ്യണമെന്ന് അവന്‍ നിശ്ചയമില്ലായിരുന്നു. ''ജനയുഗം'' പരിചയമുള്ള പ്രസിദ്ധീകരണമാണ്. ആദ്യനോവല്‍ ''ജനയുഗ ത്തിന് അയച്ചു കൊടുത്തു. മറുപടി കാത്ത് എന്നും പോസ്റ്റ്മാനെ കാണാന്‍ പോകും.
''ജോണിചേട്ടാ എനിക്ക് ഒരു കവര്‍ വന്നേക്കും. അത് എന്റെ കയ്യില്‍ തരണം. റേഷന്‍ കടയില്‍ ഇടരുത്.''

നോവല്‍ മടക്കി അയച്ച കിട്ടുമെന്ന് കരുതിയുള്ള കാത്തിരിപ്പ് നീണ്ടുപോയപ്പോള്‍ അവരത് വലിച്ചു കീറി ചവറ്റു കുട്ടയില്‍ ഇട്ടു കാണുമെന്ന് ശ്രീധരന്‍ ഉറപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറും കുറ്റിപ്പുഴ കൃഷ്ണപിള്ളയും വൈക്കം ചന്ദ്രശേഖരന്‍ നായരും ഒക്കെ എഴുതുന്ന കാലത്ത് തന്നെ പോലൊരു പയ്യന് അതിമോഹം പാടില്ല എന്ന് അവന്‍ സ്വയം ഉപദേശിച്ചു. അങ്ങനെ ആശകള്‍ ഉപേക്ഷിച്ചു നടക്കുമ്പോള്‍ ജനയുഗം ആഴ്ചപ്പതിപ്പില്‍ ഒരു പരസ്യം കണ്ടു ഞെട്ടിപ്പോയി!

''സര്‍പ്പക്കാവ്'' എന്ന നോവല്‍ ജനയുഗത്തില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങുന്നു!.

കൈകള്‍ ചിറകുകള്‍ ആകുന്നതുപോലെയും കാലുകള്‍ ഭൂമിയില്‍ നിന്നുയര്‍ന്നു പോകുന്നതുപോലെയും ഒരു പക്ഷിയെപ്പോലെ ആകാശത്തില്‍ പാറിപ്പറക്കുന്നതു പോലെയും ഒക്കെ തോന്നി. കടകളില്‍ ഇരുന്നു ആളുകള്‍ ''ആരാണ് ഈ പെരുമ്പടവം ശ്രീധരന്‍'' എന്നു ചോദിക്കുന്നത് അവന്‍ കേട്ടു. ''പെരുമ്പടവം വിട്ടു മലബാറിനു പോയ ആരെങ്കിലും ആയിരിക്കും.'' എന്ന് മറുപടിയും അവന്‍ കേട്ടു. നിത്യവൃത്തിക്ക് വകയില്ലാത്ത വീട്ടില്‍ ജനിച്ചു വളര്‍ന്ന ശ്രീധരനെ എഴുത്തുകാരനായി അവരാരും സ്വപ്നം കണ്ടത് പോലുമില്ല. മിടിക്കുന്ന ഹൃദയത്തോടെ അവന്‍ കാത്തിരുന്നു. സ്വന്തം പേര്‍ അച്ചടിച്ചു വരുന്നത് കാണാന്‍. ഒടുവില്‍ നോവല്‍ അച്ചടിച്ചു വന്നു. ശ്രീധരന്‍ മനസ്സു നിറയെ കരഞ്ഞു. അവന്റെ ജീവിതത്തില്‍ ആദ്യമായാണ് അങ്ങനെ ഒരു സന്തോഷം വന്നുനിറയുന്നത്. ''സര്‍പ്പക്കാവ്'' എന്ന നോവല്‍ ശ്രീധരന്‍ എന്ന കുട്ടിയെ എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍ ആക്കി.

Content Highlights: k a beena writes the biography of veteran writer perumbadavam sreedharan