ലയാള കാവ്യലോകത്ത് ആധുനികതയെ സൗന്ദര്യാത്മകമായി അവതരിപ്പിച്ചതില്‍  പ്രധാന പേരുകാരിലൊരാളാണ് മാധവന്‍ അയ്യപ്പത്ത്. അയ്യപ്പപ്പണിക്കര്‍, എന്‍.എന്‍.കക്കാട്, ആറ്റൂര്‍ രവിവര്‍മ്മ എന്നീ അതികായര്‍ക്കൊപ്പം അയ്യപ്പത്ത് കൂടി ചേര്‍ന്നപ്പോഴാണ് മലയാളത്തില്‍ ആധുനികത രംഗപ്രവേശം നേടിയത്.

കാല്പനികതയുടെ ചെടിപ്പിക്കുന്ന പുനരാവര്‍ത്തനങ്ങളില്‍ നിന്ന് മലയാള കവിതയെ മോചിപ്പിച്ച് ആധുനികതയെ അനുഭവിപ്പിച്ച കവിയായി സാഹിത്യചരിത്രങ്ങള്‍ അദ്ദേഹത്തെ വാഴ്ത്തുന്നു.   അതിശയോക്തികളൊന്നുമില്ലാതെ അതദ്ദേഹത്തിന് നമുക്ക് നല്‍കാനാവുന്ന മികച്ച വിശേഷണമാണുതാനും. എങ്കിലും, അയ്യപ്പത്തിന്റെ കവിതകള്‍ക്ക് ആധുനികതയുടെ ഊഷരതകളെ മറികടക്കുന്ന ചില സവിശേഷതകളുണ്ട് എന്നു തോന്നുന്നു. പ്രാഥമികമായി, അവ മനുഷ്യസ്‌നേഹത്തിലൂന്നിയ കാവ്യങ്ങളായിരുന്നു. ഗ്രാമീണതയെയും അതിന്റെ വിശുദ്ധിയേയും ആരാധനയോടെയും നാഗരിക സംസ്‌കൃതിയെ വിമര്‍ശനാത്മകമായും സമീപിക്കുന്ന കക്കാടിയിന്‍ വഴി അദ്ദേഹത്തിലുമുണ്ടായിരുന്നെങ്കിലും അവ ഒരിക്കലും ഭൂതകാലമാഹാത്മ്യത്തില്‍ ചേക്കേറിയില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍, വര്‍ത്തമാനകാല ജീവിതത്തിന്റെ ആകുലതകള്‍ ഇവയൊക്കെയും കാവ്യവിഷയങ്ങളാക്കി ആധുനികത കേവല വൈയക്തിക പ്രശ്‌നങ്ങളാക്കി ഒതുക്കാതെ അദ്ദേഹം മലയാളത്തില്‍ വികസിപ്പിച്ചു. അന്തര്‍മുഖത്വം തന്റെ സര്‍ഗാത്മകതയുടെ മുഖമുദ്രയായി സൂക്ഷിക്കുമ്പോള്‍ പോലും സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് അയ്യപ്പത്ത് കടന്നുകയറി.

'ബസ് സ്റ്റോപ്പില്‍' എന്ന കവിത നോക്കിയാല്‍ അയ്യപ്പത്തിന്റെ പരിചരണത്തിന്റെ സവിശേഷത മനസിലാവും. നഗര ജീവിതത്തിന്റെ പൊയ്മുഖങ്ങളിലേക്ക്, അതിന്റെ കെട്ടുപാടുകളിലേക്ക് നിഷ്‌കളങ്കമായി കണ്ണോടിക്കുകയും അതിന്റെ നേര്‍ചിത്രം വിവരിക്കുകയും ചെയ്യുമ്പോള്‍ തന്നെ; അത്തരമൊരു വ്യവഹാരത്തെ മറികടക്കാന്‍ കഴിയാത്തവനാണ് ആ കവിതയില വക്താവ്. വെളിച്ചം വരച്ച മാനസമോഹന  ചിത്രങ്ങളൊക്കെയും പതുക്കെ മായുന്നതായും സായാഹ്നസൂര്യന്‍ മരീചികയില്‍ ഛായം കലര്‍ത്തി പിന്‍വാങ്ങുന്നതായും കണ്ട് അത്ഭുതപ്പെടുന്ന ബസ്സ്‌റ്റോപ്പിലെ കാത്തു നില്പിന്റെ അവസാനം ചില കാണാക്കാഴ്ചകളിലേക്ക് നമ്മളെ കൊണ്ടുപോകുന്നുണ്ട് ആ കവിത. 

ഒരു ദൃശ്യത്തില്‍ നിന്ന് മറ്റൊന്നിലേക്ക് തെന്നിമറയുന്ന പരിചരണമാണ് 'ബസ് സ്റ്റോപ്പില്‍' നാം കാണുന്നത്. ഒന്നിലും ഉറച്ചുനില്‍ക്കാതെ തെന്നിമറയുന്ന ക്യാമറയുടെ നോട്ടമായാണ് അയ്യപ്പത്ത് മലയാളിയെ ആധുനികത അനുഭവിപ്പിച്ചത്. നഗരജീവിതത്തിന്റെ അപരിചിതത്വത്തെ തൊടാന്‍ അകാല്പനികമായ ഒരു കാവ്യഭാഷയും അദ്ദേഹം മെനഞ്ഞെടുത്തു. 'ആരോ വലിച്ചിട്ട് എറിഞ്ഞ സിഗററ്റ് കുറ്റി' , 'തേഞ്ഞുതീരാറായ ചെരുപ്പുകള്‍ തുന്നുന്ന ചെരുപ്പുകുത്തി' തുടങ്ങിയ ചിത്രങ്ങളിലൂടെ ബസ് സ്‌റ്റോപ്പില്‍ കാല്പനികതയോട് അന്തിമമായി വിടചൊല്ലി. 'മോണകാട്ടി ചിരിച്ചുകൊണ്ട് കളിക്കോപ്പുകള്‍ വില്‍ക്കുന്ന വയോധികനെ' കവിതയില്‍ പ്രതിഷ്ഠിച്ച് എന്‍.വി. യടക്കമുള്ള റിയലിസ്റ്റ് കവികള്‍ പറയാന്‍ ശ്രമിച്ച ജീവിതത്തിന്റെ വൈരുധ്യങ്ങള്‍ പൂര്‍ത്തിയാക്കുവാനും അദ്ദേഹം തുനിഞ്ഞു. ആ നിലയില്‍ മലയാളകവിതയില്‍ ഭാവുകത്വ വിഛേദം സൃഷ്ടിക്കാനും അതിനുള്ളില്‍ ഭൂതകാലവുമായി ഗാഢമായ ബന്ധം സ്ഥാപിക്കാനും കഴിഞ്ഞ കവിയായി അദ്ദേഹം.

വിവര്‍ത്തനങ്ങളിലൂടെ പിന്നീട് ജീവിച്ച മാധവന്‍ അയ്യപ്പത്തിനെയാണ് സമകാലിക സാംസ്‌കാരിക ലോകത്തിന് കൂടുതല്‍ പരിചയം. ആധുനികതയ്ക്ക് കാഹളമൂതിയതിന് ശേഷം തന്റെ സ്വക്ഷേത്രമായി വിവര്‍ത്തനത്തെ തിരഞ്ഞെടുക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ അദ്ദേഹം മിതഭാഷിയായിരുന്നെന്ന് സുഹൃത്തുക്കള്‍ അനുസ്മരിക്കുന്നു. കവിതയില്‍ തീര്‍ച്ചയായും അതങ്ങനെയായിരുന്നു.

Content Highlights :Juna Sherin pays homage to Madhavan Ayyappath