''നിങ്ങള്‍ ഒരു മെഴുകുതിരി കത്തിച്ചിട്ടുണ്ടോ...? വെളിച്ചം നല്‍കുന്തോറും സ്വയം എരിഞ്ഞ് ഇല്ലാതായിവരുന്ന ഒരു മെഴുകുതിരി. 'സ്വയം എരിയുമ്പോഴും മറ്റുള്ളവര്‍ക്ക് വെളിച്ചമാകുക' എന്ന മെഴുകുതിരിയുടെ ആത്മീയത നമുക്ക് സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയുമോ...? ഏറെ ലളിതവും അത്രമേല്‍ ദുര്‍ബലവുമാണ് മെഴുകുതിരിയും അതിന്റെ ഇത്തിരിവെട്ടവും...'' ഒരു മെഴുകുതിരി കത്തിവരുന്നതുപോലെയായിരുന്നു ജോഷ്വ പൊള്ളോക്കിന്റെ വാക്കുകള്‍ മെല്ലെ മെല്ലെ ഒഴുകിയെത്തിയത്. ഒരു അരുവിയില്‍ ഇറങ്ങി നില്‍ക്കുന്നതുപോലെ തോന്നിയ നിമിഷങ്ങള്‍ക്കൊടുവില്‍ ജോഷ്വ ഒരു വാചകം കൂടി പറഞ്ഞു: ''ഒരു മെഴുകുതിരിയുടേതുപോലെ ചില മങ്ങിയ വെട്ടങ്ങളാണ് പലപ്പോഴും നമ്മുടെയെല്ലാം ജീവിതം മാറ്റിമറിക്കുന്നത്...'' 
 
ജീവിതത്തെ മാറ്റിമറിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം ജോഷ്വയുടെ വാക്കുകള്‍ക്കായി അല്‍പ്പനേരം കാതോര്‍ക്കുന്നതു നല്ലതാണ്. ധ്യാനത്തിലെ 'രാജയോഗ' സമ്പ്രദായത്തിന്റെ പ്രയോക്താവ്, പാശ്ചാത്യ ക്ലാസിക്കല്‍ വയലിന്‍ വാദകന്‍, എ.ആര്‍. റഹ്മാന്‍ ചിത്രങ്ങളില്‍ സോളോ വയലിന്‍ വാദകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍... ജോഷ്വ പൊള്ളോക് എന്ന അമേരിക്കക്കാരന് മേല്‍വിലാസങ്ങള്‍ ഏറെയാണ്. പക്ഷേ, ജോഷ്വ പറയുന്നത് ഇപ്പോള്‍ താനൊരു ഇന്ത്യക്കാരനാണെന്നാണ്. 

വര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിക്കുന്ന ജോഷ്വ, ആ മേല്‍വിലാസത്തിനും തീര്‍ച്ചയായി അര്‍ഹനാണ്. ഹൃദയം കൊണ്ട് ഇന്ത്യയെ സ്‌നേഹിച്ച്, ഇവിടത്തെ ആളുകളെ സ്‌നേഹിച്ച് കഴിയുന്ന ഒരാള്‍. ആദ്യമായി എഴുതിയ പുസ്തകമായ 'ദ ഹാര്‍ട്ട്ഫുള്‍നെസ് വേ' യുമായി കേരളത്തിലെത്തുമ്പോള്‍ ജോഷ്വയ്ക്ക് പറയാനുണ്ടായിരുന്നതും 'ഹൃദയം നിറയെ' വേണ്ട ഒരുപാടു കാര്യങ്ങളെക്കുറിച്ചായിരുന്നു. 

ധ്യാനത്തിന്റെ സന്തോഷം

ധ്യാനത്തിന്റെ ഉപാസകന്‍... ഈ മേല്‍വിലാസം ജീവിതത്തെ എത്രമേല്‍ മാറ്റിമറിക്കുമെന്ന് ചോദിച്ചപ്പോള്‍ നിറഞ്ഞ പുഞ്ചിരിയായിരുന്നു ജോഷ്വയുടെ ആദ്യ മറുപടി. പിന്നെ ആ പുഞ്ചിരി മായാതെ തന്നെ ജോഷ്വ ആ സന്തോഷത്തിന്റെ കഥ പറഞ്ഞുതുടങ്ങി: സന്തോഷം തൊട്ടരികില്‍ ഉള്ളപ്പോഴും അതു കാണാതെ, ദൂരെ ദൂരെ നാം അതിനെ തിരഞ്ഞുനടക്കും. നിങ്ങളുടെ ഗുരുവിനെ കണ്ടെത്തേണ്ടത് നിങ്ങളുടെ ഉള്ളില്‍ത്തന്നെയാണ്. 

പലപ്പോഴും ആരവങ്ങളുടെയും ബഹളങ്ങളുടെയും നടുവില്‍ സ്വയം കണ്ടെത്താന്‍ നമുക്കു കഴിയാതെ പോകുന്നു. 'ധ്യാനം' എന്നത് അപശബ്ദങ്ങളെ ഒഴിവാക്കി നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്ന ഒന്നാണ്. 'യോഗ' എന്നാല്‍ ദൈവികമായ ഊര്‍ജം മനസ്സുകളിലേക്ക് പ്രസരിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പാലമാണ്. ആ പാലത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ അത് മറികടക്കുന്ന അനുഭവം സാധ്യമാകൂ...'' 
 
വായനയുടെ ജീവിതം 

അമേരിക്കക്കാരനായിട്ടും ഇന്ത്യയില്‍ ജീവിക്കുന്ന ഒരാള്‍... ജോഷ്വയ്ക്ക് ഏറെയിഷ്ടമുള്ള ഒരു മേല്‍വിലാസമാണത്. പതിനഞ്ചു വര്‍ഷത്തിലേറെയായി 'രാജയോഗ' ധ്യാനം പരിശീലിക്കുന്ന ജോഷ്വ ഡല്‍ഹിയിലാണ് സകുടുംബം താമസിക്കുന്നത്. ഭാര്യ ഏരിയലും അമേരിക്കക്കാരിയാണെങ്കിലും ഇന്ത്യയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ്. 'ഹാര്‍ട്ട്ഫുള്‍നെസ്' പ്രസ്ഥാനത്തിന് ഇപ്പോള്‍ 120-ല്‍ ഏറെ രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം പരിശീലകരുണ്ട്. കേരളത്തില്‍, കൊച്ചി ഉള്‍പ്പെടെ കുറേ സ്ഥലങ്ങളില്‍ ഹാര്‍ട്ട്ഫുള്‍നെസിന്റെ സെന്ററുകളുണ്ട്. ജീവിതം അറിയാനുള്ള മാര്‍ഗമാണ് ഹാര്‍ട്ട്ഫുള്‍നെസ് എന്നാണ് ജോഷ്വ എപ്പോഴും പറയുന്നത്. 

''ഞാന്‍ ഈ ഭൂമുഖത്തേക്കെത്തിയിട്ട് എത്രയോ വര്‍ഷങ്ങളായിരിക്കുന്നു. അതിനിടയില്‍ ദൈവം എനിക്ക് എത്രയോ അനുഗ്രഹങ്ങള്‍ തന്നിരിക്കുന്നു. നമ്മുടെ ജീവിതം അറിയലാണ് പ്രധാനം. ജീവിതത്തെ അറിയാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണ് വായന. കുഞ്ഞുന്നാള്‍ മുതലേ ആരും നിര്‍ബന്ധിക്കാതെ തന്നെ ഞാന്‍ ഒരുപാട് വായിക്കുമായിരുന്നു. 

ഗുരു ഇല്ലാതെ തുടങ്ങുന്ന ഒരു ജീവിതയാത്രയാണ് വായന. ആ യാത്രയില്‍ ഒരുപാടൊരുപാട് പാലങ്ങള്‍ താണ്ടി നാം അതുവരെ കാണാത്ത ഒരുപാടൊരുപാട് ലോകങ്ങളിലെത്തും... എനിക്ക് എല്ലാവരോടും പറയാനുള്ളതും അതുതന്നെയാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ ഒരുപാട് വായിക്കട്ടെ... അവര്‍ വായനയിലൂടെ പുതിയ പുതിയ ലോകങ്ങള്‍ കാണട്ടെ...'' -ജോഷ്വയുടെ വാക്കുകളില്‍ വായനയുടെ ജീവിതം തെളിയുന്നു. 

എഴുത്തിന്റെ നിയോഗം

ആദ്യമായി എഴുതിയ പുസ്തകം 'ദ ഹാര്‍ട്ട്ഫുള്‍നെസ് വേ' പുറത്തിറങ്ങിയ സന്തോഷത്തിലാണ് ജോഷ്വ കേരളത്തിലെത്തിയത്. ലോകത്തെ മികച്ച പുസ്തകങ്ങളുടെ വില്‍പ്പനക്കണക്കില്‍ ടോപ് ചാര്‍ട്ടില്‍ ഇടം പിടിച്ച 'ദ ഹാര്‍ട്ട്ഫുള്‍നെസ് വേ' എഴുത്തിന്റെ ഒരു നിയോഗമായിരുന്നെന്നാണ് ജോഷ്വ പറയുന്നത്. ഹാര്‍ട്ട്ഫുള്‍നെസ് ഗ്ലോബല്‍ ഗൈഡും സുഹൃത്തുമായ കമലേഷ് പട്ടേലുമായി ചേര്‍ന്നാണ് ജോഷ്വ ഈ പുസ്തകമെഴുതിയത്. 

''വായനയുടെ ജീവിതത്തെപ്പറ്റി ഞാന്‍ നേരത്തെ പറഞ്ഞല്ലോ. അതുപോലെ ഒരു നിയോഗമായിരുന്നു ഈ പുസ്തകവും. ഞാനും ഭാര്യയും ചെന്നൈയിലായിരിക്കുമ്പോഴാണ് ഈ നിയോഗത്തിന്റെ ആദ്യവിളിയെത്തുന്നത്. യൂറോപ്പില്‍ നിന്ന് കമലേഷ് വിളിക്കുകയാണെന്നു പറഞ്ഞ് ഭാര്യയാണ് എനിക്ക് ഫോണ്‍ തന്നത്. ആ ഫോണ്‍ സംഭാഷണത്തിന്റെ ഇടയിലാണ് കമലേഷ് അക്കാര്യം എന്നോടു പറഞ്ഞത്. 

നിനക്ക് ധ്യാനത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിക്കൂടേയെന്ന കമലേഷിന്റെ ചോദ്യത്തിന് ആദ്യം 'യെസ്' പറഞ്ഞെങ്കിലും പിന്നീട് എനിക്കൊരു പേടി തോന്നി. ഒരാഴ്ച കഴിഞ്ഞ് ഞങ്ങള്‍ നേരില്‍ കണ്ടപ്പോള്‍ ഞാന്‍ കമലേഷിനോട് പുസ്തകമെഴുതിക്കൂടേയെന്ന് ചോദിച്ചു. അപ്പോള്‍ കമലേഷ് പറഞ്ഞ മറുപടിയായിരുന്നു എഴുത്തിന്റെ നിയോഗം: 'ഈ പുസ്തകം നമുക്കൊരുമിച്ച് എഴുതാം...'

റഹ്മാനും വയലിനും

വയലിനാണോ ധ്യാനമാണോ കൂടുതല്‍ ഇഷ്ടം...?  ചോദ്യത്തിന് മുന്നില്‍ അല്‍പ്പനേരം ജോഷ്വ മൗനിയായിരുന്നു. എ.ആര്‍. റഹ്മാനൊപ്പം 'ഗജിനി', 'ഡെല്‍ഹി-6', 'രാവണ്‍', 'വിണ്ണൈത്താണ്ടി വരുവായാ' തുടങ്ങി കുറേ ചിത്രങ്ങളില്‍ സംഗീതമഴയൊരുക്കിയ കലാകാരന്‍ അതിന് ഏതുത്തരം പറയുമെന്ന ആകാംക്ഷയുമുണ്ടായിരുന്നു. മറുപടിയില്‍ ആദ്യം പറഞ്ഞു തുടങ്ങിയത് റഹ്മാനൊപ്പമുള്ള സംഗീതനിമിഷങ്ങളായിരുന്നു: ''ഗ്രേറ്റ് എന്ന വാക്കുകൊണ്ടല്ലാതെ റഹ്മാനെ വിശേഷിപ്പിക്കാനാകില്ല. അദ്ഭുതകരമായ അനുഭവമായിരുന്നു റഹ്മാനൊപ്പം പ്രവര്‍ത്തിക്കാനായത്. സംഗീതത്തെ അദ്ദേഹം ഹൃദയത്തിലേക്ക് പ്രസരിപ്പിക്കുന്നത് ഒരനുഭവം തന്നെയാണ്. 

വയലിന്‍ വാദകനെന്ന മേല്‍വിലാസത്തില്‍ റഹ്മാനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്...'' റഹ്മാനൊപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങളെപ്പറ്റി വാചാലനായിക്കൊണ്ടിരുന്ന ജോഷ്വ, അല്‍പ്പനേരം നിശ്ശബ്ദനായിരുന്നു. പിന്നെ, നിറഞ്ഞ പുഞ്ചിരിയോടെ ആദ്യത്തെ ചോദ്യത്തിന് മറുപടി പറഞ്ഞു: ''എന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജീവന്‍ നല്‍കുന്നത് ധ്യാനമാണ്... സംഗീതം ഉള്‍പ്പെടെ. നിങ്ങള്‍ ഇഷ്ടമുള്ള കാര്യമാകട്ടെ, ഇഷ്ടമില്ലാത്ത കാര്യമാകട്ടെ എന്തെങ്കിലും ചെയ്യാന്‍ പോകുമ്പോള്‍ അല്‍പ്പനേരം ധ്യാനിച്ചുനോക്കൂ... നിങ്ങളുടെ ഹൃദയം നിറയെ പോസിറ്റീവ് ഊര്‍ജം ഒഴുകിയെത്തും.''

''ധ്യാനം എന്ന സന്തോഷം ഒരു സ്വയം കണ്ടെത്തലാണ്. നിങ്ങള്‍ എല്ലാവരും ജീവിതത്തില്‍ സന്തോഷം തിരയുന്നവരാണ്. പക്ഷേ, അതെവിടെയാണെന്ന് നമ്മളില്‍ പലരും പലപ്പോഴും തിരിച്ചറിയുന്നില്ല. 'ധ്യാനം' എന്നത് അപശബ്ദങ്ങളെ ഒഴിവാക്കി നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്ന ഒന്നാണ്. 'യോഗ' എന്നാല്‍ ദൈവികമായ ഊര്‍ജം മനസ്സുകളിലേക്ക് പ്രസരിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പാലമാണ്. ആ പാലത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ അത് മറികടക്കുന്ന അനുഭവം സാധ്യമാകൂ...''

Content Highlights : Joshua, the heartfulness way, Joshua Pollock