ത്രപ്രവര്‍ത്തകന്‍, യുക്തിവാദി, എഴുത്തുകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന ജോസഫ് ഇടമറുകിന്റെ ചരമവാര്‍ഷിക ദിനമാണ് ജൂണ്‍ 29. 1934 സെപ്റ്റംബര്‍ ഏഴിന് ഇടുക്കി ജില്ലയിലായിരുന്നു ജോസഫ് ഇടമറുകിന്റെ ജനനം. ചെറുപ്പത്തില്‍ മതപ്രചാരകനായിരുന്ന ഇടമറുക് ക്രിസ്തു ഒരു മനുഷ്യന്‍ എന്ന പുസ്തകം എഴുതിയതിനെ തുടര്‍ന്ന് സഭയില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. ഈഴവ സമുദായാംഗമായിരുന്ന സോളിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അദ്ദേഹത്തെ വീട്ടില്‍ നിന്നും പുറത്താക്കി. 

ഇക്കാലയളവില്‍ ഇസ്‌ക്ര (തീപ്പൊരി) എന്ന മാസിക അദ്ദേഹം ആരംഭിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായ ഇടമറുക് റെവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതാവായും പ്രവര്‍ത്തിച്ചു. പിന്നീട് 1955 ല്‍ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു. 1957 മുതല്‍ 1970 വരെ മനോരമ ഇയര്‍ ബുക്കിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. വിളംബരം, തേരാളി, യുക്തി എന്നീ യുക്തിവാദി മാസികകളുടെ നേതൃസ്ഥാന ഇടമറുകുണ്ടായിരുന്നു.

1971ല്‍ കേരളഭൂഷണം അല്‍മനാക്ക്, മനോരാജ്യം, കേരളഭൂഷണം, കേരളധ്വനി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി. 1977-ല്‍ എറൌണ്ട് ഇന്ത്യ (Around India) എന്ന ആംഗലേയ മാസികയുടെ പത്രാധിപരായി ദില്ലിയിലെത്തി. അതേ വര്‍ഷം തന്നെ കേരളശബ്ദം പ്രസിദ്ധീകരണങ്ങളുടെ ദില്ലി ലേഖകനായി.

1956ല്‍ കോട്ടയം കേന്ദ്രമാക്കി യുക്തിവാദസംഘം രൂപവത്കരിക്കുന്നതിന് മുന്‍കൈയ്യെടുത്തു. കേരള യുക്തിവാദി സംഘത്തിന്റെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും, കേരള മിശ്രവിവാഹ സംഘം ജനറല്‍ സെക്രട്ടറി, ദില്ലി യുക്തിവാദി സംഘം പ്രസിഡണ്ട്, ലോക നാസ്തിക സംഘം വൈസ് പ്രസിഡണ്ട്, ഇന്ത്യന്‍ യുക്തിവാദി സംഘം വൈസ്പ്രസിഡണ്ട്, റാഷണലിസ്റ്റ് ഇന്റര്‍നാഷണലിന്റെ (Rationalist International) ഓണററി അസോസിയേറ്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1978-ലെ അന്താരാഷ്ട്ര എതീസ്റ്റ് അവാര്‍ഡ് ഇദ്ദേഹത്തിനു ലഭിച്ചു.

മതം, തത്ത്വചിന്ത മുതലായ വിഷയങ്ങളെ അധികരിച്ച് 170-ല്‍ അധികം കൃതികളുടെ രചയിതാവാണ് ഇടമറുക്. ആത്മകഥയായ 'കൊടുങ്കാറ്റുയര്‍ത്തിയ കാലം' എന്ന പുസ്തകത്തിന് 1999-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 

പ്രധാനപ്പെട്ട കൃതികള്‍

ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല, ഉപനിഷത്തുകള്‍ ഒരു വിമര്‍ശനപഠനം, ഖുര്‍ആന്‍ ഒരു വിമര്‍ശനപഠനം, ഭഗവദ്ഗീത ഒരു വിമര്‍ശനപഠനം, യുക്തിവാദരാഷ്ട്രം, കോവൂരിന്റെ സമ്പൂര്‍ണകൃതികള്‍, ആനന്ദാ കള്‍ട്ടിന്റെ പതനം, ഇരുട്ടിന്റെ ഇതിഹാസം, ഇന്ത്യാ ചരിത്രം ഡല്‍ഹിയിലെ, ചരിത്രാവശിഷ്ടങളിലൂടെ, ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങള്‍, ഇവര്‍ മത നിഷേധികള്‍, ബാബിലോണിയന്‍ മതങള്‍, യുക്തിവാദം ചോദ്യങളും ഉത്തരങളും, അഹമ്മദീയ മതം

2006 ജൂണ്‍ 29-ന് ജോസഫ് ഇടമറുക് അന്തരിച്ചു.

Content Highlights: Joseph Edamaruku death anniversary