
ഫോട്ടോ: മാതൃഭൂമി
ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാതെന്തിനു ജീവിത പലഹാരം!
ഇടശ്ശേരി ഗോവിന്ദന്‍നായരുടെ വരികളാണിത്. കണ്ണീരാകുന്ന ഉപ്പുരസത്തിന്റെ ജലരാശി പൊടിയുന്നത് സങ്കടങ്ങളുടെ ഉറവയില്‍നിന്നു മാത്രമല്ല, അപരനോടുള്ള കരുണയില്‍ നിന്നുകൂടിയാണ്. നവരസങ്ങളില്‍, മനുഷ്യത്വം എന്ന ഒരുവന്റെ സ്വത്വത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നത് കരുണമാണ്.
കഴിഞ്ഞ ഇരുപതുവര്‍ഷം ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും മനുഷ്യനെക്കാള്‍ വേഗത്തില്‍ വളര്‍ന്നപ്പോള്‍ പരിക്കുപറ്റിയത് അവന്റെയുള്ളിലെ ഏറ്റവും നിര്‍മലമായ ഈ ഒരു ഭാവത്തിനായിരുന്നു. 'Sharing is caring' എന്നൊരു സ്റ്റിക്കര്‍ ലേബല്‍ പഠിക്കുന്ന കാലത്ത് സൈക്കിളില്‍ ഒട്ടിച്ചത് ഓര്‍ത്തുപോകുന്നു, സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ എത്രയോപേരാണ് ലോകമെമ്പാടുമുള്ള മനുഷ്യരുടെ 'ഫെയ്സ്ബുക്ക് ഷെയറിങ്ങിലൂടെ' രക്ഷപ്പെട്ടുപോയത്! കഴിവുകള്‍ ഉണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയവര്‍, ചികിത്സയ്ക്കുള്ള ഭീമമായ തുക ഒരിക്കലും ലഭിക്കില്ല എന്ന ഉറപ്പോടെ മരണത്തിലേക്ക് സ്വയം നടന്നുതുടങ്ങിയവര്‍, കയറിക്കിടക്കാന്‍ സ്വന്തമായി ഒരു കൂരപോലുമില്ലാത്തവര്‍... അങ്ങനെ പലവിധത്തില്‍ കഷ്ടതകള്‍ അനുഭവിച്ച മനുഷ്യരെ ഒരൊറ്റ ക്ലിക്കിലൂടെ നമ്മള്‍ ജീവിതത്തിന്റെ സന്തോഷങ്ങളിലേക്ക് ഉയര്‍ത്തി.
പക്ഷേ, ഇന്ന് കാര്യങ്ങള്‍ നേരെ തിരിഞ്ഞു, എത്രയോ പേരുടെ ജീവിതങ്ങളാണ് നമ്മള്‍ 'ഷെയര്‍' ചെയ്ത് നശിപ്പിച്ചത്? കേട്ടതെല്ലാം ശരിയാണെന്ന മിഥ്യാധാരണയോടെ എന്തെല്ലാം നുണകളാണ് നമ്മള്‍ പ്രചരിപ്പിച്ചത്. നമ്മുടെ വിരല്‍ത്തുമ്പിലൂടെ എത്രയോപേരാണ് ഡിപ്രഷനിലേക്ക് വീണുപോയത്. 'സോഷ്യല്‍ മീഡിയ ആക്രമണം' എന്ന പ്രയോഗം രൂപംകൊണ്ടത് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലാണ്. എത്രപെട്ടെന്നാണ് കരുണയുടെ സാധ്യതകളുടെക്കൂടി വിളനിലമായിരുന്ന ഒരിടം ഭയാനകവും ഭീഭത്സവും രൗദ്രവും കൊണ്ട് നിറഞ്ഞിരിക്കുന്നത്.
കഴിയുമെങ്കില്‍ 'The Shallows: How the Internet Is Changing the Way We Think, Read and Remember' എന്ന പുസ്തകം ഇന്നുതന്നെ ഓര്‍ഡര്‍ ചെയ്ത് വായിക്കണം. 'ഒടുവില്‍ മനുഷ്യന്‍ എന്നുപറഞ്ഞാല്‍ ലൈംഗിക അവയവമുള്ള ഒരു യന്ത്രം' എന്ന് നിര്‍വചിക്കപ്പെടുന്ന ഒരുകാലം വിദൂരമല്ല എന്നാണ് ഈ പുസ്തകം പറഞ്ഞുവെക്കുന്നത്.
എല്ലാവരും ഓട്ടമത്സരത്തിലെന്നപോലെ കൂടെ നില്‍ക്കുന്നവനെ തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ കുതിക്കുമ്പോള്‍ 'മനുഷ്യത്വം' എന്ന വിലപിടിപ്പുള്ള ഒന്ന് തിരിച്ചുകിട്ടാനാവാത്തവിധം നമ്മുടെ ഉള്ളില്‍നിന്ന് തെറിച്ചുപോകുന്നുണ്ട്.
വൈകാതെ മനുഷ്യരാശിതന്നെ ഇല്ലാതാകും എന്നൊക്കെ കേള്‍ക്കുമ്പോള്‍പോലും ഭയം തോന്നുന്നില്ല പക്ഷേ, താമസിക്കാതെ മനുഷ്യത്വം ഇല്ലാതാകുമോ എന്ന ചോദ്യത്തിന് മുന്നില്‍ കൈകാലുകള്‍ വിറയ്ക്കുന്നു.
ഇനി ഒരൊറ്റ വഴിയേ നമുക്കുമുന്നില്‍ ഉള്ളൂ, അത് ഉള്ളിലെ കരുണയുടെ നീര്‍ച്ചാലുകളെ വറ്റാതെ കാക്കുക എന്നതാണ്.
Content Highlights: Jose Annamkutty Jose about social media