മലയാള ചലച്ചിത്ര മേഖലയിലെ പകരംവെക്കാനില്ലാത്ത വ്യക്തിത്തമായിരുന്ന സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ജന്മവാര്‍ഷിക ദിനമാണ് ആഗസ്റ്റ് 11. മലയാള സിനിമയുടെ ഋത്വിക് ഘട്ടക്കായിരുന്നുയിരുന്നു ജോണ്‍ അബ്രഹാം. അമ്മ അറിയാന്‍, അഗ്രഹാരത്തിലെ കഴുത എന്നീ സിനിമകളിലൂടെ ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ തന്റേതായ ഇടം നേടിയ ജോണ്‍ അകാലത്തില്‍ വിടപറയുകയായിരുന്നു.
കുട്ടനാട്ടിലെ ചേന്നങ്കരിയില്‍ പ്രാഥമിക വിദ്യാഭ്യാസവും തുടര്‍ന്ന് കോട്ടയം സി.എം.എസ് സ്‌കൂളിലും ബോസ്റ്റണ്‍ സ്‌കൂളിലും എം.ഡി സെമിനാരി സ്‌കൂളിലുമായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തീകരിച്ചു. തിരുവല്ല മാര്‍ത്തോമ കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. ദര്‍വാസ് യൂണിവേഴ്സിറ്റിയില്‍ രാഷ്ട്രമീമാംസയില്‍ ബിരുദാനന്തരബിരുദത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തീകരിച്ചില്ല.
1962-ല്‍ കോയമ്പത്തൂരിലെ എല്‍.ഐ.സി ഓഫീസില്‍ ജോലിക്ക് ചേര്‍ന്നു. എന്നാല്‍ സിനിമയോടുള്ള അഭിനിവേശം കാരണം മൂന്ന് വര്‍ഷത്തിന് ശേഷം ജോലി രാജിവെച്ച് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. സ്വര്‍ണ്ണമെഡലോടു കൂടി സംവിധാനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജോണ്‍ എബ്രഹാം ബംഗാളി സംവിധായകനായിരുന്ന ഋത്വിക് ഘട്ടക്കിന്റെ കീഴിലും പഠിച്ചു.
1972ല്‍ നിര്‍മ്മിച്ച വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്നുവന്ന 1977-ലെ അഗ്രഹാരത്തിലെ കഴുതൈ എന്ന തമിഴ് സിനിമയും 1979-ലെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും, 1986-ലെ അമ്മ അറിയാന്‍ എന്ന മലയാളചിത്രവും ജോണിനെ ഇന്ത്യന്‍ സിനിമയില്‍ അവിസ്മരണീയനാക്കി. വ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമര്‍ശനവും പരീക്ഷണാത്മകതയും ഓരോ സിനിമയേയും വേറിട്ടു നിര്‍ത്തി. ഒരു കാലഘട്ടത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോര്‍ക്കാനും, ചോരയിലൂടെ സ്ഥിതിസമത്വവാദം ഉറപ്പു വരുത്താനും യുവാക്കളെ ആഹ്വാനം ചെയ്ത നക്സലിസത്തിന്റെ അനന്തരഫലമായിരുന്നു 'അമ്മ അറിയാന്‍' എന്ന ചലച്ചിത്രം.
അഗ്രഹാരത്തില്‍ കഴുതൈ (തമിഴ്) സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും, പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ സംവിധാനത്തിനുള്ള പ്രത്യേക അവാര്‍ഡ്, അമ്മ അറിയാന്‍ ബര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നിവ നേടി. 1987 മേയ് 31-ന് അദ്ദേഹം അന്തരിച്ചു. നിരവധി ചെറുകഥകള്‍ ജോണ്‍ രചിച്ചിട്ടുണ്ട്. 'കോട്ടയത്ത് എത്ര മത്തായിമാര്‍' എന്നത് പ്രശസ്തമായ ഒരു കഥയാണ്. അദ്ദേഹത്തിന്റെ കഥകള്‍ നേര്‍ച്ചക്കോഴി(1986), ജോണ്‍ എബ്രഹാം കഥകള്‍(1993) എന്നീ പേരുകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
Content Highlights: John Abraham Birth anniversary