ജെയിന്‍ ഓസ്റ്റെന്‍ മരിച്ചിട്ട് ഇരുനൂറു വര്‍ഷം തികഞ്ഞു. എന്നാല്‍, അവരുടെ നോവലുകളുടെ ജനപ്രിയത അനുദിനം കൂടിവരുന്നതേയുള്ളൂ. ഇതിന്റെ ഒരു ഉപോത്പന്നം പോലെ പ്രസിദ്ധീകരണ വ്യവസായത്തിലുള്ള മറ്റൊരു പ്രവണതയാണ് 'ഓസ്റ്റെന്‍ കഥകളു'ടെ അനന്തരകഥകള്‍ (സീക്വെല്‍). പ്രത്യേകിച്ച് 'പ്രൈഡ് ആന്‍ഡ് പ്രജുഡിസ്' എന്ന പുസ്തകത്തിന്റെ. എലിസബത്തിന്റെയും ഡാര്‍സിയുടെയും കഥകളാണ് ഇതിന് ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് എന്നും കാണാം.

ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഇങ്ങനെ അനുബന്ധ രചനയ്ക്ക് വിധേയമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. മിക്കതും വികലമായ അനുകരണങ്ങള്‍/അരസികമായ അനുബന്ധങ്ങള്‍ ആയി ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് പതിവ്. ഓസ്റ്റെന്‍ കഥകള്‍ മൃദുപരിഹാസം കൊണ്ട് ഒരു കാലഘട്ടത്തെയും സമൂഹത്തെയും അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിലെ കഥാപാത്രങ്ങള്‍ മിക്കവാറും ഭേദപ്പെട്ട ജീവിതം നയിക്കുന്നവരാണ്. 

അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെയൊന്നും ഓസ്റ്റെന്‍ അങ്ങനെ കഥാപാത്രമാക്കിയിട്ടില്ല. ഉള്ളവര്‍ തന്നെ മിന്നായം പോലെ വന്നുപോകുന്നതല്ലാതെ, അവരുടേതായ സാന്നിദ്ധ്യം വെളിവാക്കിയിട്ടുമില്ല. എന്നാല്‍, ജോ ബേക്കര്‍ എന്ന എഴുത്തുകാരിയുടെ ഓസ്റ്റെന്‍ കഥനം ഒരു പുനരാഖ്യാനമാണ്. 'പ്രൈഡ് ആന്‍ഡ് പ്രജുഡിസ്' എന്ന നോവലിലെ ബെന്നെറ്റ് കുടുംബത്തിന്റെ വീട്ടിലെ സേവകരെക്കൊണ്ടാണ് ജോ കഥപറയിച്ചിട്ടുള്ളത്. കഥയുടെ പേര് 'ലോങ് ബോണ്‍'. ബെന്നെറ്റ് കുടുംബത്തിന്റെ എസ്റ്റേറ്റിന്റെ പേരു തന്നെ. 

പ്രൈഡ് ആന്‍ഡ് പ്രജുഡിസിന്റെ അതേ കാലഘട്ടം തന്നെയാണിതിലും. കുറച്ചുമാസങ്ങള്‍ കൂടി കഥ മുന്‍പോട്ടു കൊണ്ടുപോകുന്നു എന്നുമാത്രം. സാറ എന്ന വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിയുടെ ജീവിതമാണ് ഈ നോവലില്‍ മുഖ്യമായും പറഞ്ഞുപോകുന്നത്. അവളുടെ ഒപ്പം പോളി എന്ന അല്‍പ്പംകൂടി ചെറിയ പെണ്‍കുട്ടിയും ഹില്‍ എന്നു പേരുള്ള ദമ്പതിമാരും ലോങ്‌ബോണില്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ ലോകമാണ് ആ വീട്. ഒരര്‍ഥത്തില്‍ അവരുടെ വീട്. സ്വന്തം വീടില്ലാത്ത ഈ മനുഷ്യര്‍, മരം കോച്ചുന്ന വെളുപ്പാന്‍ കാലം മുതല്‍ പാതിരാത്രി വരെ മറ്റൊരു സംഘം ഭാഗ്യം ചെയ്ത മനുഷ്യര്‍ക്കു വേണ്ടി അഹോരാത്രം പണിയെടുക്കുകയാണ്.

അവര്‍ക്കിഷ്ടമുള്ള ഭക്ഷണം, വൃത്തിയുള്ള വസ്ത്രം, കുതിരവണ്ടിക്ക് സാരഥി... അങ്ങനെ എന്തെല്ലാം കഥയിലൂടെ കടന്നുപോകുന്നുവോ, അതിനെല്ലാം ആരുടെയോ കുറേ അദ്ധ്വാനമുണ്ട് എന്ന് ആലോചിക്കാന്‍ ജോ ബേക്കര്‍ അവസരം തരുന്നു. കഥ തുടങ്ങുന്നിടത്ത് തന്നെ എലിസബത്തിന്റെ ചെളി പിടിച്ച അടിപ്പാവാടത്തുമ്പ് വൃത്തിയാക്കുന്ന സാറ പറയുന്നുണ്ട്: 'ഇത് തന്നത്താന്‍ കഴുകണം എന്നാണെങ്കില്‍ ഇവരിത് ഇത്രയും അഴുക്കാക്കുമോ?'

ജെയിന്‍ ഓസ്റ്റെന്‍ എഴുതിയ പുസ്തകത്തിലെ എലിസബത്ത്, നായകനായ ഡാര്‍സിയുടെ മനം കവരുന്ന ഒരു രംഗം, അവള്‍ ചേച്ചിയുടെ അസുഖം അന്വേഷിച്ച് ചെളിനിറഞ്ഞ വഴിയിലൂടെ നടന്നു ചെല്ലുന്നതാണ് എന്നോര്‍ക്കുക. ഒപ്പമുള്ള പരിഷ്‌കാരികളായ സ്ത്രീകള്‍ അവളുടെ വസ്ത്രധാരണത്തെ കളിയാക്കുന്നുണ്ടെങ്കിലും ഡാര്‍സി കാണുന്നത്, അവളുടെ വിയര്‍ത്തുതുടുത്ത മുഖമാണ്. ആ വസ്ത്രമാണ് ഇവിടെ സാറ വൃത്തിയാക്കുന്നതും. കിടപ്പുമുറിയുടെ കൂടെ മൂത്രപ്പുര ഇല്ലാതിരുന്ന അന്ന്, വലിയ വീട്ടിലെ ആളുകള്‍ എന്താണ് രാത്രിയിലെ 'ശങ്ക' നിവൃത്തിക്കാന്‍ ചെയ്തിരുന്നതെന്ന് ജെയിന്‍ ഓസ്റ്റെന്‍ വായിക്കുമ്പോള്‍ നമുക്ക് ഓര്‍ക്കേണ്ടിവന്നിട്ടില്ലല്ലോ. 

ജോ ബേക്കറുടെ കഥയിലെ സാറയും പോളിയും ഈ ബെഡ്പാന്‍ എടുത്തു കളയുന്നുമുണ്ട്, അതും അനിഷ്ടത്തോടെ, വേറെ വഴിയില്ലാത്തതുകൊണ്ടു മാത്രം. സാനിട്ടറി നാപ്കിനുകള്‍ ഇല്ലാതിരുന്ന കാലത്ത് നാലു പെണ്‍കുട്ടികള്‍ മാസമുറ വരുമ്പോള്‍ ഉപയോഗിച്ചിരുന്ന തുണി വൃത്തിയാക്കുന്നതും മറ്റാരോ. കൊടുംതണുപ്പത്ത് തണുത്ത വെള്ളത്തില്‍ ബ്ലീച്ചും മറ്റും ചേര്‍ത്ത് തുണികള്‍ വെളുപ്പിക്കാന്‍ പാടുപെടുന്ന ഇവരുടെ വിരലുകള്‍ വിണ്ടുകീറി പൊട്ടി, ചോര വരുന്നുണ്ട്.

പക്ഷേ, അനാഥാലയത്തില്‍ വളര്‍ന്നിട്ടും വീട്ടുജോലി ചെയ്തു ജീവിതം പോറ്റിയിട്ടും തൊട്ടു മുന്നില്‍ ഒരു ഭാവി കാണുന്നില്ലെങ്കിലും അവരും സ്‌നേഹിക്കുന്നുണ്ട്... പ്രേമിക്കുന്നുണ്ട്... ഒരു നല്ല നാളെയെക്കരുതി തീരുമാനങ്ങള്‍ എടുക്കുന്നുണ്ട്... പരസ്പരം സഹായിക്കുന്നുണ്ട്... പലതും പങ്കു വയ്ക്കുന്നുണ്ട്. ജെയിന്‍ ഓസ്റ്റെന്‍ നായികമാരുടെ ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും അവരുടെ ആഘോഷങ്ങളും എല്ലാം മുഖമില്ലാത്ത കുറെപ്പേരുടെ അധ്വാനഫലമാണെന്ന് ക്ലാസ്സിക് ഓസ്റ്റെന്‍ വായിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വന്നിട്ടുണ്ടാവാന്‍ വഴിയില്ല. അവരുടെ കീഴ്ത്തട്ടു ജീവിതമാണ് ഈ നോവല്‍. ജെയിന്‍ ഓസ്റ്റെന്‍ കഥയെഴുതിയ കാലഘട്ടത്തിലെ നെപ്പോളിയന്‍ യുദ്ധങ്ങള്‍ അവരുടെ കൃതികളില്‍ പ്രതിപാദിച്ചിട്ടില്ല എന്നൊരു ആക്ഷേപമുണ്ട്. ജോ ബേക്കര്‍ ആ ആക്ഷേപം തീര്‍ക്കുന്നു. ശിക്ഷയായി, കെട്ടിയിട്ട് ചാട്ടവാറടി കൊള്ളുന്ന പട്ടാളക്കാരനെ കാണുന്നത് സാറയാണ്.

ആ രംഗം വഴി ജോ ബേക്കര്‍ ഒരു കാലഘട്ടത്തിന്റെ ചിത്രം വായനക്കാരന്റെമുന്നില്‍ എത്തിക്കുന്നു. സാറയുടെയും കൂട്ടരുടെയും ജീവിതത്തിലേക്ക് രണ്ടു കഥാപാത്രങ്ങള്‍ കടന്നുവരുന്നതും അതേത്തുടര്‍ന്ന്, കഥ പോകുന്ന വഴിയും മൂലകഥയില്‍ വായനക്കാരന്‍ കാണുന്ന കഥയോട് ചേര്‍ത്തു വായിക്കാവുന്ന രീതിയില്‍ത്തന്നെയാണ് ജോ ബേക്കര്‍ പറഞ്ഞു പോകുന്നത്. ഒഴുക്കുള്ള എഴുത്തും ലളിതമായ ശൈലിയും കൊണ്ട് വായനാസുഖം നല്‍കുന്ന ഒരു പുസ്തകമാണ് 'ലോങ് ബോണ്‍'. ബെസ്റ്റ് സെല്ലര്‍ നോവല്‍ എന്ന ഖ്യാതിയോടൊപ്പം, വിമര്‍ശകപ്രശംസയും നേടാന്‍ ഈ നോവലിന് കഴിഞ്ഞിരുന്നു.

ജോ ബേക്കര്‍ എന്നാല്‍ ഇപ്പോള്‍ മാദ്ധ്യമശ്രദ്ധ നേടിയിട്ടുള്ളത് അവരുടെ 'എ കണ്‍ട്രി റോഡ്, എ ട്രീ' എന്ന പുസ്തകത്തിലൂടെയാണ്. സാമുവേല്‍ ബക്കെറ്റിന്റെ യുദ്ധകാല ഫ്രഞ്ച്ജീവിതം തൊട്ടു പോകുന്ന ഈ നോവലിന്റെ പേര് പരിചയം തോന്നുന്നുവോ?  'വെയ്റ്റിങ് ഫോര്‍ ഗോഥോ' യുടെ തുടക്കമാണത്! ബക്കറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുമുണ്ട് ഈ പുതിയ നോവല്‍.