മരണമടുക്കുമ്പോൾ പക്ഷിയുടെ മണം നമുക്കുചുറ്റും വ്യാപരിക്കുമെന്ന് പറഞ്ഞുപഠിപ്പിച്ച മാധവിക്കുട്ടി. ഒരു കുറ്റിച്ചൂലിനരികെ എപ്പോൾ വേണമെങ്കിലും മരിച്ചുവീഴാമെന്ന് നെയ്പ്പായസത്തിലൂടെ ഓർമിപ്പിച്ച മാധവിക്കുട്ടി. തിരികെ വന്നിട്ട് ബാക്കി കളിക്കാം എന്നു പറഞ്ഞ് കരുക്കൾ ഭദ്രമായി ഏൽപിച്ച് മരണത്തിലേക്ക് പോയ കൊച്ചു ലൈംഗികത്തൊഴിലാളി പെൺകുട്ടിയെ നമ്മുടെ സദാചാരത്തിലേക്കിട്ടുതന്ന മാധവിക്കുട്ടി. ആ വിയോഗത്തിന് പതിനൊന്ന് ആണ്ടുകൾ തികഞ്ഞിരിക്കുകയാണ്. അമ്മയെന്ന അനശ്വരതയെക്കുറിച്ച് മകൻ ജയ്സൂര്യാദാസ് സംസാരിക്കുന്നു.

മൂന്ന് ഹൃദയാഘാതത്തെ സ്വതസിദ്ധമായ ചിരിയോടെ കീഴ്‌പ്പെടുത്തിയിട്ടുണ്ട് അമ്മ. മുപ്പത്തിയൊന്നാമത്തെ വയസ്സിലാണ് അമ്മയ്ക്ക് ആദ്യമായി ഹൃദയാഘാതം സംഭവിക്കുന്നത്. ഞാനന്ന് വളരെ ചെറുതാണ്. രണ്ടോ രണ്ടരയോ വയസ്സ്. അന്നൊക്കെ ഹാര്‍ട്ട് അറ്റാക്ക്‌ സംഭവിക്കുക എന്നു പറഞ്ഞാൽ പിന്നെ ആളുകൾ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചു ചിന്തിക്കുന്നില്ല. ആശുപത്രിയിൽ വളരെക്കാലം കഴിഞ്ഞു അമ്മ. അച്ഛനായിരുന്നു ഞങ്ങളെ പരിപാലിച്ചിരുന്നത്. 'എന്റെ കഥ' അമ്മയെഴുതിത്തുടങ്ങിയത് ആശുപത്രിക്കിടക്കയിൽ നിന്നാണ്. മരണം എന്ന ഭയം അമ്മയ്ക്കുണ്ടായിരുന്നില്ല, മറിച്ച് എഴുതാനെന്തൊക്കെയോ ബാക്കി ഉണ്ടല്ലോ എന്നായിരുന്നു വേവലാതി. മുപ്പത്തിയൊന്നാമത്തെ വയസ്സിൽ ആത്മകഥ എഴുതാൻ പ്രേരിപ്പിച്ചത് ഇനി അധികകാലമില്ല എന്ന തോന്നലാകാം. പക്ഷേ അമ്മയുടെ പ്രസരിപ്പും ജീവിതത്തോടുള്ള ആഗ്രഹവും കൊണ്ട് ആയുസ് പിന്നെയും നാൽപത്തിനാല് വർഷം കൂടി നീണ്ടു.. അച്ഛൻ എന്ന വലിയൊരു തണലിൽ ഇരുന്നുകൊണ്ട് എല്ലാ സുഖങ്ങളും സൗകര്യങ്ങളും ആസ്വദിച്ചുകൊണ്ടായിരുന്നു ആ തുടർജീവിതം. അമ്മ ആശുപത്രിയിലായിരുന്നപ്പോൾ സുലുവേടത്തി(സുലോചനാ നാലാപ്പാട്ട്)യായിരുന്നു എല്ലാം നോക്കിയിരുന്നത്. അവർ ഡോക്ടറായിരുന്നതിനാൽ ഒരുപരിധിയൊക്കെ അമ്മ സ്വന്തം അനിയത്തിയെ അനുസരിക്കുമായിരുന്നു.

എന്റെ വിദ്യാഭ്യാസത്തിലും അമ്മ ഒരു പരീക്ഷണം നടത്തിയിരുന്നു. ആറാം ക്ലാസിൽ എന്നെ റെഗുലർ പഠനത്തിനയച്ചില്ല. ആ സമയത്ത് ഞാൻ അമ്മയോടൊപ്പം നാട്ടിലായിരുന്നു. പക്ഷേ ജീവിക്കാനുള്ള വിദ്യകൾ പഠിപ്പിക്കുകയായിരുന്നു അമ്മ. നാട്ടിലെ തട്ടാൻ കുഞ്ഞുണ്ണിയെ വിളിച്ചുവരുത്തി എന്നെ അദ്ദേഹത്തിന്റെ പണികൾ പഠിപ്പിച്ചുകൊടുക്കാൻ പറഞ്ഞു. കുറച്ചുകാലം ഞാൻ തട്ടാന്റെ അസിസ്റ്റന്റായി. അതുപോലെ തന്നെ നാരായണൻ എന്ന ഒരു കൊല്ലന്റെയടുക്കലും വിട്ടു. വെളിച്ചെണ്ണ ആട്ടുന്ന ലാസറിന്റെയും കൈയാളായി പണിയെടുത്തു. വയലിൽ കന്നുപൂട്ടാനും പറഞ്ഞയച്ചു. ജീവിക്കാൻ എന്തെങ്കിലും സൂത്രപ്പണികൾ അറിഞ്ഞിരിക്കണം എന്നായിരുന്നു അമ്മയുടെ ന്യായം. നല്ല രസമായിരുന്നു ആ കാലം. ബോംബെ നഗരത്തിൽ നിന്നും വന്ന് ഇവിടെ നാട്ടിൽ എല്ലായിടത്തും പണിയെടുത്തു ഓടിനടക്കാൻ പറ്റി. അമ്മയുടെ പരിചയത്തിലെ കുറച്ചു അധ്യാപകരെ വിളിച്ചുവരുത്തി ഇതിനിടയിൽ വീട്ടിൽ നിന്നും പാഠപുസ്തകവും പഠിപ്പിക്കും.

നാട്ടിൽ ഞങ്ങളുടെ ഒരു ബന്ധുവിന് ഒരു സിനിമാ തിയേറ്റർ ഉണ്ടായിരുന്നു. രാത്രിയിൽ ഷോ തുടങ്ങുമ്പോൾ കറണ്ടുള്ള വീടുകളിൽ വോൾട്ടേജ് കുറയും. അപ്പോൾ റാന്തൽ കത്തിച്ചുവെച്ചാണ് എന്റെ വായന. മച്ചിൽ മരപ്പട്ടിയും വവ്വാലും അങ്ങനെ കണ്ട സകലജീവികളും ഉള്ളതിനാൽ അവറ്റകളുടെ പരക്കം പാച്ചിലിൽ ഉറങ്ങാൻ പറ്റില്ല. അപ്പോൾ വായനയിലൂടെയാണ് ശ്രദ്ധമാറ്റുക. അങ്ങനെ വായിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമ്മയ്ക്ക് രണ്ടാമത്തെ അറ്റാക്ക് ഉണ്ടാകുന്നത്. ഉടൻ തന്നെ ഫോണിൽ കോഴിക്കോടുള്ള അമ്മയുടെ സഹോദരൻ ഡോക്ടർ മോഹൻദാസിനെ വിളിച്ചു. അന്നൊക്കെ ഫോൺ ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വളരെ പെട്ടെന്ന് എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം ഫോണിലൂടെ എനിക്കു പറഞ്ഞുതന്നു. ഒരു ആംബുലൻസിൽ കോഴിക്കോട് എത്തിക്കുകയായിരുന്നു അമ്മയെ. ആദ്യത്തെ അറ്റാക്ക് വന്ന് പത്തുവർഷത്തിനുശേഷമായിരുന്നു രണ്ടാമത്തെ അറ്റാക്ക് വന്നത്. ദീർഘകാലം ചികിത്സയിലായിരുന്നു. ആശുപത്രിവാസത്തിനുശേഷം ബോംബെയിലേക്ക് തന്നെ ഞങ്ങൾ തിരിച്ചുപോയി. അവിടെയെത്തി ആറാം ക്ലാസിലെ പരീക്ഷയെഴുതാൻ സ്കൂൾ അധികൃതരെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു അമ്മ ആദ്യം ചെയ്തത്.

അമ്മ മരിക്കുന്നതിനു രണ്ടുവർഷം മുമ്പാണ് പിന്നെയൊരു അറ്റാക്ക് കൂടി സംഭവിച്ചത്. രണ്ടാമത്തെ അറ്റാക്ക് സംഭവിച്ച് മുപ്പത്തിരണ്ട് വർഷങ്ങൾക്കുശേഷം. അമ്മ ഒരു ഹൃദ്രോഗി ആണെന്ന സത്യം പലപ്പോഴും മറക്കും. അച്ഛൻ ഒരു കുഞ്ഞിനെയെന്നവണ്ണമായിരുന്നു അമ്മയെ പരിപാലിക്കുക. അമ്മയുടെ എഴുത്തിന്റെ രീതി അറിയാലോ. വിവാദം സ്വാഭാവികമാണ്. മാധവിക്കുട്ടിയുടെ അക്കൗണ്ടിലൂടെ സ്വന്തം ഐഡന്റിറ്റിയുണ്ടാക്കാൻ ശ്രമിക്കുന്നവർ ചില രചനകളെയോ അമ്മയുടെ സ്വഭാവത്തെയോ എന്തെങ്കിലുമൊക്കെ തേടിപ്പിടിച്ചു കുത്തിപ്പഴുപ്പിക്കും. അമ്മ കുറേയൊക്കെ ചിരിച്ചുതള്ളും. പക്ഷേ അത്യധികം മനോവിഷമമുണ്ടാക്കുന്ന വിഷയങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോൾ അമ്മയ്ക്ക് അടങ്ങിയിരിക്കാനാവില്ല. അച്ഛന് മാത്രമേ അമ്മയെ ശാന്തയാക്കാൻ കഴിയുമായിരുന്നുള്ളൂ. വളരെ സൗമ്യതയോടെ 'എനിക്കറിയാമല്ലോ എന്താണ് സത്യം എന്നത് കമലാ...'എന്നദ്ദേഹം ചോദിക്കുകയേ വേണ്ടൂ, അമ്മയ്ക്ക് പിന്നെ എന്തുസംഭവിച്ചാലും തമാശയായിട്ടെടുക്കാൻ കഴിയും. ചില കൃതികളെച്ചൊല്ലി തർക്കമുണ്ടാകുമ്പോൾ അമ്മ അസ്വസ്ഥയാകും അപ്പോഴും അച്ഛൻ പറയും 'ഞാൻ വായിച്ചതല്ലേ കമലാ...ഒരു പ്രശ്നവുമില്ല, ആളുകളല്ലേ അവർ പറഞ്ഞോട്ടെ'. അമ്മയെ അച്ഛൻ അത്യധികം മാനിച്ചിരുന്നു. ഇത്രയധികം ബഹുമാനത്തോടെയും അഭിമാനത്തോടെയുമല്ലാതെ അച്ഛൻ അമ്മയോട് സംസാരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അച്ഛന് ഒന്നും സംഭവിക്കുന്നത് അമ്മയ്ക്ക് സഹിക്കില്ലായിരുന്നു. തന്നെ നേരേചൊവ്വേ അറിയുന്ന ഒരേയൊരാൾ ഭർത്താവ് മാത്രമാണെന്ന് അമ്മ വിശ്വസിച്ചിരുന്നു, ഞങ്ങൾ മക്കളെ പോലും ആ വിശ്വാസത്തോടൊപ്പം അമ്മ കൂട്ടിയിട്ടില്ല.

Madhavikutti
മാധവിക്കുട്ടിയും ഭര്‍ത്താവ് മാധവദാസും

അച്ഛനും ഹൃദയാഘാതം സംഭവിച്ചു. അച്ഛനും അമ്മയും തിരുവനന്തപുരത്താണ് അക്കാലത്ത് താമസിക്കുന്നത്. കുറച്ചുമാസങ്ങൾക്കുള്ളിൽ തന്നെ അച്ഛൻ പോയി. അതായിരുന്നു അമ്മയ്ക്കു സംഭവിച്ച ഏറ്റവും വലിയ മാനസികക്ഷതം. അച്ഛൻ കൂടെയില്ല എന്ന് അമ്മയ്ക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു. ഏറെക്കാലം കഴിഞ്ഞാണ് ആ ട്രോമയിൽ നിന്നും അമ്മ കരകയറിയത്. തിരുവനന്തപുരത്ത് രണ്ടുപേരും താമസിച്ചിരുന്ന വീട് മാറി കൊച്ചിയിൽ ഞാൻ താമസിക്കുന്ന ഫ്ളാറ്റിനടുത്തായി ഒരേ ബിൽഡിങ്ങിൽ മറ്റൊരു ഫ്ളാറ്റ് അമ്മയ്ക്കായി വാടകക്കെടുത്തു. അവിടെ അമ്മ സന്തോഷവതിയായിരുന്നു. പേരക്കുട്ടികൾ വരും, നിരവധി സന്ദർശകർ ഉണ്ടാവും. എല്ലാവർക്കും വെച്ചുവിളമ്പും. എന്നിരുന്നാലും അമ്മ സ്വന്തം ഇടം എപ്പോഴും സ്വകാര്യതയോടെ സൂക്ഷിക്കുമായിരുന്നു. മക്കളുടെ കൂടെ സ്ഥിരതാമസത്തിനില്ല, അവരുടെ കൺവെട്ടത്തുവേണമെന്നുണ്ടെങ്കിൽ സമ്മതിക്കാം. അത്രയേ പാടുള്ളൂ.

ആ സ്വന്തം ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കേ ജീവിതശൈലി മൊത്തം മാറി. അമ്മ കടുത്ത പ്രമേഹരോഗിയാണ്. ആ വിചാരം ഒട്ടുമില്ലാതെ ആളുകൾ കൊണ്ടുവരുന്ന മധുരപലഹാരങ്ങളെല്ലാം അവരുടെ സന്തോഷത്തിനായി കഴിക്കും. മധുരം വലിയ ഇഷ്ടമാണ്. ഷുഗർ വല്ലാതെ കൂടി. ഞാൻ തിരികെ പൂണെയിലേക്കും പോയിട്ടുണ്ട്. അപ്പോൾ അമ്മയ്ക്ക് ഇടക്കിടെ വയ്യാതാവും. ഞാൻ പൂണെയിൽ നിന്നും കൊച്ചിയിലേക്കെത്തും ആശുപത്രിയിലായിരിക്കും അപ്പോഴെല്ലാം. അങ്ങനെയാണ് തിരികെ അമ്മയെ പൂണെയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. കേരള സർക്കാർ ആ തീരുമാനത്തെ എതിർത്തു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അതേച്ചൊല്ലി സംസാരിച്ചു. ഇവിടെ എല്ലാ സൗകര്യങ്ങളും നൽകാം എന്നവർ വാക്കു തന്നു. പക്ഷേ കൊണ്ടുപോകാതിരിക്കാൻ പറ്റില്ലായിരുന്നു. ഇടക്കിടെ ജോലിയിൽ നിന്നും ലീവ് എടുക്കാൻ പറ്റുന്ന സാഹചര്യത്തിലായിരുന്നില്ല ഞാൻ.

പൂണെയിലും അമ്മയ്ക്കായി സ്വന്തം ഫ്ളാറ്റ് തന്നെ ഏർപ്പാടാക്കി. സ്വന്തമായ ഇടം എപ്പോഴും അമ്മയ്ക്ക് വേണമായിരുന്നു. ഇതെല്ലാം ഒരുക്കിയശേഷമാണ് അമ്മയെ ഇങ്ങോട്ട് എത്തിച്ചത്. അമ്മയെ പറഞ്ഞുബോധിപ്പിക്കാൻ അത്ര എളുപ്പമല്ല. അച്ഛന് മാത്രമേ അത് നടക്കുകയുള്ളൂ. പൂണെയിലെ ഏറ്റവും മികച്ച ഡോക്ടറെ വീട്ടിൽ വരുത്തി അമ്മയുടെ ദൈനംദിന ചെക്കപ്പുകൾ നടത്തി. എമർജൻസി മെഡിസിൻ എന്തൊക്കെ വേണമെന്ന് ഞാനും പഠിച്ചുവെച്ചു. ഒരു മിനി ഹോസ്പിറ്റൽ തന്നെ ഫ്ളാറ്റിൽ അമ്മയ്ക്കായി സെറ്റുചെയ്തുവെച്ചു. അക്കാലത്തും അമ്മയെ സന്ദർശിക്കാൻ ആളുകൾ വരുമായിരുന്നു. അത് അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമായിരുന്നു. എ.കെ ആന്റണിയെയും എം.എ ബേബിയെയും ഞാൻ വളരെ ഇഷ്ടത്തോടെ ഓർക്കുന്നു, അമ്മയോടൊപ്പം സമയം ചെലവഴിച്ചതിൽ. അമ്മയുടെ പ്രയപ്പെട്ടവരായിരുന്നു രണ്ടുപേരും. ശ്വാസതടസ്സം വന്നതോടെയാണ് അമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ടുമാസം ആശുപത്രിയിൽ കഴിഞ്ഞു. ഹൃദ്രോഗം പിടിമുറുക്കി.പിന്നെയൊരു തിരിച്ചുവരവുണ്ടായില്ല; 2009 മെയ് മുപ്പത്തിയൊന്ന്.

മരണത്തെക്കുറിച്ച് അമ്മയ്ക്ക് ഒരു വേവലാതിയുമില്ലായിരുന്നു. ആശുപത്രി ഒട്ടും ഇഷ്ടമില്ലായിരുന്നു. അതിലുഭേദം എന്നെയങ്ങ് കൊല്ലുകയാണെന്ന് പറയും. അതുകൊണ്ടുതന്നെ രക്ഷയില്ലാത്ത സന്ദർഭത്തിൽ മാത്രമേ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുള്ളൂ. ആടയാഭരണങ്ങളോടെ, ഊർജപ്രസരിപ്പോടെ ഇരിക്കുക, സന്തോഷിക്കുക എന്നത് മാത്രമായിരുന്നു അമ്മയുടെ പ്രഥമ പരിഗണന. വളകളും മൂക്കുത്തികളെല്ലാം ഇഷ്ടപ്പെട്ടവർക്ക് സമ്മാനിക്കും. അതുപോലെ കുറേ എടുത്തണിയുകയും ചെയ്യും. അമ്മയുടെ മുഖത്ത് ഒരു ചുളിവുപോലും ഉണ്ടായിരുന്നില്ല എഴുപത്തിയഞ്ച് വയസ്സിലും. പേരക്കുട്ടികൾക്കെല്ലാം സ്വന്തം ഇഷ്ടപ്രകാരം ആഭരണങ്ങൾ പണിയിച്ചുവെച്ചു. അമ്മ പണിയിച്ചുകൊടുത്ത മാലകൾ എന്റെ പെൺകുട്ടികൾ അവരുടെ വിവാഹവേളയിൽ അണിഞ്ഞിരുന്നു. അതൊക്കെയായിരുന്നു അമ്മയുടെ സന്തോഷവും. അമ്മയുടെ ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം ഞങ്ങൾ സൂക്ഷിച്ചുവെച്ചിരിക്കുന്നു, കുറേ നല്ല ഓർമകളാണ് അതെല്ലാം ഞങ്ങൾക്ക്. ജുവലറികളോട് വല്യ ഇഷ്ടമായിരുന്നല്ലോ.

കേരളസർക്കാർ അമ്മയുടെ ചികിത്സാച്ചിലവിനായി പണം നീക്കിവെച്ചിരുന്നു. അമ്മയുടെ മരണശേഷം എറണാകുളം കലക്ടർ എന്നെ വിളിച്ചു ഒരു ഗ്രാന്റിന്റെ കാര്യം പറഞ്ഞു. ഞങ്ങൾ നന്ദിപൂർവം നിരസിച്ചു. ഏട്ടന്റെ ഇൻഷുറൻസ് സ്‌കീം പ്രകാരമാണ് അമ്മയുടെ ചികിത്സാച്ചിലവുകൾ മുഴുവനും നടന്നത്. അപ്പോൾ കാര്യം നടന്നല്ലോ, ആ പണം വേറെയെന്തെങ്കിലും നല്ല കാര്യത്തിനു ഉപകരിക്കട്ടെ എന്നായിരുന്നു ഞങ്ങൾ മക്കളുടെ തീരുമാനം. പതിനൊന്നു വർഷം കഴിഞ്ഞിരിക്കുന്നു ആ വിയോഗത്തിന്. എന്നിരുന്നാലും കമലാദാസ് അല്ലെങ്കിൽ മാധവിക്കുട്ടി എന്നു കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല എന്നതുതന്നെയാണ് ഏറെ സന്തോഷം. മാധവിക്കുട്ടി അനശ്വരയാണ്. ഞങ്ങൾ മക്കളൊക്കെ ആ അനശ്വരതയുടെ വെറും കണികകൾ മാത്രം.

Content Highlights: JaysuryaDas Son of Madhavikkutty shares his loving experience  with mother