ടച്ചിരിപ്പിന്റെ കാലത്തെപ്പറ്റിയുള്ള കലാസൃഷ്ടികള്‍ രൂപപ്പെടുന്നതേയുള്ളൂ. പക്ഷേ, അടഞ്ഞുപോകുന്ന ഒരു ലോകത്തെപ്പറ്റിയുള്ളതാണ് 2021-ല്‍ വായിച്ച എഴുത്തുകള്‍ മിക്കതും. പ്രതീക്ഷകള്‍പോലും ഇരുണ്ടതാണ്. ചെക്ക് റിപ്പബ്ലിക്കിലെ കവിയായ വ്‌ലാഡിമിര്‍ ഹൊളാന്‍ (Vladimir Holan) ഇങ്ങനെ എഴുതി:

അതെ, പ്രഭാതമായിരിക്കുന്നു/പക്ഷേ, എനിക്കറിയില്ല

തണുത്ത നടപ്പാതകളിലൂടെ /ഈ വാതില്‍ക്കലേക്ക്

ആഴ്ചമുഴുവന്‍ ഞാന്‍/ തിരക്കുപിടിച്ചെത്തിയതെന്തിനെന്ന്./ സമയമാകുന്നതിനുമുമ്പ്/ഞാനെത്തി നില്‍ക്കുന്നഈ വാതില്‍ക്കലേക്ക്./ എനിക്ക് ഭാവിയെ സ്വാധീനിക്കാനാവില്ല./ എനിക്കീ അന്ധനെ / ഉണര്‍ത്താനാഗ്രഹവുമില്ല./ അയാളെനിക്കീ വാതില്‍/ തുറന്നുതന്നിട്ട്/ തിരിച്ചുപോയേക്കും.

ഭാവി എന്നത് അന്ധനായ വാതില്‍ക്കാവല്‍ക്കാരനാണ്;

അയാളാവാതില്‍ തുറന്നേക്കും. പക്ഷേ വാതിലിനപ്പുറമെന്താണ്; വെളിച്ചമോ? അതോ കൂടുതല്‍ തണുത്തതും ഇരുണ്ടതുമായ തുരങ്കവഴികളോ? ഒരു നിശ്ചയമില്ലയൊന്നിനും.

മാരിയോ വര്‍ഗാസ് യോസയുടെ 2019-ല്‍ പ്രസിദ്ധീകരിച്ച ടിയെപോസ് റെക്കിയോസ് എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ഹാര്‍ഷ് ടൈംസ് എന്ന പേരില്‍ പുറത്തുവന്നത് ഈ വര്‍ഷമാണ്. യുണൈറ്റഡ് ഫ്രൂട്‌സ് കമ്പനി എന്ന സ്ഥാപനം ഗ്വാട്ടിമാലയിലെ ജനാധിപത്യത്തെ എങ്ങനെ അട്ടിമറിച്ചു എന്നതില്‍ ഈ നോവല്‍ ഒതുങ്ങുന്നില്ല. പ്രത്യയശാസ്ത്രങ്ങള്‍ എത്ര എളുപ്പത്തില്‍ വളച്ചൊടിക്കാന്‍ കഴിയുമെന്നതും നോവലില്‍ ഇഴകീറി പരിശോധിക്കുന്നു.

തത്ത്വശാസ്ത്ര പ്രൊഫസറും ഗ്വാട്ടിമാലയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റുമായ ഹുവാന്‍ ഹോസെ അരേവലോ ഒരു കമ്യൂണിസ്റ്റുകാരനല്ലായിരുന്നെന്നുമാത്രമല്ല, കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു. ഗ്വാട്ടിമാലയെ അമേരിക്കയെപ്പോലെ ഒരു സ്വതന്ത്ര ജനാധിപത്യരാഷ്ട്രമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിനുവേണ്ടി അദ്ദേഹം ഒരു പുതിയ തൊഴില്‍നിയമം കൊണ്ടുവന്നു. അതുപ്രകാരം തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും സംഘടനകളുണ്ടാക്കാന്‍ കഴിയുമായിരുന്നു. ഗ്വാട്ടിമാലയിലും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും വാഴക്കൃഷിയുടെ കുത്തകയുണ്ടായിരുന്ന യുണൈറ്റഡ് ഫ്രൂട്ട്‌സ് കമ്പനി ഇതില്‍ അപകടം മണത്തു. കാരണം, സംഘടനകളുണ്ടായാല്‍ തൊഴിലാളികള്‍ക്ക് കുറഞ്ഞകൂലിയും തൊഴില്‍ സംരക്ഷണവും മറ്റ് അവകാശങ്ങളും നല്‍കേണ്ടിവരും. കമ്പനിയുടെ പബ്ലിക് റിലേഷന്‍സ് മേധാവിയായ എഡ്വേര്‍ഡ് ബെര്‍ണേയ്‌സ് അതിനൊരു വഴി കണ്ടെത്തി. ഗ്വാട്ടിമാല ഒരു കമ്യൂണിസ്റ്റ് രാജ്യമായി മാറാന്‍ പോവുകയാണെന്നും സോവിയറ്റ് യൂണിയന്റെ സഖ്യകക്ഷിയാണെന്നും പ്രചരിപ്പിക്കുക. അങ്ങനെയെങ്കില്‍ അമേരിക്ക അരേവലോയുടെ സര്‍ക്കാരിനെ വെറുതേവിടില്ല.

അതുപോലെത്തന്നെ സംഭവിച്ചു. ഗ്വാട്ടിമാലയിലെ ജനാധിപത്യ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളെ ചരിത്രവും ഭാവനയും ഇഴചേര്‍ത്ത് യോസ ഈ നോവലില്‍ അവതരിപ്പിക്കുന്നു.

ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ലഭിച്ച ഡെയ്മന്‍ ഗാല്‍ഗൂത്തിന്റെ 'ദ പ്രോമിസ്' എന്ന നോവലില്‍ അടക്കിവെക്കേണ്ടിവരുന്ന, അടിച്ചമര്‍ത്തപ്പെട്ട ശബ്ദങ്ങളെപ്പറ്റി പറയുന്നുണ്ട്. അടിയന്തരാവസ്ഥയുടെയും സെന്‍സര്‍ഷിപ്പിന്റെയും ഭാരത്തിനടിയില്‍നിന്നുപോലും പക്ഷേ, അത്തരം ശബ്ദങ്ങള്‍ പുറത്തുവരുന്നുണ്ട്. ഒരു കറുത്തവര്‍ഗക്കാരിക്കുവേണ്ടി നല്‍കിയ വാഗ്ദാനം നടപ്പാക്കാത്തതും അത് ഒരു ശാപംപോലെ വാക്കുപാലിക്കാത്തവരുടെമേല്‍ വീഴുന്നതുമായ ഈ കഥയില്‍ പക്ഷേ, അനേകം രാഷ്ട്രീയമാനങ്ങളുണ്ട്. നേരത്തേ എഴുതിയപോലെ ഞെരിച്ചമര്‍ത്തപ്പെട്ട ശബ്ദങ്ങള്‍ പുറത്തുവരുമ്പോള്‍ അവയുടെ രൂപം ശാപങ്ങളുടേതായി മാറുമെന്ന് എഴുത്തുകാരന്‍ സൂചിപ്പിക്കുകയാണിവിടെ.

ആഫ്രിക്കന്‍ വേരുകളുള്ള ഫ്രഞ്ച് എഴുത്തുകാരന്‍ ദവീദ് ദിയൂപ്പിന്റെ അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഇസ് ബ്ലാക്ക് എന്ന നോവലിനാണ് ഈ വര്‍ഷത്തെ ബുക്കര്‍ അന്താരാഷ്ട്രപുരസ്‌കാരം ലഭിച്ചത്. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത അല്‍ഫാ ദിയായെ സെനഗലീസ് പട്ടാളക്കാരന്റെ കഥ പറയുന്ന ഈ നോവല്‍ ആഭിചാരത്തിന്റെ കറുത്തദിക്കുകളിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു. യുദ്ധത്തിനിടയില്‍ അയാളുടെ ഉറ്റ ചങ്ങാതി മരിക്കുന്നു.

ആ മരണം അയാളെ ഭ്രാന്തനോ പിശാചോ ആക്കി മാറ്റി. ജര്‍മന്‍ സൈനികരെ പതിയിരുന്ന് കീഴടക്കിയിട്ട് അയാളവരെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു. എന്നിട്ട് മരിച്ചവരുടെ കൈവെട്ടിയെടുത്ത് ഉപ്പിലിട്ടുണക്കി സൂക്ഷിച്ചു. ഭയന്നുപോയ മറ്റുസൈനികര്‍ അയാള്‍ ഒരു ആഭിചാരകനും നരഭോജിയുമാണെന്ന് വിചാരിക്കാന്‍ തുടങ്ങി.

ആഫ്രിക്കയുടെമേല്‍ ഇപ്പോഴും പിടിമുറുക്കിയിരിക്കുന്ന വെള്ളക്കാരന്റെ കൈകള്‍ ഛേദിക്കാനുള്ള കറുത്തവന്റെ സൂക്ഷ്മചോദനയാണോ ദിയൂപ്പ് തന്റെ നോവലിലൂടെ ആവിഷ്‌കരിക്കുന്നത്?

കൗബോയ് ഗ്രേവ്‌സ് എന്ന പേരില്‍ റൊവെര്‍ത്തോ വൊളാഞ്യോ മൂന്നു നോവെല്ലകള്‍ ഈ വര്‍ഷം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. വൊളാഞ്യോയുടെ പ്രതിരൂപമായ അര്‍ത്തുറോ വെളാഞ്യോയാണ് ആദ്യ രണ്ടുകഥകളിലെയും ആഖ്യാതാവ്. മൂന്നാമത്തേതില്‍ അര്‍ത്തുറോ റിഗോബെര്‍ത്തോമായി മാറുന്നു.

ഈ വര്‍ഷത്തെ സെര്‍വാന്റെസ് പുരസ്‌കാരം ലഭിച്ച യുറുഗ്വായന്‍ എഴുത്തുകാരി ക്രിസ്റ്റീന പെരി റോസ്സിയുടെ ഒരു കവിതയില്‍ ഇങ്ങനെ പറയുന്നു:

''ഞാനിതുവരെ മണ്ണിലെത്തിയിട്ടില്ല;
ജനിച്ച നിമിഷംതൊട്ട്
താഴേക്കിറങ്ങാന്‍ ഞാന്‍ ഒരുക്കമാണ്;
പക്ഷേ, ഗര്‍ഭാശയംവിട്ട്
മണ്ണിലേക്കെത്താനുള്ള പ്രവൃത്തിക്ക്
സമയമാവശ്യമാണ്, ഒരുപാടൊരുപാട്.
ഗര്‍ഭാശത്തില്‍നിന്ന് പൊടിമണ്ണിലേക്കിറങ്ങുന്ന സ്വപ്നങ്ങളുടെ വേദനയാണ് എല്ലാ എഴുത്തും.''

Content Highlights : Jayakrishnan reviews the wold literature readings in 2021