ള്‍ഫില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാകിസ്ഥാന്‍കാരിയായ സമീറയുടെ കഥ പറഞ്ഞ ബെന്യാമിന്റെ 'മുല്ലപ്പൂ നിറമുള്ള പകലുകള്‍' മലയാള സാഹിത്യ പ്രേമികള്‍ക്ക് സുപരിചിതമാണ്. അറബ് രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയ മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ നേരിട്ട പ്രതിസന്ധികളുടെ കഥ പറഞ്ഞ ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ, 'ജാസ്മിന്‍ ഡേയ്‌സ്' ആണ് ഈ വര്‍ഷം പുതുതായി ആരംഭിച്ച ജെ.സി.ബി. പുരസ്‌കാരത്തിന് അര്‍ഹമായത്. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷക ഷഹനാസ് ഹബീബുമായാണ് ബെന്യാമിന്‍, ഇന്ത്യയിലെ ഏറ്റവും സമ്മാനത്തുകയേറിയ പുരസ്‌കാരം പങ്കുവെച്ചത്.

ഇംഗ്ലീഷ് ഭാഷയില്‍ രചിക്കപ്പെട്ടതോ, പ്രാദേശിക ഭാഷകളില്‍ നിന്നും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയതോ ആയ ഇന്ത്യന്‍ സാഹിത്യകൃതികള്‍ക്കായി നിശ്ചയിക്കപ്പെട്ട പുരസ്‌കാരമാണ് 'ദി ജെ.സി.ബി. പ്രൈസ്.' ആദ്യ പുരസ്‌കാരം തന്നെ മലയാളിയായ ബെന്യാമിനും, അദ്ദേഹം മലയാളത്തില്‍ രചിച്ച നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്കുമാണ് ലഭിച്ചത് എന്നതും ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം തന്നെയാണ്.

മറ്റേതൊരു മേഖലയിലും എന്നപോലെ, സാഹിത്യത്തിലും ഇംഗ്ലീഷ് ഭാഷയോട് നമുക്ക് ഒരു പ്രത്യേക മമത തന്നെയാണ്. സാഹിത്യത്തിലെ ഈ മമതയ്ക്ക് കൃത്യമായ കാരണങ്ങളുണ്ട്. ഒ.വി. വിജയന്‍, തകഴി, ലളിതാംബിക അന്തര്‍ജനം, മാധവിക്കുട്ടി എന്ന കമലാ ദാസ്, എം.ടി. വാസുദേവന്‍ നായര്‍ എന്നിവരില്‍ തുടങ്ങി ഇന്ന് കെ.ആര്‍. മീര, ബെന്യാമിന്‍, സംഗീത ശ്രീനിവാസന്‍ വരെ എത്തിനില്‍ക്കുന്നു, മലയാള ഭാഷയുടെ അതിരുകള്‍ക്കുള്ളില്‍ നിന്ന് ഏഴു കടലുകളും കടന്ന മലയാളത്തിന്റെ എഴുത്തുകാരുടെ പട്ടിക.

ഭുവനേശ്വറില്‍ ഇംഗ്ലീഷ് സാഹിത്യാധ്യാപികയായ ബര്‍ഷാ നായകിന് മലയാള സാഹിത്യം എന്ന് കേട്ടാല്‍ ആദ്യം ഓര്‍മ വരിക ലളിതാംബിക അന്തര്‍ജനം രചിച്ച 'അഗ്‌നിസാക്ഷി' എന്ന നോവലാണ്. എന്നാല്‍ മലയാള അക്ഷരങ്ങള്‍ പോലും അറിയാത്ത, ഒറിയാ ഭാഷ സംസാരിക്കുന്ന ബര്‍ഷാ വായിച്ചത് വാസന്തി ശങ്കരനാരായണന്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ 'അഗ്‌നിസാക്ഷി' എന്ന നോവലാണ്. ബര്‍ഷയെ പോലെ മലയാളം അറിയാതെ മലയാള സാഹിത്യത്തെ സ്‌നേഹിക്കുകയാണ് നാസിക്കില്‍ വീട്ടമ്മയായ പദ്മജ പാഠക്. ബെന്യാമിന്റെ 'ജാസ്മിന്‍ ഡേയ്‌സ്' എന്ന നോവലിലൂടെയാണ് ഈ മഹാരാഷ്ട്രക്കാരി കേരളത്തെ അറിയുന്നത്. കേരളത്തിന്റെ സംസ്‌കാരവും നക്‌സല്‍ ചരിത്രവും പദ്മജ, അവര്‍ വായിച്ചറിഞ്ഞ നോവലുകളിലൂടെയാണ് മനസ്സിലാക്കുന്നത്. ഈ ലേഖനം പോലും പദ്മജയെ തന്റെ അയല്‍ക്കാരിയായ മലയാളി സുഹൃത്താവും വായിച്ചു കേള്‍പ്പിക്കുക. എന്നാല്‍ ഇത്തരത്തില്‍ മലയാളം വായിക്കാന്‍ പോലും കഴിയാത്ത എത്രയോ മലയാളികള്‍ നമുക്ക് ചുറ്റുമുണ്ട്! അവരും മലയാള ഭാഷയുടെ ചൂടും ചൂരും അറിയുന്നത് പരിഭാഷകളിലൂടെയാണ്. 'മലയാളം എഴുതാനോ വായിക്കാനോ അറിയാത്ത എനിക്ക് പരിഭാഷകള്‍ മാത്രമാണ് എന്റെ മാതൃഭാഷയിലേക്കുള്ള വഴി,' എന്നാണ് ബെംഗളൂരുവില്‍ ബയോമെഡിക്കല്‍ എന്‍ജിനീയറായ അനഘ ടി.കെ. പറയുന്നത്. കെ.ആര്‍. മീരയുടെ 'മീരാ സാധു' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'പോയ്‌സണ്‍ ഓഫ് ലവ്' വായിച്ച അനഘയ്ക്ക് നോവല്‍ രചയിതാവും പരിഭാഷക മിനിസ്തിയും ഒരുപോലെ പ്രിയപ്പെട്ടവരാണ്.

BOOKഎം.ടി. വാസുദേവന്‍ നായര്‍ രചിച്ച 'രണ്ടാമൂഴം' എന്ന നോവല്‍, ജീവിതത്തില്‍ എന്നും രണ്ടാമന്‍ മാത്രം ആകാന്‍ വിധിക്കപ്പെട്ട ഭീമന്റെ നോവിനെ മലയാളികളുടെ മനസ്സിലേക്ക് എന്നെന്നേക്കുമായി പ്രതിഷ്ഠിച്ചു. ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'ദി ലോണ്‍ വോറിയര്‍' എന്ന കൃതിക്കും ആരാധകര്‍ ഒട്ടും കുറവല്ല. ഗീത കൃഷ്ണന്‍കുട്ടിയുടെ പരിഭാഷ എം.ടി.യുടെ അതുല്യമായ ആഖ്യാനത്തിന്റെ മികവൊട്ടും കുറച്ചിട്ടില്ല എന്നതിന്റെ നേര്‍സാക്ഷ്യമാണിത്. ഇന്ന് മലയാളത്തില്‍ നിന്നുള്ള പരിഭാഷകളില്‍ ഏറ്റവും ഏറെ വായനക്കാരുള്ളത് കെ.ആര്‍. മീരയ്ക്ക് തന്നെയാവും. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹമായ 'ആരാച്ചാര്‍' എന്ന നോവലിനുശേഷം അതിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'ഹാങ്ങ് വുമണ്‍', യൂദാസിന്റെ സുവിശേഷം എന്ന നോവലിന്റെ പരിഭാഷയായ 'ദി ഗോസ്പല്‍ ഓഫ് യൂദാസ്', നേത്രോന്മീലനം എന്ന നോവലിന്റെ പരിഭാഷയായ 'ദി അന്‍സീയിങ് ഐഡല്‍ ഓഫ് ലൈറ്റ്' എന്നീ നോവലുകള്‍ക്കാണ് ഏറ്റവുമധികം ആരാധകരുള്ളത്. 'കെ.ആര്‍. മീരയുടെ നോവലുകളുടെ പരിഭാഷകള്‍ പലപ്പോഴും യൂണിവേഴ്‌സലാണ്. അത് എല്ലാവര്‍ക്കും വായിക്കാനും ആസ്വദിക്കാനും കഴിയുന്നു'- എന്ന അഭിപ്രായമാണ് മുംബൈയില്‍ ജനിച്ചു വളര്‍ന്ന സമത ബാലചന്ദ്രന്‍ പങ്കുവെക്കുന്നത്.

എന്നാല്‍ വിവര്‍ത്തനം എന്ന നിലയില്‍ ഏറ്റവും മികച്ചത് എന്ന് സമത വിലയിരുത്തുന്നത് 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയെയാണ്. ഒ.വി. വിജയന്‍ എന്ന മലയാളത്തിന്റെ എക്കാലത്തേയും അതുല്യനായ എഴുത്തുകാരന്‍ സ്വയം മൊഴിമാറ്റം ചെയ്ത നോവല്‍ എന്ന നിലയില്‍ കഥയുടെ ആര്‍ദ്രത ഒട്ടും തന്നെ ചോരാതെയാണ് 'ദി ലെജന്റ്‌സ് ഓഫ് ഖസാക്' രചിക്കപ്പെട്ടിട്ടുള്ളത്. സ്വന്തം മലയാളകൃതികളുടെ പരിഭാഷ സ്വയംചെയ്ത ഖ്യാതി ഒ.വി. വിജയനും മാധവിക്കുട്ടിക്കും ശേഷം ഇന്ന് സംഗീത ശ്രീനിവാസനും സ്വന്തം. എലീന ഫെറാന്റെയുടെ 'ഡേയ്‌സ് ഓഫ് ബാണ്ടോണ്മെന്റ്' മലയാളത്തിലേക്ക് മൊഴിമാറ്റിയെഴുതിയ സംഗീത ശ്രീനിവാസന് 'ആസിഡ്' എന്ന സ്വന്തം നോവല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുക എന്നത് സ്വാഭാവികമായിരുന്നിരിക്കാം. എന്നാല്‍ ആ മൊഴിമാറ്റത്തിലൂടെ സംഗീതയുടെ കഥകള്‍ക്ക് അനേകായിരം പുതിയ വായനക്കാരാണ് കൈവന്നിരിക്കുന്നത്.

ബ്രിട്ടീഷ് ഭരണത്തിന്റെ 'ഹാങ്ങോവര്‍' എന്നതുകൊണ്ടോ, അവരുടെ ഭാഷയോടുള്ള വിധേയത്വം കൊണ്ടോ, മറ്റെന്തുകൊണ്ടങ്കിലുമോ ആയിക്കൊള്ളട്ടെ, ഇന്ത്യന്‍ മണ്ണില്‍ ഉത്ഭവിച്ച മുപ്പത്തിമുക്കോടി ഭാഷകളെ ഏകോപിപ്പിക്കാന്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് നമ്മള്‍ സമ്മതിച്ചേ മതിയാവൂ. ഭാഷാവൈവിധ്യം കൊണ്ട് സമ്പുഷ്ടമായ ഭാരതത്തില്‍ ഇംഗ്ലീഷ് തര്‍ജമകളാണ് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ പരന്നു കിടക്കുന്ന ഭാഷകളും സംസ്‌കാരങ്ങളും അറിയാനും അനുഭവിക്കാനും നമ്മെ പ്രാപ്തരാക്കുന്നത്. ലോകം മലയാള ഭാഷയിലൂടെ നമ്മുടെ സംസ്‌കാരത്തെ രുചിച്ചറിയുമ്പോള്‍ നമുക്കും ഭാഷയിലൂടെ തന്നെ മറ്റുള്ള ഭാഷകളുടെ സംസ്‌കാരത്തെയും രുചിച്ചറിയാം.