Irayimman Thampiമനത്തിങ്കള്‍ കിടാവോ മധുര മനോഹരമായ ഒരു താരാട്ടു പാട്ടു കൊണ്ടു തന്നെ മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഗാനരചയിതാവാണ് ഇരയിമ്മന്‍ തമ്പി. സാഹിത്യ സംഭാവനകള്‍ കണക്കിലെടുത്താല്‍ കവിയും ആട്ടക്കഥാകാരനും കൂടിയായിരുന്നു അദ്ദേഹം. ഇരയിമ്മന്‍ തമ്പിയുടെ ചരമവാര്‍ഷിക ദിനമാണ് ജൂലൈ 29.

ചേര്‍ത്തല വാരനാട് നടുവിലേല്‍ കോവിലകത്ത് കേരളവര്‍മ്മ തമ്പാന്റെയും തിരുവനന്തപുരത്ത് കരമന ആണ്ടിയിറക്കത്ത് പുതുമന അമ്മവീടെന്ന രാജകുടുംബത്തിലെ പാര്‍വതിപ്പിള്ള തങ്കച്ചിയുടേയും മകനായി 1782 ഒക്ടോബര്‍ 12ന് ആണ് ഇരയിമ്മന്‍ തമ്പിയുടെ ജനനം. അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തിക തിരുനാള്‍ രാമവര്‍മയുടെ സഹോദരന്‍ മകയിരം തിരുനാള്‍ രവിവര്‍മയുടെ മകളായിരുന്നു പാര്‍വതിപ്പിള്ള തങ്കച്ചി. 

ഇരയിമ്മന്‍ തമ്പി എന്നറിയപ്പെട്ട രവി വര്‍മ്മന്‍ തമ്പിയുടെ ആദ്യഗുരു പിതാവു തന്നെയായിരുന്നു. പിന്നീട് മൂത്താട്ടു ശങ്കരന്‍ ഇളയത് എന്ന പണ്ഡിതനില്‍ നിന്നും ഉപരിപഠനം നേടി. കാവ്യം, നാടകം, വ്യാകരണം എന്നിവയില്‍ ഇരയിമ്മന്‍ തമ്പി ചെറുപ്പത്തില്‍  തന്നെ അസാധാരണമായ പാണ്ഡിത്യം നേടി. പില്‍ക്കാലത്ത് സംസ്‌കൃതസാഹിത്യം, വേദാന്തം, സംഗീതശാസ്ത്രം എന്നീ വിഷയങ്ങളിലും അവഗാഹം നേടുകയുണ്ടായി. 

പതിനാലാമത്തെ വയസ്സില്‍ ഒരു ശ്ലോകം രചിച്ച് കാര്‍ത്തിക തിരുനാള്‍ മഹാരാജാവിനു സമര്‍പ്പിച്ച ഇരയിമ്മനെ അദ്ദേഹം കൂടുതല്‍ വിദ്യാഭ്യാസം നല്‍കാനായി കൊട്ടാരത്തിലേക്ക് കൂട്ടുകയായിരുന്നു. പിന്നീട് അനന്തപുരിയിലെ രാജകൊട്ടാരത്തിലാണ് അദ്ദേഹം വളര്‍ന്നത്. കൊട്ടാരത്തില്‍ എഴുത്തിനും സാഹിത്യ കാര്യങ്ങള്‍ക്കും വേണ്ട എല്ലാ പിന്തുണകളും ഇരയിമ്മന് ലഭിച്ചിരുന്നു. കൊട്ടാരത്തെ പശ്ചാത്തലമാക്കി ആട്ടക്കഥകളും കൊട്ടാര വര്‍ണനകളും അദ്ദേഹം എഴുതി. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രപഠനങ്ങള്‍ക്കും പിന്നീട് ഈ കൃതികള്‍ സഹായകരമായി. 

കൊട്ടാരത്തിലെ സ്ത്രീകള്‍ക്കു വേണ്ടിയാണ് പ്രശസ്തമായ 'വീര വിരാട കുമാരവിഭോ' എന്ന കുമ്മി എഴുതിയത്. റാണി ഗൗരി ലക്ഷ്മി ഭായിയുടെ ആവശ്യപ്രകാരമായിരുന്നു കുഞ്ഞായിരുന്ന സ്വാതിതിരുനാളിനെ ഉറക്കാനായി 'ഓമനത്തിങ്കള്‍ കിടാവോ' എന്ന താരാട്ട് എഴുതി ഈണം നല്‍കിയത്. വളര്‍ന്നു വലുതായപ്പോഴും സ്വാതിതിരുനാളിന് തമ്പിയുമായി വലിയ ആത്മബന്ധമുണ്ടായിരുന്നു. സ്‌നേഹത്തോടെ തമ്പി അമ്മാവന്‍ എന്നായിരുന്നു സ്വാതിതിരുനാള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. 

23 സംസ്‌കൃത കൃതികളും അഞ്ച് മലയാളകൃതികളും അഞ്ച് വര്‍ണങ്ങളും 22 പദങ്ങളും രചിച്ച ഇരയിമ്മന്‍ തമ്പിയുടെ കൃതികളില്‍ ഭക്തിക്കും രസങ്ങള്‍ക്കുമായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. ഭക്തിരസത്തിന്റെ ഔന്നത്യത്തില്‍ വിരാജിക്കുന്ന 'കരുണചെയ്‌വാനെന്തു താമസം കൃഷ്ണാ', ശ്യംഗാര രസം നിറഞ്ഞു തുളുമ്പുന്ന 'പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദരസത്തെ പറവതിനെളുതാമോ' എന്നു തുടങ്ങി തമ്പിയുടെ നിസ്തുലമായ അനവധി രചനകള്‍ മലയാള മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്നവയാണ്. 

ഇടയ്‌ക്കോട് കാളിപ്പിള്ള തങ്കച്ചിയായിരുന്നു ഇരയിമ്മന്‍ തമ്പിയുടെ ഭാര്യ. 1856 ജൂലൈ 29ന് എഴുപത്തിനാലാം വയസ്സില്‍ ഇരയിമ്മന്‍ തമ്പി അന്തരിച്ചു. 

Content Highlights: Irayimman Thampi death anniversary