1952 ഫെബ്രുവരി 1-നാണ് കിഴക്കൻ ബംഗാളിൽ ഉർദു ഭരണഭാഷയാക്കിയതിനെതുടർന്ന് ധാക്കാ സർവകലാശാലാ വിദ്യാർത്ഥികൾ പ്രക്ഷോഭം ആരംഭിച്ചത്. അതേമാസം 21-ന് പോലീസ് വെടിവെപ്പിൽ നാലു വിദ്യാർഥികൾ കൊല്ലപ്പെട്ടു. സാർവ്വദേശീയ തലത്തിൽ മാതൃഭാഷയ്ക്കായി ഒരു ദിനാചരണമുണ്ടായത് ഈ സംഭവം മുൻനിർത്തിയാണ്. ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാദിനമായി ആചരിക്കണമെന്ന് 1999 നവംബർ 13ന് യുനെസ്‌കോ​ തീരുമാനിച്ചു. മാതൃഭാഷയ്ക്കുവേണ്ടിയുള്ള വൈകാരിക പ്രകടനങ്ങൾ ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളിലും പതിവാണെന്നിരിക്കേ അന്താരാഷ്ട്ര മാതൃഭാഷാദിനത്തിൽ ഉദ്യോഗസ്ഥഭാഷയും സാഹിത്യഭാഷയും സിനിമയുടെ ഭാഷയും ചർച്ചചെയ്യുകയാണ് ഋഷിരാജ് സിങ് ഐ.പി.എസ്. സാറാ ജോസഫ്, സത്യൻ അന്തിക്കാട് എന്നിവർ.

രാജസ്ഥാനി കണ്ട മലയാളം സിനിമകൾ- ഋഷിരാജ് സിങ്

ഇത്തവണത്തെ അന്താരാഷ്ട്ര മാതൃഭാഷാദിനം എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം നിറഞ്ഞതാണ്. രാജസ്ഥാൻ സ്വദേശിയായ ഞാൻ, കേരളത്തിൽ ഉദ്യോഗസ്ഥനായി വരികയും മലയാളം പഠിക്കുകയും ചെയ്തു. ജോലി സംബന്ധമായ അന്വേഷണങ്ങളിൽനിന്നും അനുഭവങ്ങളിൽനിന്നും ലഭിച്ച അറിവുകൾ പങ്കുവെച്ചുകൊണ്ട് രചിച്ച 'വൈകും മുൻപേ' എന്ന പുസ്തകം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന സന്ദർഭം കൂടിയാണിത്.

ഇന്ത്യയിൽ നിരവധി ഭാഷകളുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ഒരു ഭാഷയെ ഉണ്ടാവുകയുള്ളൂ. ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ്, ഡച്ച് തുടങ്ങി നാലോളം ഭാഷകൾ സംസാരിക്കുന്ന വളരെ ചുരുക്കം രാജ്യങ്ങളും യൂറോപ്പിലുണ്ട്. ഇംഗ്ളീഷും സ്പാനിഷും ആണ് അവിടങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഭാഷകൾ.

ഇന്ത്യാരാജ്യത്തെ ഭാഷ എന്ന വിശാലാർഥത്തിൽ എടുക്കുമ്പോൾ പതിനേഴ് ഭാഷകൾ ഭരണഘടനയിൽ തന്നെ നിർദ്ദേശിക്കുന്നുണ്ട്. പിന്നെ പ്രാദേശിക ഭാഷ/ ഗ്രാമ്യഭാഷകൾ വേറെയുമുണ്ട്. ലിപികൾ ഇല്ലാത്തവയാണ് ഗ്രാമ്യഭാഷകൾ. ഒന്നിലധികം ഭാഷകൾ പഠിക്കാനും പറയാനുമുള്ള കഴിവ് ചിലർക്ക് പ്രത്യേകമായിട്ടു തന്നെയുണ്ടാവും. ആ കഴിവ് ഉപയോഗിച്ചുകൊണ്ട് അഞ്ചും ആറും ഏഴും ഭാഷകൾ കൈകാര്യം ചെയ്യുന്നവരുണ്ട്. മുൻ പ്രധാനമന്ത്രി നരസിംഹറാവു പതിനാറ് ഭാഷകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തിരുന്നു. അദ്ദേഹം ഏതു രാജ്യം സന്ദർശിച്ചാലും ആ രാജ്യത്തെ പ്രധാനമന്ത്രിയുടെ ഭാഷയിൽ തന്നെയാണ് സംസാരിക്കുക.

ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം എവിടെയാണോ നിയമനം ലഭിക്കുന്നത് അവിടെയുള്ള ജനങ്ങൾ സംസാരിക്കുന്ന ഭാഷ നിർബന്ധമായും അറിഞ്ഞിരിക്കണം. ലോകഭാഷ എന്ന നിലയിൽ ഇംഗ്ലീഷ് അറിയാം. അത് ഔദ്യോഗിക തലത്തിൽ ഉപയോഗിക്കേണ്ടത് സന്ദർഭാനുസരണമാണ്. ഹിന്ദി എന്റെ മാതൃഭാഷയാണ്. കേരളത്തിലെ ഉദ്യോഗസ്ഥനെന്ന നിലയിൽ ഇവിടെ വന്നതിനുശേഷം മലയാളവും പഠിച്ചു. അതുമാത്രമല്ല, മറാഠിയും പഞ്ചാബിയും അറിയാം. ഇപ്പോൾ തമിഴ് പഠിച്ചുകൊണ്ടിരിക്കുന്നു.

ഭാഷയുടെ കാര്യത്തിൽ ഒരേയൊരു തീരുമാനം മാത്രമേ ഉള്ളൂ. നാട്ടുകാർ സംസാരിക്കുന്ന ഭാഷ അവർക്കുവേണ്ടി നിയമിതരാവുന്ന ഉദ്യോഗസ്ഥർ പഠിച്ചിരിക്കുക തന്നെ വേണം. ഉദ്യോഗസ്ഥർക്ക് നാനാഭാഷയറിഞ്ഞിട്ട് കാര്യമില്ല. നാട്ടുകാർക്കറിയുന്ന ഭാഷ മനസ്സിലാക്കാനും തിരിച്ചങ്ങോട്ട് സംസാരിക്കാനും കഴിയണം. അവർ പറയുന്ന കാര്യങ്ങൾ ഇടനിലക്കാരില്ലാതെ മനസ്സിലാക്കാൻ കഴിയണം. തിരിച്ചു പറയുന്ന കാര്യങ്ങൾ അവർക്കും മനസ്സിലാവണം. സാധാരണ രീതിയിൽ; വ്യക്തമാക്കിപ്പറഞ്ഞാൽ അലങ്കാരങ്ങളില്ലാതെ സംസാരിക്കുന്നവരാണ് നാട്ടുകാർ. അവർക്ക് പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള മാധ്യമമാണ് ഭാഷ. അതു പഠിച്ചെടുക്കാനുള്ള ഏറ്റവും നല്ല മാർഗം പ്രാദേശിക ഭാഷകളിലുള്ള സിനിമകൾ കാണുക എന്നതാണ്. സിനിമ ഉപയോഗിക്കുന്ന ഭാഷ എപ്പോഴും നാട്ടുകാരുടെ ഭാഷ ആയിരിക്കും. അതിൽ സാഹിത്യമുണ്ടാവില്ല, ഭാവനയുണ്ടാവില്ല. ഭാഷാശുദ്ധിയോ, വ്യാകരണമോ, ഭാഷാശാസ്ത്രമോ പേടിക്കേണ്ടതുമില്ല. ഒരു പക്ഷേ ചലച്ചിത്രഭാഷ പിന്തുടരുമ്പോൾ നമുക്ക് എഴുതാൻ കഴിയില്ലായിരിക്കാം. എഴുത്ത് അടുത്തഘട്ടമാണ്. 'നാടൻ ഭാഷ' സ്വായത്തമാക്കലാണ് ആദ്യപടി. അതിന് സിനിമ ധാരാളം. സാഹിത്യം ഞങ്ങളുടെ ജോലിയ്ക്ക് ആവശ്യമില്ലാത്തതിനാൽ കൂടുതൽ ബുദ്ധിമുട്ടില്ല. സാഹിത്യമെഴുതാൻ ഇഷ്ടം പോലെ സാഹിത്യകാർ ഉണ്ട്. അതവർ നോക്കിക്കോളും.

അന്യസംസ്ഥാനക്കാർ ഉദ്യോഗസ്ഥരായി വരുമ്പോൾ ജോലിചെയ്യുന്ന സംസ്ഥാനത്തിലെ പ്രാദേശികഭാഷാ പരിജ്ഞാനം അളക്കുന്നതിനായി പരീക്ഷകൾ ഉണ്ടാവും. എഴുത്തുപരീക്ഷയും വാചാപരീക്ഷയും ഉണ്ട്. പരീക്ഷ പാസ്സായിക്കഴിഞ്ഞാൽ പിന്നെ പല ഉദ്യോഗസ്ഥരും ആ വഴിയ്ക്ക് പോകില്ല. അവിടെയാണ് തിരുത്തൽ ആവശ്യം. ജോലിചെയ്യുന്ന നാട്ടിലെ ഭാഷ കൂടുതൽ അറിയുകയും പഠിക്കുകയും ചെയ്തുകൊണ്ടേയിരിക്കണം. ആ പ്രയത്നത്തിന്റെ ഭാഗമായി ഞാൻ കൂടുതൽ മലയാളം സിനിമകൾ കണ്ടു. മലയാളത്തിൽ ഒരു പുസ്തകവുമെഴുതാൻ കഴിഞ്ഞു.

ഇന്ദുലേഖ സംസാരിച്ചത് മാതൃഭാഷയാണോ?- സാറാ ജോസഫ്

സാഹിത്യഭാഷ എന്നുപറഞ്ഞ് നമ്മൾ ആദരിച്ചിരുന്നത് കവിതയിലെ ഭാഷയാണ്. മാതൃഭാഷയുടെ പരമാവധി സാധ്യതകൾ നമുക്ക് കവിതയിലേക്ക് കൊണ്ടുവരാൻ പറ്റും. ഭാഷകൊണ്ട് കളിക്കാൻ കഴിയുക കവിതയിലാണ്. തന്നെയുമല്ല കവിതയുടെ പാരമ്പര്യവും അങ്ങനെ തന്നെയാണ്. ചെറുശ്ശേരിയൊക്കെ വളരെ ലളിതമായ നാട്ടുവർത്തമാനങ്ങളൊക്കെ കവിതയിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ന് പ്രയോഗത്തിലില്ലാത്തതും അന്ന് വ്യാപകമായി പ്രയോഗിച്ചിരുന്നതുമായ ഒരുപാട് തനിമലയാളം നാടൻവാക്കുകൾ ചെറുശ്ശേരിക്കവിതകളിൽ കാണാൻ പറ്റും-കൃഷ്ണഗാഥയിലുൾപ്പെടെ. ഏതുഭാഷയും കൊണ്ടും കൊടുത്തുമാണ് വളരുന്നത്. ഒരു ഭാഷ മറ്റൊരു ഭാഷയുടെ സംസർഗം കൊണ്ടാണ് വളരുന്നതും അതുപോലെ തന്നെ നാശവും സംഭവിക്കുന്നത്. സംസ്കൃതവും നാട്ടുഭാഷയും ഒരുപോലെ മലയാളഭാഷാവികാസത്തിൽ പങ്കുചേർന്നിട്ടുണ്ട്. 

മലയാളവും സംസ്കൃതവും കൂടിക്കലർന്ന ഒരുപക്ഷേ മണിപ്രവാളത്തിലന്വേഷിച്ചിരുന്ന ഉത്തമമണിപ്രവാളം എന്താണ് എന്നു പറയുന്ന അവസ്ഥയിൽ നിന്ന് എഴുത്തച്ഛനിലേക്കെത്തുമ്പോൾ മാതൃഭാഷയെ പരുവപ്പെടുത്തിയെടുത്തു. അക്ഷരമാലയുൾപ്പെടെ അദ്ദേഹം രൂപപ്പെടുത്തിത്തന്നു.

കവിതയിലെ ഭാഷയ്ക്ക് എപ്പോഴും ഗരിമയും സൗന്ദര്യവും അതുപോലെ തന്നെ ഒരുപാട് സാധ്യതകളും ഭാഷകൊണ്ടുള്ള കരണംമറിച്ചിലും കാണാൻ കഴിയും. ഗദ്യസാഹിത്യത്തിലേക്ക് വരുമ്പോൾ ഭാഷയുടെ ഔന്നത്യം എന്നുപറയുന്നത് 'ജനകീയവല്ക്കരണം' എന്ന പ്രക്രിയയിലേക്ക് വഴിമാറുന്നു. ഭാഷയുടെ ജനകീയവൽക്കരണം ആണ് കഥയും നോവലുമെല്ലാം.

ഇന്ദുലേഖയെ പരാമർശിക്കേണ്ടതുണ്ട്. ഇന്ദുലേഖയുടെ തറവാടിനകത്ത് സംസാരിക്കപ്പെട്ടു വന്ന ഭാഷ എന്നു നമ്മൾ കരുതുന്ന ഭാഷ ഒരു തരം വരേണ്യഭാഷയാണ്. ഒരു മനുഷ്യസ്ത്രീ സംസാരിക്കുന്നതുപോലെയല്ല ഇന്ദുലേഖ സംസാരിക്കുന്നത്. ഇംഗ്ളീഷും സംസ്കൃതവും നന്നായി കൈകാര്യം ചെയ്യുന്ന ഒരു പണ്ഡിതയാണ് സംസാരിക്കുന്നത്. മാധവനോടുള്ള പ്രണയവും അഭിപ്രായവ്യത്യാസങ്ങളും കാഴ്ചപ്പാടുകളുമെല്ലാം തന്നെ ഒരു പണ്ഡിതയുടെ പരിവേഷത്തോടു കൂടിയാണ്.

സാഹിത്യത്തിന്റെ ജനകീയസ്വഭാവം, ഭാഷകൊണ്ട് സാഹിത്യം ജനങ്ങളോട് അടുത്തുനിന്നത് തകഴിയുടെ കാലഘട്ടത്തിലാണ്. ഭാഷ ജനാധിപത്യവൽക്കരിക്കപ്പെടുകയാണ് അവിടെ നടന്നത്. ഒരു കൂട്ടർ മാത്രം കൈകാര്യം ചെയ്തിരുന്ന ഭാഷയെ എല്ലാവരാലും കൈകാര്യം ചെയ്യപ്പെടുന്ന ഭാഷയാക്കി മാറ്റുക വഴി മാതൃഭാഷയിലെഴുതപ്പെട്ട സാഹിത്യം എന്ന മാനം വന്നുചേർന്നു. തകഴിയും കേശവദേവും സാഹിത്യത്തെ ജനകീയമാക്കി. അടിത്തട്ടിലെ ജീവിതം; അവിടെ സംഭവിക്കുന്നതെന്ത,് അവരുടെ ഭാഷയെന്ത് അതായിരുന്നു തകഴിയൊക്കെ അന്വേഷിച്ചത്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതം, ദളിതരുടെ ജീവിതം, അടക്കുകളിൽ അവശേഷിക്കപ്പെട്ടവരുടെ ജീവിതം...ഇവരൊക്കെ എന്തുഭാഷയിലാണ്, എങ്ങനെയാണ് ജീവിച്ചിരുന്നത്, അവർ പ്രവർത്തിചെയ്തിരുന്ന ഭാഷ എന്തായിരുന്നു...ഇതിനുള്ള ഉത്തരങ്ങളാണ് 'തോട്ടിയുടെ മകനും', 'ഓടയിൽ നിന്നു'മൊക്കെ.

ഗദ്യസാഹിത്യത്തിലേക്ക് വരുമ്പോഴാണ് ഭാഷ ശരിക്കും ജനാധിപത്യവൽക്കരിക്കപ്പെടുന്നത്. എന്നാൽ ഇപ്പോൾ പോലും നമുക്കത് പൂർണമായും കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ദളിത് സാഹിത്യം, പെണ്ണെഴുത്ത് തുടങ്ങിയവ നമുക്കുള്ളത്. ഭാഷയിൽ ഇടമില്ലാത്തവർ അവരെ അടയാളപ്പെടുത്താൻ വേണ്ടിയുള്ള ഭാഷ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നത് അല്ലെങ്കിൽ നിരന്തരം ഭാഷയെ നവീകരിച്ചുകൊണ്ടേയിരിക്കുന്നത്.

'ചൊല്ലിൻ നേരാങ്ങളേ' പ്രയോഗങ്ങളും സിനിമയുടെ ഭാഷയും -സത്യൻ അന്തിക്കാട്

ഭാഷയെപ്പറ്റി പറയുമ്പോൾ കുഞ്ഞുണ്ണിമാഷ് പറയാറുണ്ട്: 'മൂന്ന് ഭാഷകൾ നമ്മുടെ കുട്ടികൾ പഠിച്ചിരിക്കണം- ലോകഭാഷ,ദേശഭാഷ, മാതൃഭാഷ.' അതിൽ മാതൃഭാഷ അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്ന അവസ്ഥ നമ്മുടെ കേരളത്തിൽ മാത്രമാണ്. ഇന്നസെന്റ് മുമ്പൊരിക്കൽ വിദേശത്ത് ഒരു മലയാളി കൂട്ടായ്മയുടെ പരിപാടിയിൽ പങ്കെടുക്കാൻ പോയി. അവിടെ നിന്ന് കുറേ തമാശകളെല്ലാം പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ സംഘാടകരും അംഗങ്ങളുമെല്ലാം തങ്ങളുടെ കുട്ടികളുമായിട്ട് വന്ന് ഇന്നസെന്റിന് ചുറ്റും കൂടി. എന്നിട്ട് സ്നേഹത്തോടെ അദ്ദേഹത്തോട് പറഞ്ഞേ്രത അടുത്ത തവണ വരുമ്പോൾ ഇംഗ്ലീഷ് പഠിക്കണം എന്ന്. തങ്ങളുടെ കുട്ടികൾക്ക് ഇന്നസെന്റ് പറഞ്ഞ പല തമാശകളും മനസ്സിലായില്ല! അപ്പോൾ ഇന്നസെന്റ് പറഞ്ഞു: ''അതിനേക്കാൾ നല്ലത് അടുത്ത തവണ ഞാൻ വരുമ്പോഴേക്കും നിങ്ങളുടെ കുട്ടികൾ മലയാളം പഠിക്കുന്നതാണ്. ഇംഗ്ളീഷ് ഞാനൊരാളല്ലേ പഠിക്കുള്ളൂ,മാതൃഭാഷ നിങ്ങളുടെ ഓരോരുത്തരുടെയും മക്കൾ പഠിക്കുമല്ലോ.''അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ ഈ സംഭവമാണ് ആദ്യം ഓർമവന്നത്. മാതൃഭാഷ നമ്മുടെ ഒരു ആവശ്യമായിട്ടും സംസ്കാരമായിട്ടും മാറേണ്ടത് തന്നെയാണ്.

സിനിമയിൽ ഭാഷയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. കാസ്റ്റിങ്ങിൽ നിന്നുതന്നെ നോക്കാം. ഒരു കുടുംബത്തിലെ രണ്ട് സഹോദരങ്ങളായി ഇന്നസെന്റിനെയും മാമുക്കോയയെയും വെച്ചാൽ ഒരു സഹോദരൻ കോഴിക്കോടൻ ഭാഷയും മറ്റേ സഹോദരൻ തൃശൂർ ഭാഷയും സംസാരിക്കും. എന്റെ കുടുംബചിത്രങ്ങളിൽ ഷൊർണൂർ, ഒറ്റപ്പാലം പോലുള്ള നാടുകളെ പശ്ചാത്തലമാക്കാറുണ്ട്. പൊതുവായിട്ട് കേരളം മുഴുവൻ മനസ്സിലാവുന്ന, എന്നാൽ അച്ചടി ഭാഷയുമല്ലാത്ത ഒരു ഭാഷയെ അവതരിപ്പിക്കാൻ കഴിയും എന്നതുകൊണ്ടാണത്.

എം.ടി വാസുദേവൻ നായർ 'ഒരു വടക്കൻ വീരഗാഥ'യിൽ ഉപയോഗിച്ചത് ഏത് നാട്ടുകാർക്കും മനസ്സിലാവുന്ന എന്നാൽ സാഹിത്യവുമായി വളരെയടുത്തുനിൽക്കുന്ന ഭാഷയാണ്. വടക്കൻപാട്ടുകളെ ആധാരമാക്കി അതുവരെ നിർമിക്കപ്പെട്ട സിനിമകളിലെ 'ചൊല്ലിൻ നേരാങ്ങളേ...'പ്രയോഗങ്ങളെല്ലാം തന്നെ വടക്കൻ വീരഗാഥയിൽ റദ്ദുചെയ്യപ്പെട്ടു. അതൊക്കെ തിരക്കഥാകൃത്തിന്റെ ഔചിത്യമാണ്.

മലയാളി ഉള്ളയിടങ്ങളിലെല്ലാം എത്തേണ്ടതാണല്ലോ മലയാളസിനിമ. ഒരു പ്രദേശത്തെ ഭാഷയെ മാത്രം ആശ്രയിച്ചുകൊണ്ട് സിനിമ ചെയ്യുമ്പോൾ മറ്റ് പ്രദേശക്കാർക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നുവരും. 'ജോമോന്റെ സുവിശേഷങ്ങൾ' എന്ന സിനിമ തൃശൂർ നടക്കുന്ന കഥയാണ്. ദുൽഖർ സൽമാൻ ചോദിച്ചു തൃശൂർ ഭാഷ ഫോളോ ചെയ്യണോ എന്ന്. വേണ്ട എന്നാണ് പറഞ്ഞത്. ദേശമല്ല, പ്രമേയമാണ് ആളുകളിലേക്ക് ആ സിനിമയിലൂടെ എത്തിച്ചേരേണ്ടത്.

'സസ്നേഹം' എന്ന സിനിമ ചെയ്തപ്പോൾ അതിന്റെ കാസ്റ്റിങ്ങിൽ മനപ്പൂർവം ഇടപെട്ടത് ഗ്രാമ്യഭാഷയുടെ പേരിലായിരുന്നു. ബോധപൂർവം തിരുവനന്തപുരത്തുകാരനെക്കൊണ്ട് തൃശൂർഭാഷ പറയിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം ഒരു കുടുംബത്തെ ബാലചന്ദ്രമേനോനും മീനച്ചേച്ചിയും കെപിഎസി ലളിതയും കരമന ജനാർദ്ദനൻ നായരും അടങ്ങുന്ന തെക്കിനെ അവതരിപ്പിക്കുമ്പോൾ അവർ സംസാരിക്കുന്ന ഭാഷയ്ക്ക് ഒരു സമാനസ്വഭാവം വരും. ബാലചന്ദ്രമേനോൻ വിവാഹം ചെയ്യുന്നത് ഒരു പാലക്കാട്ടുകാരി ബ്രാഹ്മണയുവതിയെയാണ്. അത് ശോഭനയാണ്. അതുകൊണ്ടുതന്നെ ശോഭനയുടെ ബന്ധുക്കളായി ഒടുവിൽ ഉണ്ണികൃഷ്ണനെയും പറവൂർ ഭരതനെയും സുകുമാരിയമ്മയെയുമൊക്കെ നിശ്ചയിച്ചു. അവർക്ക് ആ ഭാഷ അറിയാം.

കഥാപാത്രങ്ങളെ വിന്യസിക്കുമ്പോൾ അവരുടെ ഗ്രാമ്യഭാഷ വളരെ പ്രധാനപ്പെട്ട ഘടകം തന്നെയാണ്. ഒരു കുടുംബത്തിലെ അംഗങ്ങൾ പലഭാഷയിൽ സംസാരിക്കാതിരിക്കാൻ എന്റെ സിനിമകളിൽ ഞാൻ ശ്രദ്ധിക്കാറുണ്ട്. മാതൃഭാഷ ഒന്നുതന്നെ ആയിരിക്കേ പ്രദേശികഭാഷയിലെ വ്യത്യസ്ത സിനിമാസ്വാദനത്തിന് ഭംഗം വരുത്താൻ പാടില്ല. കാരണം സിനിമ കാണികളുടെ ഭാഷയും സംസ്കാരവുമാണ്. സ്വന്തം ഭാഷ സംസാരിക്കുമ്പോളാണ് അഭിനേതാവ് ഫ്ളെക്സിബിൾ ആവുന്നത്.

ഒരു ദേശത്തെ മാർക്കറ്റു ചെയ്തുകൊണ്ട് ചിത്രീകരിക്കുന്ന സിനിമകളിൽ ഭാഷ കഥാപാത്രത്തെ നയിക്കുന്നതായിട്ടുു കാണാം. അതിൽ ഏറ്റവും ബ്രില്യന്റായിട്ടുള്ള സിനിമയായി എനിക്കു തോന്നിയിട്ടുള്ളത് രഞ്ജിത്ത് സംവിധാനം ചെയ്ത 'പ്രാഞ്ചിയേട്ടൻ' ആണ്. മമ്മൂട്ടിയടക്കം എല്ലാ കഥാപാത്രങ്ങളും അതിമനോഹരമായ തൃശൂർഭാഷ സംസാരിച്ചു. മാതൃഭാഷ ഏതു കലയുടെയും നട്ടെല്ലാണ്. അതിലെ കശേരുക്കളാണ് പ്രാദേശികഭാഷകൾ. അന്താരാഷ്ട്ര മാതൃഭാഷാദിനത്തിൽ ഒരോരുത്തർക്കും സ്വന്തം മാതൃഭാഷയെച്ചൊല്ലി അഭിമാനം കൊള്ളാൻ കഴിയട്ടെ.

Content Highligts: International MotherTongue Day Discussion Rishiraj Singh IPS Sarah Joseph Sathyan Anthikkad