'കേരളത്തിലെ ഇപ്പോഴത്തെ പെണ്‍കവികളില്‍ 99% വും നല്ല എഴുത്തുകാരികളേയല്ല. അഥവാ ഇനി ആരെങ്കിലും എഴുതിയാല്‍ തന്നെ ഇവിടുത്തെ പ്രമുഖ ആണ്‍കവികള്‍ ഉടനെ അവരുടെ ഇന്‍ബോക്‌സില്‍ ചെല്ലുകയായി. പിന്നെ എഴുത്തിനെ വല്ലാതങ്ങു പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളെ മാധവിക്കുട്ടി ആക്കാം, സുഗതകുമാരി ആക്കാം എന്നൊക്കെ ഉള്ള വാഗ്ദാനങ്ങള്‍ നല്‍കുന്നു. ഈ വാഗ്ദാനങ്ങളില്‍ കുടുങ്ങി പെണ്‍കവികള്‍ 99%വും ഇവരുടെ പിറകേ പോകുന്നു'' വെന്ന ഗാനരചയിതാവ് അജീഷ് ദാസന്‍ നടത്തിയ പ്രസ്താവനയോട്  കവി സച്ചിദാനന്ദന്‍ പ്രതികരിക്കുന്നു. 

പ്രിയപ്പെട്ട അജീഷ് ദാസന്‍ എന്താണ് കേരളത്തിലെ ഇന്നത്തെ പെണ്‍കവികളെപ്പറ്റി പറഞ്ഞതെന്ന് ഞാന്‍ നേരിട്ട് കേട്ടില്ല. എന്നാല്‍ അതിന്നെതിരായ ധാരാളം പ്രതികരണങ്ങള്‍ കണ്ടു. എനിക്ക് അയച്ചുകിട്ടുന്ന പുതുകവികളുടെ സമാഹാരങ്ങളില്‍ മുക്കാല്‍ ഭാഗവും സ്ത്രീകവികളുടെതാണ്. സാമൂഹ്യ മാധ്യമങ്ങളിലും ഒരുപാട് പേരുടെ കവിതകള്‍ ഞാന്‍ വായിക്കാറുണ്ട്. ഏതെങ്കിലും വിധത്തില്‍ അവര്‍ ഇന്നെഴുതുന്ന ആണ്‍ കവികളെക്കാള്‍ പിന്നിലായി തോന്നിയിട്ടില്ല. അവരെ സുഗതകുമാരിയെപ്പോലെ ആറു പതിറ്റാണ്ട് എഴുതിയവരുമായി താരതമ്യം ചെയ്യുന്നതില്‍ അപാകതയുണ്ട്, എന്തിനു, വിജയലക്ഷ്മി, സാവിത്രി രാജീവന്‍, വി എം ഗിരിജ, അനിത തമ്പി  ഇങ്ങിനെ കുറച്ചു കാലമായി രംഗത്തുള്ളവരുമായും അവരെ താരതമ്യം ചെയ്യേണ്ടതില്ല, അവരെ താരതമ്യം ചെയ്യേണ്ടത് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ എഴുതിത്തുടങ്ങിയ ആണ്‍കവികളുമായാണ്, (ലിംഗം കവിതയ്ക്ക് ഒരു മാനദണ്ഡം ആണെങ്കില്‍) എങ്കില്‍ വലിയ പ്രതീക്ഷ നല്‍കുന്ന ഒട്ടേറെ കവികള്‍ അവര്‍ക്കിടയിലുണ്ടെന്നു പറയാതെ വയ്യ. 

ഞാന്‍ ഒരു വെറും പൊതുപ്രസ്താവം നടത്തുകയല്ല. ഞങ്ങള്‍ മൂന്നുപേര്‍ ചേര്‍ന്നു മലയാളത്തിലെ സ്ത്രീകവികളുടെ - (ആദ്യം മുതലുള്ള) ഒരു ഇംഗ്ലീഷ്  പരിഭാഷാസമാഹാരം പ്രസിദ്ധീകരിക്കാനായി ചര്‍ച്ചകള്‍ നടത്തുകയുണ്ടായി, കുറെ പേരുടെ കവിതകള്‍ Indian Literature ദ്വൈമാസികത്തില്‍ വരികയും ചെയ്തു. വൈപുല്യം കൊണ്ടും  രചനാചാതുര്യം കൊണ്ടും നമ്മുടെ പെണ്‍കുട്ടികള്‍ ആണ്‍ കവികളെക്കാള്‍ ഒട്ടും പിന്നിലല്ല. മുന്നിലാണോ എന്ന് സംശയമുണ്ടുതാനും. തീര്‍ച്ചയായും പലതരം കവികള്‍ അവരില്‍ ഉണ്ടാകാം, അത് ആണ്‍കവികളെ സംബന്ധിച്ചും പറയാമല്ലോ. അത്തരം സാമാന്യവത്കരണങ്ങള്‍ ആരെയും സഹായിക്കുന്നില്ല.  Poetic potential വെച്ച് നോക്കിയാല്‍ ചുരുങ്ങിയത് അമ്പതു പെണ്‍കവികള്‍ പുതുതലമുറയില്‍ നിന്ന് വളര്‍ന്നുവരാന്‍ ഇടയുണ്ട്. (ഞാന്‍ പേരുകള്‍ പറയുന്നില്ലെന്നേയുള്ളൂ, പറയാന്‍ കഴിയും)  അവരില്‍ എല്ലാവരും ബാലാമണി അമ്മമാര്‍ അഥവാ സുഗതകുമാരിമാര്‍ ആവും എന്നൊന്നുമല്ല ഞാന്‍ പറയുന്നത്. ചിലര്‍ നാലോ അഞ്ചോ നല്ല കവിതകളെ എഴുതിക്കാണൂ എന്നും വരാം. പക്ഷെ അജീഷിന്റെ പ്രസ്താവം വസ്തുതാപരമല്ല, നിര്‍ഭാഗ്യകരവും മുന്‍വിധി നിറഞ്ഞതും ആണ് എന്ന് വായനാനുഭവവും പരിഭാഷാനുഭവവും വെച്ച്  എനിക്കു പറയാന്‍ കഴിയും. ഏതായാലും ഇത് ഞങ്ങളുടെ പ്രൊജക്റ്റ് അത്യാവശ്യവും അടിയന്തിര പ്രാധാന്യം ഉള്ളതും ആണെന്ന് ബോദ്ധ്യപ്പെടുത്താന്‍ സഹായകമായി. നന്ദി.

Content Highlights : Indian Poet K Satchidanandan reacts against the controversial statement of Ajish Dasan